SEM 3 | THAFSEER 4

കള്ള പ്രചരണ സംഭവവും ആയിഷ ബീവിയുടെ നിരപരാധിത്വവും

കള്ള പ്രചരണ സംഭവത്തിന്റെ ചുരുക്കം : നബി (സ) തങ്ങൾ യുദ്ധത്തിന് പോവുമ്പോൾ അവിടുത്തെ ഭാര്യമാർക്കിടയിൽ നറുക്കെടുപ്പ് നടത്താറുണ്ടായിരുന്നു.ആരുടെ ഊഴമാണോ വന്നത് അവരായിരിക്കും ആ യുദ്ധത്തിൽ തങ്ങളോട് കൂടെ സഹവസിക്കുക. അങ്ങനെ ഒരു യുദ്ധത്തിൽ ആയിഷാബീവിയുടെ ഊഴം ആയി , ഇത് ഹിജാബിന്റെ (മറ) ആയത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു. യുദ്ധത്തിൽ നിന്നും വിരമിച്ചപ്പോൾ നബിതങ്ങൾ സൈന്യത്തോട് കൂടെ തിരിച്ചു പോന്നു. എല്ലാവരും പോന്നു എന്ന് അറിയിപ്പ് ലഭിച്ചപ്പോൾ ആയിഷബീവി തന്റെ ചില ആവശ്യ നിർവ്വഹണത്തിന് വേണ്ടി പോയി. അങ്ങനെ സൈന്യം വിട്ടു കടന്നു. ശേഷം ആയിഷാബീവി മടങ്ങിവന്നു. അപ്പോൾ മഹതിയുടെ മാല നഷ്ടപ്പെട്ടിരുന്നു. ബീവി നഷ്ടപ്പെട്ട മാല അന്വേഷിച്ച് പുറപ്പെട്ടു. മാല അന്വേഷിച്ച് മഹതി കുറെ പിന്തി.മഹതി താമസിച്ചിരുന്ന ഒട്ടക കട്ടിൽ ചുമക്കുന്നവർ വന്നു. അവർ മഹതിയുടെ കട്ടിൽ എടുത്തു. മഹതി ഒട്ടക കട്ടിലിൽ ഉണ്ട് എന്ന ധാരണയിൽ അവർ കട്ടിൽ ഒട്ടകത്തിന്റെ മുകളിൽ വച്ചു യാത്ര ചെയ്തു. മഹതി ചെറിയ പ്രായമുള്ളവരും ഭാരം കുറഞ്ഞവരുമായതുകൊണ്ട് ഒട്ടകക്കട്ടിൽ ഉയർത്തി ഒട്ടകത്തിന്റെ മേൽ വെക്കുമ്പോൾ അത് ഭാരമില്ലാത്തത് അവർ ശ്രദ്ധിച്ചില്ല. അവർ ഒട്ടകത്തെ കെട്ടി യാത്ര പോയി.യാത്രാസംഘം പോയതിനുശേഷം ആയിഷാബീവിക്ക് തന്റെ നഷ്ടപ്പെട്ട മാല ലഭിച്ചു. മഹതി സൈന്യം താമസിച്ച ടെന്റിൽ എത്തിയപ്പോൾ എല്ലാവരും പോയിട്ടുണ്ടായിരുന്നു. അങ്ങനെ മഹതി നേരത്തെ ഇറങ്ങിയിരുന്ന കുടിലിൽ എത്തി. മഹതി കൂടെ ഇല്ലായെന്ന് അവർക്ക് ബോധ്യപ്പെടുമ്പോൾ യാത്രാസംഘം തിരിച്ചു വരുമെന്ന് ആയിഷാബീവി വിചാരിച്ചു. അങ്ങനെ ഇരിക്കുന്നതിനിടക്ക് അവർ ഉറങ്ങിപ്പോയി.സൈന്യങ്ങളുടെ അന്വേഷണ ചുമതലയുള്ള സ്വഫ്വാനു ബ്നു മുഅത്ത്വിലു സലമി (റ ) (മുസ്ലിം സൈന്യത്തിൽ പെട്ട ഒരാൾ ) ഇരുട്ട് കൂടിയ സ്ഥലത്ത് ആയിഷ ബീവി ഉള്ള സ്ഥലത്ത് എത്തി. അവിടെ ഒരു മനുഷ്യനുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങിനെ അദ്ദേഹം ആ കുടിലിന്റെ അടുത്ത് ചെന്നു. ആയിഷ ബീവിയെ അദ്ദേഹം തിരിച്ചറിഞ്ഞു. കാരണം, ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിന്റെ മുമ്പ് മഹതിയെ മഹാൻ കണ്ടിട്ടുണ്ടായിരുന്നു. മഹതിയെ കണ്ടപ്പോൾ സ്വഫ്വാൻ (റ) استرجاع (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ) ചൊല്ലി. അതുകേട്ട് ആയിഷ ബീവി ഉണർന്നു. സ്വഫ്വാൻ (റ) തന്റെ വാഹനത്തെ മുട്ട് കുത്തിച്ചു. ആയിഷ ബീവി വാഹനത്തിന്മേൽ കയറി. അങ്ങനെ ബീവിയേയും കൊണ്ട് സ്വഫ്വാൻ (റ) യാത്ര പോയി. നേരത്തെ പോയ യാത്രാസംഘം ഉച്ച സമയത്ത് ഒരു സ്ഥലത്ത് ഇറങ്ങിയപ്പോൾ ഇവരും ആ സംഘത്തോടൊപ്പമെത്തി. ഇത് കണ്ട് ദുർബല വിശ്വാസമുള്ളവരുടെ മനസ്സിലേക്ക് തെറ്റിദ്ധാരണ ഉണ്ടാവാൻ വേണ്ടി കപട വിശ്വാസികൾ കെട്ടുകഥകൾ ഉണ്ടാക്കാൻ തുടങ്ങി. ആ സമയത്ത് ആയിഷ ബീവിയുടെ നിരപരാധിത്വത്തെ കുറിച്ച് പറയുകയും കപട വിശ്വാസികൾ പറയുന്നതിൽ നിന്നും മഹതി വിശുദ്ധയാണെന്നും ബോധിപ്പിക്കുന്ന ആയത്ത് ഇറങ്ങി.

المفردات:

بالافك - മോശമായ കളവ്
عصبة - സംഘം
تولى - ഏറ്റെടുക്കുക
كبره - ഭൂരിപക്ഷം
لمسكم - നിങ്ങൾക്ക് വന്നിറങ്ങും
നിങ്ങൾ അനുഭവിക്കും
أفضتم - ആവശ്യമില്ലാത്ത സംസാരത്തിലാവുക
تلقونه بالسنتكم - നാവുകൾ കൊണ്ട് വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക
ه‍ينا - നിസ്സാരമായ
سبحانك - നിന്നെ പരിശുദ്ധനാക്കി കൊണ്ട്
به‍تان - കളവ്
يعظكم - നിങ്ങളെ ഓർമ്മിപ്പിക്കുന്നു

ആയത്തിന്റെ വിശദീകരണം

മുസ്ലിമീങ്ങളെ ; ഏറ്റവും മോശപ്പെട്ട കളവായ ( ഉമ്മുൽ മുഅ്മിനീനെ ക്കുറിച്ചുള്ള വൃത്തികെട്ട കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കൽ )ആരോപണം കൊണ്ടുവന്നവർ നിങ്ങളിൽ പെട്ട ഒരു വിഭാഗം തന്നെയാണ്. അവരുടെ വാക്കുകൾ നിങ്ങൾക്ക് പ്രയാസകരമാണ് എന്ന് നിങ്ങൾ വിചാരിക്കേണ്ട, മറിച്ച് അവ നിങ്ങൾക്ക് നന്മയാണ്. ഈ ആരോപണം നടത്തിയ എല്ലാവർക്കും അവർ ചെയ്ത കുറ്റങ്ങൾക്കനുസരിച്ച് ഫലം ലഭിക്കും. ഇതിലെ ഭൂരിഭാഗവും ഏറ്റെടുത്തവന് (കപട വിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂല് ) പാരത്രിക ലോകത്ത് വലിയ ശിക്ഷയുണ്ട്

ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവിയെ കുറിച്ച് ചില മുനാഫിഖുകൾ ഉണ്ടാക്കിയ ആരോപണത്തെക്കുറിച്ചാണ് ഈ ആയത്ത് പറയുന്നത്.ഈ സംഭവത്തെക്കുറിച്ച് അല്ലാഹു പറയുന്നു :ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവിയുടെ നിരപരാധിത്ത്വവും അവരുടെയും നബി തങ്ങളുടെ മറ്റു ഭാര്യമാരുടെയും വിശുദ്ധതയും ഉൾക്കൊള്ളുന്നതു കൊണ്ടും, അന്ത്യദിനം വരെ അടിമകൾക്ക് ആവശ്യമാകുന്ന ചില നിയമങ്ങൾ വിശദീകരിക്കുന്നത് കൊണ്ടും ഈ സംഭവം നിങ്ങൾക്ക് ( മുഅ്മിനീങ്ങൾക്ക് ) വലിയ നന്മയാണ്. ഈ കെട്ടുകഥകൾ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വിശദീകരണം ഉണ്ടാവുകയില്ലായിരുന്നു. എല്ലാവർക്കും അവർ ചെയ്തതനുസരിച്ച് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. അവരിൽ ചിലർ ഈ ആരോപണം സംസാരിച്ചു , മറ്റുചിലർ ചിലർ ഇത് കേട്ടു , മറ്റു ചിലർ ഇത് കേട്ട് സന്തോഷം പ്രകടിപ്പിച്ച് ചിരിച്ചു.ഇതിന്റെ ചെറിയൊരു അംശം കുറ്റം ഏറ്റെടുത്തവരും ഉണ്ട് , ചില ആളുകൾ ഇതിന്റെ വലിയ അംശം കുറ്റം ഏറ്റെടുത്തവരുമുണ്ട്. ഈ ആരോപണത്തിലെ ഏറ്റവും കൂടുതൽ കുറ്റം ഏറ്റെടുത്തവർക്ക് വലിയ ശിക്ഷയുമുണ്ട്. ഈ ആരോപണ വാർത്ത കേൾക്കുമ്പോൾ മുഅ്മിനീങ്ങൾക്ക് പരസ്പരം നന്മ വിചാരിച്ചു കൂടായിരുന്നോ ? ( അതാണ് ഈ കപടവിശ്വാസികൾ ആരോപിച്ചതിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ) എന്നിട്ട് ഇത് ആയിഷ ബീവിയുടെ മേലിലുള്ള വ്യക്തമായ കളവാണെന്നും അവർക്ക് പറയാമായിരുന്നില്ലേ ? ആയിഷ ബീവിയുടെ വിഷയത്തിൽ ചില ആളുകൾ ആരോപണം പറഞ്ഞപ്പോൾ വിശ്വാസികൾക്ക് അല്ലാഹു ഈ ആയത്തിലൂടെ മര്യാദ പഠിപ്പിക്കുന്നു. അല്ലാഹു തആല പറയുന്നു: ഈ സംസാരത്തെ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിലേക്ക് താരതമ്യപ്പെടുത്തിക്കൂടായിരുന്നോ ? എന്നിട്ട് ഈ ആരോപണം നിങ്ങളിലേക്ക് യോജിക്കാതെ വരുന്ന താണെങ്കിൽ , അപ്പോൾ മുഅ്മിനീങ്ങളുടെ ഉമ്മ ( ആയിഷ ബീവി ) ഈ ആരോപണത്തിൽ നിന്ന് നിരപരാധിത്വത്തിന് ഏറ്റവും സാധ്യതയുള്ള വരാണ്. മുഅ്മിനീങ്ങൾക്ക് നന്മ വിചാരിച്ചു കൂടായിരുന്നോ ? അങ്ങനെയെങ്കിൽ നന്മ വിചാരിക്കാൻ ഏറ്റവും അനുയോജ്യമായവരാണ് മുഅ്മിനീങ്ങളുടെ ഉമ്മ . എന്നിട്ട് അവർക്ക് അവരുടെ നാവ് കൊണ്ട് ഇത് മുഅ്മിനീങ്ങളുടെ ഉമ്മയുടെ മേലിലുള്ള വ്യക്തമായ കളവാണെന്ന് പറഞ്ഞു കൂടായിരുന്നുവോ ? ابو ايوب الانصاري ( റ ) നോട് ഭാര്യ ഉമ്മു അയ്യൂബ് ബീവി ഒരിക്കൽ പറഞ്ഞു: ഓ അബൂ അയ്യൂബ് എന്നവരേ ... ആയിഷ ബീവിയുടെ വിഷയത്തിൽ ജനങ്ങൾ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ? അബൂ അയ്യൂബ് (റ) പറഞ്ഞു: ഉണ്ട് , അത് കളവുമാണ്. ഉമ്മു അയ്യൂബേ .. നിങ്ങൾ ഇങ്ങനെ ചെയ്യുമോ? അപ്പോൾ ഉമ്മു അയ്യൂബ് പറഞ്ഞു: ഇല്ല . അല്ലാഹു തന്നെയാണ് സത്യം. ഞാൻ അങ്ങിനെ ചെയ്യില്ല. അബൂ അയ്യൂബ് (റ) പറഞ്ഞു: എന്നാൽ ആയിഷ ബീവി നിന്നേക്കാൾ ഉത്തമരായവരാണ്.

ആരോപണം പറയുന്നവർ അവരുടെ വാക്ക് സ്ഥിരപ്പെടുത്താൻ നീതിമാന്മാരായ നാല് സാക്ഷികളെ കൊണ്ടു വന്നിട്ടില്ലെങ്കിൽ അല്ലാഹുവിന്റെ അടുക്കൽ അവർ കളവു പറയുന്നവരാണ്. അവർ പറയുന്നത് സത്യമാണെങ്കിലും ( അവർ നാലു സാക്ഷികളെ കൊണ്ടുവന്നിട്ടില്ലെങ്കിൽ ) അല്ലാഹുവിന്റെ തീരുമാനത്തിൽ അവർ കളവു പറയുന്നവരാണ്.കാരണം നാല് സാക്ഷികൾ ഇല്ലാതെ ഒരാളെ കുറിച്ച് ആരോപണം പറയൽ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. മുസ്ലിമിന്റെ അഭിമാനത്തിന് ആദരവ് കൽപ്പിച്ചു കൊണ്ടാണ് ഇങ്ങനെയൊരു വിധി നാപ്പിലാക്കിയത് .ആരോപിക്കുന്നവൻ തൻ്റെ വാക്ക് സത്യമാണെന്ന് തെളിയിക്കാൻ സാക്ഷികളെ നിരത്തിയിട്ടില്ലെങ്കിൽ ഇങ്ങനെ ആരോപിക്കൽ അനുവദനീയമല്ല .

അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിങ്ങൾക്കില്ലായിരുന്നുവെങ്കിൽ ,നിങ്ങൾ മുഴുകിയ വിഷയം കാരണമായി നിങ്ങൾക്ക് വലിയ ശിക്ഷ വന്ന് ഭവിക്കുമായിരുന്നു . നിയമം വിശദീകരിക്കൽ മുഖേന അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിട്ടില്ലായിരുന്നുവെങ്കിലും , ഭൗതിക ലോകത്ത് ശിക്ഷകൾ പെട്ടെന്ന് നൽകാതെയും പാരത്രി ക ലോകത്ത് മാപ്പ് നൽകിയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്തിട്ടില്ലെങ്കിൽ , ഈ വൃത്തികേടിനെ തെറ്റിദ്ധരിപ്പിച്ച് അതിൽ മുഴുകിയത് കാരണം നിങ്ങൾക്ക് വലിയ ശിക്ഷ ഇറങ്ങുമായിരുന്നു.നിങ്ങൾ പറയുന്നത് കാരണം നിങ്ങൾ ശിക്ഷക്ക് അർഹരായിട്ടുണ്ട്. പക്ഷെ നിങ്ങളോടുള്ള അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കാരണമായി നിങ്ങൾക്ക് തൗബ അല്ലാഹു നിയമമാക്കുകയും പാപത്തിൽ നിന്ന് ശുദ്ധീകരിക്കാൻ വേണ്ടി ശിക്ഷയെ കൊണ്ടു വരികയും ചെയ്തു. നിങ്ങൾക്ക് ഉറപ്പില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും അവ വ്യാപിപ്പിക്കുകയും ചെയ്യുന്ന സമയത്ത് അത് ചെറിയ കാര്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നു .പക്ഷേ അല്ലാഹുവിന്റെ അടുക്കൽ അത് ഗൗരവമുള്ള വിഷയമാണ്.

ചില തെറ്റുകളെ നിസ്സാരമാക്കുന്ന വിധത്തിൽ കാണുന്നതിനെ തൊട്ട് വലിയ വിലക്ക് ഈ ആയത്തിൽ ഉണ്ട് .കാരണം അടിമക്ക് അവൻ ധരിച്ച തൊന്നും ഫലം ചെയ്യില്ല. എന്നാൽ ധരിച്ചത് സംസാരിക്കുമ്പോൾ അതിനുള്ള ശിക്ഷ കുറയുകയുമില്ല.ഹദീസിൽ നബിതങ്ങൾ പറയുന്നു:അല്ലാഹുവിന് ദേഷ്യമുള്ള ഒരു കാര്യം,അതിന്റെ അപകടത്തെക്കുറിച്ച് അറിയാതെ ഒരാൾ സംസാരിച്ചാൽ ആകാശ ഭൂമിയുടെ ദൂരത്തേക്കാൾ ആഴത്തിൽ നരകത്തിലേക്ക് അവൻ പതിക്കും. ഈ കള്ളപ്രചരണം നടക്കുന്ന സമയത്ത് (വിശ്വാസികളേ ..)നിങ്ങൾക്ക് പറഞ്ഞു കൂടായിരുന്നോ :ഈ കളവ് സംസാരിക്കൽ നമുക്ക് പറ്റിയതല്ല. ആയിഷ ബീവിയെ കുറിച്ച് ഇങ്ങനെ പറയുന്നതിനെ തൊട്ട് (അല്ലാഹുവേ )നിന്നെ ഞാൻ പരിശുദ്ധനാക്കുന്നു.ഇത് വലിയ കളവ് തന്നെയാണ്.

പരിശുദ്ധയായ ഉമ്മുൽ മുഅ്മിനീനെ കുറിച്ച് കപടവിശ്വാസികൾ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നത് കേൾക്കുന്ന സമയത്ത് , ( വിശ്വാസികളേ.. )നിങ്ങൾ ഇതിൽ അകപ്പെടാതിരിക്കാൻ പരസ്പരം ഉപദേശിക്കൽ നിങ്ങൾക്ക് അനിവാര്യമാണ്. കാരണം ഇത്തരം കള്ളക്കഥകൾ പറഞ്ഞു നടക്കൽ നിങ്ങൾക്ക് യോജിച്ചതല്ല. ഇത്തരം കെട്ടുകഥകൾ മെനഞ്ഞുണ്ടാക്കുന്നതിൽ നിങ്ങൾ അൽഭുതപ്പെടുകയും വേണം. (ഇത്തരം കള്ളക്കഥകൾ കേൾക്കുമ്പോൾ )നിങ്ങൾ പറയണം : ഇത് നമുക്ക് പറ്റിയതല്ല .ഈ വ്യക്തമായ കള്ളക്കഥകൾ പറഞ്ഞു നടക്കൽ ഞങ്ങൾക്ക് യോജിച്ചതല്ല.കാരണം ഇത്തരം വൃത്തികേട് ചെയ്യുന്നതിനെ തൊട്ട് വിശ്വാസിയുടെ വിശ്വാസം അവനെ തടഞ്ഞുനിർത്തുന്നു.ഉമ്മുൽ മുഅ്മിനീനെ കുറിച്ച് ഇത്തരം വാക്കുകൾപറയപ്പെടുന്നതിൽനിന്ന് അല്ലാഹു സംശുദ്ധനാണ് .ഇത് വ്യക്തമായ കളവും കെട്ടുകഥയും മാത്രമാണ്. നിങ്ങൾ വിശ്വാസികളാണെങ്കിൽ , ഇത്തരം കളവായ തെറ്റിദ്ധാരണകൾ പ്രവർത്തിക്കുന്നതിലേക്ക് മടങ്ങിപ്പോകുന്നതിനെ തൊട്ട് അല്ലാഹു നിങ്ങളെ തടഞ്ഞുവെക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു .

ഇത്തരം പ്രവർത്തനങ്ങളെ തൊട്ടു അല്ലാഹു നിങ്ങളെ വിലക്കുന്നു.അല്ലാഹുവിനെ വിശ്വസിക്കുന്നവരാണെങ്കിൽ ഇതുപോലുള്ളവ ചെയ്യാതിരിക്കാൻ നല്ല ഉപദേശങ്ങളും അല്ലാഹു നിങ്ങൾക്ക് നൽകുന്നു.കാരണം അല്ലാഹുവാണ് ഏറ്റവും നല്ല ഉപദേശകൻ.അതുകൊണ്ട് അല്ലാഹുവിന്റെ ഉപദേശം അനുസരണയോടെ സ്വീകരിക്കലും അവന് നന്ദി ചെയ്യലും അവനിൽ എല്ലാം ഏൽപ്പിക്കലും നിങ്ങൾക്ക് നിർബന്ധമാണ്. അല്ലാഹു നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് തരുന്നു.അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം അറിയുന്നവനും അവന്റെ നിയമ നിർമാണത്തിലും നിയന്ത്രണത്തിലും തന്ത്രജ്ഞാനിയുമാകുന്നു .വ്യക്തമായ വിധികളും വിലക്കുകളും ഉപദേശങ്ങളും ഭീഷണികളും ഉൾക്കൊള്ളുന്ന കുറേ ദൃഷ്ടാന്തങ്ങൾ അള്ളാഹു നിങ്ങൾക്ക് അവതരിപ്പിച്ച് തരുന്നു.ആ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്ക് വ്യക്തമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.അള്ളാഹു പരിപൂർണ്ണ ജ്ഞാനം ഉള്ളവനും തികഞ്ഞ തന്ത്രമുള്ളവനും ആകുന്നു.അല്ലാഹുവിന്റെ അറിവിൽ നിന്നും തന്ത്രത്തിൽ നിന്നും നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതും അവൻ്റെ തന്ത്രമാണ്.

ആയത്തിന്റെ ഗുണപാഠം

◼️വൃത്തികേട് കൊണ്ട് തെറ്റിദ്ധരിക്കുന്നതിൽ നിന്ന് ആയിഷ ബീവി പരിശുദ്ധയാണ്.
◼️വൃത്തികേട് കൊണ്ട് തെറ്റിദ്ധരിക്കൽ ഏറ്റവും വലിയ കളവാണ്.
◼️അപവാദ സംഭവം മുഅ്മിനീങ്ങൾക്ക് നന്മയായി ഭവിച്ചു.
◼️ഈ സംഭവത്തിലൂടെ നബിതങ്ങളെ നിന്ദിക്കാൻ മുനാഫിഖീങ്ങൾ കരുതി,പക്ഷേ അവരുടെ ചർച്ചകളെല്ലാം കാറ്റിൽ പറന്നുപോയി.
◼️തെറ്റിന്റെ വലിപ്പച്ചെറുപ്പത്തിനനുസരിച്ച് ശിക്ഷകളും ലഭിക്കും.
◼️ഒരു മുഅ്മിനിനെ കുറിച്ച് അപവാദം പറയുമ്പോൾ അത് വിശ്വസിക്കാതിരിക്കൽ മറ്റു മുഅ്മിനിന് നിർബന്ധമാണ്.
◼️വിശ്വാസികൾ മറ്റു വിശ്വാസികളെ കുറിച്ച് നന്മയല്ലാതെ ചിന്തിക്കാൻ പാടില്ല.
◼️ മുഅ്മിനീങ്ങളെ കുറിച്ച് കള്ളപ്രചരണം നടത്താൻ പാടില്ല. അപ്പോൾ മുഅ്മിനീങ്ങളുടെ ഉമ്മയെ കുറിച്ച് കള്ളപ്രചരണം നടത്തൽ ഒരുനിലക്കും അനുവദനീയമല്ല.
◼️വ്യഭിചാരാരോപണം നടത്തുന്നവൻ നാല് സാക്ഷികളെ കൊണ്ടുവരൽ നിർബന്ധമാണ്.
◼️ആരോപണം നടത്തുന്നവൻ നാല് സാക്ഷികളെ കൊണ്ടു വന്നിട്ടില്ലെങ്കിൽ അല്ലാഹുവിന്റെ അടുക്കൽ അവൻ കളവ് പറഞ്ഞവനാണ് . അതുകൊണ്ട് അവന് ശിക്ഷ ലഭിക്കും.
◼️നാല് സാക്ഷികളെ കൊണ്ടോ സ്വയം സമ്മതിക്കൽ കൊണ്ടോ അല്ലാതെ വ്യഭിചാരത്തിന്റെ തെറ്റിദ്ധാരണ സ്ഥിരപ്പെടില്ല.
◼️ അള്ളാഹുവിന്റെ വിധികളെ നമുക്ക് വിശദീകരിച്ച് തന്നത് അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവുമാണ് .ഭൗതിക ലോകത്ത് വെച്ച് അള്ളാഹു ശിക്ഷകൾ ധൃതികൂട്ടി തരുന്നില്ല.
◼️ധാരണകൾക്കനുസരിച്ച് സംസാരിക്കൽ ചിലപ്പോൾ വലിയ തെറ്റായിരിക്കും. ◼️തെറ്റിദ്ധാരണകൾ സംസാരിക്കലും അതിൽ അകപ്പെടലുമെല്ലാം പരാജയത്തിലേക്ക് നയിക്കും.
◼️ മുഅ്മിനിനെ കുറിച്ചുള്ള തെറ്റിദ്ധാരണ നമ്മൾ കേട്ടാൽ ; ഇത് കളവാണ് എന്നും ഇങ്ങനെ സംസാരിക്കുന്നത് നമുക്ക് പാടില്ല എന്നും പറയൽ നിർബന്ധമാണ്.
◼️ഭൗതിക ലോകത്ത് ഒരു വിഷയം സ്ഥിര പെടൽ അതിന്റെ ബാഹ്യമായ കാര്യങ്ങൾക്കനുസരിച്ചാണ് .രഹസ്യ വിഷയങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കലാണ് .
◼️കള്ളപ്രചരണങ്ങൾ കേട്ടയുടനെ അവ നിഷേധിക്കൽ അനിവാര്യമാണ് എന്ന് എല്ലാ മുഅ്മിനീങ്ങളോടും അള്ളാഹു ഇവിടെ അനുശാസിക്കുന്നു
◼️വിശ്വാസിയിൽ നിന്നും തെറ്റുകൾ ആവർത്തിക്കില്ല.
◼️സാഹചര്യങ്ങൾക്കനുസരിച്ചാണ് അള്ളാഹു അവന്റെ ഹിക്മത്തുകൾ പഠിപ്പിച്ച് കൊടുക്കുക.

Post a Comment