HS4- THASAWUF - LESSON 9

രണ്ട് കൈകൾ കൊണ്ടുള്ള തെറ്റുകൾ

1 - അളവിലും തൂക്കത്തിലും മാറ്റം വരുത്തൽ:-
ഇത് ഖുർആനിൽ അല്ലാഹു തആല ആക്ഷേപിച്ച് പറഞ്ഞതാണ്. ജനങ്ങളുടെ സമ്പത്ത് തെറ്റായ രൂപത്തിൽ ഭക്ഷിക്കലാണ് അളവിലും തൂക്കത്തിലും മാറ്റം വരുത്തുക എന്നത്. വ്യക്തിത്വമുള്ള ആൾക്ക് യോജിക്കാത്ത വിധം നീചമായ പ്രവർത്തനമാണത്. അള്ളാഹു തആല പറഞ്ഞു: കള്ളത്താപ്പുകാർക്ക് നാശം. അവർ അളക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തും. അവർ അളക്കുകയും തൂക്കുകയും ചെയ്യുകയാണെങ്കിൽ അതിൽ കുറവ് വരുത്തും. ഭീകരമായ ദിവസത്തിലേക്ക് അവർ ഉയർത്തെഴുന്നേൽക്കപ്പെടുമെന്ന് അവർ ചിന്തിക്കുന്നില്ലയോ. ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ ജനങ്ങൾ നിൽക്കുന്ന ഒരു ദിവസം ഉണ്ട്.

അല്ലാഹു അടിമകളോട് മാന്യമായ രൂപത്തിൽ അളക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്. അക്രമങ്ങളും അന്യായങ്ങളും അള്ളാഹു വിരോധിച്ചിട്ടുമുണ്ട്. അളവിലും തൂക്കത്തിലും മാറ്റം വരുത്തുന്നവർക്ക് ഭൗതീക ലോകത്തും പാരത്രിക ലോകത്തുമുള്ള ശിക്ഷകളെ കുറിച്ച് അള്ളാഹു താക്കീത് നൽകിയിട്ടുണ്ട്. നബി തങ്ങൾ പറഞ്ഞു: ഓ മുഹാജിരീങ്ങളെ.. അഞ്ച് കാര്യങ്ങളെ കൊണ്ട് നിങ്ങളെ അള്ളാഹു പരീക്ഷിക്കപ്പെട്ടാൽ അത് നിങ്ങളിൽ എത്തുന്നതിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കുമോ? ജനങ്ങൾക്കുള്ള തെറ്റായ കാര്യങ്ങൾ അവർ പരസ്യപ്പെടുത്തിയാൽ അവർക്കിടയിൽ മുൻകാല ഘട്ടങ്ങളിൽ കാണപ്പെടാത്ത വേദനകളും പകർച്ചവ്യാധികളും ഉണ്ടാകും. അളവിലും തൂക്കത്തിലും കുറവ് വരുത്തിയാൽ അവരുടെ ആയുസ്സിനെ അള്ളാഹു പിടിച്ചെടുക്കും. ശക്തമായ പരീക്ഷണങ്ങളും നൽകും. ഭരണാധികാരികളുടെ ആക്രമണങ്ങളും ലഭിക്കും. ശുഐബ് നബിയുടെ ജനത അളവിലും തൂക്കത്തിലും മാറ്റങ്ങൾ വരുത്തുന്ന ആളുകളായിരുന്നു; അവർക്ക് ശക്തമായ ഒരു വിറയൽ വന്നു. അവർ അവരുടെ വീടുകളിൽ തലകുനിച്ചിരുന്നു.

ഇബ്നു മസ്ഊദ് (റ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്താൽ വിശ്വാസ്യത അല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. (അവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് മരിച്ചവരാണെങ്കിലും ). എന്നിട്ട് അയാളോട് പറയപ്പെടും; നിന്റെ വിശ്വാസ്യതയെ നീ വീട്ടണം. അപ്പോൾ അയാൾ പറയും: അല്ലാഹുവേ ദുനിയാവ് കഴിഞ്ഞു പോയില്ലേ? അപ്പോൾ ഒരു അശരീരി കേൾക്കും: ഈ വ്യക്തിയെ കൊണ്ട് നിങ്ങൾ അഗാധമായ ആ കുഴിയിലേക്ക് പോയിക്കൊള്ളുവിൻ. അങ്ങനെ മലക്കുകൾ അയാളെ അഗാധമായ ആ കുഴിയിലേക്ക് കൊണ്ടുപോകും. അയാൾ ഭൗതികലോകത്ത് വീട്ടിയ രൂപത്തിൽ അയാളെ കാണിച്ചു കൊടുക്കും. അയാൾ അതിനെ കാണുകയും അയാൾക്ക് മനസ്സിലാവുകയും ചെയ്യും. അങ്ങനെ അയാള്ക്കത് ബോധ്യപ്പെടും. എന്നിട്ടയാളത് തൻ്റെ ചുമലിലേറ്റും. പക്ഷേ അയാൾ വിചാരിക്കും; ഇതു തൻ്റെ മുതുകിൽ നിന്ന് ഒന്ന് പോയിക്കിട്ടിയിരുന്നുവെങ്കിൽ. എന്നാൽ അത് എന്നുമെന്നും അയാളുടെ മുതുകിൽ ഉണ്ടാവുക തന്നെ ചെയ്യും. പിന്നീട് അദ്ദേഹത്തോട് പറയും: നിസ്കാരം ഒരു വിശ്വാസ്യതയാണ്. വുളൂഅ് ഒരു വിശ്വാസ്യതയാണ്. തൂക്കം ഒരു വിശ്വാസ്യതയാണ്. അളവ് ഒരു വിശ്വാസ്യതയാണ്. അതിലൊന്നും കുറവ് വരുത്താൻ പാടില്ല.

2- കട്ടെടുക്കൽ:-
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സാധനം അയാളുടെ സമ്മതമില്ലാതെ പിടിച്ചെടുക്കലാണ് കട്ടെടുക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അള്ളാഹു ദുൻയാവിൽ തന്നെ ശിക്ഷ നടപ്പിലാക്കിയ നിശിദ്ധമായ ഒരു പ്രവർത്തനമാണ് മോഷ്ടിക്കൽ. അള്ളാഹു തആല പറഞ്ഞു: കട്ടെടുക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും കൈകൾ മുറിക്കണം. അവർ ചെയ്ത പ്രവർത്തനത്തിന്റെ ഫലമായി അവരുടെ കൈകൾ മുറിക്കണം. അള്ളാഹു പ്രതാപിയും തന്ത്രജ്ഞാനിയുമാകുന്നു. നബി തങ്ങൾ പറഞ്ഞു: കട്ടെടുക്കുന്നവനെ അള്ളാഹു ശപിച്ചിട്ടുണ്ട്. അവനൊരു മുട്ട കട്ടെടുത്താലും അവന്റെ കൈ മുറിക്കണം, അവനൊരു കയറ് കട്ടെടുത്താലും അവന്റെ കൈ മുറിക്കണം.

മുസ്ലിമീങ്ങളുടെ സമ്പത്തുകളായ പള്ളിയിലെ സമ്പത്ത്, സ്ഥാപനങ്ങളിലെ സമ്പത്ത്, വഖ്ഫ് ചെയ്ത സമ്പത്ത്, സകാത്തിന്റെ മുതല് തുടങ്ങിയവ കട്ടെടുക്കലാണ് മോഷ്ടിക്കലിൽ വെച്ച് ഏറ്റവും ഗൗരവമായ കളവ്. അള്ളാഹു പറഞ്ഞു: ഒരു നബിക്കും വഞ്ചിക്കാൻ പാടില്ല. ഏതെങ്കിലുമൊരു നബി വഞ്ചന നടത്തിയാൽ അതുമായി അവർ ഖിയാമത്ത് നാളിൽ വരും. പിന്നീട് ഓരോ വ്യക്തിക്കും അവർ ചെയ്തതനുസരിച്ചുള്ള ഫലം ലഭിക്കും. ആരോടും അക്രമം പ്രവർത്തിക്കുകയില്ല. നബി തങ്ങൾ പറഞ്ഞു: ചില ജനങ്ങൾ അള്ളാഹുവിന്റെ സമ്പത്ത് അർഹതയില്ലാത്ത വിധത്തിൽ അതിനെ എടുക്കാൻ വേണ്ടി ആർത്തി കൂട്ടും. ഇത്തരം ആളുകൾക്ക് ഖിയാമത്ത് നാളിൽ നരകമുണ്ട്. അപ്പോൾ പള്ളിക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെട്ട വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വൈദ്യുതി, അതുപോലെ സ്ഥാപനങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഇത്തരം വസ്തുക്കൾ തുടങ്ങിയവയെല്ലാം നോക്കിനടത്തുന്ന ആളുടെ സമ്മതമില്ലാതെ എടുക്കൽ ഹറാമാണ്.

3- കൊള്ളയടിക്കലും പിടിച്ചു പറിക്കലും :-
ഇസ്ലാം നീതിയുടെയും വിശ്വാസ്യതയുടെയും സത്യത്തിന്റെയും മതമാണ്. അതുകൊണ്ട് ഇസ്ലാം കൊള്ളയടിയും പിടിച്ചുപറിയും നിഷിദ്ധമാക്കിയിട്ടുണ്ട്. സമ്പത്തിനോടുള്ള ഇച്ഛ കൊണ്ട് ഉണ്ടാകുന്ന അക്രമത്തിൽ പെട്ട ഒന്നാണ് കൊള്ളയടിയും പിടിച്ചുപറിയും. ഒരാൾക്ക് അർഹതപ്പെട്ടത് മറ്റൊരാൾ അർഹതയില്ലാത്ത രൂപത്തിൽ പിടിച്ചെടുക്കലാണത്. അള്ളാഹു തആല പറഞ്ഞു: നിങ്ങളുടെ സമ്പത്തുകൾക്കിടയിൽ നിങ്ങൾ അനുവദനീയമല്ലാത്ത രൂപത്തിൽ ഭക്ഷിക്കാൻ പാടില്ല. നബി തങ്ങൾ ചോദിച്ചു: പാപരായവൻ ആരെന്ന് നിങ്ങൾക്കറിയുമോ? സ്വഹാബികൾ പറഞ്ഞു: ഞങ്ങൾക്കിടയിൽ പാപരൻ എന്ന് പറഞ്ഞാൽ ദിർഹമും ചരക്കുകളൊന്നുമില്ലാത്തവനാണ്. അപ്പോൾ നബി തങ്ങൾ പറഞ്ഞു: പക്ഷെ, എന്റെ ഉമ്മത്തിൽ പെട്ട പാപരൻ എന്നുപറഞ്ഞാൽ അയാൾ ഖിയാമത് നാളിൽ ധാരാളം നോമ്പും സകാത്തും നിസ്കാരവുമായി വരും. എന്നാൽ ഇയാൾ ഇന്നാലിന്ന വ്യക്തിയെ ചീത്ത പറഞ്ഞിട്ടുണ്ട്, വ്യപിചാരാരോപണങ്ങൾ പറഞ്ഞിട്ടുണ്ട്, ഇന്നാലിന്ന വ്യക്തിയുടെ സമ്പത്ത് ഭക്ഷിച്ചിട്ടുണ്ട്, മറ്റൊരു വ്യക്തിയുടെ രക്തം അയാൾ ചിന്തിയിട്ടുണ്ട്, മറ്റൊരു വ്യക്തിയെ അയാൾ അടിച്ചിട്ടുണ്ട്. അപ്പോൾ ആ നിരപരാധിയായ ആൾക്ക് ഇയാളുടെ നന്മകൾ നൽകപ്പെടും. ഇയാൾ കൊടുത്തു വീട്ടേണ്ട നന്മകൾ കൊടുത്ത് വീട്ടുന്നതിനു മുമ്പ് അവസാനിച്ചു പോയാൽ നിരപരാധികളായ വ്യക്തികളുടെ തിന്മകൾ പിടിക്കുകയും ആ തിന്മകൾ ഇയാളുടെ മേലിലേക്ക് ഇടപ്പെടും. എന്നിട്ട് ഇയാളെ നരകത്തിലേക്കിടുകയും ചെയ്യും. നബി തങ്ങൾ പറഞ്ഞു: ഒരാൾ ഭൂമിയിൽ വെച്ച് ആക്രമണം ചെയ്താൽ അത് ഏഴു ഭൂമിയോളം വലുപ്പത്തിൽ അയാളുടെ കഴുത്തിൽ ചുറ്റപ്പെടും. അതുകൊണ്ട് ആരുടെയെങ്കിലും കയ്യിൽ തൻ്റെ മുസ്ലിം സഹോദരന് അവകാശപ്പെട്ട എന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ അത് അയാൾക്ക് കൊടുക്കൽ നിർബന്ധമാണ്. ആ വസ്തു കൊണ്ട് ഈ വ്യക്തി ഉപകാരമെടുക്കുവാനോ അത് അയാളുടെ അടുക്കൽ അവശേഷിക്കുവാനോ പാടില്ല.

4 - കൊലപാതകം:-
രക്തത്തിന് ഇസ്ലാമിൽ വലിയ സ്ഥാനമുണ്ട്. അതുകൊണ്ട് രക്തം ചൊരിക്കുന്ന എല്ലാത്തിനെയും പ്രത്യേകിച്ച് കൊലപാതകത്തെ ഈ മതം എതിർത്തു. അള്ളാഹു തആല പറഞ്ഞു: ഒരാൾ മനപ്പൂർവ്വം മുഅ്മിനായ ഒരു വ്യക്തിയെ കൊന്നാൽ അയാൾക്കുള്ള പ്രതിഫലം നരകമാകുന്നു. അയാളത്തിൽ ശാശ്വതനാണ്. അല്ലാഹുവിന്റെ ദേശ്യവും ശാപവും അയാൾക്കുണ്ട്. അയാൾക്ക് ഭയാനകമായ ശിക്ഷകൾ തയ്യാറാക്കി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനെതിരെ നബിതങ്ങൾ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി തങ്ങൾ പറഞ്ഞു: നമ്മളിൽ നിന്ന് ആരെങ്കിലും ആയുധമെടുത്താൽ അവൻ നമ്മിൽ പെട്ടവനല്ല. നബി തങ്ങൾ പറഞ്ഞു: ആകാശ ഭൂമിയിലുള്ള എല്ലാവരും മുഅ്മിനായ വ്യക്തിയുടെ രക്തം ചൊരിക്കാൻ പങ്ക് കൊണ്ടാലും അവരെ എല്ലാവരെയും അള്ളാഹു നരകത്തിലേക്ക് കൂപ്പുകുത്തിക്കും. കൊലപാതകത്തിലേക്കെത്തിക്കും വിധം രണ്ടു വ്യക്തികൾ തമ്മിൽ തർക്കത്തിൽ എത്തുന്നതും നബി തങ്ങൾ വിലക്കിയിട്ടുണ്ട്. നബി തങ്ങൾ പറഞ്ഞു: രണ്ടാളുകൾ തങ്ങളുടെ വാളുമായി പരസ്പരം കൊമ്പുകോർത്താൽ കൊന്നവനും കൊല ചെയ്യപ്പെട്ടവനും നരകത്തിലാണ്. അപ്പോൾ ചോദിച്ചു: നബിയെ കൊന്നവന്റെ കാര്യം ശരിയാണ്, എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനെ നരകത്തിൽ കടക്കേണ്ടി വരും? നബി തങ്ങൾ പറഞ്ഞു: അവനും മറ്റുള്ളവനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നു.

ഭൗതിക ലോകത്ത് വെച്ച് തന്നെ ശിക്ഷയും പ്രതികാരവും അല്ലാഹു കരാർ ചെയ്ത ഒന്നാണ് കൊലപാതകം. പാരത്രിക ലോകത്ത് അതിന് ശക്തിയായ ശിക്ഷയുണ്ട്. നബി തങ്ങൾ പറഞ്ഞു: കൊല്ലപ്പെട്ടവന്റെ ഒരു കൈയിൽ അവന്റെ തല ബന്ധിപ്പിക്കപ്പെട്ട രൂപത്തിൽ കൊണ്ടുവരും. മറ്റേ കയ്യിൽ അവനെ കൊന്നവനെ ചേർത്തുപിടിച്ചു കൊണ്ടും. അവന്റെ കവിളുകൾ രക്തത്താൽ നിറഞ്ഞിരിക്കുന്നു. അങ്ങനെ അവൻ സിംഹാസനത്തിന്റെ അടുത്തേക്ക് വന്നിരിക്കുന്നു. അപ്പോൾ കൊല്ലപ്പെട്ടവൻ അല്ലാഹുവിനോട് പറയും: ഇവനാണ് എന്നെ കൊന്നവൻ. അപ്പോൾ കൊന്നവനോട് അല്ലാഹു പറയും: നിന്റെ അവസ്ഥ ദയനീയം, പിന്നീടവൻ നരകത്തിലേക്ക് പോവുകയും ചെയ്യും.

5 - കൈകൂലി :-
ഒരു തെറ്റായ കാര്യത്തെ ശരിയാക്കുവാനും സത്യത്തെ തെറ്റായി കാണിക്കുവാനും വേണ്ടി കൈക്കൂലി ആവശ്യപ്പെടലും നൽകലും വൻ ദോഷങ്ങളിൽ പെട്ടതാണ്. കൈക്കൂലി നൽകുന്നവനെയും കൈകൂലി ആവശ്യപ്പെടുന്നവനെയും നബിതങ്ങൾ ശപിച്ചിരിക്കുന്നു. സമൂഹത്തിനിടയിൽ ശത്രുതയും ദേഷ്യവും ഉണ്ടാക്കിത്തീർക്കുന്ന ഒന്നാണ് കൈക്കൂലി. ഒരു ജനതക്കിടയിൽ കൈക്കൂലി വ്യാപകമാവുകയും അവരുടെ പ്രവർത്തനങ്ങൾ കൈക്കൂലി കൊണ്ട് മാത്രം നടന്നുപോവുകയും ചെയ്യുമ്പോൾ അവർക്കിടയിൽ തർക്കങ്ങളുണ്ടാകും.

കാരണമില്ലാതെ ജോലിക്ക് വൈകി വരുന്നതും ജോലിയിൽ കുറവുകളും പിഴവുകളും ഉണ്ടാകുമ്പോൾ അതിൽ നടപടിയെടുക്കാതെയിരിക്കുന്നതിന് പകരമായിട്ട് ഉദ്യോഗസ്ഥൻ സേവനം ചെയ്തു കൊടുക്കലും അദ്ദേഹത്തിൻ്റെ ആവശ്യപൂർത്തീകരണത്തിന് ആവശ്യപ്പെടലുമൊക്കെ കൈക്കൂലിയിൽ പെട്ടതാണ്. സമ്പത്തിനുവേണ്ടി അർഹതയില്ലാത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകലും പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തലും അർഹമല്ലാത്ത ഗ്രേഡുകൾ വിദ്യാർഥി വിദ്യാർഥിനികൾക്ക് നൽകലും സർക്കാർ രേഖകൾ എളുപ്പമാക്കിത്തരുന്നതിന് വേണ്ടി കരാറുകാരിൽ നിന്ന് ഉദ്യോഗസ്ഥർ സമ്മാനങ്ങൾ സ്വീകരിക്കലുമെല്ലാം കൈക്കൂലിയിൽ പെട്ടതാണ്. ഒരാളെ നമ്മൾ ജോലിക്ക് വേണ്ടി ഏൽപ്പിക്കുകയും അയാൾക്കുള്ള പ്രതിഫലം നമ്മൾ നൽകുകയും ചെയ്തു, അതിനപ്പുറത്തേക്ക് അയാൾ സ്വീകരിക്കുന്നതെല്ലാം വഞ്ചനയാണ്. കൈക്കൂലിയുടെ മുതല് ശപിക്കപ്പെട്ട സമ്പത്താണ്. പാരത്രിക ലോകത്ത് എത്തുന്നതിനു മുമ്പ് തന്നെ, കൈക്കൂലിക്കാരന് ശിക്ഷ ലഭിക്കും. നബി തങ്ങൾ പറഞ്ഞു: പാരത്രിക ലോകത്തേക്ക് ശിക്ഷ മാറ്റിവെക്കലോട് കൂടെ ഭൗതിക ലോകത്ത് തന്നെ ശിക്ഷ പെട്ടെന്ന് നൽകുന്നതിന് ഏറ്റവും യോഗ്യതയുള്ള തെറ്റാണ് വ്യപിചാരവും കുടുംബബന്ധം മുറിക്കലും.

6 - അന്യ സ്ത്രീകളെ ഹസ്തദാനം ചെയ്യൽ :-
അന്യ സ്ത്രീകളെ ഹസ്തദാനം ചെയ്യൽ നിഷിദ്ധമാണ്. നബി തങ്ങൾ പറഞ്ഞു: ഒരു പുരുഷൻ അയാൾക്ക് അനുവദനീയമല്ലാത്ത സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത് ഇരുമ്പ് ഉരുക്കി അയാളുടെ തലയിലേക്ക് ഒഴിക്കുന്നതാണ്. അന്യ സ്ത്രീയെ സ്പർശിക്കുന്നതിനെയും ഹസ്തദാനം ചെയ്യുന്നതിനെയുമെതിരെ ഹദീസിൽ ശക്തമായ താക്കീത് വന്നിട്ടുണ്ട്. സമ്മേളനങ്ങളിലും ബിസിനസ് മീറ്റിങ്ങുകളിലും മറ്റുമായി പുരുഷന്മാർ അന്യസ്ത്രീകളെ ഹസ്തദാനം ചെയ്യുന്നത് ഈ കാലഘട്ടത്തിൽ വ്യാപകമായിട്ടുണ്ട്. ഇത് സമൂഹത്തെ മുഴുവൻ നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന വലിയ ഫിത്നയാണ്.

Post a Comment