HS4-- THASAWUF- LESSON 6

കണ്ണ് കൊണ്ട് ചെയ്യുന്ന തിന്മകൾ

കണ്ണ് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. കണ്ണിനെ അള്ളാഹു പ്രിയപ്പെട്ടത് എന്നും ബഹുമാന്യമുള്ളത് എന്നുമാണ് പേര് വിളിച്ചത്. നബിതങ്ങൾ പറയുന്നു: അല്ലാഹു പറഞ്ഞു;എൻ്റെ അടിമയുടെ രണ്ട് ബഹുമാന്യമായ അവയവങ്ങൾ നാം എടുത്തുകളയുകയും അവൻ ക്ഷമിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗവല്ലാതെ ഒരു പ്രതിഫലവും ഞാൻ ഇഷ്ടപ്പെടുകയില്ല. മറ്റൊരു റിപ്പോർട്ടിൽ എൻ്റെ അടിമയുടെ പ്രിയപ്പെട്ട രണ്ട് അവയവങ്ങൾ എന്നും പറഞ്ഞിട്ടുണ്ട്. മടിയനായ അശ്രദ്ധവാനല്ലാതെ കണ്ണിന്റെ ഗുണത്തെക്കുറിച്ച് ആശ്രദ്ധനാവുകയില്ല. അതുകൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്ന വിഷയത്തിൽ കണ്ണിനെ ഉപയോഗിക്കലും അല്ലാഹുവിന് വെറുപ്പുണ്ടാകുന്ന കാര്യത്തെ തൊട്ട് കണ്ണിനെ മാറ്റി നിർത്തലും നമുക്ക് അത്യാവശ്യമാണ്. നബി തങ്ങൾ പറഞ്ഞു: അല്ലാഹുവിനെ പേടിച്ചു കൊണ്ട് കരഞ്ഞ കണ്ണിനെയും അല്ലാഹുവിന്റെ പ്രീതിക്കായി കാത്തുസൂക്ഷിച്ച കണ്ണിനെയും നരകം സ്പർശിക്കുകയില്ല.

കണ്ണുകൾ കൊണ്ട് ചെയ്യുന്ന തിന്മകൾ വൻദോഷങ്ങൾ, ചെറു ദോഷങ്ങൾ എന്നിങ്ങനെ രണ്ട് വിധമുണ്ട്. കണ്ണ് കൊണ്ട് ചെയ്യുന്ന വൻദോഷങ്ങളിൽ പെട്ടതാണ്:-

1 - പുരുഷന്മാർ വൈകാരികമായി അന്യ സ്ത്രീകളിലേക്ക് നോക്കലും സ്ത്രീകൾ അന്യ പുരുഷന്മാരിലേക്ക് നോക്കലും. അള്ളാഹു തആല പറഞ്ഞു: നബിയെ മുഅ്മിനീങ്ങളോട് അവരുടെ കണ്ണുകൾ പൂട്ടുവാനും ലൈംഗികാവയവങ്ങളെ സൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറ്റവും ഉത്തമം. അവർ ചെയ്യുന്ന കാര്യങ്ങളെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. വിശ്വാസികളായ വനിതകളോടും അവരുടെ കണ്ണുകൾ പൂട്ടുവാനും ലൈംഗികാവയവങ്ങൾ സൂക്ഷിക്കുവാനും പറയുക. അവരുടെ ഭംഗിയിൽ നിന്ന് പ്രകടമാകുന്നതൊഴികെ മറ്റൊന്നും വെളിപ്പെടുത്തരുത് എന്നും അവരോട് പറയുക. നബി തങ്ങൾ പറഞ്ഞു: കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. ഉമ്മു സലമ ( റ ) പറയുന്നു: മഹതിയും മൈമൂന ബീവി യും നബി തങ്ങളുടെ അടുക്കൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഇബ്നു മക്തൂം (റ) അങ്ങോട്ട് കയറി വന്നു. അപ്പോൾ നബി തങ്ങൾ അവരോട് പറഞ്ഞു: നിങ്ങൾ മാറിനിൽക്കുവിൻ. അപ്പോൾ ഞാൻ ചോദിച്ചു: നബിയെ അവർ അന്ധനല്ലേ, ഒന്നും കാണുന്നില്ലല്ലോ. നബി തങ്ങൾ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അന്ധരാണോ? നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ലേ? ഗസ്സാലി ഇമാം (റ) പറഞ്ഞു: നീ നിന്റെ കാഴ്ചയെ തടയുകയും നിന്റെ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ നിനക്ക് ആവശ്യമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ ഒന്നിലേക്കും നീ നോക്കരുത്. അങ്ങനെയാവുമ്പോൾ നെഞ്ചകം ശുദ്ധിയുള്ളവനും ഹൃദയം ഫ്രീയായവനും മറ്റെല്ലാ വസ്വാസുകളിൽ നിന്ന് ആശ്വാസം ലഭിച്ചവനും ആപത്തുകളിൽ നിന്ന് ആത്മാവ് രക്ഷപ്പെട്ടവനും ഖൈറുകൾ ധാരാളം ലഭിക്കുന്നവനുമാകും.

2 - നിന്ദ്യമായി കാര്യങ്ങളിലേക്ക് നോക്കുക.
മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. സമ്പന്നനും ദരിദ്രനും പാമരനുമെല്ലാം അല്ലാഹുവിന്റെ അടുക്കൽ തുല്യരാണ്. അതുകൊണ്ട് നിന്ദ്യമായി ഒരു സൃഷ്ടിയിലേക്ക് നോക്കൽ കണ്ണുകൊണ്ട് ചെയ്യുന്ന തിന്മയാണ്. അല്ലാഹു പറഞ്ഞു: കുത്തുവാക്ക് പറയുന്നവർക്കും പരദൂഷണം പറയുന്നവർക്കും നാശമുണ്ട്. നബി തങ്ങൾ പറഞ്ഞു: ഒരാൾ തൻ്റെ മുസ്ലിമായ സഹോദരനെ നിന്ദിക്കൽ അവന് ദോഷമാവാൻ മതിയാകുന്നതാണ്.

3 - മറ്റുള്ളവരുടെ വീട്ടിലേക്ക് അവരുടെ സമ്മതമില്ലാതെ നോക്കൽ.
മറ്റുള്ളവരുടെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കാൻ അല്ലാഹു നമ്മോട് കല്പിച്ചിട്ടുണ്ട്. അവരുടെ സമ്മതമില്ലാതെ അവരുടെ വീട്ടിലേക്ക് നോക്കുന്നതിനെ അള്ളാഹു വിലക്കിയിട്ടു മുണ്ട്. അവരുടെ രഹസ്യങ്ങളിലേക്ക് നമ്മുടെ നോട്ടമെത്താതിരിക്കാൻ വേണ്ടിയാണിത്. നബി തങ്ങൾ പറഞ്ഞു: ഒരാൾ സമ്മതമില്ലാതെ മറ്റുള്ളവരുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ അവന്റെ കണ്ണിനെ നിങ്ങൾ പൊട്ടിച്ചോളു. അതിൽ പ്രതികാരമോ ശിക്ഷയോ ഒന്നും ഉണ്ടാവുകയില്ല.

Post a Comment