HS 4- THASAWUF- LESSON 13

അവയവങ്ങൾ പങ്ക്ചേരുന്ന തിന്മകൾ

ചില തിന്മകളിൽ നാവ്, കൈ, കാല് തുടങ്ങിയവയും മറ്റ് അവയവങ്ങളും ഒരുപോലെ പങ്കുകാരാവുന്നുണ്ട്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുക, കുടുംബബന്ധം മുറിക്കുക, അയൽവാസികളെ ബുദ്ധിമുട്ടിക്കുക തുടങ്ങിയ തെറ്റുകളെല്ലാം ഇവയിൽ പെട്ടതാണ്.

1. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ:-
അല്ലാഹുവിനോടുള്ള ബാധ്യത തീർന്നാൽ പിന്നീട് ആദ്യമായി വീട്ടേണ്ട ബാധ്യത മാതാപിതാക്കൾക്ക് ഗുണം ചെയ്യലാണ്. അല്ലാഹു ,അവന് ഇബാദത്ത് ചെയ്യാൻ പറഞ്ഞതിന്റെ ഉടനെ മാതാപിതാക്കൾക്ക് ഗുണം ചെയ്യുവാനും നിർദ്ദേശിച്ചു. അള്ളാഹു തആല പറഞ്ഞു:- അവനെയല്ലാതെ . ആരാധിക്കരുതെന്നും മാതാപിതാക്കളോട് ഗുണം ചെയ്യുവാനും അല്ലാഹു കല്പിച്ചിരിക്കുന്നു. ഭാര്യ സന്താനങ്ങൾ എന്നിവർക്ക് മാതാപിതാക്കളേക്കാൾ പ്രാധാന്യം നൽകിയും അവരോട് മാതാപിതാക്കളേക്കാൾ ഭാര്യ സന്താനങ്ങൾക്ക് ഗുണം ചെയ്തും, ചിലവ് നൽകിയും, മാതാപിതാക്കളെ ചീത്ത പറഞ്ഞും, കുറ്റപ്പെടുത്തിയും, മർദ്ദിച്ചും, പ്രയാസപ്പെടുത്തിയുമെല്ലാം മാതാപിതാക്കളെയോ അതിലൊരാളെയോ ബുദ്ധിമുട്ടിച്ചതിന്റ പേരിൽ പ്രയാസമനുഭവിക്കുന്ന ചില സന്താനങ്ങൾ ഉണ്ട്. മാതാപിതാക്കളുടെ കണ്ണുനീരിനെ അള്ളാഹു തട്ടുകയില്ല എന്നത് അറിയപ്പെട്ട സത്യമാണ്. നബി തങ്ങൾ പറഞ്ഞു:- മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നതാണ് എന്നതിൽ സംശയമില്ല; അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, സന്താനങ്ങൾ ക്കെതിരെയുള്ള പിതാവിന്റെ പ്രാർത്ഥന. മാതാപിതാക്കളിൽ ആരെങ്കിലും സന്താനങ്ങൾക്കെതിരെ പ്രാർത്ഥിച്ചാൽ അവർ ക്ഷമിക്കാതെയോ അല്ലെങ്കിൽ സന്താനങ്ങൾ തൗബ ചെയ്യാതെയോ അവരോടുള്ള അള്ളാഹുവിന്റെ ദേഷ്യം ഒടുങ്ങുകയില്ല.

അല്ലാഹു തആല പറയുന്നു:- മാതാപിതാക്കളിൽ രണ്ടുപേരും അല്ലെങ്കിൽ ഒരാൾ വാർധക്യത്തിൽ നിന്റെ അടുത്തെത്തിയാൽ അവരോട് നീ "ഛെ "എന്ന വാക്ക് പോലും പറയാൻ പാടില്ല. അവരെ പ്രയാസപ്പെടുത്തുവാനും പാടില്ല. മറിച്ച് അവരോട് മാന്യതയുള്ള വാക്കുകൾ സംസാരിക്കുക. കാരുണ്യത്തിന്റെ ചിറകുകൾ അവർക്ക് നീ വിരിച്ചു കൊടുക്കുകയും ചെയ്യുക. എന്നെ ചെറു പ്രായത്തിൽ സംരക്ഷിച്ചത് പോലെ അവർക്കും നീ കരുണ ചെയ്യണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.

മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനുള്ള ശിക്ഷ പാരത്രിക ലോകത്തേക്ക് അള്ളാഹു പിന്തിപ്പിക്കുകയില്ല. മറിച്ച് ഭൗതീക ജീവിതത്തിൽ തന്നെ അതിനുള്ള ശിക്ഷ അല്ലാഹു നൽകുന്നതാണ്. നബി തങ്ങൾ പറഞ്ഞു:- മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനുള്ള ശിക്ഷയൊഴികെ ബാക്കി എല്ലാ ശിക്ഷകളും വേണമെങ്കിൽ അല്ലാഹു അന്ത്യദിനത്തിലേക്ക് നീട്ടി വെക്കും. എന്നാൽ മാതാപിതാക്കളെ പ്രയാസപ്പെടുത്തിയവനുള്ള ശിക്ഷ മരണത്തിനു മുമ്പ് ഭൗതീകലോക ജീവിതത്തിൽ തന്നെ അല്ലാഹു നൽകുന്നതാണ്.

ഉമറുബ്നുൽ അബ്ദുൽ അസീസ് (റ) പറഞ്ഞു: മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനോടുകൂടെ നീ സഹവസിക്കരുത്. കാരണം അവൻ തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനാൽ നിനക്ക് ഒരു ഗുണവും ചെയ്യുവാൻ അവന് സാധിക്കുകയില്ല.

അബ്ദുള്ളാഹിബ്നു അബീ ഔഫ (റ) റിപ്പോർട്ട് ചെയ്യുന്നു:- ഞങ്ങൾ ഒരിക്കൽ നബി തങ്ങളുടെ കൂടെ ഇരിOക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നു പറഞ്ഞു: ഒരു യുവാവ് മരിക്കാനടുത്തിരിക്കുന്നു. അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു; അയാൾക്ക് " ലാ ഇലാഹ ഇല്ലള്ളാഹ് " എന്ന് ചൊല്ലിക്കൊടുക്കുക. പക്ഷേ അദ്ദേഹത്തിന് ഇങ്ങനെ ചൊല്ലാൻ സാധിച്ചില്ല. അപ്പോൾ നബി തങ്ങൾ ചോദിച്ചു: ആ വ്യക്തി നിസ്ക്കരിക്കാറുണ്ടായിരുന്നോ? അപ്പോൾ വന്നയാൾ പറ.ഞ്ഞു: ഉണ്ട്. അപ്പോൾ നബിതങ്ങൾ എണീറ്റു, കൂടെ ഞങ്ങളും എണീറ്റു. തങ്ങൾ ആ യുവാവിന്റെ അടുത്തേക്ക് പോയി. എന്നിട്ട് ലാഇലാഹ ഇല്ലള്ളാ എന്ന് ചൊല്ലാൻ കൽപ്പിച്ചു. ആ വ്യക്തി പറഞ്ഞു എനിക്ക് സാധിക്കുന്നില്ല. നബിതങ്ങൾ ചോദിച്ചു എന്തുകൊണ്ടാണ് സാധിക്കാത്തത്. അപ്പോൾ ഒരാൾ പറഞ്ഞു അയാൾ തൻ്റെ മാതാവിനെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. നബിതങ്ങൾ ചോദിച്ചു: അയാളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ആളുകൾ പറഞ്ഞു; ഉണ്ട്. നബിതങ്ങൾ മാതാവിനെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. മാതാവിനെ വിളിക്കുകയും അദ്ദേഹത്തിൻ്റെ മാതാവ് അവിടേക്ക് വരികയും ചെയ്തു. നബി തങ്ങൾ മാതാവിനോട് ചോദിച്ചു: ഇത് നിങ്ങളുടെ മകനാണോ? അതെ. നബിതങ്ങൾ മാതാവിനോട് പറഞ്ഞു: ഈ മകനെ വലിയൊരു തീയിൽ കത്തിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? നിങ്ങൾ ഈ മകനുവേണ്ടി ശിപാർശ ചെയ്യുകയാണെങ്കിൽ അവനെ അതിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടുത്താം. അല്ലെങ്കിൽ ആ തീയിലേക്ക് ഞങ്ങൾ ഇട്ട് കരിക്കുകയും ചെയ്യാം. നിങ്ങൾ അവന് ശിപാർശ ചെയ്യുമോ? മാതാവ് പറഞ്ഞു: നബിയെ.. എങ്കിൽ ഞാൻ എൻ്റെ മകനുവേണ്ടി ശിപാർശ ചെയ്യാം. നബി തങ്ങൾ പറഞ്ഞു: മകനോട് തൃപ്തിപ്പെട്ടു എന്നുള്ളത് എന്നോടും അല്ലാഹുവിനോടും ഉറപ്പിച്ചു വാക്ക് തരണമെന്ന്. ആ സ്ത്രീ പറഞ്ഞു: അല്ലാഹുവേ എൻ്റെ മകനോട് ഞാൻ തൃപ്തിപ്പെട്ടു എന്നുള്ളത് നിനക്കും നിന്റെ പ്രവാചകർക്കും ഞാൻ വാക്ക് നൽകുന്നു. നബിതങ്ങൾ മരിക്കാനായ വ്യക്തിയോട് ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് പറയാൻ പറഞ്ഞു. അദ്ദേഹം അത് ഏറ്റു പറയുകയും ചെയ്തു. നബി തങ്ങൾ പറഞ്ഞു: ഈ വ്യക്തിയെ നരകത്തിൽ നിന്നും രക്ഷിച്ച അള്ളാഹുവിന് സർവ്വസ്തുതിയും.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന് അള്ളാഹു സ്വർഗ്ഗം നിഷിദ്ധമാക്കിയിട്ടുണ്ട്. നബി തങ്ങൾ പറഞ്ഞു:- മൂന്ന് വിഭാഗം ആളുകൾക്ക് അള്ളാഹു സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു; കള്ളുകുടി നിത്യമാക്കുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, കുടുംബത്തിൽ മോശത്തരം ചെയ്യുന്നവൻ.

വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മാതാപിതാക്കളുടെ ദുഃഖത്തിന് കാരണമാകുന്നതും അവരോടുള്ള ബാധ്യത നിറവേറ്റുന്നതിൽ വീഴ്ചവരുത്തുന്നതും അവരുടെ അടുത്ത് നിന്ന് ശബ്ദമുയർത്തിക്കൊണ്ട് അവരോട് മോശമായി പെരുമാറുന്നതും അവരോട് മോശം സ്വഭാവത്തോട് കൂടെ ഇടപെടുന്നതും കടുത്ത ഭാഷകളിൽ സംസാരിക്കുന്നതുമെല്ലാം മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നതിൽ പെട്ടതാണ്. നിന്ദ്യമായ രൂപത്തിൽ അവരെ നോക്കുന്നതും അവരെക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നതും അവർക്കുവേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിൽ അലംബാവം കാണിക്കുന്നതും അവരിൽ നിന്ന് വല്ല സേവനങ്ങൾ ആവശ്യപ്പെടുന്നതും വീട് വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങീ വീട്ടിലെ കാര്യങ്ങളിൽ അവരെ സഹായിക്കാതിരിക്കുന്നതും അവർ പറയുന്നത് അനുസരിക്കാതിരിക്കുകയും അവരെ കാണുമ്പോൾ മുഖം തിരിച്ച് മറ്റൊരു കാര്യത്തിൽ ഏർപ്പെടുന്നതും അവരോട് തർക്കിക്കുന്നതും അവരുടെ വാക്കുകൾ കളവാക്കുന്നതും അവർക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ മറ്റുള്ളവരുടെ മുമ്പിൽ അവരെ കുറവാക്കുന്നതുമെല്ലാം മാതാപിതാക്കളെ ബുദ്ധിമുട്ടാക്കുന്നതിൽ പെട്ടതാണ്.

2- കുടുംബ ബന്ധം മുറിക്കൽ:-
അമലുകളെ തകർത്തു കളയുകയും നന്മകൾ ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് കുടുംബ ബന്ധം മുറിക്കൽ. കുടുംബ ബന്ധം മുറിച്ചവന്റെ അമലുകൾ അള്ളാഹു സ്വീകരിക്കുകയില്ല. നബി തങ്ങൾ പറഞ്ഞു: ആദം നബിയുടെ സന്താനങ്ങളുടെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച രാവിൽ വെളിവാക്കപ്പെടും. ആ സമയത്ത് കുടുംബ ബന്ധം മുറിച്ചവന്റെ അമലുകൾ സ്വീകരിക്കപ്പെടുകയില്ല. നബി തങ്ങൾ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗത്തിലെ വാതിലുകൾ തുറക്കപ്പെടും. ആ സമയത്ത് അള്ളാഹുവിൽ പങ്ക് ചേർക്കാത്ത എല്ലാവർക്കും അല്ലാഹു പാപമോചനം നൽകപ്പെടും. എന്നാൽ ഒരു വ്യക്തി തൻ്റെ സഹോദരനുമായി തർക്കത്തിലാണെങ്കിൽ അയാൾക്ക് പൊറുക്കപ്പെടുകയില്ല. അപ്പോൾ മലക്കുകളോട് പറയപ്പെടും: ഇവർ രണ്ടുപേർക്കുമിടയിൽ നന്മകൾ ഉണ്ടാകുന്നത് വരെ കാത്തിരിക്കുക,ഇവർ രണ്ടുപേർക്കുമിടയിൽ നന്മകൾ ഉണ്ടാകുന്നത് വരെ കാത്തിരിക്കുക, ഇവർ രണ്ടുപേർക്കുമിടയിൽ നന്മകൾ ഉണ്ടാകുന്നത് വരെ കാത്തിരിക്കുക (എന്ന് മൂന്ന് പ്രാവശ്യം പറയപ്പെടും. )

കുടുംബ ബന്ധത്തിന് അള്ളാഹുവിന്റെ അടുക്കൽ വലിയ സ്ഥാനമുണ്ട്. നബി തങ്ങൾ പറഞ്ഞു: അള്ളാഹു സൃഷ്ടികളെ സൃഷ്ടിച്ച് ,സൃഷ്ടിപ്പിൽ നിന്നും വിരമിച്ചപ്പോൾ കുടുംബബന്ധം നിന്നു. അപ്പോൾ അല്ലാഹു പറഞ്ഞു: എന്താണ് ഇത്. കുടുംബ ബന്ധം പറഞ്ഞു: കുടുംബബന്ധം മുറിക്കലിൽ നിന്ന് തടഞ്ഞു വെക്കുന്നവർക്കുള്ള സ്ഥാനമാണ് ഇത്. അപ്പോൾ അള്ളാഹു തആല ചോദിച്ചു: നിന്നെ (കുടുംബ ബന്ധം ) ചേർക്കുന്നവരുമായി ഞാൻ ബന്ധം ചേർക്കുന്നതും നിന്നെ മുറിക്കുന്നവരുമായി ഞാൻ ബന്ധം വിഛേദിക്കുന്നതും നിനക്ക് താൽപ്പര്യമാണോ? അപ്പോൾ കുടുംബബന്ധം പറഞ്ഞു: അതേ റബ്ബേ. അള്ളാഹു തആല പറഞ്ഞു: എന്നാൽ അത് അങ്ങനെത്തന്നെയായിരിക്കട്ടെ. അതുപോലെ കുടുംബബന്ധം സ്ഥാപിക്കുന്നതിന് ആയുസ്സ് ദീർഘിപ്പിക്കപ്പെടുന്നതിലും ഭക്ഷണത്തിൽ വിശാലത നൽകപ്പെടുന്നതിലും വലിയ പങ്കുണ്ട്. നബി തങ്ങൾ പറഞ്ഞു: ആർക്കെങ്കിലും തൻ്റെ ഭക്ഷണത്തിൽ വിശാലത ലഭിക്കുന്നതും ആയുസ്സ് ദീർഘിപ്പിച്ച് ലഭിക്കുന്നതും സന്തോഷമാണെങ്കിൽ അയാൾ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ.

3- അയൽവാസികളെ ബുദ്ധിമുട്ടിക്കൽ:-
താമസം കൊണ്ടോ,പ്രവർത്തനം കൊണ്ടോ , അധ്യാപനം കൊണ്ടോ അടുത്തുള്ളവരാണ് അയൽവാസികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അയൽവാസിക്ക് ഗുണം ചെയ്യുന്നതും അവനെ ബഹുമാനിക്കുന്നതും ഈമാനിന്റെ പരിപൂർണതയിൽ പെട്ടതാണ്. നബി തങ്ങൾ പറഞ്ഞു: ആരെങ്കിലും അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിക്ക് ഗുണം ചെയ്യട്ടെ. അതുകൊണ്ട് അയൽവാസിയെ ബുദ്ധിമുട്ടാകുന്ന വിധത്തിൽ; അയൽവാസിയുടെ വീടിനു മുന്നിലേക്ക് വേസ്റ്റുകൾ വലിച്ചെറിയുക, അയൽവാസിയുടെ വഴിയിൽ നമ്മുടെ വാഹനം നിർത്തിയിടുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കൽ എല്ലാ മുഅ്മിനിനും നിർബന്ധമാണ്. അയൽവാസിയെ ബുദ്ധിമുട്ടിക്കൽ നരകം നിർബന്ധമാകുന്നതിൽ പെട്ടതാണ്. നബി തങ്ങൾ പറഞ്ഞു: അള്ളാഹുവാണ് സത്യം അവൻ യഥാർത്ഥ വിശ്വാസിയല്ല, അള്ളാഹുവാണ് സത്യം അവൻ യഥാർത്ഥ വിശ്വാസിയല്ല, അള്ളാഹുവാണ് സത്യം അവൻ യഥാർത്ഥ വിശ്വാസിയല്ല എന്ന് മൂന്ന് തവണ പറഞ്ഞു. അപ്പോൾ നബി തങ്ങളോട് ചോദിക്കപ്പെട്ടു; നബിയെ ആരാണ് യഥാർത്ഥ വിശ്വാസിയല്ലാത്തവൻ? നബി തങ്ങൾ പറഞ്ഞു: ആരുടെ ബുദ്ധിമുട്ടിൽ നിന്നാണോ അയൽവാസി നിർഭയത്വം പ്രാപിക്കാത്തത്. അവൻ യഥാർത്ഥ വിശ്വാസിയല്ല. അബൂ ഹുറൈറ (റ) ന്റെ ഹദീസിൽ വന്നിട്ടുണ്ട്:- ഒരു വ്യക്തി ചോദിച്ചു: നബിയെ ധാരാളം നിസ്കാരവും നോമ്പും സ്വദഖയുമായി അറിയപ്പെട്ട ഒരു സ്ത്രീ, പക്ഷേ അവൾ തൻ്റെ നാവുകൊണ്ട് അയൽവാസിയെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു ( അവളുടെ അവസ്ഥ എന്താണ് )? നബി തങ്ങൾ പറഞ്ഞു: അവൾ നരകത്തിലാണ്. അയാൾ വീണ്ടും ചോദിച്ചു: നബിയെ നോമ്പും സ്വദഖയും കുറഞ്ഞ ഒരു സ്ത്രീ, അവൾ പൂച്ചക്ക് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കൊടുക്കുകയും അയൽവാസിയെ നാവ് കൊണ്ട് ബുദ്ധിമുട്ടികാത്തിരിക്കുകയും ചെയ്യുന്ന സ്ത്രീയാണ്. അപ്പോൾ നബിതങ്ങൾ പറഞ്ഞു: അവൾ സ്വർഗ്ഗത്തിലാണ്.

അയൽവാസിയെ ബുദ്ധിമുട്ടിക്കുന്നത് ചിലപ്പോൾ നാവു കൊണ്ടാകാം. ഈബത്ത് പറയൽ, ചീത്ത പറയൽ, ആക്ഷേപിക്കൽ, അയൽവാസികൾക്ക് ഉറങ്ങാൻ സാധിക്കാത്ത വിധം ഫോൺ ചെയ്തു ശബ്ദമുയർത്തി പറയൽ തുടങ്ങിയവ അതിൽ പെട്ടതാണ്. അല്ലെങ്കിൽ കണ്ണുകൊണ്ട് ബുദ്ധിമുട്ടിക്കലും ഉണ്ടാക്കാം. ക്യാമറ വെച്ചോ,വീടിന്റെ മുകളിലോ, ചുമരിലോ കയറി അവരുടെ രഹസ്യങ്ങൾ അന്വേഷിക്കൽ ഇതിൽ പെട്ടതാണ്. മറ്റുചിലപ്പോൾ ചെവികൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കലുണ്ടാകാം. അയൽവാസികളുടെ ന്യൂനതകൾ കേൾക്കലും അവരുടെ സമ്മതമില്ലാതെ അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കലും ഇതിൽ പെട്ടതാണ്. അതുമല്ലെങ്കിൽ ലൈംഗികാവയവങ്ങൾ കൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കൽ ഉണ്ടാകാം. അയൽവാസിയുടെ ഭാര്യയെയോ മകളെയോ സഹോദരിയെയോ വ്യപിചാരം ചെയ്യൽ ഇതിൽ പെടുന്നു. അതുമല്ലെങ്കിൽ കൈകൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കലുണ്ടാകാം. അയൽവാസിയുടെ വീട്ടിലേക്ക് വേസ്റ്റ് വലിച്ചെറിയുക, അയൽവാസിയുടെ മക്കളെ ഉപദ്രവിക്കുക, അവരുടെ സമ്പത്ത് കൊള്ളയടിക്കുക തുടങ്ങിയവ ഇതിൽ പെട്ടതാണ്. അതുമല്ലെങ്കിൽ കാലുകൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കൽ ഉണ്ടാകാം. അയൽവാസിയുടെ സമ്മതമില്ലാതെ അവരുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത് ഇതിന് ഉദാഹരണമാണ്.

4- ഫർള് നിസ്കാരത്തെ അതിന്റെ സമയത്തെ തൊട്ട് പിന്തിപ്പിക്കൽ:-
അള്ളാഹു അടിമകൾക്ക് നിർബന്ധമാക്കിയ ആരാധനയാണ് അഞ്ച് വഖ്ത് നിസ്കാരം. നിസ്കാരത്തെ അതിന്റെ സമയത്തെ തൊട്ട് പിന്തിപ്പിക്കൽ അനുവദനീയമല്ല. അന്ത്യദിനത്തിൽ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ പ്രവർത്തനം നിസ്കാരത്തെ കുറിച്ചാണ്. നബി തങ്ങൾ പറഞ്ഞു: ഒരു അടിമയുടെ അന്ത്യദിനത്തിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുക അവൻ്റെ നിസ്കാരത്തെ കുറിച്ചാണ്. നിസ്കാരത്തിന്റെ കാര്യം ശരിയാണെങ്കിൽ പിന്നീടവൻ വിജയിച്ചു, നിസ്കാരത്തിന്റെ കാര്യം മോശമാണെങ്കിൽ അവൻ പരാജയപ്പെട്ടു.

നിസ്കാരത്തെ ഉപേക്ഷിക്കുന്നതിനെ ഗൗരവത്തിൽ പറഞ്ഞതു പോലെ മറ്റൊരു പ്രവർത്തനത്തെ കുറിച്ചും നബിതങ്ങൾ ഗൗരവത്തിൽ പറഞ്ഞിട്ടില്ല. അവിടുത്തെ അവസാന നിമിഷത്തിൽ പോലും ഉമ്മത്തിന്റെ നിസ്കാരത്തിന്റെ വിഷയത്തിലാണ് നബിതങ്ങൾ വസ്വിയ്യത്ത് ചെയ്തത്. ഒരു യുദ്ധത്തിൽ നബി തങ്ങളെ നിസ്ക്കാരം അതിന്റെ സമയത്തിൽ നിർവ്വഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മറ്റു കാര്യത്തിൽ വ്യാപൃതരാക്കിയ ശത്രുക്കൾക്കെതിരെ മാത്രമേ നബി തങ്ങൾ പ്രാർത്ഥിച്ചിട്ടുള്ളൂ. അവർക്ക് വേണ്ടി നബി തങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു; അസ്വറ് നിസ്ക്കാരത്തെ തൊട്ട് സൂര്യൻ അസ്തമിക്കുന്നത് വരെ നമ്മളെ വ്യാപൃതരാക്കിയത് പോലെ അവരുടെ ഖബറും വീടും അള്ളാഹു തീയിനാൽ നിറക്കട്ടെ.ആരെങ്കിലും തൻ്റെ കച്ചവടം, പർച്ചേഴ്സിംഗ്, ജീവിതോപാധി, മക്കളെ പോറ്റി വളർത്തൽ തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതരായിട്ടോ അല്ലെങ്കിൽ ശ്രദ്ധക്കുറവ് കൊണ്ടോ മടി കൊണ്ടോ ഉറങ്ങി കൊണ്ടോ നിസ്കാരത്തെ അതിന്റെ സമയത്തിൽ നിർവഹിക്കാതിരുന്നാൽ അവൻ വ്യക്തമായ പരാജയത്തിൽ അകപ്പെട്ട വനാണ്. ഒരു ഹദീസിൽ നബിതങ്ങൾ പറഞ്ഞു: ഒരിക്കൽ രാത്രി എന്റെ അടുത്ത് രണ്ടാൾ വന്നു. എന്നിട്ട് അവർ പറഞ്ഞു: ഞങ്ങളുടെ കൂടെ വരൂ. ഞാൻ അവരുടെ കൂടെ പോയി. അങ്ങനെ ഞങ്ങൾ ചെരിഞ്ഞു കിടന്നുറങ്ങുന്ന ഒരാളുടെ അടുക്കലെത്തി. അവിടെ ഒരു പാറ അദ്ദേഹത്തിൻ്റെ മുകളിലായി പിടിച്ചു നിൽക്കുന്ന മറ്റൊരാളെയും കണ്ടു. പാറ പിടിച്ചു നിൽക്കുന്ന ആൾ കിടക്കുന്ന ആളുടെ തലയിലേക്ക് പാറ ഇടാൻ കുനിഞ്ഞു നിന്നു. അദ്ദേഹം ആ പാറ കിടക്കുന്ന ആളുടെ തലയിലേക്കിട്ടു. അവിടെവെച്ച് പാറ ഉരുണ്ടുരുണ്ട് പോയി. ആ വ്യക്തി പാറയുടെ പിന്നാലെ പോയി അതിനെ എടുത്തു. പാറയുമായി അദ്ദേഹം മടങ്ങി വന്നപ്പോൾ കിടക്കുന്നയാളുടെ തല പഴയതുപോലെ ശരിയായിട്ടുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ അടുത്ത് പോയി ഈ വ്യക്തി ആദ്യം ചെയ്തത് പോലെ തന്നെ ചെയ്തു.(പാറ തലയിലേക്കിട്ടു ).നബി തങ്ങൾ പറഞ്ഞു: ഞാൻ എന്നെ കൊണ്ട് വന്ന ആളുകളോട് ചോദിച്ചു; സുബ്ഹാനള്ളാഹ് ! ഏതാണ് ഈ രണ്ട് വ്യക്തികൾ? അപ്പോൾ അവർ പറഞ്ഞു: തലയിൽ പാറക്കല്ല് ഇടപെട്ട വ്യക്തി ഖുർആൻ കൈയ്യിൽ പിടിച്ച് അതിനെ നിഷേധിക്കുകയും ഫർളാക്കപ്പെട്ട നിസ്കാരം നിർവഹിക്കാതെ ഉറങ്ങി പോവുകയും ചെയ്യുന്നവനാണ്.

5- അന്യ സ്ത്രീയുമായി വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് നിൽക്കൽ:-
അന്യ സ്ത്രീയുമായി പുരുഷൻ ഒറ്റയ്ക്ക് നിൽക്കൽ ഹറാമാണ്. ഫിത്നയുടെ വഴിയെ തടയുവാനും ഫസാദിന്റെ മാർഗ്ഗങ്ങളെ ഇല്ലാതാക്കുവാൻ വേണ്ടിയുമാണിത്. കാരണം അന്യ സ്ത്രീയുമായി പുരുഷൻ ഒരിടത്ത് ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഹറാം സംഭവിക്കുന്നതിലേക്ക് അത് നയിക്കും. നബിതങ്ങൾ പറഞ്ഞു: ആരെങ്കിലും അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അന്യ സ്ത്രീയുടെ കൂടെ അവളുടെ മഹ്റമ് ഇല്ലാത്ത സന്ദർഭത്തിൽ വിജനമായ സ്ഥലത്ത് പോയി ഒറ്റയ്ക്ക് നിൽക്കരുത്. അങ്ങനെ വന്നാൽ മൂന്നാമതായി അവർക്കിടയിൽ പിശാച് വരുന്നതാണ്. ഒരു സ്ത്രീയുടെ ഭർത്താവോ മഹ്റമോ അവളോടുകൂടെ ഇല്ലാത്ത സന്ദർഭങ്ങളിൽ ഒരു പുരുഷൻ അവളോടൊപ്പം ഒറ്റയ്ക്ക് നിൽക്കുന്നത് ഹറാമാണ് എന്നതിൽ എല്ലാ പണ്ഡിതന്മാരും ഒരേ അഭിപ്രായത്തിൽ പറഞ്ഞിട്ടുണ്ട്. അവിടെ നാശം ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെ ഒറ്റക്ക് നിൽക്കുന്നത് ഹറാമാണ്.

6- പുരുഷൻ സ്ത്രീയോട് സാദൃശ്യമാവൽ:-
പുരുഷൻ സ്ത്രീയോട് സാദൃശ്യമാവുന്നതും സ്ത്രീ പുരുഷനോട് സാദൃശ്യമാവുന്നതും അള്ളാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. സ്ത്രീയോട് സാദൃശ്യമാകുന്ന പുരുഷന്മാരെയും പുരുഷനോട് സാദൃശ്യമാകുന്ന സ്ത്രീകളേയും നബിതങ്ങൾ ശപിച്ചിട്ടുണ്ട്. അബൂദാവൂദ് (റ) ന്റെ ഹദീസിൽ റിപ്പോർട്ട് വന്നിരിക്കുന്നു: സ്ത്രീയുടെ വസ്ത്രം ധരിക്കുന്ന പുരുഷനെയും പുരുഷന്റെ വസ്ത്രം ധരിക്കുന്ന സ്ത്രീയും നബിതങ്ങൾ ശപിച്ചിരിക്കുന്നു. സമകാലീന സാഹചര്യത്തിൽ പുരുഷന്മാർ സ്ത്രീകളോടും സ്ത്രീകൾ പുരുഷന്മാരോടും രൂപത്തിലും ഭാവത്തിലും സാദൃശ്യമാകുന്നുണ്ട്. പ്രത്യേകിച്ച് സിനിമകളിലും സീരിയലുകളിലും ( ഇങ്ങനെ സാദൃശ്യമാകുന്നു ). ഇങ്ങനെ സാദൃശ്യമാവൽ ശക്തമായ ഹറാമാണ്.

7- ജനങ്ങളുടെ രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കൽ:-
ജനങ്ങളുടെ രഹസ്യങ്ങൾ പിന്തുടർന്ന് നിരീക്ഷിക്കലും അവ ചൂഴ്ന്നന്വേഷിക്കലും നീചമായ പ്രവർത്തനമാണ്. സോഷ്യൽ മീഡിയാ യുഗമായ ഇന്ന് ഈ രോഗം വ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് മറ്റുള്ളവരെ നിന്ദിക്കുവാനോ അല്ലെങ്കിൽ അവരുടെ ന്യൂനതകൾ പരസ്യപ്പെടുത്തുവാനോ അല്ലെങ്കിൽ അവരുടെ സമ്പത്ത് ആഗ്രഹിച്ചു കൊണ്ടോ ആണ് ജനങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ജനങ്ങളുടെ രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കുന്നതിൽ വ്യക്തിപരമായും സാമൂഹികപരമായും ഒരുപാട് വിപരീതഫലങ്ങൾ ഉണ്ടാകുന്നുണ്ട്. അള്ളാഹു തആല പറഞ്ഞു: ഓ സത്യവിശ്വാസികളെ.. അധികം ഭാവനകളും നിങ്ങൾ ഉപേക്ഷിക്കണം. കാരണം ചില ഭാവനകൾ തെറ്റാണ്. നിങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്. ഒരു ഹദീസിൽ നബിതങ്ങൾ ശക്തമായി പറഞ്ഞു: നിങ്ങൾ ഭാവനകളെ സൂക്ഷിക്കണം, കാരണം ഭാവനകളാണ് ഏറ്റവും തെറ്റായ സംസാരം. നിങ്ങൾ മറ്റുള്ളവരെ കുറിച്ച് തെറ്റായ കാര്യങ്ങൾ വിചാരിക്കുവാനോ ചൂഴ്ന്നന്വേഷിക്കുവാനോ പാടില്ല.

ഈ രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ട ചില മനുഷ്യന്മാരുണ്ട്. അവർ ജനങ്ങളുടെ വീടുകളിലുള്ള കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കുന്നു. ചിലപ്പോൾ വാതിലുകളുടെയും മറ്റു ദ്വാരങ്ങളുടെയും പിന്നിൽ നിന്ന് കേട്ട് കൊണ്ടോ അല്ലെങ്കിൽ വീടിന്റെ മുകൾ ഭാഗത്തു നിന്ന് ഒളിഞ്ഞുനോക്കി കൊണ്ടോ അല്ലെങ്കിൽ വീട്ടുകാർ അശ്രദ്ധരായി ഇരിക്കുന്ന സമയത്ത് വീട്ടിലേക്ക് (സമ്മതമില്ലാതെ) പ്രവേശിച്ചു കൊണ്ടോ ആണ് ഇങ്ങനെ ചൂഴ്ന്നന്വേഷണം നടത്തുന്നത്. അള്ളാഹു തആല പറഞ്ഞു: ഓ സത്യവിശ്വാസികളെ നിങ്ങൾ മറ്റുള്ളവരുടെ വീട്ടിലേക്ക് സമ്മതമില്ലാതെ പ്രവേശിക്കാൻ പാടില്ല. സമ്മതം ലഭിച്ചാലും വീട്ടിലുള്ളവർക്ക് സലാം പറഞ്ഞു നിങ്ങൾ പ്രവേശിക്കുക. ബുഖാരി ഇമാമിന്റെ ഹദീസിൽ റിപ്പോർട്ട് വന്നിരിക്കുന്നു: ഒരിക്കൽ നബി തങ്ങളുടെ വീട്ടിലേക്ക് ഒരാൾ കയറിച്ചെന്നു. ആ സമയത്ത് നബി തങ്ങളുടെ കൈയ്യിൽ തല ചൊറിയുന്ന ചീർപ്പ് ഉണ്ടായിരുന്നു. അയാൾ വന്നപ്പോൾ നബി തങ്ങൾ പറഞ്ഞു: നീ ഇങ്ങോട്ട് നോക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഈ ചീർപ്പ് കൊണ്ട് നിന്റെ കണ്ണുകളെ ഞാൻ കുത്തുമായിരുന്നു. ഇങ്ങനെ നോക്കാതിരിക്കാൻ വേണ്ടിയാണ് സമ്മതം ചോദിക്കൽ നിയമമാക്കിയത്.

8:പച്ച കുത്തൽ:-
ഇന്ന് അധികം കായിക താരങ്ങളും അഭിനേതാക്കളും ഗായകാ ഗായികമാരും നർത്തക നർത്തകിമാരും പച്ചകുത്തുന്നവരായി നമ്മൾ കാണുന്നു. ( ഇതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട് ). ഇവരെ അനുകരിച്ചുകൊണ്ട് നമ്മുടെ യുവാക്കളും പച്ച കുത്തി കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൽ വലിയ ആരോഗ്യപ്രശ്നം സംഭവിക്കുന്നുണ്ട്. ഈ പ്രവർത്തനം നിഷിദ്ധമാണ്. നബി തങ്ങൾ പറഞ്ഞു: പച്ച കുത്തുന്ന പുരുഷന്മാരെയും സ്ത്രീകളെയും, അള്ളാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുന്നവരെയും അള്ളാഹു ശപിച്ചിരിക്കുന്നു.

9- നായയെ വളർത്തൽ:-
നായ നീചമായ മൃഗമാകുന്നു. അതുകൊണ്ട് നായയെ വളർത്തുന്നത് നബിതങ്ങൾ വിലക്കിയിട്ടുണ്ട്. അതുമുഖേന കാരുണ്യത്തിന്റെ മലക്കുകൾ നമ്മുടെ വീട്ടിൽ നിന്നും വിദൂരത്താകുന്നതു കൊണ്ടും അതിൽ നജസുകൾ ഉള്ളതുകൊണ്ടും ഓരോ ദിവസവും നമ്മുടെ പ്രതിഫലങ്ങൾ ചുരുങ്ങി പോകുന്നത് കൊണ്ടുമാണ് നായയെ വളർത്തുന്നത് ഇസ്ലാം വിലക്കിയത്. നബി തങ്ങൾ പറഞ്ഞു: ഒരാൾ വേട്ട നായയേയോ ആടിന് കാവൽ നിൽക്കാനുള്ള നായയേയോ കൃഷി സംരക്ഷിക്കുവാനുള്ള നായയെ അല്ലാതെയോ നായയെ വളർത്തിയാൽ ഓരോ ദിവസവും അവന്റെ അമലുകളിൽ നിന്ന് രണ്ട് ഖീറാത്ത് ചുരുങ്ങിപോകുന്നതാണ്. നവവി ഇമാം പറഞ്ഞു: മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങൾ ഒഴികെ നായയെ വളർത്തൽ അനുവദനീയമാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ എതിരഭിപ്രായമുണ്ട്. വീടിനു കാവൽ നിൽക്കാൻ വേണ്ടിയും ഗേറ്റിന് കാവൽ നിൽക്കാൻ വേണ്ടിയും നായയെ വളർത്തൽ ഇതിൽ പെട്ടതാണ്. ആവശ്യം എന്ന കാരണം പരിഗണിച്ചുകൊണ്ട് മുകളിലുള്ള കാരണത്തിനു മേൽ അവലംബമാക്കി ഇത്തരം സാഹചര്യങ്ങളിൽ വീട്ടിൽ നായയെ വളർത്തുന്നത് അനുവദനീയമാണ് എന്നതാണ് പ്രബലാഭിപ്രായം.

10- ജോത്സ്യൻമാരെയും കൈ നോക്കുന്നവരെയും സമീപിക്കൽ:-
ജോത്സ്യൻമാർക്കും കൈരേഖ നോക്കുന്ന വർക്കും മറഞ്ഞഞ്ജാനങ്ങൾ അറിയുമെന്നും അവർ നന്മയിലേക്ക് നയിക്കുമെന്നും നന്മയും തിന്മയും വേർതിരിച്ച് അറിയുമെന്നുമുള്ള ഭാവനയോട് കൂടെ ജോത്സ്യന്മാരെയും കൈ നോക്കുന്നവരെയും സമീപിക്കുന്ന അന്ധവിശ്വാസങ്ങൾ ഇന്ന് ജനങ്ങൾക്കിടയിൽ വ്യാപിച്ചിരിക്കുന്നു. നബി തങ്ങൾ പറഞ്ഞു: ഒരാൾ കൈരേഖ നോക്കുന്നവരുടെ അടുക്കൽ വന്ന് എന്തെങ്കിലുമൊന്ന് ചോദിച്ചാൽ 40 രാത്രികളിൽ അവൻ്റെ നിസ്കാരം ശരിയാവുകയില്ല. ജ്യോത്സ്യന്മാരെ സമീപിക്കൽ ഹറാമായതുപോലെതന്നെ അവരുടെ ജോത്സ്യൻ പണിക്ക് പകരമായി പൈസ നൽകലും ഹറാമാണ്. മുസ്ലിം ഇമാമിന്റെ റിപ്പോർട്ടിൽ വന്നിട്ടുണ്ട്: നായയെ വിലകൊടുത്തു വാങ്ങുന്നതും വേശ്യയെ മഹർ കൊടുത്ത് വിവാഹം കഴിക്കുന്നതും ജോത്സ്യന്മാരെ മധുരം നൽകി സന്തോഷിപ്പിക്കുന്നതുമെല്ലാം നബിതങ്ങൾ വിലക്കിയിരിക്കുന്നു.

11- ഉപദ്രവം:-
ഇസ്ലാം കാരുണ്യത്തിന്റെയും കൃപയുടെയും മതമാണ്. ജനങ്ങൾക്കിടയിൽ പരസ്പരം കാരുണ്യം കാണിക്കാനാണ് ഇസ്ലാം ആവശ്യപ്പെട്ടത്. നബി തങ്ങൾ പറഞ്ഞു: കരുണ ചെയ്യുന്നവർക്ക് കാരുണ്യവാനായ അള്ളാഹു കരുണ ചെയ്യും. നിങ്ങൾ ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുക. എങ്കിൽ ആകാശത്തിന്റെ അധിപനായ അള്ളാഹു നിങ്ങൾക്ക് കരുണ ചെയ്യും. അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്യുന്നു: ദരിദ്രരോടും ബന്ധികളോടും ദുർബലരോടും മുഴുവൻ ജീവികളോടും നന്മ കാണിക്കാനാണ് ഇസ്ലാം കൽപ്പിക്കുന്നത്. മതപരമായ ആവശ്യമില്ലാതെ മറ്റൊരാളെ ഉപദ്രവിക്കൽ വിലക്കി എന്നുള്ളതാണ് ഇസ്ലാമിന്റെ കാരുണ്യത്തിന്റെ അടയാളങ്ങൾ. നബി തങ്ങൾ പറഞ്ഞു: ഭൗതികലോകത്ത് ജനങ്ങളെ ശിക്ഷിക്കുന്നവനെ (പാരത്രിക ലോകത്ത് ) അള്ളാഹു ശിക്ഷിക്കും. അതുകൊണ്ട് ഒരു മുസ്ലിമും അള്ളാഹുവിന്റെ അടിമയെ ശിക്ഷിക്കരുത്. സ്വന്തം മക്കളെയും ഭാര്യയെയും മൃഗങ്ങളെയും ശിക്ഷിക്കാൻ പാടില്ല. മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കൽ മനുഷ്യന് അനുവദനീയമാണ്. അതിന്റെ പരിധി ലംഘിക്കാൻ പാടില്ല.

തീ കൊണ്ട് മനുഷ്യനെ ശിക്ഷിക്കൽ അനുവദനീയമല്ല എന്ന് പ്രത്യേകമായും ഇസ്ലാം ശക്തമായി പറഞ്ഞു. നബി തങ്ങൾ പറഞ്ഞു: തീയിന്റെ യജമാനനായ അല്ലാഹു മാത്രമാണ് തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയുള്ളവൻ. അതുകൊണ്ട് നബിതങ്ങൾ ജീവികളെയും പ്രാണികളെയും കരിച്ചു കളയുന്നതിനെ വിലക്കിയിരിക്കുന്നു. എല്ലാ ജീവികളോടും മയത്തോടെ പെരുമാറണമെന്ന് അവിടുന്ന് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. നബി തങ്ങൾ പറഞ്ഞു: വിശപ്പ് കാരണം മരിക്കുന്നതുവരെ ഒരു പൂച്ചയെ കെട്ടിയിട്ടതിന്റെ പേരിൽ ഒരു സ്ത്രീക്ക് ശിക്ഷ ലഭിച്ചു. അങ്ങനെ അവൾ നരകത്തിൽ കടക്കേണ്ടി വന്നു.

ഇബ്നുമസ്ഊദ് (റ) നെ തൊട്ട് അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ വന്നിരിക്കുന്നു: ഞങ്ങൾ ഒരു യാത്രയിൽ നബി തങ്ങളോട് കൂടെയായിരുന്നു. അപ്പോൾ നബി തങ്ങൾ ആവശ്യ പൂർത്തീകരണത്തിന് വേണ്ടി പോയി. ആ സമയത്ത് ഹുമ്മറത്തിനെ രണ്ട് കോഴിക്കുട്ടികളുമായി ഞങ്ങൾ കണ്ടു. അവളിൽ നിന്ന് ആ രണ്ട് കോഴി കുട്ടികളെ ഞങ്ങൾ വാങ്ങി. അതുകൊണ്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു. നബി തങ്ങൾ വന്നു; എന്നിട്ട് ചോദിച്ചു: ഈ കുട്ടിയെ ആരാണ് ഇതിന്റെ മാതാവിൽ നിന്ന് വേർപ്പെടുത്തിയത്? ആ കുട്ടിയെ അതിന്റെ മാതാവിന് തന്നെ തിരിച്ചേൽപ്പിക്കുവിൻ. ഞങ്ങൾ കരിച്ചു കളഞ്ഞ ഉറുമ്പിൽ കൂട്ടത്തെ നബി തങ്ങൾ കണ്ടു. നബിതങ്ങൾ ചോദിച്ചു: ആരാണ് ഈ ഉറുമ്പിൻ കൂട്ടത്തെ കരിച്ചു കളഞ്ഞത്? ഞങ്ങൾ പറഞ്ഞു: അത് ഞങ്ങളാണ്. നബി തങ്ങൾ പറഞ്ഞു: തീയിന്റെ രക്ഷിതാവല്ലാത്ത ഒരാൾക്കും തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല.

12- സകാത്ത് തടഞ്ഞു വെക്കൽ :-
സകാത്ത്, അലിവു മുഖേനയും സ്നേഹം കൊണ്ടും പരോപകാരം കൊണ്ടും ഇസ്ലാമിക സമൂഹത്തിന്റെ തുലനാവസ്ഥയെ സംരക്ഷിക്കുന്നു. സകാത്ത് തടഞ്ഞു വെക്കൽ ഈ സമൂഹത്തിന്റെ ഒരു തുണിനെ നശിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ദുനിയാവിൽ പരാജയങ്ങളും ആഖിറത്തിൽ വേദനകളും നൽകിക്കൊണ്ട് ഭൗതിക ലോകത്തും പാരത്രിക ലോകത്തും സകാത്ത് തടഞ്ഞു വെക്കുന്ന ആൾക്ക് ശക്തമായ ശിക്ഷയുണ്ടെന്ന് അള്ളാഹു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സമ്പത്തിൽ നാശം, വന്ധ്യത,ആയുസ്സിൽ കുറവ് തുടങ്ങിയവയാണ് സക്കാത്തിനെ തടഞ്ഞു വെക്കുന്നത് കൊണ്ടുള്ള ദുനിയാവിലുണ്ടാകുന്ന നാശങ്ങൾ. നബി തങ്ങൾ പറഞ്ഞു: സക്കാത്ത് തടഞ്ഞുവെച്ചത് കൊണ്ടല്ലാതെ കരയിലും കടലിലും (ലോകത്തുടനീളം ) സമ്പത്ത് നശിച്ചിട്ടില്ല. മറ്റൊരു ഹദീസിൽ റിപ്പോർട്ട് വന്നിരിക്കുന്നു: സക്കാത്തിനെ തടഞ്ഞുവെച്ച ഒരു വിഭാഗം ജനങ്ങളെ അള്ളാഹു 'സിനീന' കൊണ്ട് പരീക്ഷിച്ചിരിക്കുന്നു.

സകാത്ത് തടഞ്ഞുവെക്കുന്നവന് അള്ളാഹു ശക്തമായ ശിക്ഷ നൽകുമെന്നുള്ളതാണ് ആഖിറത്തിൽ സക്കാത്ത് തടഞ്ഞു വെക്കുന്നവർക്കുള്ള പ്രയാസം. നബി തങ്ങൾ പറഞ്ഞു: ഒരാൾക്ക് അല്ലാഹു സമ്പത്ത് നൽകുകയും എന്നിട്ടയാൾ അതിൽനിന്ന് സകാത്ത് കൊടുക്കാതിരിക്കുകയും ചെയ്താൽ അവരുടെ സമ്പത്തിനെ രണ്ട് കറുത്ത പുള്ളികളുള്ള شجاعا أقرع എന്ന പാമ്പായി അള്ളാഹു മാറ്റിമറിക്കും. എന്നിട്ട് അന്ത്യദിനത്തിൽ ആ പാമ്പ് അദ്ദേഹത്തെ വരിഞ്ഞ്മുറുക്കും. അവനെ രണ്ട് ഭാഗത്തേക്കായി പാമ്പ് പിടിക്കും. എന്നിട്ട് പറയും: ഞാൻ നിന്റെ സമ്പത്താണ്. മുസ്ലിം ഇമാമിന്റെ ഹദീസിൽ റിപ്പോർട്ട് വന്നിട്ടുണ്ട്: സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ ഉടമ അതിന്റെ ബാധ്യത വീട്ടിയിട്ടില്ലെങ്കിൽ (സകാത്ത് നൽകിയിട്ടില്ലെങ്കിൽ ) അദ്ദേഹത്തെ അന്ത്യദിനത്തിൽ നരകക്കാരുടെ കൂട്ടത്തിൽ രേഖപ്പെടുത്തും. എന്നിട്ടയാളെ നരകത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ആ നരകത്തിലെ തീ കൊണ്ട് അദ്ദേഹത്തിൻ്റെ മുഖവും പുറവും ശരീരത്തിലെ മറ്റു ഭാഗങ്ങളും കരിക്കപ്പെടുകയും ചെയ്യും.

13- പെണ്ണ് സുഗന്ധം പൂശിയും ഭംഗിയായും പുറത്തിറങ്ങൽ:-
സ്ത്രീ, വീട്ടിൽ ഒതുങ്ങി നിൽക്കൽ അവൾക്ക് ഉത്തമമാണ് എന്നതും പുറത്തു പോകുന്നതിനേക്കാൾ അവളോട് യോജിച്ചതാണ് എന്നതും ശറഇൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹുവിന്റെ ഒരു വാക്കുണ്ട്: നിങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കുക. ജാഹിലിയ കാലഘട്ടത്തിലെ സ്ത്രീകൾ അണിഞ്ഞൊരുങ്ങിയതുപോലെ നിങ്ങൾ അണിഞ്ഞൊരുങ്ങാൻ പാടില്ല. എങ്കിലും ആവശ്യപൂർത്തീകരണത്തിനോ മറ്റു അനിവാര്യതക്ക് വേണ്ടിയോ ഹലാലായ കാര്യങ്ങളിൽ അധ്വാനിക്കാൻ വേണ്ടിയോ സുന്നത്തായ കാര്യങ്ങൾക്ക് വേണ്ടിയോ (ഇൽമ് തേടൽ) പുറത്തുപോകൽ സ്ത്രീക്ക് അനുവദനീയമാണ്. അന്യപുരുഷന്മാരുമായി കൂടിക്കലരൽ, അണിഞ്ഞൊരുങ്ങൽ, ഫിത്നയിൽ അകപ്പെടൽ അല്ലെങ്കിൽ ഫിത്നക്ക് കാരണമാവൽ തുടങ്ങിയ വെറുക്കപ്പെടേണ്ട എന്തെങ്കിലും അവളോട് കൂടെ ഉണ്ടായിട്ടില്ലെങ്കിൽ പെണ്ണിന് പുറത്ത് പോവൽ അനുവദനീയവും, വെറുക്കപ്പെടുന്ന കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ അതു കാരണമായി പെണ്ണിന് പുറത്ത് പോകൽ ഹറാമുമാണ്.

സ്ത്രീ പുറത്തുപോകുമ്പോൾ സുഗന്ധം പുരട്ടാതിരിക്കുക, ഭംഗിയാവാതിരിക്കുക, ശബ്ദം കേൾക്കുന്ന വിധത്തിലുള്ള പാദസരം ധരിക്കാതിരിക്കുക, ആഡംബര വസ്തുക്കൾ അണിയാതിരിക്കുക, അന്യപുരുഷന്മാരുമായി കൂടിക്കലരാതിരിക്കുക, അവളെ ഫിത്നയിൽ അകപ്പെടുത്തുന്ന ആളുകളുമായി കൂടിക്കലരാതിരിക്കുക, വഴിയിൽ ഭയപ്പെടേണ്ട ഒന്നും ഇല്ലാതിരിക്കുക, തുടങ്ങിയ നിബന്ധനകൾ സ്ത്രീ പുറത്തേക്ക് പോകുമ്പോൾ പാലിക്കൽ അനുവദനീയമാണ്. മേൽപ്പറഞ്ഞ എന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ സ്ത്രീ പുറത്ത് പോകൽ ഹറാമാവുകയും ചെയ്യും. നബി തങ്ങൾ പറഞ്ഞു: ഒരു സ്ത്രീ സുഗന്ധം പുരട്ടി പുറത്ത് പോവുകയും അന്യർക്ക് അവളുടെ സുഗന്ധം ലഭിക്കുംവിധം അവരുടെ അടുക്കലൂടെ നടക്കുകയും ചെയ്താൽ അവൾ വേശ്യയാണ്.

14- റമളാനിൽ ഖളാആയ നോമ്പ് പിന്തിപ്പിക്കുക :-
റമദാനിലെ പകലിൽ ആരെങ്കിലും മനപ്പൂർവ്വം നോമ്പ് ഉപേക്ഷിച്ചാൽ അവൻ തെമ്മാടിയാകും. അതുകൊണ്ട് അവൻ തൗബ ചെയ്യൽ നിർബന്ധമാണ്. നോമ്പ് ഖളാഅ് വീട്ടാതെ തൗബ സ്വീകരിക്കപ്പെടുകയുമില്ല. കാരണമൊന്നുമില്ലാതെ നോമ്പ് ഖളാഅ് വീട്ടുന്നത് അവൻ വൈകിപ്പിച്ചാൽ അവൻ തെമ്മാടിത്തരത്തിൽ ഉറച്ചവനായി. അപ്പോൾ റമദാനിലെ നോമ്പ് ഖളാഅ് വീട്ടുന്നത് പിന്തിപ്പിക്കൽ ശക്തമായ ഹറാമാണ്.

Post a Comment