റമളാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച friday quthuba meaning


      സൃഷ്ടിയെ സൃഷ്ടിക്കുകയും -അതിന്റെ നാശത്തിനു ശേഷം- പുനർസൃഷ്ടി നടത്തുകയും ചെയ്യുന്ന അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബത്തിലും, അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഹിജ്റ പോയവരിലും അദ്ദേഹത്തെ സഹായിച്ചവരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.. 

   _*ജനങ്ങളെ...,*_

   അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   നരയുടെ തീകൊണ്ട് കത്തിയെരിയുന്നവൻ -നരച്ചവൻ- എങ്ങിനെയാണ് സുഖജീവിതത്തിന്റെ വെള്ളം കൊണ്ട് ദാഹം തീർക്കുക? രോഗവും വാർദ്ധക്യവും അയൽവാസികളായ ഒരുത്തൻ എങ്ങിനെയാണ് ഭൗതിക ഭവനത്തിൽ ശാന്തതയനുഭവിക്കുക? അല്ലെങ്കിൽ എങ്ങിനെയാണ് ആത്മാക്കൾ അവയെ വേട്ടയാടുകയും ബന്ധിതരാക്കുകയും ചെയ്യുന്ന മരണത്തെ മറന്നു കളയുക? അന്ത്യം മരണമായ ഒരുവൻ എങ്ങിനെയാണ് സുഖജീവിതം ആസ്വദിക്കുക? 

 അറിയുക, ഭൗതിക ലോകത്ത് പ്രവേശിച്ചപ്പോൾ തന്നെ ആ പ്രവേശനം അതിനോടുള്ള വിടപറയലിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ഉറപ്പിക്കുക. ദുനിയാവിൽ നിന്നുമുള്ള യാത്രയെ ദുനിയാവിന്റെ വിഭവങ്ങളിൽ നിന്നും അവസരങ്ങൾ ഉപയോഗപ്പെടുത്തി -പരലോകത്തേക്കുള്ള- ഭക്ഷണം നിങ്ങൾ ശേഖരിക്കുക.

രുചികളെ മുറിച്ചു കളയുന്ന മരണത്തെ ഓർത്ത് ആക്ഷേപാർഹമായ പ്രവർത്തനത്തിൽ നിന്നും ശരീരങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. ആത്മാക്കളെ സൂക്ഷിച്ചു വെച്ച ശരീരങ്ങളെ ആത്മാക്കളെ മടക്കിയെടുക്കുന്നതിന്നു മുമ്പ് പര്യവസാനം സ്തുത്യർഹമാകുന്ന കാര്യത്തിൽ ഉപയോഗിക്കുക.

   നിങ്ങളുടെ ശരീരങ്ങൾ നിലനിൽക്കുന്ന ദിവസങ്ങളിൽ അവയെ നാശം വരുത്തുന്ന രോഗം ബാധിച്ചിരിക്കുന്നു. അവയുടെ മരണത്തിന്നു മുമ്പ് ബുദ്ധി ക്ഷയിപ്പിക്കുന്ന വാർദ്ധക്യം നിങ്ങളെ ബാധിച്ചിട്ടുണ്ട്  രോഗവും, വാർദ്ധക്യവും രക്ഷയുടെ സന്തോഷത്തെ പോക്കിക്കളയും. ഖേദത്തിന്റെ ആഴക്കടലിൽ യാത്രയാക്കും. അവ മനുഷ്യനെ അവന്റെ യാത്രയോട് -മരണത്തോട്- അടുപ്പിക്കും. തന്റെ ഭയത്തിലേക്ക് -മരണത്തിലേക്ക്- ചേർക്കും. അവ രണ്ടിൽ ഒന്നിൽനിന്നു പോലും മനുഷ്യൻ രക്ഷപ്പെടില്ല. അവയിൽ നിന്നും എത്തിപ്പെടുന്ന ഒന്നിനേയും തിരിച്ചയക്കാൻ സാദ്ധ്യമല്ല.

   അല്ലാഹുﷻവിന്റെ അടിമകളെ.. നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഒരു ദിവസത്തെ നിങ്ങൾ അറിയുക, അതിൽ നിങ്ങൾ തിരിച്ചു സംസാരിക്കുകയില്ല. കള്ള പ്രസ്താവന ചെയ്യാൻ സൗകര്യം നൽകപ്പെടുകയുമില്ല.

 കണ്ണ് ഉയരുകയും അമ്പരക്കുകയും ചെയ്താൽ, ആത്മാവ് തൊണ്ടയിൽ കുടുങ്ങുകയും ശ്വാസം മുട്ടുകയും ചെയ്താൽ, അതിന്റെ ഭീകരതയാൽ നെറ്റിത്തടം വിയർക്കുകയും നനയുകയും ചെയ്താൽ, മരണമാകുന്ന സമുദ്രത്തിൽ ആത്മാവ് പ്രവേശിക്കുകയും മുങ്ങുകയും ചെയ്താൽ, കുടുംബത്തിലും അയൽക്കാരിലും നഷ്ടത്താലുള്ള പിടയൽ സംഭവിച്ചാൽ ഇന്നാലിന്നവൻ നഷ്ടമായതിൽ ഉണ്ടായ നാശത്തിന്റെ മേൽ ക്ഷമിച്ചതിന്റെ മേൽ അല്ലാഹുﷻ നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ എന്നു പറയപ്പെട്ടാൽ, നാടുകളിൽ നിന്നും നിർബന്ധിതനായി നീ യാത്ര പോയാൽ, നിന്റെ കൈകൾ ഒരുമിച്ചു കൂട്ടിയത് കഫൻ പുടവകളിൽ നീ എത്തിച്ചാൽ, സ്വാതന്ത്ര്യം നൽകപ്പെടാത്തവനായി വിപത്തുകളുടെ വാഹനത്തിൽ നീ കയറിയാൽ, യാത്രയാക്കുന്നവരുടെ ചുമലുകൾ ദുഃഖഭവനത്തിലേക്ക് -ഖബറിലേക്ക്- നിന്നെ മാറി മാറി കൊണ്ട് പോയാൽ മോചനമില്ലാത്ത ഒരു വീട്ടിൽ നീ ഇറങ്ങിക്കഴിഞ്ഞാൽ, നിന്റെ സ്ഥിതി എന്തായിരിക്കും?


   ആ ഭവനത്തിൽ -ഖബറിൽ- ഇറങ്ങിയവന്ന് വിപത്തുകൾ പ്രതി രോധിക്കാൻ കൈകൾ ഇല്ല. അതിലെ ഏറ്റവും എളുപ്പമായ കാര്യം മുൻകർ നകീറിന്റെ ഭയപ്പെടുത്തലും, ശരീര സന്ധികളിൽ സംഭവിക്കുന്ന ദ്രവിക്കലും, നല്ല മുഖങ്ങളുടെ സൗന്ദര്യങ്ങൾ മാഞ്ഞു പോവലും ഖബറിൽ നിന്നും അല്ലാഹുﷻവിന്റെ അരികിലേക്ക് -മഹ്ശറയിലേക്ക്- പുറപ്പെടലും ആകുന്നു,

   അന്ന് കുട്ടികളുടെ തലകൾ -ആ ദിവസത്തിന്റെ ഭീകരതകളാൽ- നരച്ചു പോകും. നഷ്ടത്തിൽ നിന്നും ലാഭം വ്യക്തമാകും. ത്രാസിന്റെ തട്ടിൽ ബോദ്ധ്യപ്പെടുത്തലിന്റെ പ്രകാശങ്ങളാൽ സംശയങ്ങളാകുന്ന ഇരുളുകൾ നീങ്ങിപ്പോകും. കണ്ണുകളുടെ അടയാളമായിരിക്കുന്നു ആ ദിനത്തിലെ സംസാരം. ആകാശം പൊട്ടിപ്പിളർന്ന് അത് കുഴമ്പ് പോലെയും പനിനീർ വർണ്ണം -ചുവപ്പ്- ഉള്ളതും ആയി തീർന്നാൽ ജിന്ന് മനുഷ്യവർഗ്ഗങ്ങൾക്ക് സ്ഥലം പ്രയാസകരമാകും. നന്മക്ക് നന്മ പ്രതിഫലമായി ലഭിക്കും. ചീത്തക്ക് നിന്ദ്യഭവനത്തിൽ -നരകത്തിൽ- പ്രവേശിക്കലിലൂടെ പ്രതിഫലം ലഭിക്കും. ചെവികളെ കീറിക്കളയുമാറ് വിളി ഉയരും:

   "ജിന്നിന്റെയും, മനുഷ്യന്റെയും കൂട്ടമേ.." "ആകാശങ്ങളുടെയും ഭൂമിയുടെയും ഭാഗങ്ങളിൽ നിന്ന് കടന്നു പോകുവാൻ നിങ്ങൾക്ക് സാദ്ധ്യമാകുന്ന പക്ഷം നിങ്ങൾ കടന്നു പോകുവീൻ." "ഒരു അധികാരശക്തി കൂടാതെ നിങ്ങൾ കടന്നു പോകയില്ല."

   ഉപദേശം മനസ്സിലാക്കിയ മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.. ഉണർച്ചയെ അവൻ ഉപയോഗിച്ചു. കാഠിന്യത്തെ ഉപേക്ഷിച്ചു. തെറ്റിനെ അകറ്റി നിർത്തി. ദോഷം ചെയ്തതിനാൽ കരഞ്ഞു. തന്റെ രക്ഷിതാവിനെ ഭയപ്പെട്ടു. ഈ മഹത്തായ മാസത്തെ നല്ല രീതിയിൽ യാത്രയയച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളാൽ ഈ മാസത്തെ അവസാനിപ്പിച്ചു. പൊറുക്കലിനെ തേടിക്കൊണ്ട് അവന്റെ പാപങ്ങളെ പൊറുപ്പിച്ചു. പകലിന്റെ അറ്റങ്ങളിലും രാത്രിയുടെ ഭാഗങ്ങളിലും തന്റെ നിർബന്ധകർമ്മങ്ങൾ നിർവഹിക്കുന്നതിൽ ധൃതി കാണിച്ചു. തന്റെ സുന്നത്ത് കർമ്മങ്ങൾ വീട്ടുന്നതിൽ വേഗത കൂട്ടി  

കഴിഞ്ഞു പോയ മാസങ്ങളിൽ സംഭവിച്ച വീഴ്ച ശേഷിക്കുന്നതിൽ പരിശ്രമിച്ചു കൊണ്ട് അവൻ പരിഹരിച്ചു. 

   നിശ്ചയം തന്നിലേക്ക് ഈ മാസം വീണ്ടും വരുന്നത് വരെ കാലം തന്നെ താമസിപ്പിച്ചിടുമോ എന്ന് ഒരാളും അറിയുകയില്ല. ഇത് വിട്ടു വീഴ്ചയുടെയും പൊറുക്കലിന്റെയും മാസമാണ്. അനുഗ്രഹത്തിന്റെയും തൃപ്തിയുടെയും മാസമാണ്. ബറക്കത്തിന്റെയും ഗുണം ചെയ്യലിന്റെയും മാസമാണ്. 

   "റമളാൻ മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "അനുഗ്രഹത്തിന്റെയും തൃപ്തിയുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "പൊറുക്കലിന്റെയും, വിട്ടുവീഴ്ചയുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "ഗുണം ചെയ്യലിന്റെയും ബറക്കത്തിന്റെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "വിളക്കുകളുടെയും പ്രകാശത്തിന്റെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "തറാവീഹിന്റെയും സന്തോഷങ്ങളുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

   "താക്കോലുകളുടെയും നിധികളുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ! "

   നിന്നിൽ നന്മകളെ അല്ലാഹു ﷻ ഇരട്ടിയാക്കി. ദോഷങ്ങളെ നിന്നിൽ പൊറുത്തു. അല്ലാഹു ﷻ നിന്നിൽ ദോഷങ്ങളെ മായ്ച്ചു കളഞ്ഞു. ധാരാളം ആവശ്യങ്ങളെ നിന്നിൽ പൂർത്തീകരിച്ചു. 

   നിർഭയരിലും, വിജയികളിലും അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ... 

*ശക്തനും കഴിവുറ്റവനുമായവന്റെ വചനം:*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ ﴿١٩٠﴾ الَّذِينَ يَذْكُرُونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾*

*(ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുﷻവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും-നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ...)*

  *(ആലു ഇംറാൻ:190,191)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.

*📍രണ്ടാമത്തെ ഖുതുബ

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment