ശവ്വാൽ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച


       ✍🏼വ്യത്യസ്ഥ ഭാഷകളിൽ പുകഴ്ത്തപ്പെടുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   മുഹമ്മദ് നബി ﷺ യിലും അവിടത്തെ കുടുംബത്തിലും ഉദ്ദേശ്യത്തിന്റെയും ആഗ്രഹത്തിന്റെയും പരമാവധി എത്തിച്ചു കൊടുക്കുന്ന ഗുണം അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ..

   *_ജനങ്ങളെ...,_* 

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   നിങ്ങൾ ഉണർന്നവരായിരിക്കെ പ്രകടമാവുന്ന ഈ മയക്കം എന്താണ്? നിങ്ങൾ നോക്കിക്കൊണ്ടിരിക്കേ ഈ പരിഭ്രമം എന്താണ്? നിങ്ങൾ സ്വബോധം ഉള്ളവരായിരിക്കേ ഈ മത്ത് ബാധയെന്താണ്? നിങ്ങൾ സ്ഥലത്തുള്ളവരായിരിക്കെ ഈ അകൽച്ച കാണിക്കുന്നതെന്താണ്? നിങ്ങൾ പിരിഞ്ഞുപോവുന്നവരായിരിക്കെ ഈ സ്ഥിരവാസ -നാട്യം- എന്താണ്? നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരായിരിക്കെ ഈ നിശ്ചലത എന്താണ്? 


   അറിയുക, ഉറങ്ങുന്നവർക്ക് ഉണരുവാൻ സമയമായിട്ടുണ്ട്. അവർക്ക് ഉപദേശം ഉൾക്കൊള്ളാൻ സന്ദർഭമായിട്ടുണ്ട്. ബുദ്ധിയുള്ളവർക്ക് ചിന്തിക്കുവാൻ അവസരമായിട്ടുണ്ട്. അനുഭവസ്ഥർക്ക് പാഠമുൾക്കൊള്ളാൻ സാഹചര്യം ഒത്തിണങ്ങിയിട്ടുണ്ട്.

   പറയാതെത്തന്നെ മരണം നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടതാണ്. വിപത്തുകളെ അത് നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട്. ഗുണപാഠങ്ങളുടെ നിരകൾ വെളിപ്പെടുത്തി തന്നിട്ടുണ്ട്. യാത്രയെക്കുറിച്ച് നിങ്ങൾക്ക് അറിവ് നൽകിയിട്ടുണ്ട്. മാറ്റത്തിന്ന് നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് മുമ്പ് പല തലമുറകളെയും അത് കഴിച്ചു കടത്തിയിട്ടുണ്ട്. 

   ഹൃദയങ്ങൾക്ക് എന്ത്പറ്റി? ഭക്തിയാൽ അവ പിളരുന്നില്ല! കണ്ണുകൾക്ക് എന്ത്പറ്റി? കണ്ണുനീരുകൾക്ക് പകരം കറുത്ത രക്തം ഒലിപ്പിച്ച് അവ കരയുന്നില്ല! കാര്യം ചെറുതാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടോ? പ്രശ്നം എളുപ്പമായതാണെന്ന് നിങ്ങൾ ഊഹിക്കുന്നുണ്ടോ? ചെവിയടപ്പിക്കുന്നതിലും, വന്നുഭവിക്കുന്ന വിപത്തിലും മോശമായ ഇരുട്ടിലും കറുത്തിരുണ്ട ഇരുട്ടിലും നിങ്ങൾ എത്തിപ്പെടുക തന്നെ ചെയ്യും. അവയിൽ അകപ്പെട്ടവർ വിളിക്കപ്പെടുകയില്ല. അവയിൽ സാക്ഷികൾ കളവാക്കപ്പെടുകയില്ല.


   നിങ്ങൾ അന്ത്യദിനത്തിൽ അകപ്പെട്ടവരെ പോലെയുണ്ട്. അതിന്റെ വിറയൽ വിറച്ചിരിക്കുന്നു. അതിന്റെ പീഡനം നീണ്ടു പോയിരിക്കുന്നു. യാഥാർത്ഥ്യമായിട്ടുണ്ട്. അതിന്റെ അവസ്ഥകൾ കണ്ണുകൾക്ക് അതിന്റെ ശിക്ഷ വിഷമകരമായിരിക്കുന്നു. അതിന്റെ ഭീകരതകൾ തുടർന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭയങ്ങൾ വെളിവാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യർ പറഞ്ഞു : “അതിനെന്തു പറ്റി ?”

   അന്ന് ഒളിഞ്ഞിരിക്കുന്നവ വെളിപ്പെടും, മറഞ്ഞിരിക്കുന്നവ പ്രത്യക്ഷപ്പെടും, ഭവിഷത്തുകൾ കരസ്ഥമാകും. കുറ്റങ്ങൾ ക്ലിപ്തമാക്കപ്പെടും വഷളായവ -പാപങ്ങൾ- വെളിപ്പെടും, വിപത്തുകൾ അധികരിക്കും, വാരിയെല്ലുകൾ വിറപ്പിക്കപ്പെടും, അവയവങ്ങൾ സാക്ഷി പറയും, ഖബറുകൾ ഇളകി മറിഞ്ഞവയാകും, ചീത്ത പ്രവർത്തനങ്ങൾ എണ്ണപ്പെടും. 

   അന്ത്യദിന സമ്മേളനത്തിൽ വെച്ച് ഏൽപിക്കപ്പെടുന്ന അധിക്ഷേപത്താൽ വീഴ്ച വരുത്തിയവർക്ക് ബാദ്ധ്യതകൾ നിറവേറ്റാത്തവർക്ക് ഉണ്ടാവുന്ന നാണമേ!  വൻവിപത്തുള്ള ദിവസത്തിന്റെ വിറയലാൽ  അതിക്രമിച്ചവർക്ക് ഉണ്ടാവുന്ന പരിഭ്രമമേ!  അക്രമികളുടെ മടക്കത്തിന്റെ പരാജയമേ!  


   ഖേദം ഇറങ്ങിവരുമ്പോൾ, രക്ഷപ്പെട്ടവരുടെ വിജയം കാണുമ്പോൾ നശിച്ചവർക്ക് അനുഭവപ്പെടുന്ന ദുഃഖങ്ങളെ!  ആദരവിന്റെ ഭവനം സ്വർഗ്ഗം തടയപ്പെട്ടാൽ അഹങ്കാരികൾക്ക് ഉണ്ടാവുന്ന നിന്ദ്യതയേ!  അക്രമം കാരണം ശിക്ഷിക്കപ്പെട്ട അക്രമികളുടെ ഖേദത്തിന്റെ ദൈർഘ്യമേ!   

   അവിടെ വെച്ച് ഓടുന്നവരുടെ മേൽ വഴികൾ അടക്കപ്പെട്ടിരിക്കുന്നു. തന്ത്രമുള്ളവരുടെ മേൽ വശങ്ങൾ ഇടുങ്ങിയിരിക്കുന്നു. അഗ്രഹിക്കുന്നവരിൽ നിന്നും ആഗ്രഹത്തിന്റെ അസത്യങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എല്ലാവർക്കും മുമ്പ് ചെയ്തുവെച്ച പ്രവർത്തനം ലഭിച്ചിരിക്കുന്നു. 

   സ്വന്തം ആത്മാവിന്ന് നന്മ തേടിയവരിൽ അല്ലാഹുﷻ നമ്മെ ഉൾപ്പെടുത്തട്ടെ. 

   നമുക്ക് ആരാധ്യനായി ഏതൊരുവൻ മാത്രമേ ഒള്ളുവോ അവന്റെ വചനം:


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾ وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾ يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ ﴿٦﴾ فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾*

*പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ*

*ഭൂമി ഗുരുതരമാം വിധം പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങള്‍ ബഹിര്‍ഗമിപ്പിക്കുകയും ഇതിന്ന് എന്തു സംഭവിച്ചു പോയി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍, അന്ന് താങ്കളുടെ രക്ഷിതാവ് ബോധനം നല്‍കിയതിനാല്‍-ഭൂമി അതിന്റെ വൃത്താന്തങ്ങള്‍ പറഞ്ഞറിയിക്കും. അന്ന് വിവിധ സംഘങ്ങളായി മനുഷ്യര്‍-അവരുടെ കര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ വേണ്ടി- ശ്മശാനങ്ങളില്‍ നിന്നു പുറപ്പെടുന്നതാണ്. അപ്പോള്‍, ഒരു അണുമണിത്തൂക്കം നന്മ ആര് അനുവര്‍ത്തിച്ചിരുന്നുവോ അതവന്‍ കാണും; ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു.*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.


   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment