‘ഗഫറ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായിട്ടുള്ളത്. ‘മറയ്ക്കുക’ എന്നാകുന്നു ഗഫറയുടെ അര്‍ഥം. ‘ഗഫറല്ലാഹു ദന്‍ബഹു’ എന്നു പറഞ്ഞാല്‍ ‘അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു’ എന്നാണര്‍ഥം. ‘അല്‍ ഗഫൂര്‍’, ‘അല്‍ ഗഫ്ഫാര്‍’, ‘അല്‍ ഗാഫിര്‍’ എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണ് ഇതിന്റെ വിവക്ഷ.
‘ഇസ്തിഗ്ഫാര്‍’ അഥവാ ‘പാപമോചനാര്‍ഥന നടത്തുക’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ത്ഥന (ഇസ്തിഗ്ഫാര്‍) നടത്താനും ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.(ഖു൪ആന്‍: 4/110)
‘പാപമോചനം നല്‍കുന്നവന്‍’ എന്നത് അല്ലാഹുവിന്റെ വിശേഷ നാമങ്ങളില്‍ പെട്ടതാണ്. പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു തന്റെ ദാസന്മാരുടെ പാപങ്ങള്‍ പൊറുത്തു കൊണ്ടിരിക്കും.
ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 4/106)
ﻓَﺴَﺒِّﺢْ ﺑِﺤَﻤْﺪِ ﺭَﺑِّﻚَ ﻭَٱﺳْﺘَﻐْﻔِﺮْﻩُ ۚ ﺇِﻧَّﻪُۥ ﻛَﺎﻥَ ﺗَﻮَّاﺑًۢﺎ
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(ഖു൪ആന്‍: 110/3)
ﺛُﻢَّ ﺇِﻥَّ ﺭَﺑَّﻚَ ﻟِﻠَّﺬِﻳﻦَ ﻋَﻤِﻠُﻮا۟ ٱﻟﺴُّﻮٓءَ ﺑِﺠَﻬَٰﻠَﺔٍ ﺛُﻢَّ ﺗَﺎﺑُﻮا۟ ﻣِﻦۢ ﺑَﻌْﺪِ ﺫَٰﻟِﻚَ ﻭَﺃَﺻْﻠَﺤُﻮٓا۟ ﺇِﻥَّ ﺭَﺑَّﻚَ ﻣِﻦۢ ﺑَﻌْﺪِﻫَﺎ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
പിന്നെ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 16/119)
ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രമാണ് ഇസ്തിഗ്ഫാര്‍ നടത്തേണ്ടത്.കാരണം അവന്‍ മാത്രമാണ് പാപം പൊറുത്തു കൊടുക്കുന്നത്.
…. وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ ….
….അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക?…(ഖു൪ആന്‍: 3/135)
അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് ഇസ്തിഗ്ഫാ൪ പറയുമ്പോഴെല്ലാം അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി(സ) അറിയിച്ച് തന്നിട്ടുണ്ട്.
നബി(സ) പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം)
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പാപസുരക്ഷിതത്വം മനുഷ്യര്‍ക്കെല്ലാവ൪ക്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാര്‍ക്ക് പാപസുരക്ഷിതത്വമുണ്ട്. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ചുറ്റുപാടുമുണ്ട്.മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റ് ചെയ്യാന്‍ വെമ്പല്‍ കൊള്ളാറുണ്ട്.
ﻭَﻣَﺎٓ ﺃُﺑَﺮِّﺉُ ﻧَﻔْﺴِﻰٓ ۚ ﺇِﻥَّ ٱﻟﻨَّﻔْﺲَ ﻷََﻣَّﺎﺭَﺓٌۢ ﺑِﭑﻟﺴُّﻮٓءِ ﺇِﻻَّ ﻣَﺎ ﺭَﺣِﻢَ ﺭَﺑِّﻰٓ ۚ ﺇِﻥَّ ﺭَﺑِّﻰ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 12/53)
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്.സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന്, അവ൪ ഇപ്രകാരം ചെയ്യുന്നവരാണെന്നാണ്.
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ: ﺃُﻭ۟ﻟَٰٓﺌِﻚَ ﺟَﺰَآﺅُﻫُﻢ ﻣَّﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﻭَﻧِﻌْﻢَ ﺃَﺟْﺮُ ٱﻟْﻌَٰﻤِﻠِﻴﻦَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪.പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു.(ഖു൪ആന്‍: 3/135)
ഒരു സത്യവിശ്വാസി യാതൊരു കാരണവശാലും ഇസ്തിഗ്ഫാ൪ വൈകിപ്പിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം നേടാന്‍ ധൃതി കാണിക്കണമെന്നു് അല്ലാഹു സത്യവിശ്വാസികളെ ഓ൪മ്മിപ്പിക്കുന്നു.
ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍: 3/133)
നബി(സ) പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ)
عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
നബി(സ) പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
قال الحسن البصري رحمه الله:- أَكْثِرُوا مِنَ الاسْتِغْفَارِ فِي بُيُوتِكُمْ وَعَلى مَوَائِدِكُمْ وَفِي طُرُقِكُمْ وَفِي أَسْوَاقِكُمْ وَفِي مَجَالِسِكُمْ وَأَيْنَمَا كُنْتُمْ فَإنَّكُمْ مَا تَدْرُونَ مَتَی َ تَنْزِلُ المَغْفِرَةُ .
ഹസനുൽ ബസരി(റ) പറഞ്ഞു: നിങ്ങളുടെ വീടുകളിലും , തീൻമേശകളിലും, വഴികളിലും, അങ്ങാടികളിലും, സദസ്സുകളിലും, നിങ്ങൾ എവിടേയാണങ്കിലും നിങ്ങൾ ഇസ്തിഗ്ഫാർ(പാപമോചന പ്രാർത്ഥന) വർധിപ്പിക്കുക.കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുക എന്ന് നിങ്ങൾക്കറിയില്ല.[ جامع العلوم (344) ]
ഇസ്തിഗ്ഫാറിനെ സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ, അത് കേവലം നാവു കൊണ്ട് ഉരുവിട്ടാല്‍ മതി എന്നതാണ്. എന്നാല്‍, ‘അസ്തഗ്ഫിറുല്ലാ’ (ഞാന്‍ അല്ലാഹുവോട് പാപമോചനം തേടുന്നു) എന്ന വചനം അര്‍ഥവും ആശയവും ഗ്രഹിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെ പറയുമ്പോഴാണ് ഇസ്തിഗ്ഫാര്‍ ചൈതന്യ പൂര്‍ണമാവുന്നത്.
ഇസ്തിഗ്ഫാര്‍ ചൊല്ലുന്ന ഒരു സത്യവിശ്വാസി താന്‍ ചെയ്തു പോയ തെറ്റുകളെ ഓ൪ത്ത് ഖേദിക്കുന്നതോടൊപ്പം അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിന്റെ കാര്യത്തില്‍ നല്ല പ്രതീക്ഷയുള്ളവനായിരിക്കുകയും വേണം.
ﻗُﻞْ ﻳَٰﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ﺃَﺳْﺮَﻓُﻮا۟ ﻋَﻠَﻰٰٓ ﺃَﻧﻔُﺴِﻬِﻢْ ﻻَ ﺗَﻘْﻨَﻄُﻮا۟ ﻣِﻦ ﺭَّﺣْﻤَﺔِ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺟَﻤِﻴﻌًﺎ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍: 39/53)
ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ
അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)
Post a Comment