✍🏼ആകാശങ്ങളെ സൃഷ്ടിച്ച് ഉയർത്തി നിർത്തിയവനായ, സൃഷ്ടികളെ സൃഷ്ടിച്ചവനും അവയുടെ ഉടമസ്ഥനുമായ, അല്ലാഹുﷻവിന് സർവ്വസ്തുതിയും...
ഏകനും കൂട്ടുകാരനില്ലാത്തവനുമായ അല്ലാഹു ﷻ മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബങ്ങളിലും അല്ലാഹു ﷻ ഗുണം വർഷിക്കുമാറാവട്ടെ...
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
മഹാനായ അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുക. ഭയത്തോടെയും ഭക്തിയോടെയും അവനോട് നിങ്ങൾ പെരുമാറുക. സൽക്കർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിങ്ങൾ ധൃതികാണിക്കുക. സൽപ്രവർത്തനങ്ങൾ ചെയ്യാതെ നിങ്ങൾ എത്രകാലം തുടർന്നു പോകും..?
ആഗ്രഹം സഫലമാകാൻ നിങ്ങൾ താൽപര്യപ്പെടുന്നു. ഒഴിവു സമയത്താൽ നിങ്ങൾ വഞ്ചിതരാവുന്നു. മരണത്തിന്റെ എടുത്തു ചാട്ടത്തെ നിങ്ങൾ ഓർക്കുന്നില്ല. നിങ്ങൾ മരണത്തിന്റെ ഒലിപ്പു ചണ്ടിയാണ്. നാശങ്ങളുടെ നാട്ടക്കുറിയാണ്. വിപത്തുകളുടെ സങ്കേതമാണ്. നിങ്ങൾ ജന്മം നൽകിയവ മണ്ണിനുള്ളതാണ്. നിങ്ങൾ നിർമിച്ചവ നശിക്കാനുള്ളതാണ്. നിങ്ങൾ ഒരുമിച്ചു കൂട്ടിയത് നഷ്ടപ്പെടാനുള്ളതാണ്. നിങ്ങൾ പ്രവർത്തിച്ച കാര്യങ്ങൾ വിചാരണയുടെ ദിവസത്തേക്കു വേണ്ടി ഒരു ഗ്രന്ഥത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ഭൂമിവിട്ട് നിങ്ങൾ മരിക്കും, സൽക്കർമ്മം ചെയ്യാനുള്ള സന്ദർഭം നഷ്ടപ്പെടും, കഫൻ പുടവകൾ ധരിപ്പിക്കപ്പെടും, മരിച്ചു പോയി എന്ന് പറയപ്പെടും, ഖബറുകളിൽ പ്രവേശിപ്പിക്കപ്പെടും, കുറ്റങ്ങൾ പ്രവർത്തിച്ചതിൽ ഖേദിക്കും. മരണസമയത്ത് ചലനങ്ങൾ അടങ്ങും: “ഹാ ! അല്ലാഹുﷻവിന്റെ പക്ഷത്തു ഞാൻ വീഴ്ച വരുത്തിയതിൽ എന്റെ സങ്കടമേ നിശ്ചയമായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ..!” എന്നു പറയപ്പെടും. ഇവയെല്ലാം സംഭവിക്കുന്നതിനു മുമ്പ് ചിന്തിക്കുകയും സൂക്ഷിച്ചു ജീവിക്കുകയും ചെയ്ത മനുഷ്യന്ന് അല്ലാഹു ﷻ കരുണ ചെയ്യട്ടെ...
മരണ വേളയിൽ ശ്വാസം തിങ്ങും, പഞ്ചേന്ദ്രിയങ്ങൾ നിശ്ചലമാകും, നിരാശ ബാധിക്കും, ഭൗതിക സുഖങ്ങളാൽ വഞ്ചിക്കപ്പെട്ടവനിൽ ഭയവും പേടിയും അധികരിക്കും, ഇഷ്ടപ്പെട്ടവരേ തൊട്ടും ബന്ധുക്കളെ തൊട്ടും അശ്രദ്ധരാകുന്ന അവസ്ഥ, തീർത്തും പരാജയം സമ്മതിക്കുന്ന സന്ദർഭം, മരണവെപ്രാളത്തിൽ അകപ്പെട്ട സന്ദർഭം, അവൻ ചോദിക്കപ്പെടുന്നു പക്ഷേ മറുപടിയില്ല. മരണത്തെ ദുർബലപ്പെടുത്താനും ഭൂമിയിലേക്കു തന്നെ തിരിച്ചയക്കാനും അവൻ ആവശ്യപ്പെടുന്നു. തികച്ചും അസംഭവമായതിനേയാണവൻ ചോദിക്കുന്നത്.
കേട്ടു കൊണ്ടിരുന്നത് ഇതാ അവൻ കണ്ടുകൊണ്ടിരിക്കുന്നു. സംശയം നീങ്ങി ഉറപ്പ് കൈവന്നിരിക്കുന്നു. ആത്മാവ് പിടിക്കപ്പെട്ടു ഖബറിൽ താമസിപ്പിക്കപ്പെട്ടു, മണ്ണ് കോരിയിടപ്പെട്ടു, ഭൂമിയിലേക്കുള്ള മടക്കം നിഷേധിക്കപ്പെട്ടു, ഭൗതികലോകത്ത് നിന്നും അവന്റെ അടയാളം നീക്കപ്പെട്ടു, ഭൂമിയിൽ ജീവിക്കുന്നവരിൽ നിന്നും അവന്റെ വർത്തമാനം മാറ്റപ്പെട്ടു.
ഇനി ഇസ്റാഫീലിന്റെ ഊത്ത് പ്രതീക്ഷിച്ചിരിക്കുകയാണ്. അതേ പുനർ ജന്മത്തിന്നു വേണ്ടി, രഹസ്യം പരസ്യമാകുന്ന ദിവസം, മനസ്സിൽ സൂക്ഷിക്കപ്പെട്ടത് പുറത്തെടുക്കപ്പെടുന്ന ദിവസം, ചെറുതും വലുതുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാവുന്നു, അതോടെ ഒരു വിഭാഗം സ്വർഗ്ഗത്തിലേക്കും ഒരു വിഭാഗം നരകത്തിലേക്കും മാറ്റപ്പെടുന്നു.
വെപ്രാളത്തിന്റെ ദിവസത്തിൽ അല്ലാഹു ﷻ നിർഭയത്വം പ്രധാനം ചെയ്യട്ടെ, അശ്രദ്ധയിൽ നിന്നും അല്ലാഹു ﷻ നമ്മെ ഉണർത്തുമാറാവട്ടെ...
*ഇതാ ലോകരക്ഷിതാവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*كَلَّا إِذَا بَلَغَتِ التَّرَاقِيَ ﴿٢٦﴾ وَقِيلَ مَنْ ۜرَاقٍ ﴿٢٧﴾وَظَنَّ أَنَّهُ الْفِرَاقُ ﴿٢٨﴾ وَالْتَفَّتِ السَّاقُ بِالسَّاقِ ﴿٢٩﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ ﴿٣٠﴾*
(വേണ്ട ! അത് - ആത്മാവ് - തോളെല്ലിങ്കൽ എത്തിയാൽ, ആരുണ്ട് മന്ത്രം നടത്തുന്നവൻ എന്നു പറയപ്പെടുകയും അവൻ അതു വേർപാടാണെന്ന് ധരിക്കുകയും, കണങ്കാൽ കണങ്കാലോട് കൂടിപ്പിണയുകയും ചെയ്താൽ - അന്നു നിന്റെ റബ്ബിങ്കലേക്കായിരിക്കും കൊണ്ട് പോകുന്നത്)
(അൽഖിയാമഃ 26_30)
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment