സ്വർണ്ണം വെള്ളി ആഭരണങ്ങളിൽ സകാത്ത് നൽകണോ?

ആഭരണങ്ങളില്‍, സാധാരണഗതിയില്‍ ധരിക്കുന്നതിന്‌ സകാത്ത്‌ നല്‍കേണ്ടതില്ല. അംറുബ്‌നുശുഅൈബ്‌ (റ) ഉദ്ധരിച്ചഹദീസില്‍ ഇപ്രകാരംകാണാം: ഒരുസ്‌ത്രീ തന്റെ മകളുമായിപ്രവാചകസന്നിധിയില്‍ വന്നു. അവളുടെ കയ്യില്‍ കട്ടികൂടിയ രണ്ട്‌ സ്വര്‍ണ്ണവളകളുണ്ടായിരുന്നു. നബി(സ) അവളോട്‌ ചോദിച്ചു: നീഇതിന്‌ സകാത്ത്‌ കൊടുക്കാറുണ്ടോ? അവള്‍ പറഞ്ഞു: ഇല്ല.

അപ്പോള്‍ നബി(സ) ചോദിച്ചു: അവകൊണ്ട്‌ അന്ത്യനാളില്‍ അല്ലാഹു രണ്ട്‌ തീവളകള്‍ അണിയിക്കുന്നത്‌ നീ ഇഷ്‌ടപ്പെടുന്നുണ്ടോ? ഇത്‌ കേട്ട ആ സ്‌ത്രീ വള അഴിച്ച്‌ നബി(സ)ക്ക്‌ നല്‍കിക്കൊണ്ട്‌ പറഞ്ഞു: അവ അല്ലാഹുവിനും റസൂലിനുമാണ്‌ (അബൂദാവൂദ്‌ 1563).


സാധാരണ ഗതിയില്‍ ധരിക്കുന്നതിനേക്കാള്‍ അമിതമായാല്‍ അതിന്‌ സകാത്ത്‌ നല്‍കണമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്‌.

ആഭരണത്തിലെ സകാത്തിനെ കുറിച്ചുള്ള കര്‍മ്മശാസ്‌ത്ര വീക്ഷണം കാണുക:

ഭംഗിയായെന്ന്‌ എണ്ണപ്പെടുന്ന പതിവ് ‌വരെ ആഭരണത്തിന്‌ സകാത്ത്‌ കൂടാതെ ധരിക്കാം. ഇസ്‌റാഫിന്റെ (അമിതത്വം) പരിധി നാട്ടിലെ പതിവാണ്‌. അത്‌ ചുരുങ്ങുകയുംകൂടുകയുംചെയ്യാം. അല്ലാതെ ദരിദ്രകുടുംബത്തിലെ സ്‌ത്രീ എന്ന പരിഗണന ഇല്ല (ശര്‍വാനി 3/280)

ഹലാലായ ഉപയോഗത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വെച്ച ഹലാലായ ആഭരണങ്ങള്‍ക്കും സകാത്ത്‌ വേണ്ട. ഇവിടെ ഹലാലായ ഉപയോഗത്തിന്‌ വേണ്ടിയാണ്‌ എന്ന ഉദ്ദേശവും നിര്‍ബന്ധമാണ്‌. ഇല്ലെങ്കില്‍ സകാത്ത്‌ നിര്‍ബന്ധമാവും. അനുവദനീയമായ ആഭരണം കൈവശമുള്ള ഒരാള്‍ മരണപ്പെടുകയും പ്രസ്‌തുത വിവരം അനന്തരവകാശികള്‍ അറിയാതെ ഒന്നോ അധിലധികമോ വര്‍ഷം കഴിഞ്ഞ്‌ പോവുകയും ചെയ്‌താല്‍ സകാത്ത്‌ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ 3/271).


എത്ര വര്‍ഷമാണോകഴിഞ്ഞ്‌ പോയത്‌ ആ വര്‍ഷങ്ങളുടെ മുഴുവന്‍ സകാത്ത്‌ നലല്‍കണം. ഇത്രയും കാലം ഹലാലായ ഉപയോഗത്തിന്‌ സൂക്ഷിച്ചുവെക്കുക എന്നകരുത്ത്‌ ഇല്ലാത്തത്‌ കൊണ്ടാണത്‌.

ഇന്ന്‌ പല പുരുഷന്‍മാരും സ്റ്റാറ്റസ്സിന്‌ വേണ്ടി മാലപോലത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറുണ്ട്‌. പുരുഷന്‍ ഇവ ധരിക്കല്‍ ഹറാമാണെന്നത്‌ വ്യക്തമാണ്‌. അതോടൊപ്പം അവ നിസാബെത്തിയാല്‍ (85 ഗ്രാമിന്റെകണക്ക്‌) സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌.

അവിടെ മിതം, അമിതം എന്നതിനെ പരിഗണിക്കുകയില്ല.

എന്നാല്‍ ഇന്നു പലരും സ്വര്‍ണ്ണത്തിന്റെ പല്ലുകള്‍ വെക്കാറുണ്ട്‌ ഇത്‌ ഹലാലായ കാര്യം ആയതുകൊണ്ടുതന്നെ ആ പല്ലുകള്‍ 85 ഗ്രാമോ അതിലധികമോ ഉണ്ടായാലും സകാത്ത്‌ നല്‍കേണ്ടതില്ല. പല്ല്‌പറിഞ്ഞ്‌ പോയവര്‍ സ്വര്‍ണ്ണപല്ല്‌ പിടിപ്പിക്കുകയും ഇളകുന്ന പല്ലുകള്‍ സ്വര്‍ണ്ണനൂലുകള്‍ കൊണ്ട്‌ ബന്ധിക്കുകയും ചെയ്യല്‍ അനുവദനീയമാണ്‌. ഇത്‌ ഊരിയെടുക്കാന്‍ കഴിയുമെങ്കില്‍പോലും സകാത്ത്‌ നല്‍കേണ്ടതില്ല (മുഗ്‌നി 1/391-92) ഇവിടെ പരിഗണിക്കുന്നത്‌ ഉപയോഗിക്കല്‍ ഹലാലാണ്‌ എന്നതിനെയാണ്‌.


ആഭരണങ്ങളുടെ സകാത്തിന്റെ വിഷയത്തില്‍ കേടായ ആഭരണങ്ങളെ ഏത്‌ വിധത്തിലാണ്‌ കര്‍മ്മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പരിഗണിക്കുന്നതെന്ന്‌ നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്‌. ധരിക്കല്‍ അനുവദനീയമായ ഒരു സാധനം ധരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അത്‌ നന്നാക്കണമെന്ന ഉദ്ദേശത്തോടെ വര്‍ഷങ്ങളോളം സൂക്ഷിച്ചാലും സകാത്ത്‌ നല്‍കേണ്ടതില്ല. കാരണം ആഭരണാകൃതിയും നന്നാക്കിയെടുക്കണമെന്ന ഉദ്ദേശവുമുണ്ട്‌ (തുഹ്‌ഫ 3/273).

ശര്‍വാനി പറയുന്നു: സകാത്തിന്‌ നിര്‍ബന്ധമാക്കുന്ന ഉപയോഗം, ഹലാലായ ആഭരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മുതല്‍ സകാത്തിന്റെ വര്‍ഷം ആരംഭിക്കുകയും, ഹലാലായ ഉദ്ദേശത്തിലേക്ക്‌ അവന്റെ നിയ്യത്ത്‌ മാറുമ്പോള്‍ സകാത്ത്‌ വര്‍ഷം മുറിയുകയും ചെയ്യും (3/273)

ഹലാലായ ആഭരണങ്ങള്‍ കേടുവരുകയും ഉരുക്കി നന്നാക്കാന്‍ കഴിയാതെ വരികയും, ആഭരണത്തിന്റെ ആകൃതി നഷ്‌ടപ്പെടുകയും ചെയ്‌താല്‍ കേടുവന്ന നിലയില്‍ സൂക്ഷിക്കുന്ന ഓരോ വര്‍ഷത്തിനും സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 3/273).


സകാത്തിന്റെ നിസാബെത്തിയ ഒരു ആഭരണം നന്നാക്കണമെന്ന കരുത്തോടെ എടുത്ത്‌ വെക്കുകയും ഒരുവര്‍ഷത്തിന്‌ ശേഷം അത്‌ നന്നാക്കുന്ന സന്ദര്‍ഭത്തില്‍ ഉരുക്കേണ്ടി വരികയും ചെയ്‌താല്‍ ആ വര്‍ഷത്തെ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമായി. ഉരുക്കി വാര്‍ക്കേണ്ടി വന്നു എന്നതാണ്‌ കാരണം. ഇല്ലെങ്കില്‍ സകാത്ത്‌ നിര്‍ബന്ധമാകുമായിരുന്നില്ല. അപ്രകാരം തന്നെ നന്നാക്കണമെന്ന ഉദ്ദേശമില്ലാതെ നിസാബെത്തിയ ആഭരണം സൂക്ഷിച്ചാല്‍ എത്ര വര്‍ഷം സൂക്ഷിച്ചോ അത്രയും വര്‍ഷത്തെ സകാത്ത്‌ നല്‍കണം. കാരണം ഇവിടെ നന്നാക്കണമെന്ന ഉദ്ദേശമില്ലാത്തത്‌ കൊണ്ടാണ്‌. നന്നാക്കണമെന്ന്‌ ഉദ്ദേശമില്ലാത്തത്‌ സാധാനിക്ഷേപമായിട്ടാണ്‌ പരിഗണിക്കപെടുക. കേടായ ആഭരണങ്ങളില്‍ അത്‌ ആഭരണമായി പിന്നീട്‌ സൂക്ഷിക്കുന്നുണ്ടോ, ഇല്ലേ എന്ന ഉദ്ദേശത്തോടെയാണ്‌ പരിഗണിക്കുന്നത്‌.

Post a Comment