സ്വഫർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

✍🏼പ്രയാസങ്ങൾ അകറ്റുന്നതിന്നു പ്രതീക്ഷിക്കപ്പെടുന്ന അനുഗ്രഹങ്ങളും നേട്ടങ്ങളും നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


പങ്കുകാരാരുമില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.


ശ്രേഷ്ഠമായ ഗുണങ്ങൾ മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ വർഷിക്കട്ടെ..,


_*ജനങ്ങളെ..,*_
അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭയഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.


ദിക്റുകളാൽ നാവുകളെ നിങ്ങൾ സ്ഫുടം ചെയ്യുക, ഉപദേശം കേൾക്കാൻ നിങ്ങൾ സന്നദ്ധരാവുക, ചിന്താവിളക്കുകളെ കൊണ്ട് ഹൃദയങ്ങളെ നിങ്ങൾ പ്രകാശിപ്പിക്കുക, അഹങ്കാരത്തിൽ നിന്നും മനസ്സുകളെ നിങ്ങൾ മുക്തമാക്കുക. വിചാരണ ദിവസത്തിലേക്കുള്ള ഭക്ഷണം - സൽക്കർമ്മങ്ങൾ - ഈ ജീവിതത്തിൽ നിന്നും നിങ്ങൾ ശേഖരിക്കുക. നിങ്ങൾ ഇഹലോകത്ത് നിന്നും പെട്ടെന്ന് യാത്ര പോവേണ്ടവരാണ്. മരണമെന്ന വിപത്തിൽ അകപ്പെടുന്നവരാണ്.


മരണത്തിന്റെ വലകൾ വീശപ്പെട്ടു കഴിഞ്ഞു. അതിന്റെ ചതികൾ നിങ്ങളെ വലയം ചെയ്തു കഴിഞ്ഞു. അത് ആരേയും ഉപേക്ഷിക്കുകയില്ല. അതിൽ നിന്നും ആർക്കും സുരക്ഷിത കേന്ദ്രവും അഭയസ്ഥാനവുമില്ല. അത് ആൺമക്കളേയും പെൺമക്കളേയും അനാഥകളാക്കും. പിതാക്കളേയും മാതാക്കളെയും സന്താന നഷ്ടം അനുഭവിപ്പിക്കും. അത് സുഖങ്ങളെ മുറിച്ചു കളയും, സംഘങ്ങളെ വിട്ട് പിരിക്കും. അത് ചീത്ത ആത്മാക്കൾക്ക് കഠിനമാണ്. കഴിഞ്ഞ സമുദായങ്ങളെ അത് വലയം ചെയ്തു. അതിന്റെ രുചി അനുഭവിപ്പിച്ചു.


ബലഹീനമായ ഖബറുകളുടെ തടസ്സത്തിലേക്ക്, ഉയർന്ന മാളികകളിൽ നിന്നും, ഉന്നതമായ സുഖങ്ങളിൽ നിന്നും മരണം അവരെ പുറപ്പെടുവിച്ചു. അവരുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഖബറുകൾ ഉൾക്കൊള്ളുന്നത്. അവരെക്കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നുമില്ല.


അതിനാൽ ആശ്രദ്ധരുടെ ഉറക്കിൽ നിന്നും നിങ്ങൾ ഉണരുക - അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ-. അതിവേഗം വിചാരണ ചെയ്യുന്നവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ നിങ്ങൾ തയ്യാറാവുക. ആ ദിവസത്തിൽ മലകൾ പൊടിക്കപ്പെടും, ധീരന്മാർ ഭീരുക്കളാവും, പ്രവർത്തനങ്ങൾ തൂക്കപ്പെടും. അതിന്റെ ഗൗരവത്താൽ കുട്ടികൾക്ക് നര ബാധിക്കും, മരിച്ചവരെ ഭൂമി പുറത്തെടുക്കും, ക്ഷണിച്ചവന്റെ കൂടെ അവർ മുമ്പോട്ട് നീങ്ങും.


അതെ, ഖിയാമം അടുത്തെത്തി. ഭൂമി വിറച്ചു, മറകൾ നീക്കപ്പെട്ടു. ആകാശം പിളർന്നു. പ്രവാചകർ ഭയന്നു. നക്ഷത്രങ്ങൾ ചിതറി, വിപത്തുകൾ ഭയങ്കരമായി, മാർഗ്ഗങ്ങൾ ഇടുങ്ങി. എല്ലാ ഭാഗങ്ങളും ഇരുളടഞ്ഞു. നഗ്നതകൾ വെളിവായി, കണ്ണുനീർ ഒഴുകി. ശബ്ദങ്ങൾ താഴ്ന്നു, പിരടികൾ താഴ്ന്നു. ഗ്രന്ഥം തുറക്കപ്പെട്ടു. വിചാരണ ശരിപ്പെടുത്തപ്പെട്ടു. ബുദ്ധി നഷ്ടപ്പെട്ടു. നേതാക്കളും അടിമകളും അതിൽ തുല്യരാണ്. സൃഷ്ടികൾ മുഴുവനും ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടപ്പെടും. നരകം ചോദിക്കുന്നു. ഇനി കൂടുതൽ നൽകാനുണ്ടോ..? അക്രമികളും അക്രമത്തിനു വിധേയരായവരും ഒരുമിച്ചു. ലോക രക്ഷിതാവിന്റെ മുമ്പിൽ ജനങ്ങൾ നിലയുറപ്പിച്ചു. അന്ന് ആക്രമികൾക്ക് അവരുടെ ഒഴിവു പറയൽ ഉപകരിക്കില്ല. അവർ തൃപ്തരാകുന്നവരുമല്ല.


അല്ലയോ അക്രമീ.., നിനക്ക് സ്വയം രക്ഷപ്പെടാൻ എന്തു തന്ത്രമാണുള്ളത്..? ഇന്നും ഇന്നലെയുമായി നീ വീഴ്ച വരുത്തിയതിൽ നിന്നും എവിടെ നിന്നാണ് നിനക്ക് രക്ഷ കിട്ടുക..? അന്ന് രക്ഷാ കേന്ദ്രമില്ല. വിചാരണ നിർബന്ധമായിരിക്കുന്നു. രക്ഷ എത്ര വിദൂരം..?


അല്ലാഹു ﷻ തന്റെ സൃഷ്ടികളിൽ വിധി കൽപ്പിച്ചു. അവൻ അനുഗ്രഹിച്ചവരല്ലാതെ അവന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ല. പരലോകത്ത് അല്ലാഹു ﷻ നമ്മേ നിർഭയരായി നിലനിറുത്തട്ടെ. സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ..,


*പരിശുദ്ധനും ഉടമസ്ഥനുമായ അല്ലാഹുﷻവിന്റെ വചനം :*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨﴾*

(പർവ്വതങ്ങളെ നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിവായതായി നീ കാണുകയും, അവരെ - മനുഷ്യരെ - നാം ഒരുമിച്ചു കൂട്ടി അവരിൽ നിന്നും ഒരാളെയും വിട്ടു കളയാതിരിക്കുകയും ചെയ്യുന്ന ദിവസം. നിന്റെ രക്ഷിതാവിന്റെ അടുക്കൽ അവർ അണിയായി കാണിക്കപ്പെടുകയും ചെയ്യുന്നതാണ്. നാം അവരോടു പറയും ആദ്യപ്രാവശ്യം നാം നിങ്ങളെ സൃഷ്ടിച്ച പ്രകാരം നിങ്ങൾ നമ്മുടെ അടുക്കൽ വന്നിരിക്കുകയാണ്. പക്ഷേ, ഒരു നിശ്ചിത സമയം നിങ്ങൾക്കു നാം ഏർപ്പെടുത്തുന്നതേയല്ല എന്നു നിങ്ങൾ വാദിച്ചു)
(അൽകഹ്ഫ് 47-48)


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*


ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.


സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.


അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.


അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.


സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.


അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.


അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.


നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.


അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment