ഹദീസ് - 32

      അബൂ സഈദുൽ ഖുദ്രിയ്യ് (റ) പറഞ്ഞു: നബി (സ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ; നിങ്ങളിൽ ആരെങ്കിലും   വെറുക്കപ്പെട്ട എന്തെങ്കിലും കണ്ടാൽ തന്റെ കൈ കൊണ്ട് അതിനെ പ്രതിരോധിക്കണം, അതിന് സാധിക്കുന്നില്ലെങ്കിൽ നാവ് കൊണ്ട് അതിനെ പ്രതിരോധിക്കണം, അതിനും സാധിക്കുന്നില്ലെങ്കിൽ ഹൃദയം കൊണ്ട്  പ്രതിരോധിക്കണം. ഹൃദയം കൊണ്ട് പ്രതിരോധിക്കാൻ ഈമാനിൽ ഏറ്റവും ദുർബലമായ ഭാഗമാണ്. 


لغةالحديث:-


منكرا = മതവിധി പ്രകാരം വെറുക്കപ്പെടേണ്ടത്

فليغيره = അതിനെ ഒഴിവാക്കട്ടെ , അതിനെ നന്നാക്കട്ടെ 


معنى الحديث:-


         മതവിധി പ്രകാരം നിന്ദ്യമായ ഒരു പ്രവർത്തിയോ വാക്കോ വിശ്വാസമോ നിങ്ങളിലാരെങ്കിലും കാണുകയോ അറിയുകയോ ചെയ്താൽ അതിനെ തടഞ്ഞു വെക്കണം, ആ വെറുക്കപ്പെട്ട കാര്യം ചെയ്യുന്ന ആളെ അതിൽ നിന്നും തടയണം. ഇനി ഈ വെറുക്കപ്പെട്ട കാര്യം ചെയ്യുന്ന ആൾ തടയുന്നവനേക്കാൾ ശക്തിയുള്ളവനായതുകൊണ്ട്  അദ്ദേഹത്തെ തടഞ്ഞു വെക്കാൻ സാധിക്കുന്നില്ലെങ്കിൽ വാക്കുകൊണ്ടോ ഇത്തരം പ്രവർത്തനങ്ങൾക്ക് അല്ലാഹു നൽകുന്ന താക്കീതുകൾ ഓർമ്മപ്പെടുത്തിക്കൊണ്ടോ ഉപദേശത്തിലൂടെയോ  പേടിപ്പെടുത്തിക്കൊണ്ടോ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കണം. ഇനി വാക്കിലൂടെ പ്രതിരോധിക്കാൻ സാധിക്കുന്നില്ലെങ്കിൽ  ഹൃദയം കൊണ്ട് അതിനെ വെറുക്കൽ മുഖേന ആ പ്രവൃത്തിയെ പ്രതിരോധിക്കണം. ഹൃദയം കൊണ്ട് പ്രതിരോധിക്കൽ ആശയപരമായ ഒരു പ്രതിരോധമാണ്. കാരണം ഇങ്ങനെ പ്രതിരോധിക്കലല്ലാതെ അദ്ദേഹത്തിന് സാധിക്കുകയില്ല. ഹൃദയം കൊണ്ട് പ്രതിരോധിക്കൽ ഈമാനിലെ ഏറ്റവും ദുർബലമായ ഭാഗമാണ്. അഥവാ പ്രതിഫലം ഏറ്റവും കുറഞ്ഞതാണ്. 


مفادالحديث:-


◼️പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്‌ലിമിനും നന്മ കൊണ്ട് കൽപ്പിക്കലും വെറുക്കപ്പെട്ടതിനെ നിരോധിക്കലും നിർബന്ധമാണ്. ഇമാം നവവി (റ) പറയുന്നു: (നീ തടയണം) എന്ന് നബി (സ) തങ്ങൾ പറഞ്ഞത് സമൂഹത്തിലെ എല്ലാവർക്കും നിർബന്ധമായ കാര്യമാണ്. നല്ലത് കൊണ്ട് കൽപ്പിക്കണം എന്നതിനും വെറുക്കപ്പെട്ടതിനെ വിരോധിക്കണം എന്നതിനും ഖുർആനും ഹദീസും സമൂഹത്തിലെ പണ്ഡിതന്മാരുടെ അഭിപ്രായവും യോജിച്ചിട്ടുണ്ട്. ഇത് മതത്തിൽ അംഗീകരിക്കപ്പെട്ട ഉപദേശവുമാണ്. 

◼️പണ്ഡിതന്മാർ പറഞ്ഞു: നല്ലത് കൊണ്ട് കല്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലും ഫർള് കിഫായ ആണ്.  ആരെങ്കിലും അത് നിർവ്വഹിച്ചാൽ മറ്റുള്ളവർക്കും അതിന്റെ ഉത്തരവാദിത്വം ഇല്ലാതെയായിപ്പോകുന്നതാണ്. ഈ കൃത്യം എല്ലാവരും ഒഴിവാക്കിയാൽ ഇത് ചെയ്യാൻ സാധിക്കുന്ന എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും;അവർ കാരണമില്ലാതെയോ ഭയമില്ലാതെയോ ഇതിനെ ഒഴിവാക്കിയാൽ. ഒരു സ്ഥലത്ത് വെറുക്കപ്പെട്ട കാര്യം ചെയ്യുന്നത് ഒരു വ്യക്തി മാത്രം അറിയുകയോ, അല്ലെങ്കിൽ അതിനെ തടഞ്ഞു വെക്കാൻ ഒരാൾക്കുമാത്രം സാധിക്കുകയോ ചെയ്യുമ്പോൾ അത് നീക്കേണ്ട ഉത്തരവാദിത്വം അയാളിൽ ആണ്. ഒരാളുടെ ഭാര്യയോ സന്താനമോ വെറുക്കപ്പെട്ട കാര്യംചെയ്യുകയോ അല്ലെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ കുറവുകൾ വരുത്തുകയോ ചെയ്യുമ്പോൾ അവരെയും ഇതിൽനിന്ന് പ്രതിരോധിക്കാൻ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്ത്വമായത് പോലെ. 

◼️നല്ലതുകൊണ്ട് കൽപ്പിക്കുന്നതിലും വെറുക്കപ്പെട്ടതിനെ വിരോധിക്കുന്നതിലുമാണ് സമൂഹത്തിന്റെ നിലനിൽപ്പും അടിമകളുടെയും നാടിന്റെയും നന്മയും ഉള്ളത്. നല്ലത് കൊണ്ട് കല്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലും ഇല്ലായിരുന്നുവെങ്കിൽ പുതിയ ആശയങ്ങൾ കൊണ്ടു വരുന്നവന് ; മതത്തിൽ അവൻ ഉദ്ദേശിച്ച പുതിയ ആശയങ്ങൾ കൊണ്ടു വരികയും ഉദ്ദേശിച്ച കാര്യങ്ങൾ പറയുകയും ചെയ്യും. 

◼️നല്ലത് കൊണ്ട് കല്പിക്കലും വെറുക്കപ്പെട്ടതിനെ തടയലും വലിയ ഉത്തരവാദിത്വമാണ്. എല്ലാ മുസ്ലിമും അവൻ്റെ സഹോദരന്മാരെയും സമൂഹത്തെയും കൽപിക്കാൻ ബാധ്യതപ്പെട്ടവനാണ്. നവവി ഇമാം പറഞ്ഞു: ( നിങ്ങൾ നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കുക. നിങ്ങൾ സൻമാർഗ്ഗം ലഭിച്ചവരായാൽ പിഴച്ചുപോയവരുടെ കാര്യത്തിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല ) എന്നുള്ള അല്ലാഹുവിന്റെ വാക്ക് നമ്മൾ പറഞ്ഞതിനോട് എതിരല്ല. കാരണം ഈ ആയത്തിലെ ആശയത്തിൽ പണ്ഡിതന്മാർ പറഞ്ഞതിലെ പ്രബലമായ അഭിപ്രായം; നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിങ്ങൾ ചെയ്താൽ മറ്റുള്ളവർ വീഴ്ച്ച വരുത്തിയാൽ നിങ്ങൾക്ക് കുഴപ്പമുണ്ടാവില്ല എന്നാതാണ്. അതുകൊണ്ട് നല്ലത് കൊണ്ട് കൽപ്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലും മനുഷ്യനോട് കൽപ്പിക്കപ്പെട്ട കാര്യമാണ്. ഈ ഉത്തരവാദിത്വം ഒരാൾ നിറവേറ്റുകയും അഭിസംബോധിതൻ ഇത് അനുസരിക്കാതിരിക്കുകയും ചെയ്താൽ  ഉത്തരവാദിത്വം നിറവേറ്റിയ ആൾക്ക് ആക്ഷേപങ്ങൾ ഉണ്ടാവില്ല. കാരണം അദ്ദേഹം തൻ്റെ ബാധ്യത നിറവേറ്റിയിട്ടുണ്ട്. നല്ലതിനെ കല്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലുമാണ് അദ്ദേഹത്തിൻ്റെ ബാധ്യത. മറ്റുള്ളവർ അതിനെ സ്വീകരിക്കൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വമല്ല.

◼️വെറുക്കപ്പെട്ടതിനെ തടഞ്ഞു നിർത്തൽ പല വിധത്തിലാണ്. ഇതിലേതെങ്കിലുമൊന്ന് ചെയ്യാൻ കഴിയുന്നവന് ആ രൂപത്തിൽ ഈ തിന്മയെ തടുക്കൽ അനിവാര്യമാണ്.

◼️പണ്ഡിതന്മാർ പറഞ്ഞു: പ്രായപൂർത്തിയും ബുദ്ധിയുമുള്ള ആൾക്ക് നല്ലതിനെ കല്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലും ഒഴിവായി പോവുകയില്ല. കാരണം അവന്റെ വിചാരത്തിൽ ഉള്ളതുകൊണ്ട് അവന് ഒരു ഉപകാരവും ലഭിക്കുകയില്ല. മറിച്ച് അവൻ അതിനെ പ്രവർത്തിക്കൽ അവന് നിർബന്ധമാണ്. ഓർമ്മപ്പെടുത്തി കൊടുക്കുന്നത് വിശ്വാസികൾക്ക് ഉപകാരപ്രദമാണ്. നല്ലത് കൊണ്ട് കല്പിക്കലും വെറുക്കപ്പെട്ടതിനെ വിരോധിക്കലുമാണ് മനുഷ്യന് നിർബന്ധമായത്. അത് മറ്റുള്ളവർ സ്വീകരിക്കൽ അവന് നിർബന്ധമില്ല.

Post a Comment