സി.ബി.എസ്.ഇ. പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ഇനി കുറച്ചുദിവസങ്ങൾ മാത്രമേയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സമയം ആശങ്കയൊഴിവാക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി പഠിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളിൽക്കൂടി ശ്രദ്ധവെച്ചാൽ ആത്മവിശ്വാസത്തോടൊപ്പം പരീക്ഷ എഴുതാം.
പരീക്ഷ എളുപ്പമാക്കാം
• ചോദ്യപേപ്പറിലെ നിർദേശങ്ങൾ ശ്രദ്ധയോടെ വായിക്കണം. രജിസ്റ്റർ നമ്പറും മറ്റുവിവരങ്ങളും തെറ്റിക്കാതെ എഴുതണം.
• ബിരിയാണി ആയാലും വൃത്തിയില്ലാത്ത പാത്രത്തിൽ വിളമ്പിയാൽ ആരുംകഴിക്കില്ല. നല്ല അടുക്കിലുംചിട്ടയിലും ഉത്തരങ്ങൾ എഴുതണം. ആവശ്യമായ സ്പേസ് കൊടുക്കണം. നിങ്ങളുടെ ഉത്തരക്കടലാസ് നോക്കുന്നയാൾക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം.
• നന്നായി ഉത്തരം അറിയാവുന്നവ ആദ്യംഎഴുതുക. പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ അസ്വസ്ഥരാകാതിരിക്കാൻ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിക്കുകയുമാണ് വേണ്ടത്.
• ഒരുചോദ്യം കണ്ടാൽ ഉടനെ ചാടിക്കേറി ഉത്തരം എഴുതരുത്. ആദ്യം പ്രധാനപ്പെട്ട പോയിന്റുകൾ മനസ്സിൽ ഓർത്തെടുക്കണം.
• ഉത്തരപേപ്പറിൽ ഒരു സ്കെയിൽ ഉപയോഗിച്ച് നന്നായി മാർജിൻ വരയ്ക്കണം.
• എഴുതിയത് തെറ്റിപ്പോയാൽ, തെറ്റിയ വാക്കിന് മുകളിലൂടെ ഒരു വര വരയ്ക്കുക. വെട്ടിക്കുത്തി വൃത്തികേടാക്കരുത്.
• പ്രധാനപ്പെട്ട ഹെഡിങ്, സബ് ഹെഡിങ് എന്നിവയുടെ അടിയിൽവര ഇടണം.
• തന്നിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടത്. ഒരു മാർക്കിന്റെ ചോദ്യത്തിന് അരപ്പേജ് ഉത്തരംവേണ്ട. ആറ്് മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം രണ്ടുവരിയുമാകരുത്.
• എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ഉത്തരം അറിയില്ലെങ്കിൽ, ചോദ്യത്തോട് ബന്ധമുള്ള കാര്യങ്ങൾ എഴുതിവയ്ക്കുക. അരമാർക്കോ, ഒരു മാർക്കോ കിട്ടിയേക്കാം.
• കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന മുൻകൂട്ടി പഠിച്ചുവെയ്ക്കണം. വിഷയമെഴുതാൻ അറിയില്ലെങ്കിലും ഈ ഘടന കൃത്യമായി എഴുതിയാൽ നിങ്ങൾക്ക് കുറച്ചൊക്കെ മാർക്ക് ലഭിക്കും.
• എഴുതിത്തുടങ്ങുമ്പോൾത്തന്നെ ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടുപോവാൻ മറക്കരുത്.
• പരീക്ഷയിൽ കള്ളത്തരംകാണിച്ച് മാർക്ക് വാങ്ങാൻ നോക്കരുത്. മാത്രമല്ല, മറ്റുള്ളവരെ കോപ്പിയടിക്കാൻ സഹായിക്കുകയും ചെയ്യരുത്. പിടിക്കപ്പെട്ടാൽ നിങ്ങളുടെ ഭാവി അവതാളത്തിലാവും.
• അവസാന പത്തുമിനിറ്റ് ഉത്തരക്കടലാസ് മൊത്തത്തിൽ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങൾ എഴുതാനും ഉപയോഗിക്കുക.
രക്ഷിതാക്കളോട്
പരീക്ഷയ്ക്കുശേഷം വീട്ടിലെത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മർദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാൽമതി. എല്ലാപരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാൽ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ അവർക്ക് പിന്തുണനൽകണം.
Post a Comment