ഫോട്ടോലാബ് ട്രൻഡിനൊപ്പമാണോ, സുരക്ഷിതമല്ല

photolab trend is not safe at all,ഫോട്ടോലാബ് ട്രൻഡിനൊപ്പമാണോ, സുരക്ഷിതമല്ല

"ഫോട്ടോ ലാബ് നിങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റും"

ഇന്ന് വളരെയധികം ട്രെൻഡിംഗായി കൊണ്ടിരിക്കുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പായ ഫോട്ടോലാബിന്റെ ക്യാപ്ഷനാണിത്. ഫോട്ടോലാബ് ഉപയോഗിച്ച് സ്വന്തം ഫോട്ടോകൾ എഡിറ്റ് ചെയ്ത് 'ഈ ഞാൻ ഇവിടെയൊന്നും ജനിക്കേണ്ട ഞാനല്ല' എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനുള്ള തിരക്കിലാണ് നമ്മളിൽ പലരും.

ഡിജിറ്റൽ ഫോട്ടോകൾ വിഷ്വലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് ഫോട്ടോ ലാബ്. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും റീടച്ച് ചെയ്യാനും സാധിക്കും. പലതരത്തിലുള്ള ഫിൽട്ടറുകൾ, ആർട്ട് ഫ്രെയിമുകൾ, ഫേസ് ഇഫക്ടുകൾ എന്നിവയെല്ലാം ഇതിലുണ്ട്. ആപ്പിലെ ടെംപ്ലേറ്റുകളിലേക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ വളരെ എളുപ്പത്തിൽ ആപ്പ് ക്രിയേറ്റീവായ രീതിയിൽ പുനരാവിഷ്‌കരിക്കും. സാൻഫ്രാൻസിസ്‌കോയിലെ ലൈൻ റോക്ക് ഇൻവെസ്റ്റ്‌മെന്റ്‌സാണ് ഫോട്ടോലാബിന്റെ സ്ഥാപകർ. ഇതിനോടകം നൂറു മില്ല്യണിലധികമാളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ ഇത്തരത്തിൽ ഛായ മാറ്റി സന്തോഷിക്കുന്നവരോട് പണി പിന്നാലെ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് സാങ്കേതിക വിദഗ്ധർ. ഇതാദ്യമായല്ല ഇത്തരത്തിലുള്ള ആപ്പുകൾ രംഗപ്രവേശം ചെയ്യുന്നത്. റെമിനി, ലെൻസ, പ്രിസ്മ, ഫെയ്‌സ് ആപ്പ് തുടങ്ങി നിരവധി ആപ്പുകളിലൂടെ കയറിയിറങ്ങിയവരാണ് നമ്മളിൽ പലരും. ആദ്യത്തെ ആവേശത്തിൽ നമ്മൾ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുകയും പിന്നീട് മടുക്കുമ്പോൾ അത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനകം നമ്മുടെ നിരവധി വിവരങ്ങൾ ഈ ആപ്പുകൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ടാകും.

ഇത്തരത്തിലുള്ള ആപ്പുകൾ ക്യാമറ ആക്‌സസ്, കോൺടാക്റ്റ്‌സ്, ഗ്യാലറി, കോൾസ് എന്നിങ്ങനെ പലതരത്തിലുള്ള പെർമിഷനുകളാണ് ചോദിക്കുന്നത്. ആപ്പുകളുടെ സുഗമമായ പ്രവർത്തനത്തിന് ഇത്തരം പെർമിഷനുകൾ ആവശ്യമാണെന്നത് വസ്തുതയാണ്. പലപ്പോഴും ചില ആപ്പുകൾ അവർക്കാവശ്യമില്ലാത്ത പെർമിഷനുകൾ ചോദിക്കാറുണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പിന് കോൾസിന്റെയോ കോൺടാക്റ്റിസിന്റെയോ ആവശ്യമില്ല, ഈ ആപ്പുകൾക്ക് ഇത്തരം പെർമിഷനുകൾ നൽകുേേമ്പാൾ ആ വിവരങ്ങൾ കൂടി അവർ നമ്മളിൽ നിന്ന് ശേഖരിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം ആക്‌സസുകൾ കൊടുക്കുമ്പോൾ നമ്മൾ കരുതുന്നത് ഒരു പ്രത്യേക വിവരം മാത്രമാണ് ഈ ആപ്പുകൾ ശേഖരിക്കുന്നതെന്നാണ് എന്നാൽ അങ്ങനെയല്ല നമ്മൾ ഗ്യാലറിയുടെ പെർമിഷൻ കൊടുക്കുമ്പോൾ നമ്മൾ എഡിറ്റ് ചെയ്യാനുപയോഗിക്കുന്ന ഫോട്ടോയുടെ വിവരങ്ങൾ മാത്രമല്ല ആപ്പുകൾ എടുക്കുന്നത് നമ്മുടെ ഗ്യാലറിയിലെ മുഴുവൻ കണ്ടെന്റുകളുമാണ്.

ഇത്തരത്തിലുള്ള ആപ്പുകൾ നമ്മുടെ വിവരങ്ങൾ ശേഖരിക്കുകയും ഈ വിവരങ്ങൾ വിൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൂടാതെ ഫിഷിംഗ് സൈറ്റുകളിലേക്ക് ഉപയോക്താക്കളെ റീ ഡയറക്ട് ചെയ്യുകയും മാൽവെയറുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് മൂലം ഈ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താലും നമ്മുടെ വിവരങ്ങൾ ചോർത്താനാകും. ചില ആപ്പുകൾ പെർമിഷൻ ചോദിക്കാതെയും നമ്മുടെ ഡാറ്റകൾ ആക്‌സസ് ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്യുട്ടി ക്യാമറ എന്ന ആപ്പ് ക്യാമറക്ക് പെർമിഷൻ ചോദിക്കുന്നില്ലെങ്കിലും നമ്മുടെ ക്യാമറ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 

ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾക്ക് വളരെയധികം ആവശ്യക്കാരുള്ളതു കൊണ്ട് തന്നെ സൈബർ ക്രിമിനലുകൾ ഈ അവസരം മുതലെടുക്കാൻ കാത്തിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ട എന്നല്ല പറയാൻ ഉദ്ദേശിക്കുന്നത് ഉപയോഗിക്കുന്ന ആപ്പുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമുക്കുണ്ട്. ആരാണ് ആപ്പിന്റെ ഡെവലപ്പർ, എന്തെല്ലാം പെർമിഷനുകളാണ് ചോദിക്കുന്നത്. കൂടാതെ ആപ്പിനെ കുറിച്ചുള്ള റിവ്യുകൾ എന്നിവ മനസിലാക്കി വേണം ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ. സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം ആപ്പുകൾ നമുക്ക് ഒരു ആപ്പായി മാറിയേക്കാം അവ നമുടെ നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്‌തേക്കാം. 

Post a Comment

أحدث أقدم