പ്ലസ്ടു കഴിഞ്ഞാല്‍ ഏത് കോഴ്‌സ് പഠിക്കണം? ഇനി കൺഫ്യൂഷൻ വേണ്ട

 

best-courses-after-plus two,പ്ലസ്ടു കഴിഞ്ഞാല്‍ ഏത് കോഴ്‌സ് പഠിക്കണം,

പ്ലസ്സ്ടു വിന് ശേഷം ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് സംശയങ്ങള്‍ നിരവധിയാണ്. 2022-ന് ശേഷം തൊഴില്‍ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഉന്നതവിദ്യാഭ്യാസ രംഗത്തും കാണാം. പുത്തന്‍കാല കോഴ്‌സുകളുടെ തൊഴില്‍സാധ്യത മാത്രം കണക്കിലെടുക്കാതെ വിദ്യാര്‍ഥിയുടെ താത്പര്യവും അഭിരുചിയും കൂടി പരിഗണിച്ചാല്‍ മികച്ച കരിയര്‍ സ്വന്തമാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിദേശപഠനവുമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ പുത്തന്‍ ട്രെന്‍ഡുകളിലെ പ്രധാനികള്‍. അവയോടനുബന്ധമായും അല്ലാതെയുമായി നിരിവധി തൊഴില്‍മേഖലകളാണ് വളര്‍ന്നുവരുന്നത്.

2040-ഓടെ ഭാവിതൊഴിലുകളില്‍ നൂതന മേഖലകള്‍ കടന്നുവരുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ILO പറയുന്നത്. ഇതിന് ആനുപാതികമായി ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, സാങ്കേതികവിദ്യ എന്നിവയിലും വളര്‍ച്ച പ്രതീക്ഷിക്കാം. സേവനമേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത. ഇപ്പോഴുള്ള മൊത്തം തൊഴിലുകളില്‍ 68%-വും സേവനമേഖലയിലാണ്!. ചില കോഴ്‌സുകളും അവയുടെ തൊഴില്‍ സാധ്യതയും പരിചയപ്പെടാം.
കോവിഡിനുശേഷം ഐ.ടി. അധിഷ്ഠിത സേവനം, സോഫ്റ്റ് വെയര്‍ ആന്റ് സര്‍വ്വീസസ്സ് മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ വളര്‍ച്ച ദൃശ്യമാണ്. കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ് രംഗത്ത് ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ മാനേജ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ഓഗ്മെന്റഡ് റിയാലിറ്റി, മെഷീന്‍ ലേണിങ്, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും.

ഐ.ടി. മേഖലയില്‍ നൂറ് ശതമാനത്തോളമാണ് ശമ്പളവര്‍ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ ഐ.ടി. അധിഷ്ഠിത സേവന മേഖലയിലിത് 33% മാത്രമാണ്. ഹെല്‍ത്ത് കെയര്‍, അഗ്രിക്കള്‍ച്ചര്‍, എം.എസ്.എം.ഇ., വിദ്യാഭ്യാസം, ഇ-ലാന്‍ഡ് റിക്കോര്‍ഡ്സ് എന്നിവയില്‍ ടെക്നോളജി വന്‍ തൊഴിലവസരങ്ങള്‍ക്കിടവരുത്തും. ഫിന്‍ടെക്ക്, അഗ്രിടെക്ക്, അഗ്രി അനലിറ്റിക്സ്, ഡ്രോണ്‍ ടെക്നോളജി, പ്രിസിഷന്‍ ഫാമിംഗ്, പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍ എന്നിവ കൂടുതല്‍വളര്‍ച്ച കൈവരിക്കും.

ആരോഗ്യമേഖലയില്‍ ഹെല്‍ത്ത് ടെക്ക് കോഴ്സുകള്‍ക്ക് സാധ്യതയേറും.ബയോമെഡിക്കല്‍എന്‍ജിനീയറിങ്, ഹെല്‍ത്ത് അനലിറ്റിക്സ്, എപ്പിഡെമിയോളജി, പബ്ലിക് ഹെല്‍ത്ത്, വൈറോളജി, കെയറിങ് ടെക്‌നോളജി, വാക്സിന്‍ ടെക്നോളജി, കെയറിങ് ഇമ്മ്യൂണോളജി എന്നിവ ഇവയില്‍പ്പെടും.

കാര്‍ഷിക കോഴ്സുകള്‍

കാര്‍ഷിക മേഖലയില്‍ അഗ്രി ബിസിനസ്, ഫുഡ് പ്രൊസസിങ്, ഫുഡ് റീട്ടെയില്‍, ഫുഡ്& ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ & ഡയറ്റെറ്റിക്സ്, സപ്ലൈചെയിന്‍ മാനേജ്മെന്റ്, എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ 'റെഡി ടു ഈറ്റ്, റെഡി ടു കുക്ക്' ഭക്ഷ്യവസ്തുക്കളോടുള്ള താത്പര്യം, ഫുഡ് പ്രൊസസിങ്ങിന് കൂടുതല്‍ അവസരങ്ങളുണ്ടാക്കും. ഡയറി ടെക്നോളജിക്കും സാധ്യതയേറും

ഫുഡ് & ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ & ഡയറ്റെറ്റിക്സ് എന്നിവ ഉപരിപഠന, ഗവേഷണ സാധ്യതയുള്ള കോഴ്സുകളാണ്. ക്യാമ്പസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംരംഭകരാകുന്ന എന്റര്‍പ്രണര്‍ഷിപ്പ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സംരംഭകത്വത്തിന് സാധ്യതയേറും. അഗ്രിബിസിനസ്സ് മാനേജ്മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റൂറല്‍ മാനേജ്മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ ഇഷ്ടപ്പെടും.

വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍ ഫിഷറീസ് കോഴ്സുകള്‍ക്ക് പുതിയ ഡെലിവറി മോഡല്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ടെക്നോളജി സേവന പ്ലാറ്റ്ഫോം കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്തും.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സൈക്കോളജി

മാര്‍ക്കറ്റിങ് രംഗത്ത് ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവയും ബിസിനസ്സ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, സൈക്കോളജി, ഡെവലപ്മെന്റല്‍ സയന്‍സ്, ലിബറല്‍ ആര്‍ട്സ്, അക്കൗണ്ടിങ്,ആക്ച്വറിയല്‍ സയന്‍സ്, മാനേജ്മെന്റ് കോഴ്സുകളും കരുത്താര്‍ജ്ജിക്കും.സൈക്കോളജി കോഴ്സുകള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. തെറാപ്പി, ന്യൂറോസയന്‍സ്, മാര്‍ക്കറ്റിംഗ് ബിഹാവിയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം, കൌണ്‍സലിംഗ്, കോഗ്‌നിറ്റീവ് തെറാപ്പി, ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ സൈക്കോളജി കോഴ്സുകള്‍ക്ക് സാധ്യതകളുണ്ട്.

അക്കൗണ്ടിങ്ങും, മാനേജ്മെന്റും

സാമ്പത്തികമാന്ദ്യത്തിനു ശേഷം കരുത്താര്‍ജ്ജിക്കുന്ന കോഴ്സുകളാണ് അക്കൗണ്ടിങ്ങും മാനേജ്മെന്റും. 2009-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷവും ഇത് പ്രകടമായിരുന്നു. റീട്ടെയില്‍ രംഗത്ത് 2025-ഓടുകൂടി ഇന്ത്യ ഒരു ട്രില്ല്യന്‍ ഡോളറിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2030- ഓടെ ഓപ്പണ്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം 700 ബില്ല്യന്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് നാസ്‌കോം വിലയിരുത്തുന്നത്.

എന്‍ജിനീയറിങ്

എന്‍ജിനീയറിങ് രംഗത്ത് ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങളുടെയും, ഡ്രൈവറില്ലാ കാറുകളുടെയും വരവ് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കിട വരുത്തും. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് എനര്‍ജി., ഓട്ടോമൊബൈല്‍, മാനുഫാക്ചറിങ്, ത്രീഡി പ്രിന്റിങ്, ഡിസൈന്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ അധിഷ്ഠിത മേഖലകളില്‍ പ്രവര്‍ത്തിയ്ക്കാം. ഇലക്ട്രിക്ക് & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ കണക്ടിവിറ്റി, ഐ.ഒ.ടി. സിസ്റ്റംസ്, ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും.

ഭൗതിക സൗകര്യ മേഖലകളില്‍ സിവില്‍, ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ്ങില്‍ ടെക്നോളജി ഇടപെടലുകള്‍ വര്‍ധിച്ചുവരും. ഐ.ഒ.ടി. അധിഷ്ഠിത സെന്‍സറുകള്‍, ഫ്രീഫാബ്, സ്മാര്‍ട്ട് മാനുഫാക്ചറിങ്, ഡിസൈന്‍, ക്ലീന്‍ ടെക്നോളജീസ് എന്നിവയില്‍ വളര്‍ച്ച ദൃശ്യമാകും.

വളരുന്ന വിദേശ സാധ്യതകള്‍

സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് , മാത്തമാറ്റിക്സ് (STEM) ബിരുദധാരികള്‍ക്ക് അമേരിക്ക, യു.കെ., കാനഡ, ആസ്ട്രേലിയ, ന്യൂസിലന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലന്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ സാധ്യതയേറും. പ്ലസ്സ് ടു വിനു ശേഷവും ബിരുദാനന്തരവും ഇന്ത്യയില്‍നിന്നു വിദേശ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകും. പാരിസ്ഥിതിക കോഴ്സുകള്‍, സുസ്ഥിര സാങ്കേതിക വിദ്യ, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് എന്നിവയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ 2030- ഓടെ പകുതിയായി കുറയ്ക്കുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ രൂപപ്പെടും.

ലോജിസ്റ്റിക്സ് രംഗത്തും വരുംനാളുകളില്‍ വന്‍തൊഴിലവസരങ്ങള്‍ ഉണ്ടാകും. ചാര്‍ട്ടേഡ് അക്കൗണ്ടിങ്, എ.സി.സി.എ., സി.എം.എ. എന്നിവയും ആക്ച്വറിയല്‍ സയന്‍സും ഇംഗ്ലീഷ്, വിദേശ ഭാഷ കോഴ്സുകളും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. നാലു വര്‍ഷ ബിരുദ/ഓണേഴ്സ് പ്രോഗ്രാമിലേക്ക് കൂടുതല്‍ സര്‍വ്വകലാശാലകള്‍ മാറും. ഇത് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഗ്രാജ്വേറ്റ് പ്രവേശനം എളുപ്പത്തിലാക്കും.

എ.ഐ. അധിഷ്ഠിത കോപ്പിറൈറ്റിങ്, Chat GPT, സിനിമാ മേഖല, ജേര്‍ണലിസം, ന്യൂമീഡിയ, പബ്ലിക്ക് റിലേഷന്‍സ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിങ് എന്നിവ മീഡിയ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. പാക്കേജിങ് രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. കൂടുതല്‍ പാക്കേജിങ് കോഴ്സുകള്‍ രാജ്യത്തിനകത്തും, വിദേശത്തും നിലവില്‍ വരും.

കരുത്താര്‍ജിച്ച് ടൂറിസം, ഫോറസ്ട്രി, പാരിസ്ഥിതിക, സ്‌കിൽ കോഴ്സുകള്‍

കോവിഡിനു ശേഷം കരുത്താര്‍ജ്ജിക്കുന്ന കോഴ്സുകളില്‍ പ്രധാനപ്പെട്ടതാണ് ടൂറിസം കോഴ്സുകള്‍. ബി.എസ്.സി./ബി.എ. കുലിനറി ആര്‍ട്സ്, ബി.ബി.എ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, എയര്‍പോര്‍ട്ട് & എയര്‍ലൈന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ് എന്നിവയില്‍ ഏറെ സാധ്യതകള്‍ രൂപപ്പെടും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠന സാധ്യതകളുണ്ട്. ഫാഷന്‍ ടെക്നോളജി, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍. ആര്‍ട് & ഡിസൈന്‍, ആനിമേഷന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഗേമിങ് ടെക്‌നോളജി എന്നിവ സാധ്യതയുള്ള കോഴ്സുകളായി മാറും.

ഫോറസ്ട്രി കോഴ്സുകള്‍ക്കും ഡിമാന്റേറുകയാണ്. ആവാസവ്യവസ്ഥ സംരക്ഷണം, വണ്‍ ഹെല്‍ത്ത്, പരിസ്ഥിതി സംരക്ഷണം, ഹരിത സാങ്കേതിക വിദ്യ, സുസ്ഥിക സാങ്കേതിക വിദ്യ, വന്യജീവി സംരംക്ഷണം എന്നിവ ഈ മേഖലയില്‍ ഗവേഷണ സാധ്യതകള്‍ ഉറപ്പുവരുത്തും. മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ സാധ്യത സയന്‍സ്, ഹ്യൂമാനിറ്റീസ്, കൃഷി, ആരോഗ്യമേഖലയില്‍ വര്‍ധിച്ചു വരും.

കോഴ്സ് പൂര്‍ത്തിയാക്കുന്നതോടൊപ്പം മികച്ച തൊഴില്‍ നൈപുണ്യശേഷി കൈവരിക്കണം. ആശയവിനിമയം, ഇംഗ്ലീഷ് പ്രാവീണ്യം, ഐ.ടി., എന്റര്‍പ്രണര്‍ഷിപ്പ് ടെക്നിക്കല്‍, ഡൊമെയിന്‍, ലീഡര്‍ഷിപ്പ്, സ്‌ക്കില്ലുകള്‍ കൈവരിക്കണം. മികച്ച സ്‌കില്‍ കൈവരിച്ചാല്‍ മാത്രമെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കൂ !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

എ.ഐ. ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കേവലം പഠനത്തിനുള്ള സാങ്കേതികവിദ്യയെന്നതിലുപരി മികവുറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണിത്. എ.ഐ.സാങ്കേതികവിദ്യയ്ക്ക് ഏഴ് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലയളവിലാണ് എ.ഐ. ആപ്ലിക്കേഷന്‍ കൂടുതലായി തൊഴില്‍ രംഗത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. കംപ്യൂട്ടര്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍സ്, മെക്കാനിക്കല്‍, സ്പേസ്, അഗ്രിബിസിനസ്സ്, പ്രതിരോധം തുടങ്ങി നിരവധി വ്യവസായ മേഖലകളില്‍ എ.ഐ.സ്വാധീനം ചെലുത്തിവരുന്നു. മെഷീന്‍ ലേണിങ്്, ഡീപ്പ് ലേണിങ്, നാഷണല്‍ ലാംഗ്വേജ് പ്രൊസസിംഗ്, കംപ്യൂട്ടര്‍ വിഷന്‍ തുടങ്ങിയവ എ.ഐ.യിലെ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളാണ്.

ഓട്ടോമൊബൈല്‍ രംഗത്ത് ടെസ്ലയുടെ ഡ്രൈവറില്ലാക്കാറുകള്‍, ടെലിമെഡിസിന്‍, സപ്ലൈചെയിന്‍, വീടുകളിലെ ഓട്ടമേഷന്‍, സ്മാര്‍ട്ട് വീടുകള്‍, സ്മാര്‍ട്ട് സേവനങ്ങള്‍, ഓണ്‍ലൈന്‍ ലേര്‍ണിംഗിലെ മികച്ച പാരിസ്ഥിതിക ചുറ്റുപാടുകള്‍, ശബ്ദം തിരിച്ചറിയല്‍, സംസാരത്തെ ടെക്സ്റ്റാക്കി മാറ്റാനുള്ള ശേഷി ഇവയെല്ലാം എ.ഐ.ആപ്ലിക്കേഷനുകളില്‍പ്പെടും. ഇന്ത്യയില്‍ 70% കോര്‍പ്പറേറ്റുകളും ബിസിനസ്സ് മേഖലയില്‍ എ.ഐ പ്രാവര്‍ത്തികമാക്കി വരുന്നു. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, റീട്ടെയില്‍, ഇ-കൊമേഴ്സ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്സ്, ഫാഷന്‍ ഡിസൈനിംഗ് മേഖലകളിലും എ.ഐ.സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമേറുകയാണ്

ഓട്ടമേഷന്‍

ഭാവി തൊഴിലുകളില്‍ 2025- ഓടെ ഓട്ടമേഷന്‍ കൂടുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ മനുഷ്യവിഭവശേഷിയുടെ ഉപയോഗം 67-ല്‍നിന്നു 53 ശതമാനമായി കുറയുമ്പോള്‍ മെഷീനുകളുടെ ഉപയോഗം 33-ല്‍നിന്നു 47 ശതമാനമായി വര്‍ദ്ധിക്കും! ഭാവിയില്‍ ഡാറ്റ സയന്‍സ് ഏറെ പ്രാധാന്യം കൈവരിക്കും. ഡാറ്റ അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ്, എ.ഐ.& മെഷീന്‍ ലേര്‍ണിംഗ് സ്പെഷ്യലിസ്റ്റ്, ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & സ്ട്രാറ്റെജി സ്പെഷ്യലിസ്റ്റ്, പ്രോസസ്സ് ഓട്ടമേഷന്‍ സ്പെഷ്യലിസ്റ്റ്, ബിസിനസ്സ് ഡെവലപ്മെന്റ് പ്രൊഫഷണല്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ & ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് സ്പെഷ്യലിസ്റ്റ് എന്നിവ 2025-ഓടെ കൂടുതലായി രൂപപ്പെടും.

ഡാറ്റ എന്‍ട്രി, ഓഡിറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, ഓപ്പറേഷന്‍ മാനേജ്മെന്റ് എന്നിവയില്‍ തൊഴിലവസരങ്ങള്‍ കുറയും. 2030-ഓടെ ഇന്റല്‍ 30 ദശലക്ഷം എ.ഐ. വിദഗ്ദരെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് എ.ഐ.റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ്‌ പദ്ധതികളാണ് 2030-ഓടെ നിലവില്‍ വരാന്‍ പോകുന്നത്! 30000 സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ടെക്നോളജി കൂടുതല്‍ വിപുലപ്പെടുന്നതോടെ എ.ഐ.യിലൂടെയുള്ള തൊഴില്‍ നൈപപുണ്യം, വിശ്വാസ്യത, ആവശ്യം എന്നിവയ്ക്ക് പ്രസക്തിയേറും.

എ.ഐ.മേഖലയില്‍ ഉപരിപഠനം നടത്താനും തൊഴില്‍ ചെയ്യാനും താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍/കോളേജ് തലത്തില്‍ ബേസിക് മാത്‌സ്‌, സയന്‍സ് എന്നിവയില്‍ അറിവു നേടണം. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാനും ശ്രമിക്കണം. ആവശ്യമുള്ള സാങ്കേതികവിദ്യകള്‍ ചോദിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം.

എ.ഐ പഠിക്കാം സ്വദേശത്തും വിദേശത്തും

എ.ഐ. വരുന്നതോടെ തൊഴില്‍ കുറയുമെങ്കിലും പുത്തന്‍ തൊഴില്‍മേഖലകള്‍ കൂടുതലായി രൂപപ്പെടും. ഇതിനായി കൂടുതല്‍ നൈപുണ്യ വികസന പദ്ധതികള്‍ ആവശ്യമാണ്. കൃഷി, വ്യവസായ, സേവന മേഖലകളില്‍ സുസ്ഥിരത കൈവരിയ്ക്കാന്‍ എ.ഐ ആവശ്യമായിവരും. എ.ഐ.യില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്ലസ് ടൂവിനു ശേഷം എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഐ.ടി. സയന്‍സ്, മാത്‌സ്‌ ബിരുദ പ്രോഗ്രാമിന് ചേരാം

ബി.ടെക്ക്. എ.ഐ., ഡാറ്റാ സയന്‍സ് പ്രോഗ്രാം ഇന്ത്യയ്ക്കകത്തും വിദേശത്തും നിരവധി കോളേജുകളിലുണ്ട്. കംപ്യൂട്ടര്‍ സയന്‍സ്, മാത്‌സ്‌ സ്‌ക്കില്ലുള്ള ഏത് ബിരുദധാരിക്കും എ.ഐ.യില്‍ പ്രവര്‍ത്തിയ്ക്കാം. എ.ഐ ബിരുദ കോഴ്‌സുകള്‍ വി.ഐ.ടി., ശിവനാടാര്‍, അമൃത സര്‍വ്വകലാശാലകളിലും, ഐ.ഐ.ടി.കളിലും, കേരളത്തിലെ ചില സ്വാശ്രയ എന്‍ജിനീയറിംങ് കോളേജുകളിലുമുണ്ട്.. എ.ഐ.യില്‍ നിരവധി ബിരുദാനന്തര, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുമുണ്ട്.

സൈബര്‍ സെക്യൂരിറ്റി

ലോകത്താകമാനം അനുദിനം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. റാന്‍സംവെയര്‍ ഭീഷണി, ഡാറ്റ മോഷണം, രാജ്യാന്തരതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ ചിലത് മാത്രമാണ്. വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കാനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ സെക്യൂരിറ്റിയും കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു. 2020-ല്‍ ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 59% മാത്രമായിരുന്നു. ഇതില്‍ 49% പേരും സജീവമായി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍. എന്നാല്‍ 2022-ല്‍ ഇത് യഥാക്രമം 63 ശതമാനവും, 55.6 ശതമാനവുമായി വര്‍ധിച്ചിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് അനലിസ്റ്റ്, ഇന്‍വെസ്റ്റിഗേറ്റര്‍, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍, ഇന്‍സിഡന്റ് റിപ്പോര്‍ട്ടര്‍, മാല്‍വെയര്‍ അനലിസ്റ്റ്, ആപ്ലിക്കേഷന്‍ പെന്‍ടെസ്റ്റര്‍, സെക്യൂരിറ്റി ആര്‍ക്കിടെക്ട്, ടെക്നിക്കല്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്, സെക്യൂര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ക്ക് ആഗോളതലത്തില്‍ സാധ്യതയേറിവരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സൈബര്‍ സെക്യൂരിറ്റി സൊല്യൂഷനുകളുണ്ട്. സൈബര്‍ അറ്റാക്കുകളെ മില്ലിസെക്കന്റിനകം കണ്ടെത്താന്‍ ഇവ സഹായിക്കും. ഡാറ്റാമോഷണം ഒഴിവാക്കാനും എളുപ്പത്തില്‍ ഡാറ്റ അനാലിസിസ് പൂര്‍ത്തിയാക്കാനും AI അധിഷ്ഠിത സൈബര്‍സെക്യൂരിറ്റി സിസ്റ്റം ഉപകരിക്കും.

കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., എന്‍ജിനീയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക്ഈ മേഖലയിലെത്താം. C++, Python, JAVA തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജും അനലിറ്റിക്സും സോഫ്റ്റ്സ്‌ക്കില്ലും ആവശ്യമാണ്. നിരവധി സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷനുകളുണ്ട്. CEH, CISCO, CISSR, TIA സര്‍ട്ടിഫിക്കേഷനുകള്‍ ഇവയില്‍പ്പെടും.

പ്ലസ്സ് ടു മാത്‌സ്‌, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., ഐ.ടി, ബിരുദ പ്രോഗ്രാമിന് ചേരാം. ബി.ടെക്ക് കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, എ.ഐ.&ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി കോഴ്സുകളുണ്ട്.

ഏത് കോഴ്സെടുത്താലും സംരംഭകരാകാം!

ലോകത്താകമാനം സംരംഭകത്വത്തിന് സാധ്യതയേറുകയാണ്. വിദ്യാര്‍ത്ഥികള്‍ കാമ്പസ്സില്‍വെച്ചു തന്നെ സംരംഭകരാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്താകമാനം വിപുലപ്പെട്ടു വരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് സംരംഭകരാകാന്‍ താത്പര്യപ്പെടുന്നത്.

പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളര്‍ത്തിയെടുക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കല്‍, റിസ്‌ക്ക്, വിവേകബുദ്ധി, മാറ്റത്തിനനുസരിച്ച്/ സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ നിങ്ങളിലെ സംരഭകനെ വളര്‍ത്തും. പുത്തന്‍ ആശയം സംരംഭകനാവശ്യമാണ്.പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന ഉറച്ച മാനസിക സ്ഥിതി, നേതൃത്വപാടവം, നടത്തിപ്പ്, സമയക്രമം, പ്രതിബന്ധത എന്നിവ അത്യന്താപേക്ഷിതമാണ്.

ഭാവിയില്‍ സംരംഭകരാകാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സ്‌കൂള്‍തലം തൊട്ടുതന്നെ സംരംഭക നൈപുണ്യശേഷി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. പുത്തന്‍ ആശയത്തോടൊപ്പം സാങ്കേതിക വിദ്യ, പ്രാവര്‍ത്തികത, സാമൂഹിക അംഗീകാരം എന്നിവ പ്രത്യേകം വിലയിരുത്തണം. സംരംഭകത്വം എന്നത് ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്ന് മനസ്സിലാക്കിയിരിക്കണം! സാമൂഹിക അംഗീകാരം, നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ്സ് എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്. ഒരിക്കലും ഒറ്റയ്ക്ക് തന്നെ സംരംഭകനാകാമെന്ന് ധരിക്കരുത്. താത്പര്യമുള്ളവരെ കോ-ഫൗണ്ടര്‍മാരാക്കാം.

സംരംഭകത്വം പ്രതിബന്ധങ്ങളേറെയുള്ള ഒരു നീണ്ട യാത്രയാണ്. ആത്മവിശ്വാസത്തോടെ അവ തരണം ചെയ്യണം. വിപണിയുടെ വളര്‍ച്ച, വിപണന സാധ്യത, പുത്തന്‍ സാങ്കേതിക വിദ്യ എന്നിവയില്‍ വ്യക്തമായ ധാരണ വേണം. ടീം വര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണം. ആശയത്തെ പ്രവൃത്തിപദത്തിലെത്തിക്കുമ്പോഴാണ് ഫ്രീ ഇന്‍കുബേഷന്‍, ഇന്‍കുബേഷന്‍ പ്രക്രിയകളാവശ്യം. ആവശ്യമായ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയെടുക്കണം. ടെക്‌നോളജി ഇടപെടലുകളും അത്യന്താപേക്ഷിതമാണ്. വാലിഡേഷന്‍, മൂലധനനിക്ഷേപം, ഉത്പാദനം വര്‍ധിപ്പിയ്ക്കാനുള്ള ആക്സിലറേഷന്‍, സ്‌കെയിലിങ് എന്നിവയും പ്രാവര്‍ത്തികമാക്കണം.

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ മികച്ച ഗൃഹപാഠം ആവശ്യമാണ്. 5% ല്‍ താഴെ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമെ മൂന്നു വര്‍ഷത്തിലധികം കാലയളവോളം നിലനില്‍ക്കുന്നുള്ളൂ! ഉപഭോക്താവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണം. ഇതിനാവശ്യമായ വിദ്യാഭ്യാസവും നൈപുണ്യശേഷിയും സംരംഭകന്‍ സ്വായത്തമാക്കണം. നിലവിലുള്ള സാങ്കേതിക വിദ്യ, ഇന്‍കുബേഷന്‍ സെന്ററുകള്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍, ഏന്‍ജല്‍ ഫണ്ടിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കുടുംബത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും സഹകരണം തേടണം. സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ സേവനം തേടാവുന്നതാണ്.

എഡ്യുടെക്ക്, ഹെല്‍ത്ത് &വെല്‍നസ്സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, സോഫ്റ്റ് വെയര്‍ സര്‍വ്വീസ്, റിമോട്ട് വര്‍ക്കിംഗ് ടൂള്‍സ്, ഇ-കൊമേഴ്‌സ്, ഡെലിവറി സര്‍വീസ് എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കോവിഡാനന്തരം സാധ്യയേറെയാണ്.

Post a Comment

أحدث أقدم