🩵ഇ സമം എം സി സ്ക്വയർ എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു.. "നിങ്ങളുടെ മക്കൾ മണ്ടൻമാരല്ല.. ജീനിയസുകളാണ്, അവരിൽ നിങ്ങൾ അഭിമാനിക്കുക"🩵
ഇന്ന് SSLC പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിക്കും, വരും നാളുകളിൽ മറ്റു പലതിന്റെയും...ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്ന, പുതിയ അഡ്മിഷനുകൾക്ക് തുടക്കം കുറിക്കുന്ന സമയങ്ങളാണ് കടന്ന് വരുന്നത്. ഈ സമയത്ത് നിങ്ങളോട് പറയാനുള്ളത്.
പരീക്ഷയിൽ ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് അവർ ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഈ നേരത്ത് ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് തൻ്റെ മനസ്സിന്റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. ഒപ്പം ഉന്നത വിജയികൾ തങ്ങൾ നേടിയ വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കയുമരുത്.
പരാജയപ്പെട്ടവർ തങ്ങൾക്ക് വന്നതായ പരാജയത്തെ തൊട്ട് ഇടറുകയുമരുത്. മാതാപിതാക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍ പോലും എന്നും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നു മാത്രമാണിത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ കുട്ടികളുടെ ഭാവി രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നത് സത്യമാണ്.
എ പ്ലസ് കൂടുന്നതും മാര്‍ക്കുകൾ/ഗ്രേഡുകൾ/പെർസെൻ്റയിലുകൾ കൂടുന്നതും ഒക്കെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍, ആഗ്രഹിക്കുന്ന വിഷയത്തില്‍, ആഗ്രഹിക്കുന്ന കോഴ്സുകളിൽ അഡ്മിഷന്‍ കിട്ടാന്‍ സഹായിക്കുമെന്നത് നല്ല കാര്യമാണ്. മാര്‍ക്ക് കുറഞ്ഞവര്‍, പല കാരണങ്ങളാല്‍ അപ്രകാരം സംഭവിച്ചു പോയവരാകാം..മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളില്‍ വലിയ സമ്മര്‍ദ്ദം ഏല്പിക്കരുത്. അവര്‍ ചില കടുംകൈകള്‍ക്കു മുതിര്‍ന്നേക്കാം.
മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ തനിക്ക് ഒപ്പമുണ്ടെന്ന് മക്കള്‍ക്ക് തോന്നണം. ലഭിച്ച മാര്‍ക്കിനേക്കാള്‍ വലുതാണ് നമ്മുടെ മക്കള്‍. വിജയവഴികള്‍ ഏറെയുണ്ടെന്ന ബോധ്യം നമ്മുടെ മക്കൾക്ക് നാം എപ്പോഴും പകരുക.
പരാജയങ്ങള്‍ ചില അനുഭവപാഠങ്ങള്‍ സമ്മാനിക്കും. ലോകത്ത് വിജയിച്ചവരെല്ലാം തന്നെ തോല്‍വിയിലൂടെയാണ് മികവ് നേടിയിട്ടുള്ളത്. ചരിത്രം ഒരു പാട് കഥകൾ നമുക്ക് പറഞ്ഞ് തരുന്നുണ്ട്. കൂടുതല്‍ ശക്തമായ തിരിച്ചുവരവിന് അഭിമുഖീകരിക്കേണ്ടി വന്ന പരാജയങ്ങള്‍ ശക്തി പകരും.
ഒരോ പരാജയവും ഓരോ തിരിച്ചറിവുകളാണ്. പരാജയങ്ങള്‍ നമ്മെക്കുറിച്ച് സ്വയം മനസ്സിലാക്കുവാനും ജീവിതത്തെക്കുറിച്ച് അവബോധം നല്‍കുവാനും സഹായിക്കും. പരീക്ഷയിലെ വിജയ പരാജയങ്ങള്‍ക്ക് അന്തിമ ജീവിത വിജയവുമായി ഒരു ബന്ധവുമില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്, അധ്യാപകരാണ്. പോരായ്മകള്‍ സാവധാനം, സൗമ്യമായി, സമാധാനത്തോടെ ബോധ്യപ്പെടുത്തി അവ പരിഹരിച്ചു മുന്നേറാന്‍ അവർക്ക് ഒപ്പം നില്‍ക്കുക.
പറ്റിയ തെറ്റുകളെ മറികടക്കാന്‍ എന്തുചെയ്യണമെന്ന് ചിന്തിപ്പിക്കുക. പൂര്‍വ്വാധികം ശക്തിയോടെ അടുത്ത പരീക്ഷകളില്‍ വിജയം വരിക്കാനുള്ള ചങ്കുറപ്പ് പകര്‍ന്നു നല്‍കുക. അതാണ് മികച്ച ഗൈഡിങ്ങ്.
അഭിരുചി കണ്ടെത്താനുള്ള മന:ശാസ്ത്ര ടെസ്റ്റുകള്‍ നടത്തിയശേഷം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുക.
എപ്പോഴും തെരഞ്ഞെടുപ്പിലെ അന്തിമ തീരുമാനം മക്കളുടേതാകണം. കണക്കില്‍ അഭിരുചിയില്ലാത്ത കുട്ടിയെ കണക്ക് വിഷയങ്ങളില്‍ ഉപരിപഠനത്തിന് ചേര്‍ക്കരുത്. കണക്കില്‍ വൈദഗ്ധ്യമുള്ള തലച്ചോര്‍ ഇടങ്ങള്‍ ഇല്ലാത്ത ഒരാളെ കണക്കില്‍ മിടുക്കനാക്കാന്‍ പരിമിതിയുണ്ട് എന്നതാണ് കാരണം.
മക്കളെ അവരുടെ അഭിരുചി കണ്ടെത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അത്ഭുതങ്ങള്‍ കാണിക്കും.
അവരാണ് നാടിൻ്റെ നാളെയുടെ പ്രതീക്ഷകൾ.
ശുഭ പ്രതീക്ഷകൾക്ക് വളം വെച്ചു കൊടുക്കുന്നവരായിത്തീരണം നമ്മളോരോരുത്തരും.
إرسال تعليق