"എന്റെ മകൻ നല്ല ബുദ്ധിയുള്ള കുട്ടിയാ ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാൽമതി അവനു മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! അവൻ ഭയങ്കര മടിയനാ. എത്ര പറഞ്ഞാലും പുസ്തകം വായിക്കില്ല" ഇത്തരത്തിൽ മക്കളെക്കുറിച്ച് പരാതി പറയുന്ന രക്ഷിതാക്കളെ കാണാൻ കഴിയും. ഇത്തരം കുട്ടികൾക്ക് പരീക്ഷകളിൽ മാർക്ക് കുറയാനും സാധ്യതയേറെയാണ്. എന്നാൽ, 'മടി'യെന്ന് കരുതുന്ന കാര്യം ഒരുപക്ഷേ, പഠനവൈകല്യത്തിന്റെ ലക്ഷണമാകാം.
സ്കൂൾ വിദ്യാർഥികളിൽ 10 ശതമാനത്തോളം പേർക്ക് പഠനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാറുണ്ട്. എന്നാൽഇവരെല്ലാം ബുദ്ധിമാന്ദ്യമുള്ളവരായിരിക്കില്ല. ഇവരിൽ പലർക്കും സാധാരണയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിരിക്കും.
കാഴ്ച, കേൾവി എന്നീ ശേഷികളിൽ വരുന്ന തകരാറുകളും ശ്രദ്ധക്കുറവും വിഷാദവുമെല്ലാം പഠന പ്രശ്നങ്ങൾക്ക് കാരണമാകാം. ഈ തകരാറുകളൊന്നുമില്ലെങ്കിലും വായനയിലോ എഴുത്തിലോ കണക്കുകൂട്ടുന്നതിലോ പ്രകടമായ പോരായ്മയുള്ള കുട്ടികൾക്ക് 'പഠന വൈകല്യം' ഉണ്ടോയെന്നു സംശയിക്കണം.
പഠന വൈകല്യമെന്നത് പഠനസംബന്ധമായ ഒന്നിലേറെ വൈകല്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് . വായിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടിനെ 'ഡിസ്ലെക്സിയ' എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ 'ഡിസ്ഗ്രാഫിയ' എന്നും കണക്കു സംബന്ധമായ തകരാറിനെ 'ഡിസ്കാൽക്കുലിയ' എന്നും പറയാറുണ്ട്.
ഇത്തരം വൈകല്യങ്ങളുള്ള കുട്ടികൾക്ക് ശരാശരിയോ അതിൽക്കൂടുതലോ ബുദ്ധി ഉണ്ടെങ്കിൽപ്പോലും വളരെ സാവധാനമേ പഠിക്കാൻ കഴിയൂ. ആവർത്തിച്ച് അക്ഷരത്തെറ്റുകൾ വരുത്തുക, വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുക എന്നിവയൊക്കെ ഇവരിൽ സാധാരണമാണ്.
ചെറിയ ക്ലാസുകളിൽ എഴുത്തും വായനയും പൊതുവേ കുട്ടികൾക്ക് പ്രയാസമുണ്ടാക്കാം. എന്നാൽ, ഏഴുവയസ്സ് കഴിഞ്ഞിട്ടും വായന, എഴുത്ത്, കണക്കുകൂട്ടൽ ഇവയിലേതിലെങ്കിലും കാര്യമായ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ കുട്ടിക്ക് പഠനവൈകല്യമുണ്ടെന്ന് സംശയിക്കണം.
ഡിക്സിയ ഉള്ള കുട്ടികൾ പലപ്പോഴും പുസ്തകത്തിൽ ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങൾ കണ്ടെത്തി അറച്ചറച്ചാകും വായിക്കുക. വായിക്കുമ്പോൾ ചില അക്ഷരങ്ങൾ വിട്ടുപോകുക, ഇല്ലാത്ത അക്ഷരങ്ങൾ കൂട്ടിച്ചേർക്കുക, ആദ്യത്തെ അക്ഷരം മാത്രം ശ്രദ്ധിച്ചിട്ട് ബാക്കി ഊഹിച്ച് വായിക്കുക എന്നിവയൊക്കെ ഇവരിൽ കാണാം. ഒരു പ്രത്യേക താളത്തിൽ തപ്പിത്തടഞ്ഞായിരിക്കും ഈ കുട്ടികൾ വായിക്കുക.
രചനാവൈകല്യം അഥവാ ഡിസ്ഗ്രാഫിയ ഉള്ള കുട്ടികൾ വളരെ സാവധാനമായിരിക്കും എഴുതുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷയെഴുതി പൂർത്തിയാക്കാൻ ഇവർക്ക് കഴിയാറില്ല. ഇവരുടെ കൈയക്ഷരം മോശമായിരിക്കും. എഴുതുമ്പോൾ വരികൾ ചരിഞ്ഞുപോകുക, വിരാമ ചിഹ്നങ്ങളും വള്ളി, ദീർഘം തുടങ്ങിയവയും വിട്ടുപോകുക എന്നിവയും ഉണ്ടാകാം. ഇത്തരം കുട്ടികൾക്ക് ക്ലാസിൽ പറയുന്ന നോട്ടുകൾ എഴുതിത്തീർക്കാനും പ്രയാസമാകും. അക്ഷരത്തെറ്റും വ്യാകരണപ്പിശകുകളും ധാരാളമായുണ്ടാകും. ചില അക്ഷരങ്ങൾ എഴുതുമ്പോൾ തിരിഞ്ഞു പോകുന്നതാണ് മറ്റൊരു പ്രശ്നം. 'സ' വേണ്ടയിടത്ത് 'ഡ' എന്നും ഇംഗ്ലീഷിലെ b എന്ന അക്ഷരത്തിനുപകരം d എന്നും ഇവർ എഴുതും.
ഗണിത വൈകല്യം അഥവാ ഡിസ്കാൽക്കുലിയ ഉള്ള കുട്ടികൾക്ക് മുതിർന്ന ക്ലാസ്സിലെത്തിയാലും വിരലുകൾ കൊണ്ടേ കൂട്ടാൻ കഴിയൂ. ഗുണനപ്പട്ടിക ഓർത്തുവെക്കാൻ പ്രയാസമായിരിക്കും. സംഖ്യകൾ തലതിരിഞ്ഞു പോകാം . ഉത്തരക്കടലാസിൽ ക്രിയ ചെയ്തുകിട്ടുന്ന സംഖ്യ എടുത്തെഴുതുമ്പോൾ തെറ്റുന്നതും സാധാരണമാണ്.
മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുള്ള ചില സവിശേഷതകളാണ് പഠനവൈകല്യത്തിന് കാരണമാകുന്നത്. ജനിതക കാരണങ്ങൾ, ഗർഭകാലത്തെ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യങ്ങൾക്ക് കാരണമാകാം.
ഇതിനുള്ള പരിഹാരം എങ്ങനെയെന്നു നോക്കാം.
പഠനവൈകല്യമുള്ള കുട്ടികൾക്ക് ചില സവിശേഷ ഗുണങ്ങളുമുണ്ടാകും. ഇവരിൽ പലരും മികച്ച ഭാവനാശേഷിയുള്ളവരായിരിക്കും. ഇവർ പലപ്പോഴും ചിത്രങ്ങളുടെ രൂപത്തിലായിരിക്കും ചിന്തിക്കുക. പരിസരത്തെക്കുറിച്ച് നല്ല ശ്രദ്ധയുള്ളവരും കാര്യങ്ങൾ മനസ്സിലാക്കാൻ വളരെയേറെ താത്പര്യമുള്ളവരുമായിരിക്കും.വാക്കുകൾ കൊണ്ട് ചിന്തിക്കുന്ന മറ്റു കുട്ടികളേക്കാൾ വളരെ വേഗത്തിലായിരിക്കും ചിത്രങ്ങളുടെ രൂപത്തിൽ ചിന്തിക്കുന്ന ഇവരുടെ മാനസിക വ്യാപാരങ്ങൾ.
കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ റിപ്പോർട്ട്, കുട്ടിയുടെ ശാരീരിക-മാനസിക പരിശോധന, മറ്റു കഴിവുകൾ എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നടത്തുന്നത്. വായന, എഴുത്ത്, ഗണിതം എന്നിവയിലെ തകരാറുകൾ മനസ്സിലാക്കിയായിരിക്കും പ്രശ്നം ഏതു തരമെന്നു അറിയുന്നത്. മാതാപിതാക്കൾക്കും കൗൺസലിങ് ആവശ്യമാണ്.
'തെറ്റുതിരുത്തൽ വിദ്യാഭ്യാസം' അഥവാ 'റെമഡിയൽ എജ്യുക്കേഷൻ' ആണ് പഠനവൈകല്യം പരിഹരിക്കാനുള്ള പ്രധാന പരിശീലനരീതി. ഇതിൽ വൈദഗ്ധ്യം നേടിയ അധ്യാപകരുണ്ട്. അവരുടെ സേവനം സ്വികരിക്കണം. ഇത്തരം കുട്ടികൾക്ക് പെരുമാറ്റ വ്യത്യാസങ്ങൾക്കുള്ള ചികിത്സയും നൽകേണ്ടതുണ്ട്. കുട്ടികളുടെ കലാപരവും സാങ്കേതികവുമായ കഴിവുകളും കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും വേണം.
إرسال تعليق