പരീക്ഷയിൽ ഉയർന്നവിജയം നേടുക എന്നതാണല്ലോ വിദ്യാർഥിയുടെ പ്രധാനലക്ഷ്യം. ശാസ്ത്രീയ സമീപനത്തിലൂടെ പഠനവും പരീക്ഷയും എങ്ങനെ എളുപ്പമാക്കാം. അതിന് ആദ്യം വേണ്ടത് പഠിക്കാനുള്ള വിഷയങ്ങളെ ഇഷ്ടപ്പെടുക എന്നതാണ്.
പരീക്ഷയിൽ ഉയർന്ന മാർക്കുനേടാൻ നാം ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. അരണ്ടപ്രകാശത്തിലുള്ള വായന കണ്ണുകളെ പെട്ടെന്ന് ക്ഷീണിപ്പിക്കും. വയറുനിറച്ച് ആഹാരംകഴിച്ചശേഷം പഠിക്കാനിരുന്നാൽ ഉറക്കം താനേവരും! ഇടയ്ക്കിടെ ശ്രദ്ധ പതറിപ്പോകുന്നവർ തെല്ലുറക്കെ വായിക്കുന്നതിൽ തെറ്റില്ല.
പ്രയാസമേറിയ ഭാഗങ്ങൾ പഠിച്ചശേഷം, മറ്റൊരാൾക്ക് ഈ ഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്നതായി സങ്കല്പിച്ച് ഹൃദിസ്ഥമാക്കണം.
പ്രധാനഭാഗങ്ങൾ വായിക്കുമ്പോൾ, പുസ്തകത്തിൽ അടിവരയിടുന്നതിനുപകരം ഒരു നോട്ടുബുക്കിൽ പോയന്റുകൾ കുറിച്ചുവെക്കുക.
ഓരോദിവസവും പഠനം തുടങ്ങുന്നതിനു മുമ്പായി തലേദിവസം വായിച്ച പാഠങ്ങൾ ഓർമിക്കാൻ ശ്രമിക്കുകയും വിട്ടുപോവുന്ന ഭാഗങ്ങൾ പുസ്തകംനോക്കി പൂരിപ്പിക്കുകയുംവേണം.
വായിച്ചിട്ട് തലയിൽ കയറുന്നില്ലെങ്കിൽ പിന്നെ വഴി ഒന്നേയുള്ളൂ... എഴുതിപ്പഠിക്കുക.
മറവിയാണോ വില്ലൻ?
മസ്തിഷ്കം ഒരു മഹാ കംപ്യൂട്ടറാണ്. കംപ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ മൂന്നാണ്. വിവരങ്ങൾ സ്വീകരിക്കുന്ന ഇൻപുട്ട്, ലഭിച്ച വിവരങ്ങൾ പാകപ്പെടുത്തി സൂക്ഷിക്കുന്ന ആന്തര യൂണിറ്റ്, വിശദാംശങ്ങൾ ആവശ്യാനുസരണം പുറത്തേക്കു തരുന്ന ഔട്‌പുട്ട്. മനുഷ്യശരീരത്തിൽ പഞ്ചേന്ദ്രിയങ്ങളാണ് ഇൻപുട്ട് ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലെത്തുന്ന പല കോടി വിവരങ്ങളിൽ ആവശ്യമുള്ളവമാത്രം തിരഞ്ഞെടുത്തു പരസ്പരം കോർത്തിണക്കി, ഭാവിയിലെ ഉപയോഗത്തിനായി മസ്തിഷ്കം സൂക്ഷിക്കുന്നത്.
മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളിൽ ഏതിനെ ബാധിക്കുന്ന തകരാറും പുറത്തുവരുന്നത് ഓർമക്കുറവിന്റെ രൂപത്തിലാണ്. വേണ്ടവണ്ണം കാര്യങ്ങൾ സ്വീകരിക്കാതിരിക്കുക, സ്വീകരിച്ചവ പാകപ്പെടുത്തി സൂക്ഷിക്കാതിരിക്കുക, ആവശ്യപ്പെടുമ്പോൾ വിവരങ്ങൾ പുറത്തേക്കു തരാതിരിക്കുക, ഇവയെല്ലാം പൊതുവായിപ്പറഞ്ഞാൽ മറവി തന്നെ. ഭൂരിഭാഗം കുട്ടികളും പരാതിപ്പെടുന്ന മറവിയുടെ യഥാർഥകാരണം, നിരീക്ഷണത്തിലും പഠനത്തിലും വരുത്തുന്ന പാകപ്പിഴകളാണ്. ഏതുകാര്യവും ഓർമയിൽ നിൽക്കാൻ ആദ്യംവേണ്ടത് ശ്രദ്ധയും താത്‌പര്യവുമാണ്. വിഷയത്തിന്റെ ആകർഷണീയത ശ്രദ്ധയെയും പഠനത്തെയും ഏറെ സ്വാധീനിക്കുന്നു.
Post a Comment