വിവാദങ്ങൾ വിട്ടൊഴിയാത്ത, ന്യൂട്ടന്റെ ആപ്പിൾ പോലെ നേട്ടങ്ങൾ ഞെട്ടറ്റുവീണ ആയിരക്കണക്കിന് ശാസ്ത്രസാങ്കേതിക റീലുകളാണ് 2023 ഒറ്റ ക്ലിക്കിൽ ട്വിൽറ്റ് ഡൗൺ ആക്കുന്നത്. ഈ കണ്ടുപിടിത്തങ്ങളും കുതിപ്പുകളും വികസനങ്ങൾക്ക് ചവിട്ടുപടിയാകുമെങ്കിലും പുതുവർഷത്തിൽ പുതിയ കണ്ടുപിടിത്തങ്ങളാണ് വിരൽത്തുമ്പിലെത്തുക. ട്വിറ്റർ ഏറ്റെടുത്ത് ട്വീറ്റിൽ നിറയുന്ന മസ്ക്, വിരൽഞൊടിക്കുന്ന വേഗം കൈയിലെത്തിക്കുന്ന 5ജി, പ്രതീക്ഷ മങ്ങിയ മെറ്റാവേഴ്സ് എന്ന അദ്ഭുതപ്രപഞ്ചം എന്നിവ 2022ലെ വർത്തമാനങ്ങളായിരുന്നു
പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകൾ
ആദിമ പ്രപഞ്ചത്തെപറ്റി പഠിക്കാൻ 2021 ഡിസംബർ 25ന് വിക്ഷേപിക്കപ്പെട്ട ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പ് 2022ൽ പുറത്തുവിട്ട ചിത്രങ്ങൾ കൗതുകമായി. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ജെയിംസ് വെബ്. നിയർ ഇൻഫ്രാറെഡ് തരംഗങ്ങളുപയോഗിച്ചാണ് പഠനം. 2022 ജൂലൈയിലാണ് ജെയിംസ് വെബിൽ നിന്നുള്ള ആദ്യത്തെ ചിത്രങ്ങൾ പുറത്തുവിട്ടത്. കാരിന നെബുല, സതേൺ റിങ് നെബുല, സ്റ്റീഫൻസ് ക്വിന്റെറ്റ് എന്നിവയുടെ വിസ്മയ ചിത്രങ്ങളാണ് പുറത്തുവന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രങ്ങൾ പകർത്താനും കഴിഞ്ഞു.
ശോഭയേറിയ വൂൾഫ്-റായെറ്റ് 140 നക്ഷത്രങ്ങളുടെ ചിത്രങ്ങൾ, നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ മനോഹാരിത എന്നിവ പകർത്താനും കഴിഞ്ഞു. പ്രപഞ്ചത്തിൽ ആദ്യം രൂപപ്പെട്ട ഗാലക്സികളെക്കുറിച്ച പഠനത്തിലും നിർണായക സംഭാവനകളാണ് ജെയിംസ് വെബ് നൽകുന്നത്.
നാസ വീണ്ടും ചന്ദ്രനിലേക്ക്
അരനൂറ്റാണ്ടിനുശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ഒരുങ്ങുകയാണ് നാസ. ആർട്ടെമിസ് ചാന്ദ്രദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണവും 2022ൽ ലോകം സാക്ഷിയായി. നവംബര്‍ 16 ന് ഉച്ചക്ക് 12.17ന് േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു ആര്‍ട്ടെമിസ്-1 വിക്ഷേപണം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയാറാക്കിയ ഓറിയോൺ പേടകവുമായി ചന്ദ്രനിലേക്ക് കുതിച്ചത്. നേരത്തേ എൻജിന് തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെച്ചിരുന്നു.
2024ൽ ആർട്ടെമിസ് 2 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. 2025ൽ ആർട്ടെമിസ് 3 യിലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ വീണ്ടും മനുഷ്യന്റെ കാൽപ്പാടുകൾ പതിയും. 2030 കാലയളവിൽ നാസ പ്ലാൻ ചെയ്യുന്ന ചൊവ്വ ദൗത്യത്തിനുള്ള മുന്നൊരുക്കം കൂടിയാണിത്. ചന്ദ്രനിൽ ബേസ് ക്യാമ്പും ഭ്രമണപഥത്തിൽ ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവും സ്ഥാപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചൊവ്വദൗത്യം ഈ നിലയങ്ങൾ കേന്ദ്രീകരിച്ചാകും നടക്കുക.
5ജി വേഗത്തിലേക്ക് ഇന്ത്യയും കേരളവും
വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക രംഗങ്ങളിൽ കുതിപ്പിന് തുടക്കമിടുന്ന അതിവേഗ ഇന്റർനെറ്റ് സൗകര്യവുമായി ഒക്ടോബർ ഒന്നിന് രാജ്യത്ത് 5ജി ലഭ്യമായി. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിലാണ് എത്തിയത്. എന്നാൽ, നവംബർ അവസാനമായപ്പോൾ 50 നഗരങ്ങളിലേക്ക് വ്യാപിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും 5ജി എത്തി. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ മേഖലകളിലും 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 ഡിസംബറിനുള്ളിൽ ട്രൂ 5ജി നെറ്റ് വർക്ക് ഇന്ത്യയിലെല്ലായിടത്തും ലഭ്യമാകുമെന്ന് റിലയൻസ് ജിയോയും 2024 മാർച്ചിനുള്ളിൽ ഇന്ത്യ 5ജി നെറ്റ് വർക്ക് പൂർത്തിയാക്കുമെന്ന് എയർടെലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഴു ദിവസം നീണ്ട 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാറിന് 1.5 ലക്ഷം കോടി രൂപ വരുമാനമാണ് ലഭിച്ചത്. 88,078 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയത് റിലയൻസ് ജിയോ ആണ്. വിൽപനക്കുെവച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും വിറ്റുപോയി. ടെലികോം രംഗത്തേക്ക് ചെറിയ ചുവടുവെപ്പു നടത്തിയ അദാനി ഗ്രൂപ് 212 കോടി രൂപയുടെ ഹൈബാൻഡ് (26 ഗിഗാഹെർട്സ്) സ്പെക്ട്രമാണ് വാങ്ങിയത്. 700 മെഗാഹെർട്സ് (ലോ ബാൻഡ്), 3.5 ജിഗാഹെർട്സ് (മിഡ് ബാൻഡ്), 26 ഗിഗാഹെർട്സ് (ഹൈ ബാൻഡ്) എന്നിവയാണ് 5ജി ബാൻഡുകൾ.
മസ്കിന്റെ പുകിലായ ഏറ്റെടുക്കൽ
ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല ഉടമയുമായ ഇലോൺ മസ്ക് 2022 ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതോടെ വിവാദങ്ങളുടെ കുത്തൊഴുക്കായി. ലോകം കാത്തിരുന്ന ഏറ്റെടുക്കലിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ, ലീഗൽ മേധാവി ജയ ഗാഡ, ഫിനാൻഷ്യൽ ഓഫിസർ നെഡ് സെഗൽ എന്നിവർ പുറത്താക്കി. 4400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഏപ്രിൽ നാലിനാണ് മസ്ക് തുടക്കം കുറിച്ചത്. എന്നാല്‍, പല കാരണങ്ങളാല്‍ കരാറില്‍നിന്ന് പിന്തിരിയേണ്ടി വന്നു. പിന്നീടാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. മസ്ക് ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതോടെ കമ്പനിയിൽ വിവാദങ്ങൾ ഒഴിഞ്ഞ നേരമില്ല. സി.ഇ.ഒ ആയി ചുമതലയേറ്റ ഉടൻ 7500 ജീവനക്കാരെയും പിരിച്ചുവിട്ടു. ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ (1,647 ഇന്ത്യൻ രൂപ) ഈടാക്കാനുള്ള തീരുമാനം കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. കഠിനമായി ജോലിചെയ്യണമെന്നും കൂടുതൽ സമയം ജോലിചെയ്യണമെന്നും മസ്ക് ആഹ്വാനം ചെയ്തതിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജിയുണ്ടായി. ജോലിയെടുത്തു മടുക്കുന്നവര്‍ക്ക് കഴിയാനായി ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്കോയിലുള്ള ഹെഡ്ക്വാട്ടേഴ്സിലെ കോണ്‍ഫറന്‍സ് ഹോളുകളെല്ലാം ചെറിയ ബെഡ് റൂമുകളാക്കി മാറ്റിയതായും റിപ്പോർട്ട് പുറത്തുവന്നു. കൂടാതെ, മസ്കിനെതിരെ വിമർശനം ഉന്നയിച്ച സി.എൻ.എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയവയിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകൾ അകാരണമായി റദ്ദാക്കി. അഭിപ്രായ സർവേയിലൂടെ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും തിരികെ വന്നില്ല. ഇതിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ തന്നെ തുടർന്നു.
ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞതും ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണതും മസ്കിന് തിരിച്ചടിയായി. അവസാനം ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനത്ത് തുടരണമോയെന്ന അഭിപ്രായ സർവേയിൽ അമ്പേ പരാജയപ്പെടുകയും ചെയ്തു.
ക്രിപ്റ്റോ കറൻസി ഇടിവ്, എഫ്.ടി.എക്സ് അഴിമതി
ഡിജിറ്റൽ പണമായ ക്രിപ്റ്റോ കറൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്. ബിറ്റ് കോയിന് അടക്കം മിക്ക ക്രിപ്റ്റോ കറൻസികളുടെയും മൂല്യം ഇടിഞ്ഞത് നിക്ഷേപകരെ ഞെട്ടിച്ചു. ക്രിപ്റ്റോ വിന്റർ പ്രതിഭാസമെന്ന് വിശേഷിപ്പിക്കുന്ന കടുത്ത വിൽപന സമ്മർദമാണ് നേരിട്ടത്. ബിറ്റ് കോയിൻ, എഥേറിയം, ടെറാ യുഎസ്ഡി, ടെറാ ലുണ, ഷിബ ഇനു എന്നീ ഡിജിറ്റല്‍ കറന്‍സികളെല്ലാം കൂപ്പുകുത്തി. ലോകമാസകലം ക്രിപ്റ്റോ നിക്ഷേപങ്ങളോട് താൽപര്യം കുറഞ്ഞു. ക്രിപ്റ്റോ മേഖലയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനും തുടങ്ങി. ബാങ്ക് പോലെ ക്രിപ്റ്റോകൾക്ക് പലിശ വാഗ്ദാനം ചെയ്തിരുന്ന സെൽഷ്യസ് നെറ്റ്വർക്കിന്റെ തകർച്ചക്കും 2022 സാക്ഷ്യം വഹിച്ചു. ഡിജിറ്റല്‍ കറന്‍സികള്‍ വിനിമയം നടത്തിയിരുന്ന ഈ മേഖലയിലെ ലോകത്തെ രണ്ടാമത്തെ വലിയ സ്ഥാപനമായ എഫ്.ടി.എക്സ് നവംബറിൽ തകർന്നടിഞ്ഞു. ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും ക്രയവിക്രിയവുമായിരുന്നു എഫ്.ടി.എക്സിന്റെ പ്രധാന ജോലി. 2019 ലാണ് ഗൂഗിൾ ജീവനക്കാരനായിരുന്ന ഗ്യാരി വാങ്ങുമായി ചേര്‍ന്ന് സാം ബാങ്ക്മാൻ ഫ്രൈഡ് ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപനമായ എഫ്.ടി.എക്സ് തുടങ്ങുന്നത്. ഡിസംബർ 12ന് യു.എസ് സർക്കാറിന്റെ അഭ്യർഥനപ്രകാരം പാപ്പരായ എഫ്.ടി.എക്സിന്റെ സ്ഥാപകനും സി.ഇ.ഒയുമായിരുന്ന സാം ബാങ്ക്മാൻ ഫ്രൈഡിനെ അറസ്റ്റ് ചെയ്തു. എഫ്.ടി.എക്സിലെ നിക്ഷേപങ്ങള്‍ സാം ബാങ്ക്മാന് ഫ്രൈഡിന്റെ തന്നെ ഉടമസ്ഥതയിലുള്ള അലമീഡ റിസര്‍ച്ച് എന്ന സ്ഥാപനത്തിലേക്ക് വകമാറ്റിയതാണ് തകര്‍ച്ചക്ക് പ്രധാന കാരണം. സി.ഇ.ഒ സ്ഥാനത്തുനിന്ന് രാജിയും വെച്ചു. സാമ്പത്തിക ഞെരുക്ക റിപ്പോര്‍ട്ടിനെതുടർന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തി. വായ്പ ശ്രമങ്ങൾ ഫലം കണ്ടുമില്ല. ഇതോടെ പാപ്പരാക്കാൻ കമ്പനി നവംബർ 11ന് ഹരജി നൽകി.
അണുസംയോജനം വഴി ഊർജ ഉൽപാദനം
ന്യൂക്ലിയർ ഫ്യൂഷൻ അഥവാ അണുസംയോജനം വഴി കൂടുതൽ സമയം ഊർജം ഉൽപാദിപ്പിക്കാനുള്ള യു.എസ് ഭൗതിക ശാസ്ത്രജ്ഞരുടെ പരീക്ഷണത്തിൽ നേട്ടം.
കാലിഫോർണിയയിലെ ലോറൻസ് ലിവർ മോർ നാഷനൽ ലബോറട്ടറിയിലാണ് (എൽ.എൽ.എൻ.എൽ.) ഊർജസാങ്കേതികവിദ്യയിൽ നാഴികക്കല്ലാകുന്ന പരീക്ഷണം നടന്നത്.
നിലവിലെ ആണവ റിയാക്ടറുകളിൽ ഊർജം ഉൽപാദിപ്പിക്കുന്നത് ന്യൂക്ലിയർ ഫിഷൻ (അണുവിഘടനം) പ്രക്രിയയിലൂടെയാണ്. ഒരു അണുവിനെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്ന രീതിയാണിത്. അതേസമയം, സൂര്യനിൽ ഉർജോൽപാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഒന്നിലേറെ അണുകേന്ദ്രങ്ങൾ കൂടിച്ചേരുന്ന ഈ പ്രക്രിയയിലും വൻതോതിൽ ഊർജം സ്വതന്ത്രമാകും.
ഐഫോൺ 14
സെപ്റ്റംബർ 7ന് ആപ്പിൾ ഐഫോൺ 14 പരമ്പരയെത്തി. ഐഫോൺ 11 നിർത്തലാക്കുകയും ചെയ്തു. ആപ്പിൾ ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 8, സെക്കൻഡ് ജനറേഷൻ എയർപോഡ്സ് പ്രോ എന്നിവയാണ് ആപ്പിൾ ഇതിനൊപ്പം അവതരിപ്പിച്ചത്.
വൺ പ്ലസിന്റെ സ്ഥാപകരിൽ ഒരാളായ കാൾ പീയുടെ നേതൃത്വത്തിലുള്ള നത്തിങ് ഫോൺ ഒന്ന് സ്മാർട്ട്ഫോൺ ജൂലൈയിൽ വിപണിയിലെത്തി. സുതാര്യമായ പുറംഭാഗമാണ് പ്രത്യേകത.
എസ്.എം.എസിന് 30
ഷോർട്ട് മെസേജിങ് സർവിസിന് (എസ്. എം.എസ്.) 2022 ൽ 30 വയസ്സ് തികഞ്ഞു. 1992 ഡിസംബർ മൂന്നിനായിരുന്നു ആദ്യ ടെക്സ്റ്റ് മെസേജ്. ബ്രിട്ടനിലെ വൊഡാഫോൺ എൻജിനീയറായിരുന്ന നീൽ പാപ്വർത്ത് ആണ് ‘മെറി ക്രിസ്മസ്’ എന്ന ആദ്യ സന്ദേശം അയച്ചത്.
നീളമുള്ള ജീവി
ലോകത്തെ ഏറ്റവും നീളമുള്ളതെന്ന് കരുതുന്ന ജീവിയെ പടിഞ്ഞാറൻ ആസ്ട്രേലിയയിലെ കടലിനടിയിൽ ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമുദ്രപഠനത്തിനിടെ കണ്ടെത്തി. നീലത്തിമിംഗലത്തേക്കാൾ നീളമുണ്ട്. സിഫോണോഫോർ എന്ന കടൽ ജീവി വിഭാഗത്തിൽപ്പെടുന്ന ഇവക്ക് 45 മീറ്റർ നീളമുണ്ട്.
അർബുദചികിത്സയിൽ ആദ്യമായി ബേസ് എഡിറ്റിങ്
ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ ബെയ്സ് എഡിറ്റിങ് എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ ആദ്യമായി അലീസ എന്ന 13 കാരിയുടെ അർബുദരോഗം പൂർണമായും സുഖപ്പെടുത്തി. ജനിതകഘടനയിൽ മാറ്റംവരുത്തിയ രക്തകോശങ്ങൾ അർബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും രോഗിയെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണിത്.
ആസാദി സാറ്റ് പരാജയം
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷത ഭാഗമായി രാജ്യത്തെ 75 സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികൾ ചേർന്ന് രൂപകൽപന ചെയ്ത ഉപഗ്രഹമായ ആസാദി സാറ്റ് വിക്ഷേപണം പരാജയം. ആഗസ്റ്റ് ഏഴിന് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കളിന്റെ (എസ്.എസ്.എൽ.വി) പ്രഥമദൗത്യത്തിലാണ് ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചത്.
വാക്സിൻ നേട്ടങ്ങൾ
അഞ്ചു വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനായി 2022 ഏപ്രിലിൽ ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്സിനാണ് കോർബെ വാക്സ്. അമേരിക്കയിൽ വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നൽകാവുന്ന ആദ്യത്തെ കോവിഡ് വാക്സിനാണ് ഇൻകോവാക് (iNCOVACC). ഭാരത് ബയോടെക്കാണ് ഇത് വികസിപ്പിച്ചത്.
ഗർഭാശയഗള കാൻസറിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ വാക്സിനാണ് സെർവാവക് (CERVAVAC). പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് പിന്നിൽ.
നീളമേറിയ ചരക്ക് ട്രെയിൻ
3.5 കിലോമീറ്ററുള്ള ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിൻ സൂപ്പർ വാസുകി ആഗസ്റ്റ് 15ന് പരീക്ഷണ ഓട്ടം നടത്തി. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിനുകീഴിലാണ് ഈ ചരക്കുവണ്ടി ഓടുന്നത്. 295 വാഗണുകളുണ്ടായിരുന്നു പരീക്ഷണ ഓട്ടത്തിൽ.
വലിയ റബ്ബർ ഡാം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം സെപ്റ്റംബറിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. റൂർക്കി, ആസ്ട്രേലിയയിലെ റുബിന കമ്പനി, നാഗാർജുന ബിൽഡിങ് കമ്പനി എന്നിവ ചേർന്ന് ഗയയിൽ ഫാൽഗുന ദിക്കുകുറുകേ നിർമിച്ച അണക്കെട്ടിന്റെ പേര് ഗയാജി ഡാം.
ഇന്ത്യൻ മരുന്ന് കമ്പനി വിവാദത്തിൽ
ചുമസിറപ്പ് കഴിച്ച് ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 69 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ മരുന്നുനിർമാണക്കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ പ്രവർത്തനങ്ങളും ഇന്ത്യൻ സർക്കാർ നിർത്തിവെപ്പിച്ചു. യു.എൻ ഹെൽത്ത് ഏജൻസി നടത്തിയ പരിശോധനയിൽ മെയ്ഡൻ ഫാർമയുടെ നാലിനം സിറപ്പുകളിൽ വൃക്കകളെ തകരാറിലാക്കുന്ന വസ്തുക്കൾ കണ്ടെത്തി.
ചന്ദ്രനിൽ പുതിയ ധാതു
ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാങ് 5 ചന്ദ്രോപരിതലത്തിൽ ഫോസ്ഫേറ്റ് കുടുംബത്തിൽ പെട്ട പുതിയ ധാതു സെപ്റ്റംബറിൽ കണ്ടെത്തി. ചാങ്ങ സൈറ്റ് (വൈ) എന്നാണ് പേര്. ചാങ് 5 ദൗത്യത്തിലൂടെ ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന സാമ്പിളുകളിലാണ് ചൈനീസ് ശാസ്ത്രജ്ഞർ പുതിയ ധാതു കണ്ടെത്തിയത്. 2020 ഡിസംബർ 17ന് ചന്ദ്രനിൽ നിന്ന് രണ്ടു കിലോഗ്രാം സാമ്പിളുകളാണ് ഭൂമിയിലെത്തിച്ചത്. പുതിയ ധാതു, മനുഷ്യരാശി ചന്ദ്രനിൽ കണ്ടെത്തിയ ആറാമത്തെ ധാതുവും ചന്ദ്രനിൽ ചൈന കണ്ടെത്തിയ ആദ്യത്തെ പുതിയ ധാതുവുമാണ്. ഇത് യു.എസിനും റഷ്യക്കുശേഷം ചന്ദ്രധാതു കണ്ടെത്തിയ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന.
ആഘാതമായി ഉഷ്ണതരംഗം
2022 ജൂൺ മുതൽ സെപ്റ്റംബർവരെ നീണ്ടുനിന്ന ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 26000ത്തിലധികം ജീവൻ കവരുകയും 1900 കോടി ഡോളറിന്റെ നാശനഷ്ടവും ഉണ്ടാക്കി. റൈൻ ഉൾപ്പെടെ പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമാംവിധം കുറഞ്ഞു. ഫ്രാൻസ്, ജർമനി, സ്പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ എന്നിവയാണ് ദുരിതമനുഭവിച്ചത്. ഏറ്റവുമധികം പേർ മരിച്ചത് ഫ്രാൻസിലാണ്. യൂറോപ്പിലാകെ കാട്ടുതീക്കും ഇടയാക്കി. പോർച്ചുഗലിലെ പിൻഗാവോയിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.
ആദ്യ വാണിജ്യ ചാന്ദ്രപേടകം, റാഷിദ് റോവർ
ചന്ദ്രനിലേക്ക് ലോകത്തെ ആദ്യത്തെ വാണിജ്യ ബഹിരാകാശപേടകം വിക്ഷേപിച്ച് ജപ്പാനിലെ ബഹിരാകാശ സ്റ്റാർട്ടപ്പ് സംരംഭ മായ ഐ സ്പേസ്. ‘ഹകുടോ ആർ’ എന്നാണ് പേടകത്തിന്റെ പേര്. അമേരിക്കൻ ബഹിരാകാശകമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കാനവറൽ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് ഡിസംബർ 11നാണ് വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് 16 ലക്ഷം കിലോമീറ്റർ സഞ്ചരി ച്ച് ഏപ്രിൽ അവസാനത്തോടെ പേടകം ചാന്ദ്രപാതയിലേക്ക് കടക്കും. ഇതിനൊപ്പം അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ യു.എ.ഇ വിജയകരമായി വിക്ഷേപിച്ചു.
വാരോ മൈറ്റ്
2022ന്റെ മധ്യത്തോടെ ആസ്ട്രേലിയയിൽ പടർന്നു പിടിച്ചു തേനീച്ച രോഗമായ വാരോ മൈറ്റ് (Varroa mite). ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ചെറിയ കീടങ്ങളാണിത്. രോഗപ്പകർച്ച തടയാനായി ദശലക്ഷക്കണക്കിന് തേനീച്ചകളെയാണ് കൊന്നൊടുക്കിയത്.
എൽ.വി.എം 3
36 വൺ വെബ് ബ്രോഡ്ബാൻഡ് കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് 2022 ഒക്ടോബർ 23നു സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് എൽ.വി.എം-3 റോക്കറ്റ് വിക്ഷേപിച്ചു.
ഒറ്റയടിക്ക് 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണരംഗത്ത് ഇതോടെ ഇന്ത്യ ചുവടുറപ്പിച്ചു. 2023 ജനുവരിയിൽ മറ്റ് 36 ഉപഗ്രഹങ്ങളും എൽ.വി.എം-3 റോക്കറ്റിൽനിന്നു വിക്ഷേപിക്കും. ഐ.എസ്.ആർ.ഒ ജി.എസ്എൽ.വി മാർക്ക് 3യെ എൽ.വി.എം 3 അഥവാ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു. ഭൂമിയോടടുത്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെത്തിക്കാനുള്ള റോക്കറ്റിന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) എന്നും ഭൂസ്ഥിര ഭ്രമണപഥങ്ങളിലെത്തിക്കാനുള്ളതിന് ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) എന്നിങ്ങനെയുമാണ് നേരത്തേ പേര് നൽകിയിരുന്നത്. ഇനി എൽ.വി.എം 3 മാത്രമായിരിക്കും.
ഛിന്നഗ്രഹത്തിന്റെ വഴിമാറ്റി ഡാർട്ട്
സെപ്റ്റംബർ 27ന് 11.3 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹത്തിൽ ഡാർട്ട് (DART-Double Asteroid Redirection Test) എന്ന പേടകം ഇടിച്ചിറക്കി. മണിക്കൂറിൽ 22,500 കിമീ വേഗത്തിൽ ഭൂമിയിൽ നിന്ന് 68 ലക്ഷം മൈൽ അകലെയുള്ള ഡിഡിമോസ് ഇരട്ടഛിന്നഗ്രഹത്തിലെ ചെറിയ ഡിമോർഫോസിലാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി കൂട്ടിയിടി സാധിച്ചെന്ന് നാസ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പ്രതീക്ഷിച്ച ഡൈമോര്‍ഫസിനെ അതിന്റെ സ്വാഭാവിക സഞ്ചാരപഥത്തില്‍ നിന്നും വേഗം കൂടിയ ഭ്രമണ പഥത്തിലേക്ക് നീക്കാന്‍ സാധിച്ചതായി നാസ വ്യക്തമാക്കി. ഒരു ബഹിരാകാശ വസ്തുവിന്റെ സഞ്ചാര പാതയില്‍ മനുഷ്യര്‍ മാറ്റം വരുത്തുന്നത് ഇത് ആദ്യമായാണ്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതക്ക് വ്യതിയാനം വരുത്തി ഭാവിയിൽ ഭൂമിക്കുള്ള ഭീഷണികളിൽനിന്ന് രക്ഷനേടുകയാണ് ലക്ഷ്യം. 325 ദശലക്ഷം ഡോളറാണു പദ്ധതിച്ചെലവ്.
പ്രോക്സിമയുടെ മുന്നാമത്തെ ഗ്രഹം
ഫെബ്രുവരിയിൽ സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റൗറിയുടെ മൂന്നാമത്തെ നക്ഷത്രം കണ്ടെത്തി. പ്രോക്സിമ ഡി എന്നു പേരിട്ട ഈ ഗ്രഹം അഞ്ചു ദിവസംകൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്നു. ഭൂമിയുടെ നാലിലൊന്ന് പിണ്ഡം മാത്രമുള്ള പുതിയ ഗ്രഹം ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ െവച്ച് ഏറ്റവും ഭാരം കുറഞ്ഞ എക്സോപ്ലാനറ്റുകളിൽ ഒന്നാണ്. 2016ൽ ആദ്യം കണ്ടെത്തിയ ഗ്രഹത്തിന് പ്രോക്സിമ ബി എന്നാണ് പേര്. ഭൂമിയുടേതിനു സമാനമായ പിണ്ഡമുള്ള ഗ്രഹമാണ് പ്രോക്സിമ- ബി. രണ്ടാമത്തേത്ത് പ്രോക്സിമ സി.
യൂറോപ്പിലെ ഏറ്റവും വലിയ ദിനോസർ
യൂറോപ്പിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സോറോപോഡ് (Sauropod) ദിനോസറിന്റെ ഫോസിൽ ആഗസ്റ്റിൽ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തി. 12 മീറ്റർ ഉയരവും 25 മീറ്റർ നീളവുമുള്ള ഇത് 150 കോടി വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നതാണ്. പോർച്ചുഗലിലെ ഉദ്യാനത്തിലാണ് ഫോസിലുകൾ കണ്ടെത്തിയത്.
പുതിയ സ്പീഷീസ്
ലണ്ടനിലെ ക്യു ഗാർഡനിൽ വളരുന്ന വലിയ ഇലകളുള്ള വിക്ടോറിയ ബൊളീവിയാന എന്ന പുതിയ ഇനം വാട്ടർലില്ലിയെ തിരിച്ചറിഞ്ഞു. വലിയ ഇലകളുള്ള ഇതിന് വിക്ടോറിയ എന്ന പേര് നൽകിയത് 1852 ലാണ്.
ഏറ്റവും വലിയ സസ്യം
ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ സസ്യം കണ്ടെത്തി. ആസ്ട്രേലിയയുടെ തീരപ്രദേശത്തിനടുത്ത് കടലിൽ വളരുന്ന പുല്ലിനമാണിത്. പോസിഡോണിയ (posidonia) എന്നാണ് പേര്. 180 ച.കിമീ വിസ്താരത്തിൽ വളർന്ന് പന്തലിച്ച ഇതിന് 500 ലധികം വർഷത്തെ പ്രായം കണക്കാക്കുന്നു.
പുതിയ ഇനം ആമ
ഗാലപ്പഗോസ് ദ്വീപുകളുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള സാൻ ക്രിസ്റ്റോബൽ ദ്വീപിൽ മാർച്ചിൽ ഭീമാകാരന്മാരായ പുതിയ ആമ ഇനത്തെ കണ്ടെത്തി.
ഡ്രാഗൺ ഓഫ് ഡത്ത്
86 കോടി വർഷം മുൻപു ജീവിച്ചിരുന്ന ഡ്രാഗൺ ഓഫ് ഡത്ത് എന്ന ഭീമാകാരന്മാരായ പറക്കുന്ന (അസ്ഡാർക്കിഡ്സ് -Azhdarchids) ഉരഗത്തിന്റെ ഫോസിലുകൾ അർജന്റീനയിൽ ആൻഡിസ് പർവതനിരയിൽ മേയിൽ കണ്ടെത്തി. ഇതിന്റെ ചിറകു വിസ്താരം 30 മീറ്ററാണ്.
തലച്ചോർ പഠനത്തിനു പുതിയ അൽഗൊരിതം
മനുഷ്യ തലച്ചോറിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം പഠിക്കാൻ ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് അടിസ്ഥാനമാക്കിയ അൽഗൊരിതം ജൂണിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ വികസിപ്പിച്ചു.
ജീനോം എഡിറ്റിങ്
യുഎസിലെ ബാൾട്ടിമോറിലുള്ള മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ 2022ൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. മൃഗങ്ങളിൽനിന്നു ഹൃദയം സ്വീകരിക്കാനുള്ള ശ്രമങ്ങൾ അയയവങ്ങളെ മനുഷ്യശരീരം നിരാകരിക്കുന്നതുമൂലം പരാജയപ്പെടുകയായിരുന്നു. ഇതിനു കാരണമായ മൂന്ന് ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കിയും അവയവത്തെ ശരീരവുമായി ഇണക്കുന്ന ആറ് ജീനുകളെ ഉൾപ്പെടുത്തിയുമായിരുന്നു പരീക്ഷണം.
22 യുട്യൂബ് ചാനലുകൾക്കു വിലക്ക്
വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവെക്കാനും ശ്രമിച്ചുവെന്നതിന് 22 യൂട്യൂബ് ചാനലുകൾ, ഒരു വാർത്താ വെബ്സൈറ്റ്, 3 ട്വിറ്റർ അക്കൗണ്ട്, ഫെയ്സ്ബുക്ക് അക്കൗണ്ട് എന്നിവ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. 18 എണ്ണം ഇന്ത്യൻ യൂട്യൂബ് ചാനലുകളും 3 എണ്ണം പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതുമാണ്. 2021 ഫെബ്രുവരിയിൽ ഐ.ടി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തശേഷം ഇന്ത്യൻ യൂട്യൂബ് വാർത്താചാനലുകൾക്കെതിരെ നടപടി ഇതാദ്യം.
ഇന്ത്യൻ നേട്ടങ്ങൾ
മദ്രാസ് ഐ.ഐ.ടിയും സി-ഡാകും ചേർന്ന് ശക്തി, വേഗ മൈക്രോ ചിപ്പുകൾ ഏപ്രിലിൽ വികസിപ്പിച്ചു. മുഖാവരണം ധരിച്ചാലും വേഷ പ്രച്ഛന്നരായാലും ആളുകളെ തിരിച്ചറിയുന്ന സംവിധാനം. ഫെയ്സ്റെക്കഗ്നിഷൻ സിസ്റ്റം അണ്ടർ ഡിസ്ഗൈസ് (എഫ്.ആർ.സി.ഡി) ഡിആർഡിഒ വികസിപ്പിച്ചു. ഇന്ത്യയിൽ നിർമിച്ച ആദ്യ ഹൈഡ്രജൻ ബസ് പുണെയിൽ നിരത്തിലിറക്കി. ഐ.എസ്.ആർ.ഒ 2009 ഏപ്രിൽ 20ന് വിക്ഷേപിച്ച ചാര ഉപഗ്രഹം റിസാറ്റ്-2 പ്രവർത്തന കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നവംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് ഉപഗ്രഹം നിർമിച്ചു വിക്ഷേപിക്കുന്ന ഡിമാൻഡ് ഡിവൺ പദ്ധതിയിലെ ആദ്യ ഉപഗ്രഹമായ ജിസാറ്റ് 2 വിജയകരമായി വിക്ഷേപിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ നിർമാണത്തിലെ നിർണായക ഘട്ടമായ സുരക്ഷാ സംവിധാനം ലോ ആൾറ്റിറ്റ്യൂഡ് എസ്കേപ് മോട്ടർ ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു.
പി.എസ്.എൽ.വി സി 53 വിക്ഷേപണം വിജയം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി യുടെ പരിഷ്കരിച്ച പതിപ്പ് (പി.എസ്.എൽ.വി -സി-53) ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളെ പി.എസ്.എൽ.വി റോക്കറ്റ് നിശ്ചിത ഭ്രമണപഥത്തി ലെത്തിച്ചു. ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിനാണ് വിക്ഷേപണം.
മംഗൾയാൻ ദൗത്യം പൂർണം
ചൊവ്വ പര്യവേക്ഷണത്തിനായി ഇന്ത്യ ആദ്യമായി വിക്ഷേപിച്ച മംഗൾയാൻ ദൗത്യം പൂർത്തിയായതായി ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചു. ചൊവ്വാഗ്രഹത്തിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, ആണവ വികിരണങ്ങൾ എന്നിവ പഠിക്കാൻ 2013 നവംബർ 9ന് വിക്ഷേപിച്ച മംഗൾയാൻ 2014 സെപ്റ്റംബർ 24ന് ഭ്രമണപഥത്തിലെത്തി.
ചന്ദ്രനിൽ സോഡിയം ശേഖരം
ചന്ദ്രനെക്കുറിച്ചു പഠിക്കാൻ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ചന്ദ്രയാൻ 2 സ്പെയ്സ് ക്രാഫ്റ്റിലെ ക്ലാസ് (class) എന്ന എക്സ്റേ സ്പെക്ട്രോമീറ്റർ ഒക്ടോബറിൽ ചന്ദ്രോപരിതലത്തിൽ സോഡിയത്തിന്റെ വൻശേഖരമുള്ളതായി കണ്ടെത്തി.
പരാജയങ്ങൾ
1. മാർക്ക് സക്കർബർഗും ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയിലെ മെറ്റാവേഴ്സ് ടീമും അദ്ഭുതം നിറയുന്ന ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങൾ ഒന്നിക്കുന്ന മെറ്റാവേഴ്സ് കൺമുന്നിൽ കൊണ്ടുവരാൻ കഠിന പരിശ്രമത്തിലാണ്. ഗെയിമിങ്, വിനോദം, ഓൺലൈൻ സൗഹൃദം തുടങ്ങി ഇന്റര്‍നെറ്റിനെ പൂർണമായി ഉള്‍ക്കൊള്ളുന്ന വിർച്വൽ ലോകം യാഥാർഥ്യമാക്കുന്നതിൽ വിജയിക്കാനോ നേട്ടമുണ്ടാക്കാനോ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് ഫെയ്സ്ബുക്ക് എന്ന കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ് 2021ൽ പറഞ്ഞത്.
2. ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കവണ്ണം അധിക ഫീച്ചറുകളില്ലാത്ത ഐഫോൺ 14 പ്ലസിന്റെ നിർമാണം ആപ്പിളിന് നിർത്തിവെക്കേണ്ടി വന്നു.
3. ഡൗൺലോഡുകളോ ഇൻസ്റ്റാളുകളോ ആവശ്യമില്ലാതെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഗെയിമുകളിലേക്ക് കളിക്കാർക്ക് പ്രവേശനം നൽകുന്ന ഗൂഗിൾ സ്റ്റാഡിയക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഒടുവിൽ സേവനം ഗൂഗിൾ അവസാനിപ്പിച്ചു.
4. പറഞ്ഞാൽ കേൾക്കുന്ന സഹായിയായ അലക്സയുടെ വിശ്വാസ്യത തകർന്നു. വിവരം ചോർത്തൽ ആരോപണമാണ് തിരിച്ചടിയായത്. ആമസോണിന്റെ അലക്സ വോയ്സ് അസിസ്റ്റന്റ് പാട്ട് പ്ലേ ചെയ്യുക കാലാവസ്ഥ പറയുക തുടങ്ങിയവക്കായി ചുരുങ്ങിയത് ഈവർഷമാണ്. അലക്സ കാരണം ആമസോണിന് 1000 കോടി ഡോളർ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ആമസോണിന് സ്ട്രീം ചെയ്യുന്ന പാട്ടിനുള്ള റോയൽറ്റിയുടെ ഒരു ചെറിയ ശതമാനം മാത്രമേ ലഭിക്കൂ. കാലാവസ്ഥാ വിവരങ്ങൾ പറയുന്നതിലൂടെ പണം ലഭിക്കുന്നില്ല.
5. ഇന്ത്യ പുതിയതായി നിർമിച്ച ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്.എസ്.എൽ.വി) ആദ്യ ദൗത്യം ആഗസ്റ്റിൽ എസ്എസ്എൽവി ഡി-1 സാങ്കേതിക തകരാറിനെത്തുടർന്ന് പരാജയപ്പെട്ടു.
إرسال تعليق