അല്‍ഫാം പോലുള്ള ഗ്രിൽഡ് ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?

അല്‍ഫാം പോലുള്ള ഗ്രിൽഡ് ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?


ഇന്ന് നമ്മുടെ ഭക്ഷണ കാര്യത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നോണ്‍ വെജിറ്റേറിയന് പ്രാധാന്യമേകുന്ന ഭക്ഷണ രീതികളാണ് പലയിടത്തും. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഇന്ന് അറബി വിഭവങ്ങളോട് താല്‍പര്യമേറുന്നു. അല്‍ഫാം, തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍, ബാര്‍ബിക്യു തുടങ്ങിയവ ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. പ്രത്യേകിച്ചും വറുത്തതും മറ്റും നല്ലതല്ലെന്ന ചിന്ത വന്നപ്പോള്‍ തന്തൂരി, ഗ്രില്‍ഡ് പോലുള്ള മുകളില്‍ പറഞ്ഞവയ്ക്ക് ഡിമാന്റ് കൂടി. ആരോഗ്യത്തിന് ദോഷം വരില്ലല്ലോ എന്നു കരുതി നിയന്ത്രണമില്ലാതെ കഴിയ്ക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത്തരക്കാര്‍ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനം നാം കരുതുന്ന പോലെ ഇവ അത്ര ആരോഗ്യകരമല്ലെന്നത് തന്നെയാണ്.

നാം പൊതുവേ തീയില്‍ വേവിച്ചാണ് ഭക്ഷണം കഴിയ്ക്കുന്നത്. 150 ഡിഗ്രി ചൂടില്‍ താഴെ പാകം ചെയ്ത് കഴിയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ചൂടില്‍ പാകം ചെയ്താല്‍ ഇറച്ചികളില്‍ രണ്ടു തരം കെമിക്കലുകള്‍ രൂപം കൊള്ളുന്നു. പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍, എച്ച്‌സിഎ അഥവാ ഹൈഡ്രോസൈക്ലിക് അമേസ് എന്നിവയാണ് ഇവ. ഇത് കൂടുതല്‍ ചൂട് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. തന്തൂരി, ഗ്രില്‍ഡ്, ബാര്‍ബിക്യൂ പോലുള്ളവ കൂടുതല്‍ ചൂടിലുണ്ടാക്കുമ്പോള്‍ ഇത്തരം കെമിക്കലുകള്‍ വര്‍ദ്ധിയ്ക്കുന്നു. ഇത് വയറിന് പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. മലബന്ധം, പൈല്‍സ്, ദഹന പ്രശ്‌നം, അസിഡിറ്റി, അള്‍സര്‍ പോലുള്ളവയുണ്ടാക്കുന്നു. മാത്രമല്ല, കൂടുതല്‍ കഴിച്ചാല്‍, അല്ലെങ്കിൽ സ്ഥിരം കഴിച്ചാല്‍ ഇവ കുടലില്‍ പോളിപ്‌സ് പോലുള്ളവയുണ്ടാക്കുന്നു. ഇത് ക്യാന്‍സറിലേയ്ക്ക് വരെ നയിക്കാം.

ഇവ കഴിയ്ക്കാന്‍ പാടില്ലെന്നല്ല പറഞ്ഞു വരുന്നത്. ഇത് ആരോഗ്യകരമായി പാകം ചെയ്തിട്ട് വേണം കഴിക്കാൻ എന്നാണ്. അതായത് ആദ്യം ഇത് വെള്ളത്തിലിട്ട് വേവിച്ച ശേഷം മേല്‍പ്പറഞ്ഞ രീതിയില്‍ തന്തൂരി, ബാര്‍ബിക്യൂ രീതികള്‍ പരീക്ഷിയ്ക്കാം. ഇറച്ചി ശരിയായി വെള്ളത്തില്‍ വച്ച് വേവുന്നതിനാൽ കെമിക്കലുകള്‍ ഉണ്ടാകുന്നുമില്ല. സ്വാദ് അല്‍പം കുറയുമെങ്കിലും ഇത് ആരോഗ്യകരമാണ്. മാത്രമല്ല, നാം തന്തൂരി പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുമ്പോള്‍ ഒരു ഭാഗം മാത്രം കരിയാതെ എപ്പോഴും ഇറച്ചി മറിച്ചിട്ട് വേവിയ്ക്കുകയും വേണം. കൂടുതല്‍ ഒരു ഭാഗം ചൂടായി കറുത്ത നിറമാകുമ്പോള്‍ കൂടുതല്‍ കെമിക്കലുണ്ടാകുന്നു, അതായത് കൂടുതല്‍ മൊരിയുമ്പോള്‍.

ഇവ നാം കഴിയ്ക്കുമ്പോള്‍ കരിഞ്ഞ ഭാഗങ്ങള്‍ നീക്കിയ ശേഷം മാത്രം കഴിയ്ക്കുക. പ്രത്യേകിച്ചും കടകളില്‍ നിന്നും ഇത്തരത്തില്‍ വാങ്ങി കഴിയ്ക്കുമ്പോള്‍. മാത്രമല്ല, നാം ഇവ കഴിയ്ക്കുമ്പോള്‍ സാലഡുകള്‍ കൂടി കഴിയ്ക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ പോലുള്ളവ. നാരുകള്‍ അടങ്ങിയവ കൂടി കഴിയ്ക്കണം. ഇതിലെ കെമിക്കലുകള്‍ നാരുകള്‍ വലിച്ചെടുക്കുന്നു. മാത്രമല്ല, ഇവ ദഹന പ്രശ്‌നങ്ങളോ മലബന്ധമോ ഉണ്ടാക്കുകയുമില്ല. വയറിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്.

ഇവ കഴിയ്ക്കുമ്പോള്‍ നാം ധാരാളം വെള്ളം കുടിയ്ക്കണം. ഇത്തരം ഇറച്ചി ഗ്രില്‍ ചെയ്യുമ്പോള്‍ ഇതിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെടുന്നു. ഇത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇത് ടോക്‌സിനുകള്‍ നീക്കാനും കുടല്‍ ആരോഗ്യത്തിനും മെച്ചമാണ്. മാത്രമല്ല, പലരും മയോണൈസ് പോലുള്ളവ ഇത്തരം ഇറച്ചികളുടെ കൂടെ കഴിയ്ക്കുന്നതും സാധാരണയാണ്. മയോണൈസ് ആരോഗ്യകരമായ ഒന്നല്ല. കൊഴുപ്പും മറ്റുമെല്ലാം അടങ്ങിയ ഇത് ഈ രീതിയില്‍ തയ്യാറാക്കിയ ഇറച്ചിയ്‌ക്കൊപ്പമാകുമ്പോള്‍ കൂടുതല്‍ അപകടമാകുകയാണ് ചെയ്യുന്നത്.

അല്‍ഫാം പോലുള്ള ഇറച്ചി വിഭവങ്ങള്‍ കഴിക്കുമ്പോൾ ആരോഗ്യം കളയാതിരിയ്ക്കാന്‍ മുകളിൽ പറഞ്ഞ രീതിയിൽ കഴിയ്ക്കുന്നതാണ് നല്ലത്.

Post a Comment

أحدث أقدم