യഥാർത്ഥത്തിൽ കുഴിമന്തിയും ഷവര്‍മയും വില്ലന്മാരാണോ?



ഭക്ഷണത്തോട്, പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കുഴിമന്തി, ഷവര്‍മ തുടങ്ങിയ വിഭവങ്ങള്‍ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളായി മാറുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചുണ്ടാകുന്ന മരണമുള്‍പ്പെടെയുള്ള വാര്‍ത്തകളാണ് നമ്മുടെ ഉറക്കം കെടുത്തുന്നത്. ഇഷ്ട ഭക്ഷണം ആശങ്കയോടെ നോക്കിക്കാണേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അടുത്തടുത്തായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഈ ഭക്ഷണങ്ങള്‍ ഇതു പോലെ അപകടമാകുന്നത് തയ്യാറാക്കുന്ന, കഴിയ്ക്കുന്ന രീതികള്‍ കൊണ്ടു തന്നെയാണ് എന്നു വേണം പറയുവാന്‍.

ഇവ തയ്യാറാക്കുമ്പോള്‍ വരുന്നതാണ് അടുത്ത പാകപ്പിഴ. ഇത്തരം അറേബ്യന്‍, ഗ്രില്‍ഡ് വിഭവങ്ങളെല്ലാം തന്നെ പാകപ്പെടുത്താന്‍ കൃത്യമായ ഊഷ്മാവുണ്ട്. ഈ ചൂടില്‍ വച്ചു വേണം, ഇവ പാകപ്പെടുത്താന്‍. വല്ലാതെ കൂടിയ ചൂടില്‍ പെട്ടെന്ന് തയ്യാറാക്കാന്‍ വേണ്ടി ഇവ പാകം ചെയ്യുമ്പോള്‍ പലപ്പോഴും പുറംഭാഗം മാത്രമാണ് ശരിയായി വേവുന്നത്. ഉള്‍ഭാഗം വേവുന്നില്ല. പഴക്കമുള്ള ഇറച്ചിയെങ്കില്‍ ഇത് നല്ലതു പോലെ വേവിച്ചാല്‍ തന്നെ ഒരു പരിധി വരെ അപകടം ഒഴിവാക്കാം. എന്നാല്‍ ഇതും പുറംഭാഗം മാത്രം വേവുന്ന രീതിയില്‍ വേവിച്ചെടുക്കുന്നതാണ് അപകടമാകുന്നത്.

നോണ്‍ വെജിന്റെ അപകടം എന്ന് പറയുന്നത്, നല്ല രീതിയില്‍ വേവിച്ചു കഴിച്ചില്ലെങ്കില്‍, പഴകിയതെങ്കില്‍ അണുബാധ സാധ്യതകള്‍ ഏറെയാണ് എന്നതാണ്. ലഭിയ്ക്കുന്നത് പഴകിയതാണോ എന്ന് മനസിലാക്കാനും പ്രയാസമാണ്. മാത്രമല്ല, ഇവയോരോന്നും സൂക്ഷിയ്ക്കുന്നതിന് നിശ്ചിത തണുപ്പും ആവശ്യമാണ്. നമ്മുടെ നാട്ടിലെ ചൂടുള്ള കാലാവസ്ഥയിലും ഫ്രിഡ്ജിന് ചിലവാകുന്ന പണത്തിന്റെ ലാഭം നോക്കിയും നോണ്‍ വെജ് വിഭവങ്ങള്‍ ശീതീകരിയ്ക്കാത്ത രീതിയില്‍ സൂക്ഷിച്ച് തയ്യാറാക്കുന്നതാണ് ഒരു അപകടം. ഇതില്‍ അണുക്കള്‍ വളരുന്നു. മരണത്തിലേയ്ക്ക് തന്നെ നയിക്കാവുന്ന പല രോഗങ്ങളിലേയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കുന്നു.

ഇവ തയ്യാറാക്കുമ്പോള്‍, പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ വൃത്തി പ്രധാനമാണ്. ഗ്രില്ലുകളും മറ്റും ഉപയോഗിയ്ക്കുമ്പോള്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയിലാണ് തയ്യാറാക്കുന്നത്. ആദ്യത്തെ പാകപ്പെടുത്തലില്‍ നിന്നും വീഴുന്ന കൊഴുപ്പും മറ്റും മാറ്റാതെ തന്നെ അടുത്തതും പാകം ചെയ്യുന്നു. ഇവ കൊഴുപ്പധികമാകാനും വൃത്തിയില്ലാത്തതിനാല്‍ തന്നെയും ആരോഗ്യത്തിന് ദോഷം വരുത്താനും കാരണമാകുന്നു. ഒരു ചിക്കന്‍ വിഭവം തയ്യാറാക്കുമ്പോള്‍ ഇതില്‍ നിന്നും വീഴുന്ന കൊഴുപ്പും മറ്റും നീക്കാതെ അടുത്ത വിഭവം തയ്യാറാക്കുന്നു. ഇവ ദിവസത്തിന്റെ അവസാനം നല്ലതു പോലെ വൃത്തിയാക്കാതെ അടുത്ത ദിവസം വീണ്ടും ഉപയോഗിയ്ക്കുന്നു. ഇതെല്ലാം അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

ഇവയ്‌ക്കൊപ്പം ലഭിയ്ക്കുന്ന മയോണൈസാണ് മറ്റൊരു വില്ലന്‍. പച്ചമുട്ട കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം വൃത്തിയായി തയ്യാറാക്കിയില്ലെങ്കില്‍, പഴകിയതെങ്കില്‍ ഭക്ഷ്യവിഷബാധ ഉറപ്പാണ്. കാരണം മുട്ടയില്‍ നിന്നും സാല്‍മൊണെല്ല അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. മയോണൈസ് തയ്യാറാക്കിയാല്‍ കൃത്യമായി സൂക്ഷിയ്ക്കണം. തയ്യാറാക്കുമ്പോള്‍ വൃത്തിയെന്നത് പ്രധാനമാണ്. മുട്ട നല്ലതു പോലെ കഴുകിയെടുത്ത് തികച്ചും വൃത്തിയോടെ പാകം ചെയ്യണം. ഇവ അന്നന്ന് തന്നെ തയ്യാറാക്കി ഉപയോഗിയ്‌ക്കേണ്ടതുമാണ്. എന്നാല്‍ പല ഹോട്ടലുകളും ഇത് കൂടുതല്‍ ദിവസത്തേക്കു കരുതുന്നത് ഇതിന്റെ ഗുണനിലവാരം കളയുന്നു. രോഗ കാരണവുമാകുന്നു. മുട്ടയില്ലാത്ത മയോണൈസ് അത്ര അപകടമല്ല. എന്നാല്‍ ഹോട്ടലുകളില്‍ പൊതുവേ മുട്ടയുള്ളതാണ് തയ്യാറാക്കുന്നത്.

ഇത്തരം വിഭവങ്ങള്‍ അല്ല ദോഷം. മറിച്ച് ഇവ സൂക്ഷിയ്ക്കുന്ന അല്ലെങ്കിൽ തയ്യാറാക്കുന്ന, കഴിയ്ക്കുന്ന രീതികളാണ് മിക്കപ്പോഴും ദോഷം ചെയ്യുന്നത്. ഇത് ശ്രദ്ധിച്ചാല്‍ ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യം കളയാതെ തന്നെ കഴിയ്ക്കാവുന്നതാണ്.

Post a Comment

Previous Post Next Post