യുവ എഴുത്തുകാരെ വാർത്തെടുക്കാനും അവരെ ഭാരതീയസാഹിത്യത്തിന്റെ അംബാസഡർമാരാക്കി മാറ്റാനും ലക്ഷ്യമിടുന്ന ‘യുവ 2.0: പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ മെൻററിങ് യങ് ഓഥേഴ്സ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അഭിപ്രായപ്രകടനം നടത്താൻ പ്രാപ്തിയുള്ള, അന്താരാഷ്ട്രവേദികളിൽ രാജ്യത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും അവതരിപ്പിക്കാൻ കഴിവുള്ള ഒരുകൂട്ടം ഗ്രന്ഥകാരൻമാരെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മത്സരപ്രമേയം
ദേശീയതലത്തിൽ mygov.in വഴി നടത്തുന്ന മത്സരത്തിൽ മൊത്തം 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. മെൻറർഷിപ്പ് പദ്ധതിയിലൂടെ ഒരു പുസ്തകമാക്കി രൂപപ്പെടുത്താവുന്ന 10,000 വാക്കുകളിൽ തയ്യാറാക്കിയ ഒരു കൈയെഴുത്തുപ്രതി സമർപ്പിക്കണം. ‘ജനാധിപത്യം’ (സ്ഥാപനങ്ങൾ, സംഭവങ്ങൾ, ആളുകൾ, ഭരണഘടനാ മൂല്യങ്ങൾ) എന്നതാണ് മത്സരപ്രമേയം. നോൺ-ഫിക്ഷൻ സാഹിത്യരൂപത്തിലാകണം. ഇംഗ്ലീഷിലോ, മലയാളമുൾപ്പെടെയുള്ള 22 ഭാഷകളിലൊന്നിലൊ ആകാം രചന. അപേക്ഷകരുടെ പ്രായം ഒക്ടോബർ രണ്ടിന് 30 വയസ്സ് കവിയരുത്.
സ്‌കോളർഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി.), രണ്ടാഴ്ച നീളുന്ന റൈറ്റേഴ്സ് ഓൺലൈൻ പ്രോഗ്രാം നടത്തും. വിവിധ ഭാഷകളിൽനിന്നുള്ള പ്രഗല്‌ഭരായ എഴുത്തുകാരുടെയും മെൻറർമാരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം.
സാഹിത്യോത്സവങ്ങൾ, ബുക്ക് ഫെയറുകൾ, വെർച്വൽ ബുക്ക് ഫെയറുകൾ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയ അന്താരാഷ്ട്ര പ്രോഗ്രാമുകളിൽ പങ്കെടുക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരങ്ങളും യുവഗ്രന്ഥകാരന്മാർക്ക് ലഭിക്കും.
മെൻററിങ് പദ്ധതി പൂർത്തീകരിക്കുമ്പോൾ പ്രതിമാസം 50,000 രൂപ നിരക്കിൽ ആറ് മാസത്തേക്ക് മൂന്നുലക്ഷംരൂപ സ്കോളർഷിപ്പായി അനുവദിക്കും.
ഇവരുടെ ഗ്രന്ഥങ്ങൾ എൻ.ബി.ടി. പ്രസിദ്ധീകരിക്കും. പുസ്തകത്തിന്റെ വിൽപ്പനയുടെ വരവിൽ 10 ശതമാനം റോയൽറ്റിയായി ഗ്രന്ഥകാരന് നൽകും. പുസ്തകങ്ങൾ മറ്റുഭാഷകളിലേക്കും തർജമ ചെയ്യപ്പെടാം. innovateindia.mygov.in/yuva വഴി നവംബർ 30 വരെ മത്സര എൻട്രികൾ നൽകാം.
إرسال تعليق