September 5 Teachers' Day | സെപ്തംബര്‍ 5 അധ്യാപകദിനം

September 5 Teachers' Day | സെപ്തംബര്‍ 5 അധ്യാപകദിനം


അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലല്ല, പുതിയ കുട്ടികളെ സൃഷ്ടിക്കലാണ്. പാഠപുസ്തകങ്ങൾ പഠിപ്പിച്ചുതീർക്കലല്ല, പാഠഭാഗത്തിലൊതുങ്ങാത്ത പാഠങ്ങൾ വിദ്യാർത്ഥിജീവിതത്തിലേക്ക് പകരലാണ് അധ്യാപനത്തിന്റെ ധർമ്മം. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ, അവരിൽ പുതിയ ചിന്തകൾ ഉണർത്താൻ, സ്വപ്‌നങ്ങൾ കാണാൻ അവരെ പ്രചോദിപ്പിക്കാൻ, വായനയുടെയും വരയുടെയും വഴിയിലേക്ക് അവരെ കൈപിടിക്കാൻ, നാളെകളെ ദീർഘദർശനം ചെയ്യാനുള്ള അകക്കണ്ണുള്ളവരായി കുട്ടികളെ മാറ്റിയെടുക്കാൻ... അവർക്കൊപ്പം നടക്കാനും ഓടാനും, കളിക്കാനും ചിരിക്കാനും മടിയില്ലാത്തവരാകണം  അധ്യാപകർ. കുട്ടികളോട് ചിരിക്കുന്നതും കഥപറയുന്നതും ഒരധ്യാപകന്റെ പോരായ്മായല്ല, മികവാണ്. കുട്ടികൾ അടിമകളല്ല, അദ്ധ്യാപകർ ഉടമകളുമല്ല. വിദ്യാർഥികൾ ഉത്പന്നങ്ങളല്ല, വിദ്യാലയം ഫാക്ടറിയുമല്ല. ഏറ്റവും മികച്ച ഉത്പന്നങ്ങൾ വിൽപ്പനക്ക് വെക്കുകയല്ല, ഏറ്റവും മോശം ഉൽപ്പന്നത്തെയും ഉപയോഗയോഗ്യമാക്കുകയാണ് (തീരെ കൊള്ളരുതാത്തവൻ എന്ന് കരുതുന്ന വിദ്യാർത്ഥിയെയും കൊള്ളുന്നവനാക്കിത്തീർക്കുകയാണ്) അധ്യാപകർ ചെയ്യേണ്ടത്.

വിദ്യാർത്ഥി നോട്ട്ബുക്കിൽ ചിത്രം വരച്ചിട്ടത് കാണുമ്പോൾ, 'നിനക്ക് കുത്തിവരാക്കാനുള്ളതാണോ പുസ്‌തകം' എന്നാക്രോശിക്കുന്ന ഒരാളല്ല, അത് വരച്ച കുട്ടിയുടെ തോളിൽ കയ്യിട്ട് 'ഇനിയും വരയ്ക്കണം, നിനക്ക് അതിനു കഴിയു'മെന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് എന്റെ മനസ്സിലെ അധ്യാപകൻ. ക്ലാസിലൊരു കുട്ടി മൂളിപ്പാട്ടുപാടുമ്പോൾ ഉറക്കെ പാടൂ എന്ന് പറഞ്ഞ് അവനെ/ അവളെ ചേർത്തുപിടിക്കുന്നയാളാണ് നല്ല അധ്യാപകൻ/അധ്യാപിക. 

കുട്ടികൾ ഉച്ചത്തിൽ സംസാരിച്ചതുകൊണ്ട്, ഒന്നുറക്കെ ചിരിച്ചതുകൊണ്ട് ഒരു സ്‌കൂളിന്റെയും മേൽക്കൂര ഇന്നോളം തകർന്നുവീണിട്ടില്ല. ഇരുട്ടിനെ മായ്ക്കുന്നയാളാണ് ഗുരു. മൗനം ഇരുട്ടാണ്, വാക്കാണ് വെളിച്ചം. വാക്കുകളിലേക്ക് അവരെ വഴിനടത്തുക; അത് വെളിച്ചത്തിലേക്കുള്ള വഴി കൂടിയാണെന്നോർക്കുക. അടുത്ത ക്ലാസിൽ സ്വസ്ഥമായി അധ്യാപനം നടത്താൻ ഇപ്പുറത്തെ ക്ലാസ്സിലെ കുട്ടികളെ വടി കാട്ടി പേടിപ്പിച്ച് അടക്കിനിർത്തുന്നതല്ല ഒരധ്യാപകന്റെ/ അധ്യാപികയുടെ മിടുക്ക്. അപ്പുറത്ത് ക്ലാസ് നടക്കുന്നുണ്ടല്ലോ, ഞങ്ങൾ പരമാവധി ഒച്ച താഴ്ത്തി സംസാരിക്കട്ടെ എന്ന് സ്വയം നിയന്ത്രിക്കുന്ന കുട്ടികളെ രൂപപ്പെടുത്തുന്നതിലാണ് അധ്യാപകർ വിജയിക്കേണ്ടത്. അതാണ് നടേ പറഞ്ഞത്; അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലല്ല, സൃഷ്ടിക്കലാണ് എന്ന്.. മൗനം പോലും ഒച്ചയാകുന്ന ചില നേരങ്ങളുണ്ട്. സംഗീതാത്മകവും സർഗാത്മകവുമായ ഒരു ജീവിതം നമ്മൾ ജീവിച്ചുതുടങ്ങുമ്പോൾ മാത്രം അനുഭവിക്കാവുന്ന അനുഭൂതിയാണത്. അങ്ങനെയൊരു തലമുറയുടെ സൃഷ്ടിപ്പ് സാധ്യമാക്കാൻ അധ്യാപകർക്കേ സാധിക്കൂ... അതിനു കഴിയുന്ന ഒരധ്യാപകനെങ്കിലും ഒരിടത്തുണ്ടെങ്കിൽ, ബെല്ലടിച്ചാലും കുട്ടികൾ ആ സ്കൂൾവിട്ടുപോകാൻ മടിക്കും.! എത്ര അകലങ്ങളിലേക്ക് പറന്നാലും അവർ ആ ആ സ്കൂളിനെയും അധ്യാപകരെയും ഓർക്കും.!!

അധ്യാപകദിനാശംസകൾ.

ഈ അധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കായുള്ള ആശംസകള്‍ ഇതാ:

1. പ്രിയപ്പെട്ട ടീച്ചറെ, നിങ്ങളുടെ മാര്‍ഗനിര്‍ദേശവും ജ്ഞാനവും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് എത്തില്ലായിരുന്നു. നന്ദി, അധ്യാപക ദിനാശംസകള്‍!

2. നിങ്ങള്‍ക്ക് അധ്യാപക ദിനാശംസകള്‍! നിങ്ങളുടെ ജ്ഞാനവും അര്‍പ്പണബോധവും ദയയും എല്ലായ്‌പ്പോഴും ഞങ്ങളെ ശരിയായ പാതയില്‍ നയിക്കുകയും മികച്ച മനുഷ്യരാകാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.

3. പ്രിയ അധ്യാപകന്, അധ്യാപക ദിനം ആശംസകള്‍. വഴികാട്ടിയായതിനും എന്റെ പഠനത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രചോദിപ്പിച്ചതിനും നന്ദി. നിങ്ങളാണ് മികച്ച അധ്യാപകന്‍.

4. നിങ്ങളെപ്പോലുള്ള അധ്യാപകരാണ് ഞങ്ങളെപ്പോലുള്ള സാധാരണ വിദ്യാര്‍ത്ഥികളെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നത്.

5. വിദ്യാര്‍ത്ഥികളുടെ ആത്മാവിനെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുന്ന ഒരാളാണ് അധ്യാപകന്‍. എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍!

6. അധ്യാപക ദിനാശംസകള്‍! ദയവായി എന്റെ വലിയ ബഹുമാനവും ആശംസകളും സ്വീകരിക്കുക!


7. ഞങ്ങളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ നിങ്ങള്‍ നടത്തിയ എല്ലാ പ്രയത്‌നങ്ങളും കഠിനാധ്വാനവും ഒരിക്കലും വെറും വാക്കുകളില്‍ തിരിച്ചടയ്ക്കാനാവില്ല. നിങ്ങളെപ്പോലുള്ള ഒരു അധ്യാപകനെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ മാത്രമേ കഴിയൂ!

8. നിങ്ങളുടെ വാക്കുകളും മനോഭാവവും പ്രവൃത്തികളും ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അത്ര നല്ല മാറ്റമുണ്ടാക്കി! ഞങ്ങള്‍ നിങ്ങളോട് വളരെ നന്ദിയുള്ളവരാണ്!

9. നിങ്ങളെപ്പോലെ ഒരു അദ്ധ്യാപകനെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. സന്തോഷത്തിന്റെ നിമിഷങ്ങള്‍ നിറഞ്ഞ ഒരു അധ്യാപക ദിനം ഞാന്‍ ആശംസിക്കുന്നു!

10. അധ്യാപക ദിനാശംസകള്‍! ഇന്നും എല്ലാ ദിവസവും ഞങ്ങള്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു!

Post a Comment

Previous Post Next Post