ലോകത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി വിദ്യാഭ്യാസത്തെ മാറ്റാം: പഠിക്കാം യുണൈറ്റഡ് വേള്‍ഡ് കോളജുകളില്‍

വിദ്യാഭ്യാസമെന്നത് നല്ലൊരു സര്‍വകലാശാലയില്‍ പ്രവേശനം കിട്ടാനോ നല്ലൊരു കരിയര്‍ കണ്ടെത്താനോ ഉള്ള ഉപാധി മാത്രമല്ല. 

സമാധാനത്തിനും സുസ്ഥിരമായ ഭാവിക്കും വേണ്ടി ജനങ്ങളെയും രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂട്ടിയിണക്കുന്ന ഒരു മഹത്തായ ശക്തി കൂടിയാണത്. ഈയൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിക്കുന്ന ആഗോളതലത്തിലുള്ള 18 സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് വേള്‍ഡ് കോളജസ് (യുഡബ്ല്യുസി). {https://www.uwc.org/} 

 ഇന്ത്യയിലെ പുണെയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് കോളജസില്‍ ആറ് ഭൂഖണ്ഡങ്ങളിലെ 155ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 

യുഡബ്ല്യുസിയുടെ ഇന്‍റര്‍നാഷനല്‍ ബക്കലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഈ മാസം അവസാനം പ്രവേശനം ആരംഭിക്കും. 

16നും 19നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര അംഗീകാരമുള്ള ഇന്‍റര്‍നാഷനല്‍ ബക്കലോറിയേറ്റ് സിലബസ് അനുസരിച്ചാണ് ഇവിടെ സീനിയര്‍ സെക്കന്‍ഡറി തല വിദ്യാഭ്യാസം. 

ഈ മുഴുവന്‍ സമയ റെസിഡന്‍ഷ്യന്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ട സ്കോളര്‍ഷിപ്പ് ലഭിക്കാറുണ്ട്. 
യുഡബ്ല്യുസി ഇന്ത്യന്‍ ദേശീയ കമ്മിറ്റി വഴി സെപ്റ്റംബര്‍ മുതല്‍ നവംബര്‍ ഏഴ് വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
 
.അപേക്ഷകള്‍ക്കൊപ്പം ഉപന്യാസങ്ങളും ശുപാര്‍ശ കത്തുകളും സമര്‍പ്പിക്കണം. 
 

അപേക്ഷിക്കുന്നതിനുള്ള യോഗ്യത

∙ എന്‍‌റോള്‍മെന്‍റ് സമയത്ത് വിദ്യാര്‍ഥികള്‍ക്ക് 16നും 18നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. എന്നാല്‍ ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന 15 വയസ്സുകാരുടെ അപേക്ഷകള്‍ അവയുടെ മികവ് അനുസരിച്ച് പരിഗണിച്ചെന്നും അവരെ തിരഞ്ഞെടുത്തെന്നും വരാം. 

∙ അപേക്ഷാർഥികള്‍ ഇന്ത്യന്‍ പൗരന്മാരോ പിഐഒ/ഒസിഐ കാര്‍ഡുള്ള ഇന്ത്യന്‍ വംശജരോ ഇന്ത്യയിലെ താമസക്കാരോ ആയിരിക്കണം. 

∙ നിലവില്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുന്നവരാകണം അപേക്ഷാർഥികള്‍.

∙ വീട്ടിലിരുന്ന് അനൗദ്യോഗിക വിദ്യാഭ്യാസം നേടിയവരുടെയും ബദല്‍ മാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം നേടിയവരുടെയും അപേക്ഷകളും പരിഗണിക്കുന്നതാണ്. 

യുഡബ്ല്യുസിയുടെ യുകെ, സിംഗപ്പൂര്‍, നോര്‍വേ, ഹോങ്കോങ്, അമേരിക്ക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള കോളജുകളില്‍ പഠിച്ച് ആഗോള വീക്ഷണമുള്ള പൗരന്മാരാകാനും 60,000ലധികം വരുന്ന ശക്തമായ പൂര്‍വവിദ്യാര്‍ഥി ശൃംഖലയുടെ ഭാഗമാകാനുമുള്ള അപൂര്‍വ അവസരമാണ് ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്നത്. 

യുഡബ്ല്യുസിയുടെ ചരിത്രവും സ്ഥാപക ആശയങ്ങളും


1962ലാണ് യുണൈറ്റഡ് വേള്‍ഡ് കോളജിന്‍റെ കീഴിലുള്ള ആദ്യ സ്കൂള്‍ അറ്റ്ലാന്‍റിക് കോളജ് എന്ന പേരില്‍ യുകെയിലെ വെയ്ല്‍സില്‍ ആരംഭിച്ചത്. 

16-19 വയസ്സുള്ള കൗമാരക്കാര്‍ക്കായി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യാന്തര രണ്ട് വര്‍ഷ സിക്സ്ത് ഫോം കോളജായിരുന്നു അത്. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കര്‍ട്ട് ഹാനായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. വിവിധ പശ്ചാത്തലങ്ങളിലുള്ള യുവാക്കള്‍ക്ക് ഒരുമിച്ച് വിദ്യാഭ്യാസം നല്‍കുന്നത്, ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന തരത്തില്‍ അവര്‍ക്കിടയില്‍ ഒരു ധാരണ വളര്‍ത്തിയെടുക്കാന്‍ സഹായകമാകുമെന്ന ചിന്തയായിരുന്നു സ്കൂള്‍ സ്ഥാപനത്തിന് പിന്നില്‍. 

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാണ് ഈയൊരു ചിന്തയിലേക്ക് കര്‍ട്ട് ഹാനെ എത്തിച്ചത്. 1955ല്‍ പാരിസിലെ നാറ്റോ ഡിഫന്‍സ് കോളജില്‍ ഒരു പ്രഭാഷണത്തിനെത്തിയ ഹാന്‍ ഇവിടുത്തെ പട്ടാളക്കാര്‍ക്കിടയില്‍ രൂപപ്പെട്ട സഹകരണവും ആത്മാർഥതയും കണ്ട് പ്രചോദിതനായി. കുറച്ച് നാള്‍ മുന്‍പ് ലോകമഹായുദ്ധത്തില്‍ വ്യത്യസ്ത ചേരികളില്‍നിന്ന് പോരടിച്ചവരായിരുന്നു ഇവര്‍. ഇതിനകം പല സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ച കര്‍ട്ട് ഹാനിന്‍റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ആശയങ്ങളും നിരന്തരം പരിണാമം പ്രാപിക്കുന്ന ഒന്നായിരുന്നു. സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗമായി മാറാനും സമൂഹത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സഹാനുഭൂതി തിരികെ കൊണ്ടുവരാനുമുള്ള വിദ്യാഭ്യാസത്തിന്റെ അപരിമേയമായ ശക്തിയെ കുറിച്ച് അദ്ദേഹം അക്കാലത്ത് നിരന്തരം സംസാരിച്ചിരുന്നു.

1958ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ കര്‍ട്ട് ഹാന്‍ ഇപ്രകാരം പറഞ്ഞു. ‘‘യുവാക്കളെ കീഴടക്കാന്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് അവര്‍ക്ക് സാരോപദേശം നല്‍കുക. അത് പക്ഷേ ഇരയില്ലാത്ത ചൂണ്ടക്കൊളുത്ത് പോലെയാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. രണ്ടാമത് അവരെ നിര്‍ബന്ധിച്ച്, നിങ്ങള്‍ സന്നദ്ധസേവനം നടത്തിയേ തീരൂ എന്ന് അവരോട് പറയുകയാണ്. മൂന്നാമത്തേത് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട് എന്ന് അവരോട് പറയുകയാണ്. യുവാക്കളുടെ കാര്യത്തില്‍ മൂന്നാമത്തെ ആഹ്വാനം ഒരിക്കലും പരാജയപ്പെടാറില്ല.’’ കര്‍ട്ട് ഹാന്റെയും സമാനമനസ്‌കരുടെയും ഇത്തരത്തിലുള്ള ആശയങ്ങളുടെ സമ്മേളനമാണ് യുഡബ്ല്യുസി സ്ഥാപനത്തിലേക്കു നയിച്ചത്.

മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ വീക്ഷണങ്ങള്‍ നമ്മുടേതില്‍നിന്ന് വ്യത്യസ്തമാണെങ്കില്‍ക്കൂടി അവ പരിഗണിക്കാനും കഴിയുന്ന വിധത്തില്‍ കുട്ടികളില്‍ സഹാനുഭൂതിയും തന്മയീഭാവവും വളര്‍ത്തുന്ന ഒരിടമായിട്ടാണ് യുഡബ്ല്യുസി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. എത്ര അപകടം പിടിച്ച സാഹചര്യത്തിലാണെങ്കിലും ശരിക്കു വേണ്ടി നിലകൊള്ളാനുള്ള കരുത്ത് വിദ്യാര്‍ഥികള്‍ നേടണമെന്നും യുഡബ്ല്യുസി സ്ഥാപക പിതാക്കന്മാര്‍ ആഗ്രഹിച്ചു. തെറ്റുകളില്‍ പതറിപ്പോകാതെ അവയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ച് വരാനും വിദ്യാര്‍ഥികള്‍ പഠിച്ചിരിക്കണമെന്ന് ഇവര്‍ കരുതി. അറ്റ്‌ലാന്റിക് കോളജിന്റെ ആദ്യ കാലം മുതല്‍ തന്നെ ഈ മാതൃക പകര്‍ത്താനുള്ള ഒരു താത്പര്യം വ്യാപകമായി ഉണ്ടായിരുന്നു. 

ശീതയുദ്ധം കൊടുമ്പിരി കൊണ്ട സയത്ത് പരസ്പര ബന്ധവും സഹാനുഭൂതിയും സേവനവും വിലമതിക്കുന്ന ഈ ആഗോള കോളജ് എന്ന ആശയത്തിന്റെ ഗുണങ്ങള്‍ പലരും തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് 1960 കളുടെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് വേള്‍ഡ് കോളജ് എന്ന പേരില്‍ ഇതൊരു ആഗോള മുന്നേറ്റമായി മാറുന്നത്. യുഡബ്ല്യുസിയുടെ ആദ്യ പ്രസിഡന്റായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഭുവും നോര്‍ത്ത് അറ്റ്‌ലാന്റിക് വേരുകളില്‍ നിന്ന് പുറത്തേക്ക് വളരാന്‍ പ്രസ്ഥാനത്തെ സഹായിച്ചു. വിവിധ രാജ്യങ്ങളില്‍ യുഡബ്ല്യുസി വളര്‍ത്താനും അവിടങ്ങളിലെ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാനുമുള്ള ദേശീയ കമ്മിറ്റികളുടെ രൂപീകരണത്തിന് മേല്‍നോട്ടം വഹിച്ചതും മൗണ്ട്ബാറ്റണ്‍ പ്രഭുവാണ്.

മഹിന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്ന്1997ല്‍ പുണെയിലെ ഖുബവലി ഗ്രാമത്തിലാണ് ഇന്ത്യയിലെ ആദ്യ യുഡബ്ല്യുസി തുടങ്ങുന്നത്. ചൈന, ജപ്പാന്‍, ബ്രസീല്‍, ചിലെ, അര്‍ജന്റീന, ബുര്‍കിനാ ഫാസോ, കംബോഡിയ, കൊളംബിയ, കോംഗോ, ബാര്‍ബഡോസ്, ബെലാറസ്, ബെല്‍ജിയം, അസര്‍ബൈജാന്‍, ബംഗ്ലദേശ്, ഓസ്ട്രിയ, അംഗോള, അഫ്ഗാനിസ്ഥാന്‍, കോസ്റ്ററിക്ക, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെല്ലാമായി യുഡബ്ല്യുസി ശൃംഖല പരന്ന് കിടക്കുന്നു. വരും വര്‍ഷങ്ങളില്‍ സിംഗപ്പൂരിലും കാനഡയിലും യുഡബ്ല്യുസി സ്‌കൂളുകള്‍ ആരംഭിക്കും.

വാദിക്കാനും ജയിക്കാനും തിടുക്കം പിടിക്കുന്ന ലോകത്ത് കേള്‍ക്കാനും അറിയാനും വരും തലമുറയെ പഠിപ്പിക്കുന്ന സ്ഥാപനമാണ് യുഡബ്ല്യുസി. സമൂഹത്തിന്റെയും ലോകത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനം സമാധാനത്തിനോടും വിവേകത്തിനോടും ഉത്പതിഷ്ണുതയോടുമുള്ള അതിന്റെ പ്രതിബദ്ധത ശക്തമായി മുറുകെ പിടിച്ച് മുന്നേറുകയാണ്. 

 

പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.uwc.org/ 
https://www.in.uwc.org/
യുണൈറ്റഡ് വേള്‍ഡ് കോളജുകളില്‍ അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
www.in.uwc.org/how-to-apply/apply-now

Post a Comment

أحدث أقدم