വീട്ടില്‍ വളര്‍ത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റിബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് മതി. ചെറിയ മുറിവാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും.
മുറിവ് വൃത്തിയാക്കി കഴിഞ്ഞാല്‍ കടിയേറ്റ വ്യക്തിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണം. ചെറിയ മുറിവാണെങ്കില്‍ പോലും നിര്‍ബന്ധമായും വൈദ്യസഹായം തേടണം. മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്സിനേഷന്‍ എടുക്കുന്നതിനു പകരമാകില്ല.
കടിയേറ്റ ഭാഗം ബാന്‍ഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക. മുറിവില്‍ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു തന്നെ നിലയ്ക്കും എന്നാല്‍ ചിലരില്‍ രക്തസ്രാവം കൂടുതല്‍ നേരം നീണ്ടുനില്‍ക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവില്‍ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമര്‍ത്തി പിടിക്കുക.
പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വാക്സിനേഷന്‍. വീട്ടിലെ നായയോ തെരുവ് നായയോ ആണെങ്കിലും എത്രയും പെട്ടെന്നു വാക്സിനേഷന്‍ എടുക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
ഗര്‍ഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാന്‍ മടി കാണിക്കരുത്. ഈ കുത്തിവയ്പ് ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കില്ല.
കുത്തിവയ്പ് എടുക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണമില്ല. കുട്ടികള്‍ക്ക് പലപ്പോഴും മുഖത്താണ് കടിയേല്‍ക്കുക. അവരുടെ പൊക്കകുറവാണ് ഇതിനു കാരണം. തലച്ചോറിനടുത്ത സ്ഥലമായതിനാല്‍ കുട്ടികളുടെ വാക്സിനേഷന്‍ കര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ ഡോക്ടറുടെ സഹായം തേടണം.
വീട്ടില്‍ നായയെ പരിപാലിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. നായക്ക് കൃത്യസമയങ്ങളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണം. വീട്ടിലെ കുട്ടികളെ നായയുടെ അടുത്തിടപഴകാന്‍ അനുവദിക്കരുത്.
നിശ്ചിത ഇടവേളകളില്‍ കുത്തിവയ്പ് എടുത്താണ് റാബിസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കുന്നത്. പണ്ട് പൊക്കിളിനു ചുറ്റുമുള്ള വേദനയേറിയ കുത്തിവയ്പാണ് നല്‍കിയിരുന്നത്. ഇന്ന് അതില്ല. കൈമുട്ടിനു മുകളില്‍ പേശിയിലാണ് കുത്തിവയ്പ് എടുക്കുന്നത് കടിച്ച ദിവസം, 3, 7, 14, 28 എന്നീ ദിവസങ്ങളിലായാണ് കുത്തിവയ്പ് നല്‍കുന്നത്. പേശികളില്‍ എടുക്കുന്നതിനു പകരം തൊലിപ്പുറത്തെടുക്കുന്ന ഐഡിആര്‍വി കടിച്ച ദിവസം 3, 7, 28 എന്നീ ദിവസങ്ങളിലാണ് എടുക്കുന്നത്. 90-ാം ദിവസം ബൂസ്റ്റര്‍ ഡോസും എടുക്കാം.
إرسال تعليق