ആരോഗ്യ ഇൻഷൂറൻസിന്റെ പിന്നാമ്പുറങ്ങൾ | Health insurance

അഡ്വക്കേറ്റ് സിയാബുദ്ധീൻ സഖാഫി എഴുതുന്നു...

ഈ കഴിഞ്ഞ 24/08/2022 തീയതി എനിക്ക് ഒരു പെൺകുട്ടിയെ കൂടി എൻറെ ഭാര്യ സമ്മാനിച്ചു അൽഹംദുലില്ല.

ആദ്യ പ്രസവം സിസേറിയൻ ആയതുകൊണ്ട് രണ്ടാമത്തെ പ്രസവം കുറച്ച് കോംപ്ലിക്കേറ്റഡ് ആകും എന്ന് നിലമ്പൂരുള്ള ഡോക്ടസുടെ നിർദ്ദേശവും, സാധാരണ നിലയിൽ പ്രസവിക്കണമെന്ന ഭാര്യയുടെ ആഗ്രഹം കൊണ്ടും, കുറച്ചുകൂടി ഫെസിലിറ്റീസ് ഉള്ള നല്ല ഒരു ആശുപത്രിയിൽ കാണിക്കാനുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം മഞ്ചേരിയിലെ ഒരു പ്രഗൽഭ ആശുപത്രിയിൽ എൻറെ ഭാര്യയെ കാണിച്ചു.


വൈദ്യശാസ്ത്രത്തിൽ നിപുണയായ ഒരു ഡോക്ടറുടെ സേവനം മേൽ ഹോസ്പിറ്റലിൽ ലഭ്യമാണ് എന്നതിന് പുറമേ, ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യം മേൽ ഹോസ്പിറ്റലിൽ ലഭ്യമാണ് എന്നതുമായിരുന്നു ആ പ്രഗൽഭ ആശുപത്രിയെ തെരഞ്ഞെടുക്കാനുള്ള കാരണം.രണ്ടാഴ്ച മുമ്പ് ഡോക്ടറെ പോയി കണ്ടപ്പോൾ മുപ്പതാം തീയതിയാണ് ഡേറ്റ് എന്നും, 24 ആം തീയതി പരിശോധനയ്ക്കായി ആശുപത്രിയിൽ ഹാജരാകണമെന്നും ഉള്ള നിർദ്ദേശപ്രകാരം 24/08/2022 ന് രാവിലെ  11 മണിയോടുകൂടെ മേൽ പ്രഗൽഭ ഹോസ്പിറ്റലിൽ എത്തുകയും, ഡോക്ടർ ലേബർ റൂമിൽ ആയ കാരണം കൊണ്ട് എൻറെ ഭാര്യയെ നേരെ ലേബർ റൂമിൽ കയറ്റി പരിശോധിക്കുകയും, വികസനം കുറവാണെന്നും, പ്രസവത്തിന് വേണ്ടി കാത്തിരുന്നാൽ പ്രശ്നമാകുമെന്നും, ഇന്നുതന്നെ ഓപ്പറേഷൻ ചെയ്യുന്നതായിരിക്കും നല്ലത് എന്നും, ഡോക്ടർ അഭിപ്രായപ്പെടുകയും, കൂടുതൽ കാത്തിരുന്നാൽ കുഞ്ഞിനും, ഉമ്മയ്ക്കും പ്രോബ്ലം ഉണ്ടാകും എന്നും, അറിയിച്ചത് കൊണ്ട് അന്ന് തന്നെ ഓപ്പറേഷൻ വേണ്ടി തയ്യാറാവുകയായിരുന്നു.

  അഡ്മിറ്റിനു വേണ്ടി റിസപ്ഷനിൽ പോയി ഞാൻ ഫോമുകളൊക്കെ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ഉണ്ട് എന്ന് അറിയിച്ചതിൽ ഫോമുകളൊക്കെ പൂരിപ്പിച്ച് മേൽ പ്രഗൽഭ ഹോസ്പിറ്റലിലെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയും, ഇൻഷുറൻസിന്റെയും, മറ്റ് ബില്ലുകളുടെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ച് മൊത്തം 52000 -56000 ചെലവ് വരും എന്നും, ജനറൽ വാർഡ് എടുക്കുകയാണെങ്കിൽ ഇതിലും കുറയുമെന്നും, ആരോഗ്യ ഇൻഷുറൻസ് ഉള്ളതുകൊണ്ട്  പ്രസവമാണെങ്കിൽ 7000 രൂപയും, സിസേറിയൻ ആണെങ്കിൽ 12000 രൂപയും മേൽ ബില്ലിൽ നിന്നും ഇൻഷുറൻസ് കുറച്ച് ബാക്കിയുള്ള സംഖ്യ താങ്കൾ അടച്ചാൽ മതിയെന്നും, ബാക്കി അടക്കാനുള്ള സംഖ്യയിലേക്ക് 15,000 രൂപ അഡ്വാൻസായി ഇന്ന് വൈകുന്നേരത്തിനുള്ളിൽ അടക്കണം എന്നും, എന്നോട് അവിടെയുള്ള ഓഫീസർ പറഞ്ഞു. ആയതിലിൽ ഇൻഷുറൻസ് ഉണ്ടല്ലോ, അതിൽ 5 ലക്ഷം രൂപ വരെ വർഷത്തിൽ ഒരു കുടുംബത്തിന് ഗവൺമെൻറ് ഈ കാർഡിലൂടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടല്ലോ,  എന്ന് ഞാൻ എൻറെ ആവലാതി ബോധിപ്പിച്ചപ്പോൾ അത് ഒരു കുടുംബത്തിനു മൊത്തം ഉള്ള തുകയാണെന്നും, ഒരു വ്യക്തിക്ക് മൊത്തത്തിൽ ലഭിക്കുകയില്ല എന്നും, ഓരോ രോഗത്തിനും ഗവൺമെൻറ് ഒരു കോട്ട നിശ്ചയിച്ചിട്ടുണ്ട് എന്നും, അതു മാത്രമേ മേൽ ഇൻഷുറൻസിൽ നിന്ന് ലഭ്യമാകൂ എന്നും ആ ഉദ്യോഗസ്ഥൻ എന്നെ അറിയിച്ചു. അപ്പോൾ ഇൻഷുറൻസ് കാർഡ് ഉണ്ടായി എന്ന് കരുതി വലിയ മെച്ചം ഒന്നും ഇല്ലല്ലേ .?എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വലിയ മെച്ചമില്ല എന്നോ ഓപ്പറേഷനാണ് എങ്കിൽ പന്ത്രണ്ടായിരം രൂപ അല്ലേ ഗവൺമെൻറ് നമുക്ക് വേണ്ടി നൽകുന്നത്. അത് വലിയ ഒരു അനുഗ്രഹം അല്ലേ ?  അതിന് അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) എന്ന് പറയുകയല്ലേ വേണ്ടത്..? അൽഹംദുലില്ലാ എന്ന് പറയൂ എന്ന് പറഞ്ഞ് എന്നെക്കൊണ്ട് ഒരു അൽഹംദുലില്ല പറയിപ്പിച്ച കൂലിയും അദ്ദേഹത്തിന് വാങ്ങി. 

ഏതായാലും ഭാര്യയെ ലേബർ റൂമിൽ കയറ്റിയത് കൊണ്ടും, പെട്ടെന്ന് തന്നെ ഓപ്പറേഷൻ വേണ്ടതുകൊണ്ടും ബാക്കി തുക നാം അടച്ചല്ലേ മതിയാവൂ എന്നതുകൊണ്ട് ഞാൻ പണമടക്കാൻ തയ്യാറാണെന്ന് അവരെ അറിയിച്ചു. അതിൽ ഇൻഷുറൻസ് കാർഡ് ഉള്ളതുകൊണ്ട് ബില്ലും മറ്റും നമുക്ക് ഇൻഷുറൻസ് അതോറിറ്റിയെ ബോധിപ്പിക്കേണ്ടതുകൊണ്ട് ഹോസ്പിറ്റലിൽ നിന്നും ബില്ലുകൾ ഒന്നും നമുക്ക് നേരിട്ട് നൽകുകയില്ല എന്ന് ആ ഉദ്യോഗസ്ഥൻ  എന്നോട് പറഞ്ഞു. അതിൽ എനിക്ക് നിങ്ങൾ ഒറിജിനൽ ബില്ലുകൾ നൽകേണ്ടതില്ല എന്നും ബില്ലിന്റെ ഫോട്ടോ കോപ്പി നൽകിയാൽ മതിയെന്നും ഞാൻ അറിയിച്ചു.അതിനും അദ്ദേഹം സമ്മതിച്ചില്ല വേണമെങ്കിൽ ഹോസ്പിറ്റലിൽ നിന്നും നൽകുന്ന സ്റ്റേറ്റ്മെന്റിന്റെ ഫോട്ടോ നിങ്ങൾക്ക് മൊബൈലിൽ എടുക്കാം. നിങ്ങളെ ഓരോ ബില്ലും കാണിച്ചു ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ ഇൻഷൂറൻസിലേക്ക് അയക്കുകയുള്ളൂ .അതിന് നിങ്ങൾ ബേജാറാകേണ്ടതില്ല എന്നും അദ്ദേഹം എന്നെ അറിയിച്ചു. 

ഓപ്പറേഷൻ പെട്ടെന്ന് നടക്കേണ്ടതുകൊണ്ടും, അഡ്വാൻസ് ആയി തന്നെ പണം അടക്കേണ്ടത് കൊണ്ടും പല ആളുകളിൽ നിന്നും പണം കടം വാങ്ങി അവർ പറഞ്ഞ സംഖ്യ ഞാൻ സ്വരക്കൂട്ടി വെച്ചു.


 ഹോസ്പിറ്റലിലെ ബില്ലുകൾ പണമടക്കുന്ന എനിക്ക് നൽകാനാവില്ല എന്ന അവരുടെ വാക്കിൽ എന്തോ പന്തികേട് തോന്നിയ ഞാൻ ഇൻഷുറൻസ് കാർഡിന്റെ പിറകിൽ രേഖപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ആയ 14555 നമ്പറിൽ വിളിക്കുകയും, സംസാരിക്കുകയും, അവരോട് വിവരങ്ങൾ പറയുകയും ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്തും തുടർന്ന് അവർ മലപ്പുറം ജില്ലാ കോഡിനേറ്ററുടെ പേഴ്സണൽ നമ്പർ എനിക്ക് നൽകുകയും അതിൽ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നും എന്നെ അറിയിച്ചത് പ്രകാരം ഞാൻ അദ്ദേഹത്തെ വിളിക്കുകയും മേൽസമയത്ത് അദ്ദേഹം എന്തോ ബിസി ആയതുകൊണ്ട് ഒരല്പം കഴിഞ്ഞ് വിളിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഹോസ്പിറ്റലിൽ ഭാര്യയെ ഡോക്ടർ ഓപ്പറേഷൻ ചെയ്യുന്ന തിരക്കിനിടയിൽ പിന്നീട് അവരെ വിളിക്കാൻ മറന്നു പോയി. എന്നാൽ കുറച്ചു കഴിഞ്ഞ് മലപ്പുറം ജില്ല ഇൻഷുറൻസിന്റെ കോഡിനേറ്റർ എന്നെ തിരിച്ചു വിളിക്കുകയും എന്തിനാണ് നിങ്ങൾ എന്നെ വിളിച്ചത് നിങ്ങൾ വിളിക്കുന്ന സമയത്ത് ഞാൻ അല്പം ബിസി ആയി പോയി. ആയതുകൊണ്ടാണ് അപ്പോൾ സംസാരിക്കാൻ സാധിക്കാതിരുന്നത് എന്താണ് നിങ്ങളുടെ വിഷയം എന്ന് എന്നോട് ആരാഞ്ഞതിൽ ഞാൻ എൻറെ വിഷയങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. പതിനയ്യായിരം രൂപ എന്നോട് അഡ്വാൻസായി അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്? എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾ ഒന്നും തന്നെ ഇപ്പോൾ അടയ്ക്കേണ്ടതില്ല. 

ഭാര്യയ്ക്ക് ഓപ്പറേഷൻ ആണെങ്കിൽ ആയതിനുള്ള പണം മുഴുവൻ ഗവൺമെൻറ് അവർക്ക് നൽകുന്നുണ്ട്. ഗവൺമെൻറ് നിശ്ചയിച്ച കോട്ടയ്ക്കുള്ളിൽ ഓപ്പറേഷൻ ചെയ്തു ചികിത്സ നടത്തിക്കൊള്ളാം എന്ന വ്യവസ്ഥയിലാണ് പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് ഇൻഷുറൻസ് അനുവദിച്ചു നൽകിയിട്ടുള്ളത്.അഡ്മിറ്റ് ആകുന്നതിന്റെ മൂന്നു ദിവസം മുമ്പുള്ള ബില്ലുകളും, അഡ്മിറ്റായിട്ടുള്ള ചികിത്സകളും, ആ സമയത്തുള്ള മരുന്നും റൂം റെന്റും, ഡിസ്ചാർജ് ആയ ശേഷം 15 ദിവസത്തേക്കുള്ള മരുന്നും അടക്കമാണ് ഗവൺമെൻറ് അവർക്ക് കോട്ട നിശ്ചയിച്ചു കൊടുത്തിട്ടുള്ളത്. ആ സംഖ്യക്കുള്ളിൽ ചികിത്സ പൂർത്തിയാക്കാം എന്ന്  സമ്മതിച്ചത് കൊണ്ട് മാത്രമാണ് പ്രൈവറ്റ് ആശുപത്രികൾക്ക് ഗവൺമെൻറ് ആരോഗ്യ ഇൻഷുറൻസ് അനുവദിച്ച് നൽകുന്നത്. 

നിങ്ങളുടെ അരികിൽ നിന്നും കൂടുതലായി എന്തെങ്കിലും അവർ വാങ്ങുകയാണ് എങ്കിൽ അതിനെതിരെ നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസിന്റെ ഓഫീസുമായി ബന്ധപ്പെടുകയോ, നിയമപരമായി മുന്നോട്ടുപോവുകയോ ചെയ്യാമെന്നും അദ്ദേഹം എന്നെ അറിയിച്ചു. അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. 


25/08/22ന് ഭാര്യയെ ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പുറത്തിറക്കുകയും, ജനറൽ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു 26/08/22 ന് ഉച്ച കഴിഞ്ഞ് കുട്ടിയുടെ മഞ്ഞ പരിശോധിക്കണം, എന്ന് അറിയിച്ചതിൽ മഞ്ഞപ്പിത്തത്തിന്റെ ടെസ്റ്റ് നടത്തിയപ്പോൾ കുറച്ച് മഞ്ഞ കൂടുതലുണ്ട്. അതുകൊണ്ട് കുട്ടിയെ ചൂട് കൊള്ളിപ്പിക്കാൻ പെട്ടെന്ന് തന്നെ ഇൻക്യുബേറ്ററിൽ പ്രവേശിപ്പിക്കണമെന്നും, വൈകുന്തോറും കൂടുതലാകാൻ കാരണമാകുമെന്നും കുട്ടികളെ നോക്കുന്ന ഡോക്ടർ  അറിയിച്ചതിൽ 26ന് രാത്രി 9 മണിക്ക് ശേഷം കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചു. 

27ന് ഡോക്ടർ വന്ന് പരിശോധിച്ച് ഭാര്യയെ ഡിസ്ചാർജ് ആക്കാം ഇനി വീട്ടിൽ വിശ്രമിച്ചാൽ മതി എന്നും അറിയിച്ചതിൽ കുഞ്ഞിനെ കൂടി ഡിസ്ചാർജ് ആക്കി തരണമെന്നും, ബാക്കി വെയില് കൊള്ളിക്കൽ വീട്ടിൽ നിന്നും ചെയ്തുകൊള്ളാം എന്നും അറിയിച്ചതിൽ കുഞ്ഞിനെ കൂടി ഡിസ്ചാർജ് ആക്കാം എന്ന് പറഞ്ഞു. അങ്ങനെ രാവിലെ തന്നെ എൻ ഐസിയുവിൽ നിന്നും കുഞ്ഞിനെ പാല് കൊടുക്കുന്നതിന് വേണ്ടി കൂട്ടിക്കൊണ്ടു വരികയും, ഡിസ്ചാർജ് ആക്കുന്നതിനുള്ള കാര്യങ്ങൾ നോക്കി വരികയും ചെയ്തു. ഏകദേശം ഒന്നര മണിയോടുകൂടി ഭാര്യയുടെ ഡിസ്ചാർജ് സമ്മറി റെഡിയായിട്ടുണ്ടെന്നും ബില്ലടക്കാൻ ഹോസ്പിറ്റലിലുള്ള ഇൻഷുറൻസിന്റെ ഓഫീസിലേക്ക് വിളിക്കുന്നുണ്ട് എന്നും അറിയിച്ചതിൽ ഞാൻ ഹോസ്പിറ്റലിലുള്ള ഇൻഷുറൻസിന്റെ ഓഫീസിൽ ചെന്നു. അതിൽ എൻറെ ഭാര്യയുടെ കേസ് ഡയറി എടുത്ത് അതിനുള്ളിൽ വെള്ള പേപ്പറിൽ പേന കൊണ്ട് എഴുതി വച്ചതായ ഒരു സമ്മറി എന്നെ കാണിക്കുകയും, നിങ്ങൾ ജനറൽ വാർഡ് എടുത്തത് കൊണ്ട് അടക്കേണ്ട പണം 36000 മാത്രമാണെന്നും,അതിൽ പന്ത്രണ്ടായിരം രൂപ ഇൻഷുറൻസ് കഴിച്ച് ബാക്കി 24000 രൂപ കൂടി അടക്കണം എന്നും ആശുപത്രിയുടെ ഇൻഷുറൻസ് ഓഫീസിൽ ഉള്ള ഓഫീസർ എന്നെ അറിയിച്ചു ൺ.അതിൽ പണം മുഴുവനായും അടക്കാൻ ഞാൻ തയ്യാറാണെന്നും, എനിക്ക് അതിൻറെ ബില്ല് താങ്കൾ നൽകണമെന്നും അറിയിച്ചു . അപ്പോൾ ബില്ല് ഇൻഷുറൻസ് ആയതുകൊണ്ട് തരാൻ കഴിയില്ല എന്നും, ബില്ല് ഗവൺമെൻറിൻറെ ഇൻഷുറൻസ് കമ്പനിയിലേക്ക് അയച്ചു കൊടുക്കാനുള്ളതാണ് എന്നും, നിങ്ങൾക്ക് ബില്ല് തന്നാൽ അത് നിങ്ങൾ മറ്റ് ഇൻഷുറൻസുകൾ ക്ലെയിം ചെയ്യാൻ സാധ്യതയുണ്ട് എന്നും, അതുകൊണ്ട് തന്നെ ബില്ല് നിങ്ങൾക്ക് നേരിട്ട് നൽകാൻ സാധിക്കില്ല എന്നും എന്നെ ആ വ്യക്തി അറിയിച്ചു.  അപ്പോൾ ഞാൻ പറഞ്ഞു എന്നാൽ ഗൂഗിൾ പേ നമ്പർ തരൂ ഞാൻ അക്കൗണ്ടിലേക്ക് ഗൂഗിൾ പ്ലേ ചെയ്തു തരാം. അതിൽ അദ്ദേഹം ഗൂഗിൾ പേ യൊക്കെ പ്രശ്നമാകും, ബ്ലോക്ക് ആകാനും, പണം കയറാതിരിക്കാനും ഒക്കെ സാധ്യതയുണ്ട്, അതുകൊണ്ട് ക്യാഷ് ആയിക്കൊണ്ട് തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ എന്നാൽ എൻറെ കയ്യിൽ ചെക്ക് ഉണ്ട് ഞാൻ ചെക്ക് എഴുതി തരട്ടെ എന്ന് ചോദിച്ചപ്പോൾ അതൊന്നും പറ്റില്ല ക്യാഷ് ആയി തന്നെ അടക്കണം. എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ആയതിൽ ക്യാഷ് ആയി അടക്കണമെങ്കിൽ ഞാൻ നൽകുന്ന പണത്തിന് എനിക്ക് ബില്ലും, റസീപ്റ്റും നൽകണം എങ്കിൽ മാത്രമേ ഞാൻ പണമായി ബിൽ അടക്കുകയുള്ളൂ.. എന്ന് അദ്ദേഹത്തെ അറിയിച്ചു. ആയതിൽ നിങ്ങൾ ഇപ്രകാരം സംസാരിക്കാതിരിക്കാനാണ് ആദ്യം തന്നെ ബില്ല് നിങ്ങളുടെ കയ്യിൽ തരില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ എനിക്ക് ബില്ല് തരില്ല എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് സംശയം കൂടിയതും, സംശയം തീർക്കാൻ ഞാൻ ആരോഗ്യ ഇൻഷുറൻസിന്റെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതും. അവർ മലപ്പുറം കോഡിനേറ്ററുടെ നമ്പർ നൽകി, ഞാൻ അദ്ദേഹവുമായി സംസാരിക്കുകയും, വിഷയങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്.  അദ്ദേഹവുമായി സംസാരിച്ച ഫോൺ റെക്കോർഡ് എൻറെ കയ്യിൽ ഉണ്ട്. വേണമെങ്കിൽ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം. അദ്ദേഹം പറഞ്ഞത് ഓപ്പറേഷൻ ആണെങ്കിലും മറ്റ് എന്ത് ചികിത്സയാണെങ്കിലും ഗവൺമെൻറ് നിശ്ചയിച്ച കോട്ടക്കുള്ളിൽ ചികിത്സ പൂർത്തീകരിച്ച് നൽകാം എന്ന വ്യവസ്ഥയിലാണ്, പ്രൈവറ്റ് ഹോസ്പിറ്റലുകൾ ഇൻഷുറൻസ് അനുവദിച്ചു നൽകിയിട്ടുള്ളത്. അതിനേക്കാൾ കൂടുതലായി എന്തെങ്കിലും നിങ്ങളുടെ അരികിൽ നിന്നും വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ഇൻഷുറൻസ് അതോറിറ്റിയുമായോ, കോടതിയുമായോ ബന്ധപ്പെട്ട് നിയമനടപടിയെടുക്കാം എന്ന് അദ്ദേഹം അറിയിച്ചത് കൊണ്ട് കൂടിയാണ് ഞാൻ നിങ്ങളോട് ബില്ല് ആവശ്യപ്പെടുന്നത് എന്ന് ഞാൻ ഹോസ്പിറ്റലിലുള്ള ഇൻഷുറൻസിന്റെ ഓഫീസിലിരിക്കുന്ന വ്യക്തിയോട് പറഞ്ഞു. ആയതിൽ അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ എംഡിയോട് ഒന്ന് സംസാരിക്കട്ടെ, അദ്ദേഹത്തോട് സംസാരിച്ചു നിങ്ങൾക്കും, ഹോസ്പിറ്റലിനും പ്രശ്നമില്ലാത്ത രീതിയിൽ എന്തെങ്കിലും ബില്ല് എമൗണ്ടിൽ കുറവ് വരുത്താൻ സാധിക്കുമോ എന്ന് അന്വേഷിച്ചിട്ട് ഞാൻ നിങ്ങളോട് പറയാം.. എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ ആരോട് സംസാരിച്ചാലും വേണ്ടില്ല. മുഴുവൻ പണവും അടക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ഞാൻ അടക്കുന്ന പണത്തിന് എനിക്ക് ബില്ല് തരണം എന്ന ഒരൊറ്റ നിബന്ധന മാത്രമേ എനിക്കുള്ളൂ , ഇത് മാന്യമായ ഒരു അപേക്ഷയാണ് എന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. ആയതിൽ അദ്ദേഹം  "അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് ഒരു 100 രൂപ നിങ്ങൾ അടക്കണമെങ്കിൽ അതിന് ബില്ല് തരണം എന്നാണോ" എന്ന് അദ്ദേഹം ചോദിച്ചപ്പോൾ 100 രൂപ അല്ല 10 രൂപക്ക് മുകളിൽ നാം പേ ചെയ്യുകയാണെങ്കിൽ ആയതിന് ബില്ല് വാങ്ങണം എന്നാണ് എന്നെ എൻറെ ലോ കോളേജിൽ നിന്നും പഠിപ്പിച്ചത് എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഏതായാലും ഞാൻ എംഡി യോട് സംസാരിച്ചിട്ട് വരാം, നിങ്ങൾ കുറച്ചുനേരം വെയിറ്റ് ചെയ്യൂ ..എന്ന് അദ്ദേഹം പറഞ്ഞതിൽ ഞാൻ ആ ഇൻഷുറൻസിന്റെ ഓഫീസിൽ 5 മിനിറ്റ് വെയിറ്റ് ചെയ്തു നിന്നു. ശേഷം അദ്ദേഹം വന്നു നിങ്ങൾക്ക് ബില്ല് കിട്ടിയേ മതിയാവൂ എങ്കിൽ നിങ്ങൾ ഒന്നും തന്നെ അടയ്ക്കേണ്ടതില്ല. നിങ്ങൾക്ക് പോകാം എന്ന് എന്നെ അറിയിക്കുകയാണ് ഉണ്ടായത് അങ്ങനെ എൻറെ ഭാര്യയുടെ ഡിസ്ചാർജ് സമ്മറി അടക്കം അവർ എനിക്ക് നൽകുകയും, ഒരു രൂപ പോലും  പിന്നീട് ഭാര്യയുടെ പേരിൽ എനിക്ക് ആ ഹോസ്പിറ്റലിൽ അടയ്ക്കേണ്ടി വരികയും ചെയ്തില്ല. 


എന്നാൽ രണ്ട് മണിയോടുകൂടി ഭാര്യയുടെ ഡിസ്ചാർജ് സമ്മറി ലഭിച്ചു എങ്കിലും കുട്ടിയുടെ ഡിസ്ചാർജ് സമ്മറി ലഭിക്കാൻ അല്പം കൂടി താമസിച്ചു. ഭാര്യയെ ഡിസ്ചാർജ് ആക്കിയിട്ടുണ്ട് എന്നും, കുട്ടിയെ പെട്ടെന്നുതന്നെ ഡിസ്ചാർജ് ആക്കി തരണമെന്നും പലതവണ ആവശ്യപ്പെട്ടുവെങ്കിലും എൻഐസിയുവിൽ ഉള്ള ഡോക്ടർമാരും മറ്റും ബിസിയാണ് ,നിങ്ങൾ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യൂ എന്ന് അറിയിക്കുകയാണ് ഉണ്ടായത്. നാലുമണി ആയിട്ടും കുട്ടിയെ ഡിസ്ചാർജ് ആക്കി ഡിസ്ചാർജ് സമ്മറി നൽകാത്തത് കൊണ്ട് ഡ്യൂട്ടി നേഴ്സിനോട് ഇനി നിങ്ങൾ ഡിസ്ചാർജ് സമ്മറി നൽകുന്നില്ല എങ്കിൽ ഇപ്പോൾ നൽകണമെന്നില്ല ഞാൻ എൻറെ കുഞ്ഞിനെയും കൊണ്ടുപോവുകയാണ്. നാളെ ഞാൻ മഞ്ചേരിയിൽ വരും അപ്പോൾ നിങ്ങൾ തന്നാൽ മതി ഞാൻ വാങ്ങിക്കൊള്ളാം ..എന്ന് അറിയിച്ചപ്പോൾ അവർ എൻഐസിയുവിൽ  വിളിച്ച് സംസാരിക്കുകയും, ഉടനെതന്നെ ഡിസ്ചാർജ് സമ്മറി ആയിട്ടുണ്ട് എന്നും, ആയത് എൻഐസിയുവിൽ നിന്നും വാങ്ങണമെന്നും അറിയിക്കുകയാണ് ചെയ്തത്. ഉടനെ ഞാൻ എൻഐസിയുവിൽ പോയി. അപ്പോൾ ഡിസ്ചാർജ് സമ്മറി ലഭിക്കണമെങ്കിൽ കുട്ടിയുടെ പേരിൽ ഉള്ള ബില്ല് കൂടി അടക്കണം അത് റിസപ്ഷനിൽ ലഭിക്കും. അവിടെ പോയി  ബില്ലടച്ചിട്ട് വരൂ ...എന്ന് എൻഐസിയുവിൽ ഉള്ള നഴ്സ് എന്നെ അറിയിച്ചതിൽ ഞാൻ ഉടനെ റിസപ്ഷനിൽ പോയി, എൻറെ കുഞ്ഞിൻറെ പേരിലുള്ള ബില്ല് എത്രയാണ്.?എന്ന്  ചോദിച്ചു. ആയതിൽ അവർ പരിശോധിച്ച് അയ്യായിരത്തിലധികം രൂപ വരുന്ന ഒരു ബിൽ എനിക്ക് നൽകുകയും, ഞാൻ അത് പരിശോധിച്ചപ്പോൾ കുട്ടിയെ രാത്രി 9 മണി മുതൽ പകൽ ആറ് മണി വരെ എൻഐസിയുവിന്റെ ഉള്ളിൽ ബൾബിന്റെ ചുവട്ടിൽ കിടത്തിയതിന് 1500 രൂപയും, കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് 1400 രൂപയും,  നഴ്സിംഗ് ചാർജ് 680രൂപയും, കുട്ടി ഒരു ദിവസം ഉമ്മയുടെ ബെഡിൽ ജനറൽ വാർഡിൽ കടന്നതിന് 700 രൂപയും, മറ്റും അടക്കം ആണ് ഈ ബില്ല് വന്നിട്ടുള്ളത് എന്ന് മനസ്സിലായി. ആയതിൽ ജനറൽ വാർഡിൽ കിടന്നതിന് എന്തിനാണ് നിങ്ങൾ ബില്ലിട്ടിരിക്കുന്നത്..? കുട്ടി, കുട്ടിയുടെ ഉമ്മയുടെ കൂടെ ഒരു ബെഡ്ഡിലാണ് കിടന്നിട്ടുള്ളത് ആ കുട്ടിയുടെ ഉമ്മയെ ഇന്നാണ് ഡിസ്ചാർജ് ആക്കുന്നത് . പിന്നെ എന്തിനാണ് കുട്ടിക്ക് സെപ്പറേറ്റ് ആയി ബില്ലട്ടത് .? എന്ന് ഞാൻ ചോദിച്ചപ്പോൾ അത് നിങ്ങൾ ഓഫീസിൽ പോയി സംസാരിച്ചു കൊള്ളൂ എന്ന് പറഞ്ഞ് ഹോസ്പിറ്റലിന്റെ ഓഫീസിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയും, അവിടെ ബില്ലുകളും മറ്റും കൈകാര്യം ചെയ്യുന്ന വ്യക്തിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലാവുകയും, 700 രൂപ എനിക്ക് കുറച്ചു നൽകുകയും ചെയ്തു. ആയതിൽ കുട്ടിക്ക് കൂടി ഇൻഷുറൻസ് ബാധകം ആണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് ബില്ലല്ലേ വേണ്ടത് ആ ബില്ല് ഞങ്ങൾ തരാം എന്നാണ് ഹോസ്പിറ്റൽ അതോറിറ്റി എന്നെ അറിയിച്ചത്. ഏതായാലും കുട്ടിയുടെ പേരിലുള്ള ബില്ല് ഞാൻ അടക്കുകയും, എൻറെ ഭാര്യയേയും കുഞ്ഞിനേയെയും കൂട്ടി വീട്ടിലേക്ക് പോരുകയും ചെയ്തു ൺ.

അൽഹംദുലില്ല... 

ഇന്ന് ഭാര്യയും കുട്ടിയും സുഖമായിരിക്കുന്നു.


സർക്കാർ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും പാവപ്പെട്ട ജനങ്ങളിൽ നിന്നും അനധികൃതമായി പണം വിഴുങ്ങുന്ന ചില സ്വകാര്യ ആശുപത്രികൾക്കെതിരെ നിയമനടപടികൾ എടുക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കുള്ള അവകാശങ്ങൾ മനസ്സിലാക്കുവാനും, അവ നേടിയെടുക്കാനും, നാം ഓരോരുത്തരും മുന്നോട്ടുവരിക തന്നെ വേണം. വിഷയങ്ങൾ വെട്ടി തുറന്നു സംസാരിച്ചാൽ കേട്ടുനിൽക്കുന്ന ജനങ്ങൾ എന്തു വിചാരിക്കും എന്ന് കരുതി നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ ഒരിക്കലും നാം വിട്ടുകൊടുക്കേണ്ടതില്ല അങ്ങനെ കൊടുത്താൽ അത് മറ്റു പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുവാനുള്ള ലൈസൻസ് നൽകലായി മാറും. ഇത്തരത്തിലുള്ള കൊള്ളകൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ  അധികൃതർ മുന്നോട്ടു വരണം. നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് എന്റെ തീരുമാനം.....

അഡ്വക്കേറ്റ് സിയാബുദ്ധീൻ സഖാഫി കരുളായി




1 تعليقات

  1. ഞാൻ ഈ ലേഖനം എഴുതുമ്പോൾ എന്റെ ഉദ്ദേശം ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റലുകൾ നടത്തുന്ന തട്ടിപ്പുകൾ, ഞാനുമായി ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ്. ഒരു പരാതി പറയലല്ല. ഹോസ്പിറ്റലിന്റെ പേര് പറഞ്ഞ് ഹോസ്പിറ്റലിനെയോ, മാനേജ്മെന്റിനെയോ, അപകീർത്തിപ്പെടുത്താനോ, ജനസമൂഹത്തിൽ താഴ്ത്തി കെട്ടുവാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എൻറെ ഉദ്ദേശം ജനങ്ങളിലേക്ക് ഈ വിഷയം എത്തണം എന്നത് മാത്രമാണ്. അൽഹംദുലില്ല അത് എത്തുകയും ചെയ്തു.

    പിന്നെ ഇത് ഒരു പരാതിയല്ല. ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയിലേക്കോ, പോലീസിലേക്കോ, കോടതിയിലേക്കോ നൽകുന്ന പരാതിയിൽ ഹോസ്പിറ്റലിന്റെ പേരും, അഡ്രസ്സും, രോഗിയെ ചികിത്സിച്ച ഡോക്ടറും ഒക്കെ ഉൾപ്പെടും. ഇതിൽ അതിന്റെ ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് ലേഖനം എഴുതുന്ന സമയത്ത് ഞാൻ ഹോസ്പിറ്റലിന്റെ പേര് മനപ്പൂർവ്വം പരാമർശിക്കാതിരുന്നത്. ഭയപ്പെട്ടിട്ടില്ല. ആവശ്യമില്ലാ എന്ന് ആസമയത്ത് തോന്നിയത് കൊണ്ടാണ്.. ഏത് ഹോസ്പിറ്റൽ ആണെങ്കിലും, നാം ചെല്ലുന്ന ഹോസ്പിറ്റലിൽ ഇത്തരത്തിലുള്ള ഇൻഷുറൻസ് ഫെസിലിറ്റി ഉണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ട് എങ്കിൽ നമുക്കുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ മടിക്കേണ്ടതുമില്ല..
    ഹോസ്പിറ്റലിന്റെ പേര് പരാമർശിക്കണമെന്ന് ഒരുപാട് പേർ നല്ല ഉദ്ദേശത്തോടുകൂടി കമൻറ് ചെയ്തതായി കണ്ടു. അവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.
    ഹോസ്പിറ്റലിന്റെ പേര് പറയാതെ തന്നെ കാര്യം നടന്നുവല്ലോ....

    ردحذف

إرسال تعليق

أحدث أقدم