🎓കീം പ്രവേശനപരീക്ഷാഫലം വരാറായി. ഫലം വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കോഴ്സ് / കോളജ് ഓപ്‌ഷനുകൾ നൽകേണ്ടി വരും. പ്രവേശനപരീക്ഷ എഴുതി കാത്തിരിക്കുന്നവരും മാതാപിതാക്കളും ചിന്താക്കുഴപ്പത്തിലായിരിക്കും.
ഏതു ബ്രാഞ്ച് ?
ഏതു കോളജ് ?
റാങ്ക് എത്രയുമാകട്ടെ, പഠിക്കാനുദ്ദേശിക്കുന്ന വിഷയത്തോട് അഭിരുചിയുണ്ടോ എന്നതാണ് മുഖ്യം.
🎓 ഉദാഹരണത്തിന് വരയ്ക്കാനുള്ള കഴിവോ ഭാവനയോ ഇല്ലാത്തയാൾ, നല്ല കോളജിൽ അഡ്മിഷൻ കിട്ടുമെന്നതിന്റെ പേരിൽ സിവിൽ എൻജിനീയറിങ്ങിനോ ആർക്കിടെക്ചറിനോ ചേർന്നിട്ട് എന്തുകാര്യം ? അതുപോലെ,
കണക്കിൽ പിന്നാക്കമായവർ കംപ്യൂട്ടർ സയൻസ് എടുത്താലോ ?
അതിനാൽ ഇക്കാര്യത്തിൽ ട്രെൻഡ് നോക്കാതിരിക്കുക.
🎓 സാങ്കേതികമേഖല അനുദിനം മാറുന്നതിനാൽ, ഇപ്പോൾ ഡിമാൻഡ് ഉള്ള വിഷയത്തിലാകണമെന്നില്ല 4 വർഷം കഴിഞ്ഞ് പഠിച്ചിറങ്ങുമ്പോൾ കൂടുതൽ തൊഴിൽസാധ്യത.
അതിനാൽ മികവു തെളിയിക്കാനാകുമെന്ന് ഉറപ്പുള്ള ബ്രാഞ്ചുകൾക്കുമാത്രം ഓപ്‌ഷൻ നൽകുക.
കോളജും കോഴ്സും
🎓 പഠിക്കാനുദ്ദേശിക്കുന്ന കോളജിൽ നിങ്ങൾ തേടുന്ന ബ്രാഞ്ചിന് എൻബിഎ അക്രഡിറ്റേഷനുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്.
ശ്രദ്ധിക്കുക- കോളജിനല്ല, കോഴ്‌സിനാണ് അക്രഡിറ്റേഷൻ.
കോളജിലെ എല്ലാ ബ്രാഞ്ചും അക്രഡിറ്റഡ് ആകണമെന്നില്ല.
ഇതിന്റെ വിവരങ്ങൾ https://facilities.aicte-india.org
എന്ന വെബ്‌സൈറ്റിൽ AICTE Dashboard എന്ന ലിങ്കിലുണ്ട്.
🎓വിദേശത്ത് ഉപരിപഠനത്തിനു തുല്യതാപരീക്ഷ എഴുതേണ്ടി വരില്ലെന്നതാണ് അക്രഡിറ്റഡ് പ്രോഗ്രാമുകളുടെ മെച്ചം.
🎓ഈ കോഴ്‌സുകളിൽ അഡ്മിഷൻ കിട്ടാനിടയില്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ https://www.nirfindia.org
എന്ന വെബ്‌സൈറ്റിൽ Ranking എന്ന ലിങ്കിൽ Engineering തിരഞ്ഞെടുക്കുക.
തുടർന്നുവരുന്ന പേജ് ദേശീയതലത്തിൽ റാങ്ക് ചെയ്യപ്പെട്ട 200 കോളജുകളുടേതാണ്.
🎓 ഇതിൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ സിഇടി (കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം) മാത്രമേയുള്ളൂ എന്നതിനാൽ ഈ ലിസ്റ്റ് കൊണ്ടു കാര്യമില്ല.
എന്നാൽ ഈ റാങ്ക്‌ലിസ്റ്റിൽ, മുകളിലായി,
റാങ്കിങ്ങിൽ പങ്കെടുത്ത കോളജുകളുടെ പേരുകളുള്ള ലിങ്കുണ്ട്.
ഇതു ക്ലിക്ക് ചെയ്ത് Kerala എന്നു തിരഞ്ഞാൽ, ഇവിടെനിന്ന് റാങ്കിങ്ങിൽ പങ്കെടുത്ത അൻപതോളം കോളജുകളുടെ ലിസ്റ്റ് കാണാം.
ഇവ താരതമ്യേന മെച്ചപ്പെട്ട കോളജുകളാണെന്നു വേണം കരുതാൻ.
🎓 കേരള സാങ്കേതിക സർവകലാശാലയുടെ വെബ്സൈറ്റിൽ https://ktu.edu.in അനൗൺസ്‌മെന്റ് വിഭാഗത്തിൽ,
ഓഗസ്റ്റ് മൂന്നിന് 2022ലെ ബിടെക് ഫലത്തോടൊപ്പം റിസൽറ്റ് അനാലിസിസും നൽകിയിട്ടുണ്ട്.
ഓരോ കോളജിന്റെയും വിജയശതമാനം ഇതു നോക്കിയാലറിയാം.
മെച്ചപ്പെട്ടതെന്നു തോന്നുന്ന കോളജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതും നല്ലത്.
ക്യാംപസ് പ്ലേസ്മെന്റിനെപ്പറ്റി കഴിയുമെങ്കിൽ ആ കോളജിൽ പഠിച്ചവരോടുതന്നെ തിരക്കുക.
വെബ്സൈറ്റിലെ അവകാശവാദങ്ങൾ ശരിയാകണമെന്നില്ല.
ബിടെക് പഴയ ബിടെക് അല്ല
🎓 ചേരുന്നതു ബിടെക്കിനാണെങ്കിലും, ഇതുതന്നെ മൂന്നിനമുണ്ടെന്നതും അറിഞ്ഞിരിക്കണം– സാധാരണ ബിടെക്,
ബിടെക് വിത്ത് മൈനർ,
ബിടെക് വിത്ത് ഓണേഴ്സ് എന്നിവ.
മൂന്നാം സെമസ്റ്റർ മുതൽ സ്വന്തം ബ്രാഞ്ചിനു പുറത്ത്,
മറ്റൊരു വിഷയത്തിൽ 20 ക്രെഡിറ്റ് അധികം നേടിയാലാണ് ബിടെക് വിത്ത് മൈനർ ലഭിക്കുക.
ഉദാഹരണത്തിന് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥി,
കംപ്യൂട്ടർ സയൻസ് കൂടി പഠിച്ചാൽ തൊഴിൽസാധ്യത കൂടും.
എന്നാൽ ഈ അധികവിഷയത്തിൽ തോൽക്കാൻ പാടില്ല.
🎓സ്വന്തം വിഷയത്തിൽ കൂടുതൽ അറിവ് ആഗ്രഹിക്കുന്ന സമർഥർക്കായാണ് ബിടെക് ഓണേഴ്സ്.
◼️നാലാം സെമസ്റ്ററിലാണ് റജിസ്ട്രേഷൻ.
പഠിക്കുന്ന ബ്രാഞ്ചിൽ തന്നെ, എംടെക് സിലബസിൽ 20 ക്രെഡിറ്റ് കൂടി നേടണം.
◼️ കോഴ്സ് പൂർത്തിയാക്കുമ്പോൾ അധികമായി പഠിക്കുന്നവയടക്കം ഒരു വിഷയത്തിലും തോൽക്കാതെ 8.5 സിജിപിഎ നേടിയാലേ ഓണേഴ്സ് കിട്ടൂ.
എല്ലാ കോളജിലും ഇവ ഉണ്ടാകണമെന്നില്ല. ഓപ്ഷൻ നൽകുമ്പോൾ
🎓ഓപ്ഷൻ നൽകുംമുൻപ്, നിങ്ങൾക്ക് അഡ്മിഷൻ കിട്ടാനിടയുള്ള കോളജുകളുടെയും ചേരാൻ ആഗഹിക്കുന്ന ബ്രാഞ്ചുകളുടെയും ലിസ്റ്റ് മുൻഗണനാക്രമത്തിൽ തയാറാക്കിവയ്ക്കുക.
കഴിഞ്ഞ വർഷത്തെ റാങ്ക് പട്ടിക ഇതിനു സഹായകമാകും.
🎓 എൻട്രൻസ് കമ്മിഷണറുടെ സൈറ്റിൽ (cee.kerala.gov.in) KEAM 2021 എന്ന ലിങ്കിൽ ഇതു ലഭിക്കും.
🎓അവസാന അലോട്മെന്റിന്റെ റാങ്ക് നോക്കിയാൽ മതി. (ഐഐടികൾ, എൻഐടികൾ എന്നിവിടങ്ങളിലെ അലോട്മെന്റിനു മുൻപു നടക്കുന്നവയായതിനാൽ ആദ്യ റൗണ്ട് അലോട്മെന്റുകൾ യഥാർഥ ചിത്രം നൽകില്ല).
🎓അലോട്മെന്റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കാത്ത പക്ഷം തുടർഘട്ടങ്ങളിൽനിന്നു പുറത്താകുമെന്നതിനാൽ, പഠിക്കാൻ ചേരുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കു മാത്രമേ ഓപ്ഷൻ നൽകാവൂ.
🎓 മുൻഗണനാക്രമവും കൃത്യമായിരിക്കണം.
അലോട്മെന്റ് ലഭിക്കുന്ന ഓപ്ഷനു താഴെയുള്ള എല്ലാ ഓപ്ഷനുകളും റദ്ദാകുമെന്നതു മറക്കരുത്.
കുറുക്കുവഴിയിൽ കുഴിയുണ്ട്
🎓മികച്ച കോളജിൽ, ഏറ്റവും ഡിമാൻഡുള്ള കോഴ്സിന് അഡ്മിഷൻ കിട്ടാൻ പലരും സ്വീകരിക്കുന്ന കുറുക്കുവഴിയാണ്,
അതേ കോളജിൽ ഡിമാൻഡ് കുറവുള്ള കോഴ്സിന് അഡ്മിഷൻ നേടുക എന്നത്.
പിന്നീട് ഒഴിവു വരുന്ന സീറ്റുകളിലേക്ക് മാറാമെന്നു കരുതിയാണ് പലരും ഈ വഴി തേടുന്നത്.
മുൻപ് ഇതു നടന്നിരുന്നെങ്കിലും ഇപ്പോൾ നടപ്പില്ല.
അഡ്മിഷൻ ലഭിച്ചശേഷം ബ്രാഞ്ച് മാറാമെന്ന ചിന്തയേ വേണ്ട.
മൂന്നാം സെമസ്റ്റർ ആരംഭിക്കുംമുൻപ്, മറ്റു കോളജുകളിൽനിന്നു ട്രാൻസ്ഫർ വഴി മാത്രമേ പിന്നീടുണ്ടാകുന്ന ഒഴിവുകൾ നികത്താനാകൂ.
🎓ഈ മെസ്സേജ് പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കുക
إرسال تعليق