അൽകഹ്ഫ് കഥകൾ 3

ദുല്‍ഖര്‍നൈനിയുടെ കഥ

ശക്തി പരീക്ഷണം

നീതിമാനായ ഒരു രാജാവായിരുന്നു ദുല്‍ഖര്‍നൈന്‍. കിഴക്കു പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന്റെ സുപ്രധാനമായ മൂന്ന് യാത്രകളെ കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.

ദുല്‍ഖര്‍നൈനിന്റെ അവസാന യാത്രയില്‍, രണ്ട് മലകള്‍ക്കിടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ഒരു ജനവിഭാഗത്തെ കാണുകയുണ്ടായി. തങ്ങളെ പലപ്പോഴും കടന്നാക്രമിക്കുന്ന യഅ്ജൂജ് മഅ്ജൂജ് എന്ന വിഭാഗത്തെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവര്‍ ദുല്‍ഖര്‍നൈനിനോട് ആവലാതിപ്പെട്ടു. ഇനിയും അവര്‍ തങ്ങളെ കടന്നാക്രമിക്കാതിരിക്കാന്‍ അവര്‍ക്കും തങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മ്മിച്ചു തരണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു സമ്മതിക്കുകയും അപ്രകാരം ഒരു സുരക്ഷാമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.

തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുല്‍ഖര്‍നൈന്‍, പക്ഷെ, കൂടുതല്‍ വിനയാന്വിതനാകുകയാണ് ചെയ്തത്. അല്ലാഹു തനിക്കു നല്‍കിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വന്‍മതില്‍ നിര്‍മ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (കഹ്ഫ്: 98)




Post a Comment

Previous Post Next Post