അവധിക്കാലം ആഘോഷത്തിന്റേതാണ്. ഇഷ്ടം പോലെ കളിക്കാം, എത്രവേണമെങ്കിലും ഉറങ്ങാം. പഠിക്കാൻ അധികം നിർബന്ധിക്കില്ല. പരീക്ഷച്ചൂടിൽനിന്ന് രക്ഷപ്പെടാൻ എപ്പോഴും അവധിക്കാലത്തിനായി കാത്തുനിൽക്കുകയായിരിക്കും എല്ലാ കൂട്ടുകാരും. എന്നാൽ, അവധിക്കാലം ക്രിയാത്മകമായി നമുക്കുപയോഗിക്കാനായെങ്കിൽ എത്ര നല്ലതാണല്ലേ...!
അവധിക്കാലത്ത് കളിച്ചുനടക്കാനായിരിക്കും ഏറ്റവും ഇഷ്ടം. എന്നാൽ, ഇന്ന് നിങ്ങളുടെ ലോകം വളരെ വലുതാണെന്ന് മനസ്സിലാക്കുക. എല്ലാവർക്കും എല്ലാം ഇന്നു പഠിക്കാം. പാട്ടും ഡാൻസും മുതൽ റോബോട്ടിക്സ് വരെ പഠിക്കാനായി ഈ അവധിക്കാലത്ത് തിരഞ്ഞെടുക്കാം. ഈ അവധിക്കാലം ചെലവഴിക്കാനുള്ള ചില വിദ്യകൾ നോക്കാം.
യാത്രപോകാം
ഒരു പിക്നിക്കോ ചെറിയ ട്രക്കിങ്ങോ പോകാം. പോകുമ്പോൾതന്നെ വിവരങ്ങൾ ശേഖരിച്ച് അനുഭവങ്ങളും ചേർത്ത് ജേണലുകൾ എഴുതാം. ഈ വേനലവധിക്ക് പ്രകൃതിയിലേക്കൊരു യാത്ര പോയാലോ. പ്രകൃതിയെ അറിഞ്ഞുവളരാൻ ഇതുസഹായിക്കും. ഒരിക്കലും മറക്കാനാകാത്ത നല്ല ഓർമകളും അതവർക്ക് സമ്മാനിച്ചേക്കും.
കരുത്തിനായി പഠിക്കാം
പലർക്കും താൽപര്യമുള്ളവയാണ് കരാട്ടേ, കുങ്ഫൂ തുടങ്ങിയ ആയോധനകലകൾ. ഒരു സെൽഫ് ഡിഫൻസ് എന്നതിലുപരി ആരോഗ്യമോടെയിരിക്കാനും ഇത്തരം ക്ലാസുകൾ സഹായിക്കുന്നുണ്ട്. ഇത് പാഠ്യവിഷയങ്ങളിലെ പഠനമികവിനും കോൺസൻട്രേഷൻ ഉണ്ടാകുന്നതിനും ഉപകാരപ്പെടുന്നു. ചെസ്, കാരംസ്, സ്ക്രാബിൾസ് പോലെ ബോർഡ് ഗെയിമുകൾ അവധിക്കാലം ആസ്വാദ്യകരമാക്കാനും ബുദ്ധിശക്തിയെയും ഓർമശക്തിയെയും പരിപോഷിപ്പിക്കാനും ഉപയോഗപ്പെടുത്താം.
ക്യാമ്പുകൾ
പലതരം കോച്ചിങ് ക്യാമ്പുകൾ ഇന്ന് സജീവമാണ്. എല്ലാ നഗരങ്ങളിലും ടൗണുകളിലും അവധിക്കാലമായാൽ ഇത്തരം ക്യാമ്പുകളും പരിപാടികളും നടക്കും. സംഗീതോപകരണങ്ങൾ ഉൾപ്പെടെ ഇതുവഴി പഠിക്കാനാകും. ഓൺലൈനായും ഇത്തരം ക്ലാസുകൾ ഉപയോഗപ്പെടുത്താം. അതുപോലെ കൂട്ടുകാർക്ക് ഏറെ ഉപകാരപ്പെടുത്താവുന്ന ഒന്നാണ് ഭാഷാ ക്ലാസുകൾ. വിദേശ ഭാഷകൾ ഉൾപ്പെടെ ഈ സമയങ്ങളിൽ പഠിച്ചെടുക്കാം. സാഹിത്യാഭിരുചി ഉള്ളവർക്ക് സാഹിത്യ ക്യാമ്പുകൾ തിരഞ്ഞെടുക്കാം. നീന്തൽ, സ്കേറ്റിങ്, ഫുട്ബാൾ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ് തുടങ്ങിയവ പഠിക്കാനും പരിശീലിക്കാനും ഈ അവധിക്കാലത്ത് സമയം കണ്ടെത്താം.
കുട്ടി യുട്യൂബർമാരാകാം
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകൾ വേണം തിരഞ്ഞെടുക്കാൻ. അതിലൂടെ ഭാവിയിൽ നേട്ടംകൊയ്യാനുമാകും. അതിനായി ഈ അവധിക്കാലത്ത് ഒരു യുട്യൂബ് ചാനൽ തുടങ്ങിക്കോളൂ. പാചകമോ പാട്ടോ ഡാൻസോ എന്തും അതിലൂടെ പങ്കുവെക്കാം, താരമാകുകയും ചെയ്യാം. കൂടാതെ അവധിക്കാലം കഴിഞ്ഞ് വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയാൽ കൂട്ടുകാരെ കാണിക്കാനും അടുത്ത അവധിക്കാലം വരെ ഓർക്കാനും ഒരു ഹോളിഡേ വിഡിയോ അല്ലെങ്കിൽ, ഒരു ഫോട്ടോ ആൽബം നിർമിക്കാം.
വായിക്കാം
വായനക്ക് ഏറ്റവും നല്ല സമയമാണ് അവധിക്കാലം. മുൻ ലക്കങ്ങളിലെ വെളിച്ചത്തിൽ കൂട്ടുകാർ നിരവധി പുസ്തകങ്ങൾ പരിചയപ്പെട്ടില്ലേ. അവയെല്ലാം വായിച്ചുതീർക്കാം. നിങ്ങളുടെ തൊട്ടടുത്ത ലൈബ്രറിയിൽ അംഗത്വമെടുക്കാം. ഓണ്ലൈൻ വായനയാണ് ശീലമെങ്കിൽ കിൻഡിൽ ഡൗണ്ലോഡ് ചെയ്യാം.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
- കുട്ടിക്കാലത്തെ കളികൾ മക്കൾക്ക് പറഞ്ഞുകൊടുക്കാം. പുതിയകാലത്തെ കളികൾ നിങ്ങൾക്ക് പഠിക്കുകയുമാകാം
- കുട്ടികൾക്കെപ്പോഴും സർപ്രൈസുകൾ ഇഷ്ടമാണ്. ട്രഷൾ ഹണ്ടുകൾ നടത്താം. വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യാം. സമ്മാനത്തിന്റെ ഹിന്റുകൾ കൂടി കൊടുത്താൽ ഇത് ഏറെ ആസ്വാദ്യകരമാക്കാം.
- വീട്ടിലെ കുഞ്ഞുപണികൾ ഒരു ഗെയിം പോലെയാക്കി കുട്ടികൾക്കൊപ്പം ചെയ്യാം.
- വീട്ടിൽ കഴിക്കാൻ വാങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ ശേഖരിച്ച് അത് കുട്ടികളോടൊത്ത് നടാം. വെള്ളമൊഴിക്കാനും വളരുന്നത് ശ്രദ്ധിക്കാനും കുട്ടികളെ ഏർപ്പാടാക്കാം.
- കുട്ടികളെ മൊബൈൽ ഫോണിൽ അധികം സമയം ചെലവഴിക്കാൻ അനുവദിക്കാതിരിക്കുക. ഈ സമയം കുട്ടികളെയും കൂട്ടി വീടിന് പുറത്തിറങ്ങുക. രാത്രിയാണെങ്കിൽ നക്ഷത്രങ്ങളെയും ചന്ദ്രനെയുമൊക്കെ കാണിച്ചുകൊടുത്ത് അതിനെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുക. പൂക്കളെയും പക്ഷികളെയും പൂമ്പാറ്റകളെയും കാണിച്ചുകൊടുക്കുക.
- എല്ലാവരുമൊന്നിച്ച് വ്യായാമം ചെയ്യുക. സുംബ പോലെ വ്യായാമ രീതികൾ കുടുംബമൊന്നിച്ച് ചെയ്യുന്നത് നന്നാകും.
- മിക്ക കുട്ടികൾക്കും കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമേ പരിചയമുണ്ടാകൂ. ഒരു ഫാമിലി ട്രീ ഉണ്ടാക്കുന്നത് എല്ലാവരെയും ഓർമിപ്പിക്കുന്നതിനും കുട്ടികൾക്ക് ബന്ധങ്ങളെക്കുറിച്ച് അറിയാനും നല്ലതാണ്.
- ഏറ്റവും ഇഷ്ടമുള്ള ചിത്രകഥ ഒന്നിച്ചിരുന്ന് വായിക്കുക.
- കഥകൾ പറയാനിഷ്ടമുളള കുട്ടികളാണെങ്കിൽ മാതാപിതാക്കളും കുട്ടിയും ചേർന്ന് ഒരു കഥ എഴുതാം. കുട്ടികളിലെ ഭാവന വികസിപ്പിക്കാൻ ഇതു സഹായിക്കും.
- കുട്ടികളോടൊത്ത് പെയിന്റ് ചെയ്യാം. കാൻവാസിലോ പേപ്പറിലോ എന്തിലും ആവട്ടെ. ചെറിയ കുട്ടികളാണെങ്കിൽ ചൈൽഡ് ഫ്രണ്ട്ലി പെയിന്റുകൾ ഇന്ന് ലഭ്യമാണ്. കൈകൾ പെയിന്റിൽ മുക്കി ചിത്രം വരക്കാം. ഇത് കുട്ടികൾക്ക് കണ്ണും കൈയും തമ്മിലുള്ള കോഓഡിനേഷനും മറ്റു മോട്ടോർ സ്കില്ലുകൾ വളർത്താനും സഹായിക്കും.
Post a Comment