ബദ്‌രീങ്ങളുടെ മഹത്വം

ബദ്‌രീങ്ങളുടെ മഹത്വം


അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.

 ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.

അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.

 മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’. 

 മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്). 

 ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. 

 അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).

 ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.

“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. 

 നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).

ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. 

 ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.

 ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297). 

 ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).

 ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).

 ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297)

ബദർ ദിനം PDF: More PDF Files:

മോയിൻകുട്ടി വൈദ്യരുടെ പ്രശസ്തമായ ബദ്ർ ഖിസ്സപ്പാട്ട് പഴയ അറബി മലയാളം പതിപ്പ് PDF- Click here

ബദർ ചരിത്രം 

എന്തുകൊണ്ട് ബദ്‌രീങ്ങൾ ആദരിക്കപ്പെടണം

ബദ്ര്_ ദിനം

ബദര്‍, ഒരു ഹ്രസ്വകഥനം

313 ബദ്‌രീങ്ങളുടെ കുടുംബവും ദേശവും

ബദർ:ആത്മ ചൈതന്യത്തിന്റെ വിജയ ഗാഥ

Post a Comment

Previous Post Next Post