സുകൃതങ്ങളുടെ മാസത്തിന് സ്വാഗതം | The holy month ramadan is here

ramadan


മുസ്‌ലിം വര്‍ഷമായ ഹിജറയില്‍ ഒമ്പതാം മാസം പിറക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറ്റിഇരുപത്തഞ്ചോളം കോടി മുസ്‌ലിംകള്‍ ആത്മവസന്തത്തിന്റെ ദിനരാത്രങ്ങള്‍ സ്വാഗതം ചെയ്യുകയായി. നാടും വീടും മസ്ജിദും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധം ജനങ്ങളും ഈ പുണ്യമാസത്തെ സല്‍കര്‍മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. വ്രതശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാനുള്ള ആത്മഹര്‍ഷം പകരുന്ന നാളുകള്‍ വന്നെത്തിയിരിക്കുന്നു. നിത്യ ഉദ്യാനമായ ഫിര്‍ദൗസിന്റെ റയ്യാന്‍ കവാടം തുറക്കുകയായി. നോമ്പെടുത്തവനാണ് റയ്യാന്‍ ഗേറ്റിലൂടെയുള്ള പ്രവേശനം.

‘വിശ്വാസികളേ!! നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു വ്രതം നിര്‍ബന്ധമാക്കിയ പ്രകാരം നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ടി.’ (ഖു. 2:183)

അതിപുരാതന കാലം മുതലെ ജനങ്ങളില്‍ ഏതെങ്കിലുമൊരു രീതിയില്‍ വ്രതാനുഷ്ഠാം നിലനിന്നിരുന്നു. പ്രാചീന ചൈനയിലും ഭാരതത്തിലും വ്രതം ഒരു ആരാധനയായിരുന്നു. ഗ്രീക്ക് സംസ്‌കാരത്തില്‍ വ്രതം മൗനം പാലിച്ചുകൊണ്ടായിരുന്നു അനുഷ്ഠിച്ചിരുന്നത്. വേദപുസ്തകങ്ങളായ പഴയ നിയമത്തിലും പുതിയ നിയമത്തിലും വ്രതം സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. സീനാ പര്‍വതത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് നാല്‍പത് ദിവസം മൂസാനബി (അ) നോമ്പനുഷ്ഠിച്ചതായി ഖുര്‍ആന്‍ പറയുന്നുണ്ട്.

ഹിജറ രണ്ടാം വര്‍ഷത്തിലാണ് വ്രതം നിര്‍ബന്ധമാക്കിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണിത്. സൂക്ഷ്മതയോടെ നോമ്പനുഷ്ഠിക്കുന്ന വിശ്വാസിക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അനവധിയാണ്. എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും പത്തു മുതല്‍ എഴുനൂറു വരെ പ്രതിഫലം ലഭിക്കും നോമ്പ് ഒഴികെ. അല്ലാഹു പറയുന്നു: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനതിനു പ്രതിഫലം കൊടുക്കും. എനിക്കു വേണ്ടി മനുഷ്യര്‍ അന്നപാനീയങ്ങള്‍ വെടിയും. നോമ്പുകാരനു രണ്ടു സന്തോഷങ്ങളുണ്ട്. ഒന്നു നോമ്പു തുറക്കുമ്പോഴും മറ്റൊന്ന് പരലോകത്ത് അല്ലാഹുവിനെ കാണുമ്പോഴും. അവന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും’ (മുസ്‌ലിം).

നോമ്പ് എനിക്കുള്ളതാണെന്ന അല്ലാഹുവിന്റെ വാക്ക് അതിന്റെ മഹത്വവും ശ്രേഷ്ഠതയും വ്യക്തമാക്കുന്നു. നോമ്പെടുത്തവര്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ട് വായക്ക് അല്‍പം അരുചിയും വാസനയും ഉണ്ടാകാറുണ്ട്. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. പുനരുത്ഥാന ദിനം അവരുടെ വായക്ക് കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും.

നബി (സ)പറയുന്നു: ‘സ്വര്‍ഗത്തിനു റയ്യാന്‍ എന്ന പേരില്‍ ഒരു കവാടമുണ്ട്. നാളെ പരലോകത്ത് നോമ്പുകാരന്‍ മാത്രമാണ് അതിലൂടെ പ്രവേശിക്കുക. മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെ? എന്നു വിളിച്ചു ചോദിക്കുമ്പോള്‍ അവര്‍ അതിലൂടെ പ്രവേശിക്കും. അവര്‍ മുഴുവനും പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതില്‍ അടക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല'(മുസ്‌ലിം). അല്ലാഹു അവന്റെ അടിയാര്‍കള്‍ക്ക് അളവറ്റ അനുഗ്രഹം കനിഞ്ഞരുളിയ മാസമാണ് വ്രതത്തിനു നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പ്രധാനം ഖുര്‍ആന്റെ അവതരണം തന്നെ. 

‘മനുഷ്യരാശിക്കു മാര്‍ഗദര്‍ശകമായി സത്യാസത്യ വിവേചനത്തിന്റേയും സന്മാര്‍ഗത്തിന്റേയും വ്യക്തമായ തെളിവുകളോടെ ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദാനിലാകുന്നു. നിങ്ങളില്‍ ആ മാസത്തില്‍ സന്നിഹിതരായവരെല്ലാം നോമ്പനുഷ്ഠിക്കട്ടെ’ (ഖു. 2:185).

നോമ്പിന്റെ പേരില്‍ വിശപ്പും ദാഹവുമല്ലാതെ മറ്റൊരു ഫലവും ചെയ്യാത്ത എത്രയോ നോമ്പുകാരുണ്ടെന്നു നബി (സ)പറയുന്നു. നൈതികമൂല്യങ്ങള്‍ നിരാകരിക്കുന്ന കപട നോമ്പുകാരാണവര്‍. ആത്മ സംസ്‌കരണത്തിന്റെ അനിര്‍വചനീയ മേഖലയായിരിക്കണം നോമ്പുകാരന്റെ വിഹാരവേദി. ആത്മനിയന്ത്രണമാണ് ദോഷം ചെയ്യാതിരിക്കാനുള്ള കവചം. നോമ്പ് ഒരു കവചമാണെന്നു പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു.

സദാസമയവും ദൈവചിന്തയില്‍ മുഴുകുന്ന നോമ്പുകാരനു ശരീരേഛകള്‍ക്ക് വിധേയമായിത്തീരാന്‍ സാധ്യമല്ല. ആത്മപരിശീലനം ഇവിടെ സാധിക്കുന്നു. അസൂയ, പരദൂഷണം, ഏഷണി, അഹംഭാവം തുടങ്ങിയ മലിന സ്വഭാവങ്ങളില്‍ നിന്നും അകലുന്നു. ക്ഷമയും സല്‍സ്വഭാവവും പ്രകടമാവുന്നു. സല്‍കര്‍മങ്ങളായ ഖുര്‍ആന്‍ പാരായണം, ദിക്‌റ് സലാത്ത്, ഖിയാമുല്ലൈല്‍ (തറാവീഹ്), ഇഅ്തികാഫ് തുടങ്ങിയ ആരാധനകളില്‍ മുഴുകുന്നു. അല്ലാഹുവിന്റെ നിയമമനുസരിച്ച് ജീവിതം രൂപപ്പെടുത്താനുള്ള പരിശീലനമാണിത്. ദൈവചിന്തയില്‍ സദാസമയവും കഴിയുന്ന നോമ്പുകാരനു ആത്മീയോല്‍ക്കര്‍ഷത്തിന്റെ അവാച്യമായ അനുഭൂതിയാണ് ലഭിക്കുന്നത്.

നബി (സ) പറയുന്നു: ‘കുറ്റകരമായ സംസാരങ്ങളും അസഭ്യങ്ങളും ഉപേക്ഷിക്കാത്തവന്‍ നോമ്പിന്റെ പേരില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍പര്യവുമില്ല’ (ബുഖാരി). ആത്മഹര്‍ഷത്തിന്റെ നാളുകളാണ് റമദാന്‍. ഖുര്‍ആന്‍ അവതരിപ്പിച്ച രാത്രി ഈ മാസത്തിലാണ്. ആയിരം മാസത്തേക്കാള്‍ ഉത്തമ രാത്രിയെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. എണ്‍പത്തിമൂന്നു വര്‍ഷത്തിന്റെ മൂല്യം ഈ ഒരൊറ്റ രാത്രിയിലുള്ള ആരാധനക്കുണ്ട്. ഒരു ജീവിതം ലൈലത്തുല്‍ ഖദ്ര്‍ ധന്യമാക്കിയാല്‍ നൂറ്റാണ്ടുകള്‍ ആരാധന നടത്തുന്ന പുണ്യമാണ് ലഭിക്കുക. ഈ രാവിന്റെ നിര്‍ണിത തിയ്യതി അല്ലാഹു ഗോപ്യമാക്കിയിരിക്കുന്നുവെന്നു ഇമാം റാസി അഭിപ്രായപ്പെട്ടിരിക്കുന്നു. തഖ്‌വയുടെ വസന്തം പുഷ്പിതമാവുന്നത് ലൈലത്തുല്‍ ഖദ്‌റിലാണ്.

റമദാന്‍ മറ്റു ലേഖനങ്ങള്

  • റമളാനിലും മറ്റും ക്ലാസ്സെടുക്കുന്ന ഉസ്താദുമാർക്ക് വളരെ ഉപകാരപ്പെടുന്ന 300 ചരിത്രം/പോയിന്റ് സമാഹാരം

Post a Comment

أحدث أقدم