പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം? ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍ര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | How to overcome exam fear

exam fear


ബോര്‍ഡ് പരീക്ഷകള്‍ അടുക്കുന്നു.വിദ്യാ‍‍‍ര്‍ത്ഥികള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്.പല വിദ്യാര്‍ത്ഥികളും അവരുടെ ഭാവിയെക്കുറിച്ച്‌ ഉത്കണ്ഠാകുലരാണ്. ചില‍ര്‍ക്ക് ഏകാഗ്രത തീരെയില്ല. മറ്റ് ചില‌‍ര്‍ എപ്പോഴും ക്ഷീണിതരായി കാണപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ലാസ് മുറികളില്‍ ഇരിക്കാത്ത വിദ്യാര്‍ത്ഥികള്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുക്കുന്നു. പരീക്ഷ  അടുക്കുന്ന ഈ സമയത്ത് എല്ലാ വിദ്യാര്‍ത്ഥികളും താഴെ പറയുന്ന ഈ ഏഴ് കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:

ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക്

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി ഓഫ്‌ലൈന്‍ പരീക്ഷകളിലേക്കുള്ള മാറ്റം കുട്ടികളെ ഭയപ്പെടുത്തിയേക്കാം. ‌പല മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളും ചേ‍ര്‍ന്ന് ഒരു ദൈര്‍ഘ്യമേറിയ ഉത്തരമായി മാറുന്നത് കാണുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയം ഇരട്ടിയാകും. എന്നാല്‍ ടെസ്റ്റ് പേപ്പറുകളിലൂടെ ഉത്തരമെഴുതി പരിശീലിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കുട്ടികളുടെ പരീക്ഷാ പേടി ഇല്ലാതാക്കുകയും ചെയ്യും. വീട്ടിലും സ്കൂളിലും ചെറിയ മോക്ക് ടെസ്റ്റുകള്‍ക്ക് ഉത്തരം നല്‍കുന്നത് പരീക്ഷ എഴുതാന്‍ ധൈര്യം പകരുകയും ആത്മവിശ്വാസം വ‍ര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ടെന്‍ഷനും താപനിലയും

'പഠനം വെള്ളം പോലെയാണ്, കൂടുതല്‍ തിളപ്പിച്ചാല്‍ അത് ബാഷ്പീകരിക്കപ്പെടും'. അതുകൊണ്ട് വീട്ടിലെ വൈകാരിക കാലാവസ്ഥ സന്തുലിതമായിരിക്കണം. അമിതമായ ഉത്കണ്ഠ, ദേഷ്യം, ഭയം, ദുഃഖം എന്നിവയുള്ള മാതാപിതാക്കള്‍ കുട്ടിയുടെ ഓര്‍മ്മയെയാണ് നശിപ്പിക്കുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ ഭയം പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്തുകൊണ്ട് സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍ക്ക് ഇവിടെ മാതാപിതാക്കളെ സഹായിക്കാനാകും. മാതാപിതാക്കളുടെ ഭയം, ആശങ്ക, ദേഷ്യം എന്നിവ ഇല്ലാതാക്കാന്‍ ചില ചെറിയ വ്യായാമങ്ങളും സഹായിക്കും. കുട്ടികള്‍ക്ക് 15-18 വയസ്സ് പ്രായമാകുമ്ബോള്‍, മാതാപിതാക്കള്‍ ആര്‍ത്തവവിരാമത്തിലോ ആന്‍ഡ്രോപോസിലോ ആയിരിക്കാം. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ മാനസികാവസ്ഥ മോശം അവസ്ഥയിലാണെങ്കില്‍ അവ‍ര്‍ തീ‍ര്‍ച്ചയായും വൈദ്യ സഹായം തേടണം. കുട്ടികളുമായി മാതാപിതാക്കള്‍ തങ്ങളുടെ വികാരങ്ങള്‍ പങ്കുവെക്കുക. അവരെ വഴക്ക് പറയുന്നതിലും പരിഹസിച്ച്‌ സംസാരിക്കുന്നതിലും നല്ലത് കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കുന്നതാണ്.

മാ‍ര്‍ക്കുകളും നാഴികക്കല്ലുകളും

10, 12 ക്ലാസ് പരീക്ഷകള്‍ ഒരു നാഴികക്കല്ല് അല്ല. എന്നാല്‍ ജീവിതത്തിലെ അനേകം മൈലുകള്‍ താണ്ടുന്നതിനുള്ള ഒരു പ്രധാന കടമ്പ  തന്നെയാണ്. നിങ്ങള്‍ ഈ പരീക്ഷയില്‍ 90% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്കോര്‍ ചെയ്തതുകൊണ്ട് നിങ്ങള്‍ ഒരു ഹീറോ ആകണമെന്നില്ല.

അല്ലെങ്കില്‍ നിങ്ങള്‍ 50% സ്കോര്‍ ചെയ്തതു കൊണ്ട് നിങ്ങള്‍ ഒരു വട്ടപൂജ്യവുമാകില്ല. ഇന്ത്യന്‍ പരീക്ഷ ബോര്‍ഡുകള്‍ നിങ്ങളുടെ എല്ലാ കഴിവുകളും ഒരിയ്ക്കലും പരിശോധിക്കുന്നില്ല. നിങ്ങളുടെ എല്ലാ കഴിവുകളും പരീക്ഷിക്കാന്‍ ഇത്തരം പരീക്ഷകള്‍ക്ക് കഴിയില്ല. എന്നാല്‍ നിങ്ങള്‍ പരീക്ഷകള്‍ക്കായി കഠിനാധ്വാനം ചെയ്യുന്നത് വഴി നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിക്കുകയും ഒരാളെ വളരെ അച്ചടക്കമുള്ള ഒരാളാക്കി മാറ്റാനും സാധിക്കും. മാ‍ര്‍ക്ക് നേടുക എന്ന ലക്ഷ്യം ചിലര്‍ക്ക് ഒരു പ്രചോദനമായേക്കാം. എന്നാല്‍ മറ്റ് ചില‍ര്‍ക്ക് ഇത് പരിഭ്രാന്തിയുണ്ടാക്കാം. നിങ്ങളുടെ പ്രകടനങ്ങള്‍ മാതാപിതാക്കളെ സന്തോഷിപ്പിക്കാനല്ലെന്ന് ഓര്‍ക്കുക. ജീവിതത്തിലുടനീളം മാതാപിതാക്കള്‍ നിങ്ങളോടൊപ്പം നില്‍ക്കും. കോളേജുകളിലേക്കുള്ള പ്രവേശനം പരീക്ഷയ്ക്കിടെ ചര്‍ച്ച ചെയ്യരുത്. പ്രവേശന പരീക്ഷകള്‍ക്കുള്ള പഠനം പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം തുടരാം.

ഇടവേളകള്‍

10 മിനിറ്റ് വീതം ഇടവേളകളോടെ 30 മുതല്‍ 40 മിനിറ്റ് വരെ പഠിക്കുക. പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിക്കുന്നത് സിലബസിന്റെ ഭൂരിഭാഗവും പഠിക്കാന്‍ നിങ്ങളെ സഹായിക്കും. നമ്മളില്‍ ചിലര്‍ രാത്രി വൈകിയും ഇരുന്ന് വായിക്കുന്നവരാണ്. എന്നാല്‍ മറ്റ് ചില‍ര്‍ രാവിലെ നേരത്തെ ഉണ‍ര്‍ന്ന് പഠിക്കുന്നവരാണ്. എന്നാല്‍ ഒരിയ്ക്കലും രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കരുത്. പഠിച്ച്‌ തുടങ്ങുന്ന സമയത്ത് ആദ്യം നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വായിച്ചോ അല്ലെങ്കില്‍ പഠിക്കാതെ വെറുതെ പുസ്തകം വായിച്ചോ പഠനത്തിന് തുടക്കമിടാം. നിങ്ങളുടെ മനസ്സ് ശാന്തവുമാകുമ്ബോള്‍ ശരിയായ പഠനം ആരംഭിക്കുക. ഈ സമയത്ത്, പഠിക്കാനുള്ള മൊത്തം പാഠങ്ങളെക്കുറിച്ച്‌ ഓര്‍ത്ത് വിഷമിക്കാതെ നിങ്ങള്‍ക്ക് കഴിയുന്നത്ര പഠിക്കുക. പ്രാസമുള്ള വാക്കുകള്‍ ഉണ്ടാക്കി ഓ‍ര്‍മ്മിക്കാന്‍ എളുപ്പത്തില്‍ പഠിക്കുക. എപ്പോഴും ഓര്‍ക്കുക പരീക്ഷകള്‍ നിങ്ങളുടെ ഓര്‍മ്മ പരീക്ഷിക്കലാണ്.

സമ്മര്‍ദ്ദവും പരിഹാരങ്ങളും

നിങ്ങളുടെ ഭയം നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരുമായോ മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ പങ്കിടുക. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. എന്നാല്‍ പകല്‍ നീണ്ട സമയത്തെ ഉറക്കം അഭികാമ്യമല്ല. ഉറക്കക്കുറവ് നിങ്ങളുടെ ഓര്‍മ്മയെ നശിപ്പിക്കും. ഗാഡ്‌ജെറ്റുകളില്‍ ദീര്‍ഘ സമയം ചെലവഴിക്കുന്നത് രാത്രി ഉറക്കം നഷ്ടപ്പെടുന്നതിനുള്ള ഒരു കാരണമാണ്. ദിവസവും 30 മിനിറ്റ് വിരലുകളല്ല, കൈകളും കാലുകളും ഉപയോഗിച്ച്‌ കളിക്കുക. ഇത് തലച്ചോറിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുക. ലഘുവായ ശ്വസന വ്യായാമങ്ങള്‍, യോഗ, ധ്യാനം എന്നിവ ഇന്ദ്രിയങ്ങളെ ശാന്തമാക്കാന്‍ സഹായിക്കും.

അലട്ടുന്ന ചിന്തകളും വികാരങ്ങളും

പരീക്ഷയ്ക്ക് പഠിച്ചത് ഒന്നും ഓ‌ര്‍മ്മയില്‍ വരില്ല. ഞാന്‍ നന്നായി സ്കോര്‍ ചെയ്യില്ല. എനിക്ക് ഒരു നല്ല കോളേജില്‍ പ്രവേശനം ലഭിച്ചേക്കില്ല. നിങ്ങളെ അലട്ടുന്ന ചില ചിന്തകള്‍ ഇവയായിരിക്കാം. ഇത്തരം ചിന്തകള്‍ പല‍ര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നേരം നീണ്ടുനില്‍ക്കുകയാണെങ്കില്‍, പെട്ടെന്നുള്ള ഒരു ചെറിയ നടത്തം, ചെറിയ ഒരു കുളി, കുറച്ച്‌ സമയം പാട്ട് കേള്‍ക്കുക, പ്രാണായാമം ചെയ്യുക തുടങ്ങിയ മാ‍ര്‍​ഗങ്ങളിലൂടെ നിങ്ങളുടെ ശ്രദ്ധ തിരിക്കുക. നിങ്ങളുടെ അമ്മയെ കെട്ടിപ്പിടിച്ച്‌ അല്ലെങ്കില്‍ സമപ്രായക്കാരുമായി ഇത്തരം വിഷമങ്ങള്‍ പങ്കിട്ടുകൊണ്ട് നിങ്ങള്‍ക്ക് സ്വയം ആശ്വസിക്കാം.

നിങ്ങളുടെ മുന്‍കാല പ്രകടനങ്ങള്‍ വിശകലനം ചെയ്യുമ്ബോള്‍, ഈ ചിന്തകള്‍ യുക്തിരഹിതമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെക്കാലം നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടെങ്കില്‍ അധ്യാപകരുടെയോ കൗണ്‍സിലര്‍മാരുടെയോ സഹായം തേടുക. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ ആ ബന്ധം നിലനിര്‍ത്തുക. പഠന കാര്യത്തില്‍ നിങ്ങള്‍ പരസ്പരം സഹായിക്കുക. നിങ്ങള്‍ക്ക് പ്രണയനൈരാശ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ‌നിങ്ങളുടെ വികാരങ്ങള്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ അധ്യാപകരുമായോ ഒരു കൗണ്‍സിലറുമായോ പങ്കിടുക. നിങ്ങളുടെ ഒമ്ബതാം ക്ലാസ് പരീക്ഷകളേക്കാളും പത്താം ക്ലാസ് പ്രീ-ബോര്‍ഡ് പരീക്ഷകളേക്കാളും എളുപ്പമാണ് ബോ‍ര്‍ഡ് പരീക്ഷ എന്ന് ഓര്‍ക്കുക. ഭാവിയിലെ പ്രവേശനങ്ങളെ സംബന്ധിച്ചാണ് പല വിദ്യാ‍ര്‍ത്ഥികള്‍ക്കും ടെന്‍ഷന്‍. എന്നാല്‍ ബ്രാന്‍ഡഡ് കോളേജുകളില്ല, വിദ്യാര്‍ത്ഥിയാണ് ശക്തനായ ബ്രാന്‍ഡ് എന്ന കാര്യം ഓ‍ര്‍മ്മിക്കുക.

രോ​ഗങ്ങളും വൈകല്യങ്ങളും

വൈകാരിക ബുദ്ധിമുട്ടുകള്‍ക്കോ ​​മാനസിക വൈകല്യങ്ങള്‍ക്കോ ​​​​കൗണ്‍സിലിങ്ങിനോ മരുന്നുകള്‍ക്കോ ​​വിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പരീക്ഷകളിലും പിന്നീടും ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അധ്യാപക‍ര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ തൊഴില്‍ നഷ്‌ടവും ഫീസ് അടയ്‌ക്കാന്‍ കഴിയാത്തതും കോവിഡ് മൂലമുള്ള മരണവും മറ്റും ബാധിച്ച കുടുംബങ്ങള്‍ സ്‌കൂളിന്റെ നിരീക്ഷണത്തിന് കീഴിലായിരിക്കണം. അവരെ കൈപിടിച്ച്‌ നടത്തുകയും പഠനത്തിലും വൈകാരികമായും പിന്തുണ നല്‍കേണ്ടതും സ്കൂള്‍ അധികൃതരാണ്. കുട്ടികളില്‍ കോവിഡ് 19ന്റെ മാനസിക ആഘാതത്തെക്കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്ബോള്‍, സ്‌കൂളുകള്‍ അടച്ചതിനാല്‍ ഉദാസീനമായ ജീവിതശൈലിയെ തുടര്‍ന്ന് കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ശിശുരോഗവിദഗ്ദ്ധര്‍ പറയുന്നു.

വൈകല്യങ്ങളുള്ളവ‍ര്‍ക്ക് പരീക്ഷയിലുടനീളം കൗണ്‍സിലിംഗ് നല്‍കുകയും വേണം. പരീക്ഷാകാലത്ത് അധ്യാപകര്‍ വിദ്യാ‍ര്‍ത്ഥികള്‍ക്കായി ഒരു ഫോണ്‍ കോള്‍ അകലെ ഉണ്ടായിരിക്കണം.വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പോകുമ്ബോള്‍, രക്ഷിതാക്കള്‍ അവരെ ഭയപ്പെടുത്താതെ ആശംസകള്‍ നേരണം. കുട്ടികള്‍ പരസ്പരം ആശംസകള്‍ നേരുന്നതും കുട്ടികളുടെ മനസ്സ് ശാന്തമാക്കും. പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പ‍ര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന രീതി രക്ഷിതാക്കള്‍ ഒഴിവാക്കണം. 

Post a Comment

Previous Post Next Post