പ്രവാസികള്ക്ക് സാന്ത്വന സാമ്പത്തികസഹായത്തിന് അപേക്ഷിക്കാം | Santhwana Financial Assistance for NRIs

santhwana norka roots

 

പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയവർക്ക്  'നോർക്ക റൂട്സ്: സാന്ത്വന' ധനസഹായത്തിനായി അപേക്ഷിക്കാം

പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവർക്കായി കേരള സർക്കാരിന്റെ മേൽനോട്ടത്തിന് കീഴിൽ 'നോർക്ക റൂട്സ്: സാന്ത്വന' എന്ന പ്രത്യേക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. മരണം,വിവാഹം,ചികിത്സ എന്നീ ആവശ്യങ്ങൾക്കായി ഇതിലൂടെ ഒറ്റത്തവണ സാമ്പത്തികസഹായം അപേക്ഷകർക്ക് ലഭിക്കുന്നതാണ്.



വിവാഹ ആവശ്യങ്ങൾക്കായി 15,000 രൂപയും ഗുരുതര രോഗബാധിതർക്ക് ( ക്യാൻസർ ബാധിതർ, ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായവർ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ ബാധിച്ചവർ, തീവ്രമായ നാഡീരോഗങ്ങൾ ബാധിച്ചവർ, അപകടങ്ങളിൽപ്പെട്ട് ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ ) ചികിത്സാ ആവശ്യങ്ങൾക്കായി 50,000 രൂപയും മറ്റ് രോഗങ്ങളുടെ ചികിത്സക്കായി 20,000 രൂപയും വീൽചെയർ,ക്രച്ചസ് തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപയും മരണാനന്തര ധനസഹായമായി 1,00,000 രൂപവരെയും ഈ സഹായനിധിയിലൂടെ ലഭിക്കും.

അപേക്ഷിക്കുവാനുള്ള നിബന്ധനകൾ

1. അപേക്ഷകന്റെ കുടുംബത്തിന്റെ മൊത്തവരുമാനം 1.5 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കണം.

2. അപേക്ഷകൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചയാളായിരിക്കണം.

3. വിദേശത്ത് ചിലവഴിച്ചതിനേക്കാൾ കൂടുതൽ കാലമായിരിക്കരുത് അപേക്ഷകൻ നാട്ടിൽ വന്നിട്ട്. (ഉദാഹരണത്തിന് അഞ്ചുവർഷം വിദേശത്തായിരുന്ന പ്രവാസി തിരിച്ചെത്തിയിട്ട്  അഞ്ചുവർഷത്തിൽ കൂടുതലായിട്ടുണ്ടെങ്കിൽ അപേക്ഷിക്കുവാനാകില്ല ).അല്ലെങ്കിൽ നാട്ടിൽ തിരിച്ചെത്തിയിട്ട് പത്തുവർഷം. ഏതാണോ ആദ്യം വരുന്നത് അതാണ് ബാധകമാകുന്നത്.


അപേക്ഷിക്കുവാനാവശ്യമായ പ്രധാന  രേഖകൾ

1. പാസ്പോർട്ടിന്റെ കോപ്പി

2. റേഷൻ കാർഡ്

3. വരുമാന സർട്ടിഫിക്കറ്റ്

4. ആധാർ/ വോട്ടർ ഐഡി

5. ബാങ്ക് പാസ്ബുക്ക് കോപ്പി

6. പാസ്പോർട്ട് സൈസ് ഫോട്ടോ

7. ഒപ്പ്

മേൽപ്പറഞ്ഞത് കൂടാതെ അപേക്ഷകരുടെ ആവശ്യത്തിനനുസരിച്ച് സമർപ്പിക്കേണ്ട രേഖകൾ

ചികിത്സാസഹായം:

ബന്ധുത്വ സർട്ടിഫിക്കറ്റ്

മെഡിക്കൽ സർട്ടിഫിക്കറ്റ്

മെഡിക്കൽ ബില്ലുകൾ

വിവാഹസഹായം:

വിവാഹത്തിന്റെ തെളിവ് (ഉദാ:ക്ഷണക്കത്ത്)

വിവാഹ സർട്ടിഫിക്കറ്റ്

ബന്ധുത്വ സർട്ടിഫിക്കറ്റ്

മരണാനന്തര സഹായം:

മരണസർട്ടിഫിക്കറ്റ്

അപേക്ഷകരുടെ ഐഡി പ്രൂഫ്

ബന്ധുത്വ സർട്ടിഫിക്കറ്റ്

വീൽചെയർ, ക്രച്ചസ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം:

മെഡിക്കൽ ബോർഡിൽ നിന്നുള്ള വികലാംഗ സർട്ടിഫിക്കറ്റ്

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ

നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്തയാൾ അയാൾക്കുവേണ്ടിത്തന്നെയാണ്  അപേക്ഷിക്കുന്നതെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം ആധാറോ റേഷൻ കാർഡോ അപ് ലോഡ് ചെയ്താൽ മതിയാകും.


അപേക്ഷിക്കേണ്ടവിധം  

1. ആദ്യം താഴെ കാണുന്ന ലിങ്ക് തുറക്കുക

ലിങ്ക് വഴി നോർക്കാ റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.

ഇവിടെ തുറക്കാം
2. പേജിൽ മുകളിൽ വലതുവശത്തായി കാണുന്ന ഓപ്ഷനുകളിൽ നിന്ന് "scheme" തെരഞ്ഞെടുക്കുക. തുറന്നു വരുന്ന മെനുവിൽ നിന്ന് "Santhwana" ക്ലിക്ക് ചെയ്യുക.

                  അല്ലെങ്കിൽ

പേജ് താഴേക്ക് നീക്കി "scheme" എന്നതിനു കീഴിൽ "Santhwana" എന്ന തലക്കെട്ടിന് താഴെയുള്ള "register"ഐക്കൺ ക്ലിക്ക് ചെയ്യുക.

3. നോർക്കാ റൂട്ട്സിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ പുതുതായി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അതിനായി തുറന്നുവരുന്ന പേജിൽ നിന്നും "new user" എന്നതിനു താഴെയുള്ള "register here" ലിങ്ക് തുറക്കുക.

4. രജിസ്റ്റർ ചെയ്യാനായി  തുറന്നുവരുന്ന പേജിൽ പേര്,ഇ-മെയിൽ, ജനനത്തീയതി, ഫോൺ നമ്പർ,യൂസർ ഐഡി,പാസ്സ്‌വേർഡ് എന്നീ അവശ്യവിവരങ്ങൾ നൽകി "sign in" ചെയ്യുക.

5. തുറന്നുവരുന്ന പേജിൽ വലതുവശത്തായി മുകളിൽ അപേക്ഷകർ നൽകിയ വിവരങ്ങൾ കാണാനാകുന്നതാണ്. ഏർപ്പെടുത്തിയിരിക്കുന്ന ധനസഹായങ്ങളുടെ വിവരങ്ങളും പേജിൽ കാണാനാകുന്നതാണ്.

6. പേജിൽ വലതുവശത്തു കാണുന്ന "Santhwana application" എന്ന നീല ഐക്കൺ ക്ലിക്ക് ചെയ്യുക.

7. ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട എട്ടു ഘട്ടങ്ങളിൽ ആദ്യത്തേതാണ് തുറന്നുവരുന്ന പേജ്. ഇവിടെ  പേര്  (name of NRK),ജനനത്തീയതി, ആധാർ നമ്പർ, വോട്ടർ ഐഡി എന്നീ വിവരങ്ങൾ നൽകി "next" ക്ലിക്ക് ചെയ്യുക.



8. അടുത്ത പേജിൽ അപേക്ഷകരുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വോട്ടർ ഐഡി/ ആധാർ കാർഡ്, റേഷൻ കാർഡ്  എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ യഥാക്രമം അപ്‌ലോഡ് ചെയ്യുക. തുടർന്ന് ആരാണ് അപേക്ഷിക്കുന്നത് അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് അപേക്ഷിക്കുന്നത് (relationship with NRK), ജനനത്തീയതി, ജില്ല, ഇപ്പോഴത്തെ വിലാസം, വോട്ടർ ഐഡി/ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ,ഫോൺ നമ്പർ, പിൻകോഡ് എന്നിവ നൽകി "next" ക്ലിക്ക് ചെയ്യുക.

9. അപേക്ഷകരുടെ ബാങ്ക് വിവരങ്ങൾ നൽകുവാനുള്ള പേജ് തുറന്നു വരും. ഇവിടെ NRI അക്കൗണ്ട് വിവരങ്ങൾ നൽകുവാൻ കഴിയില്ല. പേജിൽ ബാങ്ക് പാസ്ബുക്കിന്റെ ഡിജിറ്റൽ കോപ്പി അപ്‌ലോഡ് ചെയ്യുക.അപേക്ഷകരുടെ പേര്, അക്കൗണ്ട് നമ്പർ,IFSC കോഡ്, ബ്രാഞ്ചിന്റെ പേര് എന്നീ വിവരങ്ങൾ നൽകി "next" ക്ലിക്ക് ചെയ്യുക.

10. അപേക്ഷകരുടെ കുടുംബാംഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ നൽകുവാനുള്ള പേജാണടുത്തത്. ആർക്കുവേണ്ടിയാണ് അപേക്ഷിക്കുന്നത് അയാളുമായിട്ടുള്ള കുടുംബാംഗങ്ങളുടെ ബന്ധം (relationship with NRK), അംഗങ്ങളുടെ പേര്, വയസ്സ്,ജോലി എന്നിവ നൽകുക. ഈ കോളങ്ങൾക്ക് നേരെയുള്ള നീലനിറത്തിലുള്ള പ്ലസ് ഐക്കൺ ക്ലിക്ക് ചെയ്ത് കൂടുതൽ അംഗങ്ങളെ ചേർക്കാവുന്നതാണ്. തുടർന്ന് "next" ക്ലിക്ക് ചെയ്യുക.

11. അടുത്തതായി തുറന്നുവരുന്ന പേജിൽ പാസ്പോർട്ട് വിവരങ്ങളാണ് നൽകേണ്ടത്.പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് കാലാവധി ഡേറ്റുകൾ (from date, to date), എന്നിവ നൽകി പാസ്പോർട്ടിന്റെ ഒരു PDF കോപ്പി അപ്‌ലോഡ് ചെയ്യുക. തുടർന്ന് എത്ര വർഷം വിദേശത്ത് ജോലി ചെയ്തിരുന്നു എന്ന വിവരവും നൽകുക. അതിനുശേഷം "next" ക്ലിക്ക് ചെയ്യുക.

12. വരുമാന സർട്ടിഫിക്കറ്റ് വിവരങ്ങളാണ് തുറന്നുവരുന്ന പേജിൽ നൽകേണ്ടത്. അപേക്ഷകരുടെ ജോലി, ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ അംഗമാണെങ്കിൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ, സർട്ടിഫിക്കറ്റ് അനുസരിച്ചുള്ള വാർഷികവരുമാനം, വില്ലേജ് ഓഫീസിന്റെ പേര്, സർട്ടിഫിക്കറ്റ് നമ്പർ, സർട്ടിഫിക്കറ്റ് അനുവദിച്ച തീയതി,സ്വന്തമായി വീടോ വാഹനമോ സ്ഥലമോ ഉണ്ടോ ഇല്ലയോ എന്നീ വിവരങ്ങൾ നൽകി  "next" ക്ലിക്ക് ചെയ്യുക.



13. അടുത്ത പേജിൽ അപേക്ഷകർ കാംക്ഷിക്കുന്ന ധനസഹായം ഏതെന്ന് തിരഞ്ഞെടുക്കുക (death, marriage, medical, artificial limbs) അപേക്ഷകർ ഏതാണോ തിരഞ്ഞെടുത്തത് അത് സംബന്ധിച്ച വിവരങ്ങളും രേഖകളും (മുകളിൽ കൊടുത്തിട്ടുണ്ട്) അപ്‌ലോഡ് ചെയ്യുക. തുടർന്ന് "next" ക്ലിക്ക് ചെയ്യുക.

14. അവസാന പേജ് നൽകിയ വിവരങ്ങളെല്ലാം സ്ഥിരീകരിക്കുവാനുള്ളതാണ്.

 15. അതിനുശേഷം "please close for submitting application successfully" എന്നതിന് കീഴിലുള്ള "close" ഐക്കൺ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കൽ പൂർത്തിയായിക്കഴിഞ്ഞു.

16. സൈറ്റിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ മെനുവിൽ നിന്നും "Santhwana" സെലക്ട് ചെയ്ത് അപ്ലിക്കേഷൻ സംബന്ധിച്ച വിവരങ്ങൾ അപേക്ഷകർക്ക് പരിശോധിക്കാം. അപേക്ഷ സമർപ്പിച്ച് രണ്ടു മാസത്തിനുള്ളിൽത്തന്നെ നോർക്ക റൂട്സ്  അന്വേഷണ നടപടികൾ പൂർത്തിയാക്കി സഹായധനം അപേക്ഷകർക്ക് കൈമാറുന്നതാണ്.

Post a Comment

Previous Post Next Post