ഇമാം മാലിക്(റ) ഹദീസ് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹത്തിൻറെ ശിഷ്യന്മാർ നിശബ്ദരായി ഇരിക്കുന്നു, അദ്ദേഹത്തിന് നേരെ ഒരു തേള് അടുത്തുവന്നു. ഒരു പ്രാവശ്യം ഇമാമിനെ കുത്തുന്നു, അതിനുശേഷം പിരിഞ്ഞുപോകാതെ രണ്ടാമതും മൂന്നാമതും കുത്തുന്നു, ഒന്നിനു പിറകെ ഒന്നായി കുത്തി കൊണ്ടേയിരിക്കുന്നു. അങ്ങനെ പതിനാറു തവണ ഇമാമിനെ കുത്തി. ഇമാമിൻറെ നിറം പരിവർത്തനം വരുന്നു, മുഖം മഞ്ഞനിറമായി, വേദന കഠിനമായി. എങ്കിലും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചില്ല, ഹദീസ് ക്ലാസ്സ് നിർത്തി വെച്ചില്ല, അങ്ങനെ സദസ്സിൽ നിന്ന് വിരമിച്ചു ജനങ്ങളെല്ലാം പിരിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നുൽ മുബാറക് എന്നവർ ഇമാമിനോട് പറഞ്ഞു ഇന്ന് ഞാൻ ഒരു അത്ഭുതം കണ്ടു. അപ്പോൾ ഇമാം പറഞ്ഞു അതേ, എന്നെ ഒരു തേള് പതിനാറു പ്രാവശ്യം കുത്തി, അപ്പോഴെല്ലാം ഞാൻ ക്ഷമ കൈകൊണ്ടു അത് തിരുദൂതരുടെ ഹദീസിനോടുള്ള ബഹുമാനം കാരണമായിരുന്നു.
പൂർണ്ണനാമം |
മാലിക് ബ്നു അനസ് |
അപര നാമം |
ഇമാം ദാറുൽ ഹിജ്റ |
പിതാവിൻറെ പേര് |
അനസ് |
ജനനം |
ഹിജ്റ 93 മദീനയിൽ |
മദ്ഹബ് |
മാലികി |
മാലികി മദ്ഹബ് വേരോട്ടം ഉള്ള സ്ഥലങ്ങൾ |
യുഎഇ, കുവൈത്ത്, ആഫ്രിക്ക, |
പ്രമുഖ ശിഷ്യന്മാർ |
ഇമാം അബൂ യൂസഫ്, ഇമാം മുഹമ്മദ് ഷൈബാനി,
ഇമാം ഷാഫിഈ
|
പ്രസിദ്ധ കിതാബ് |
മുവത്വഅ് |
ഹദീസിൽ വിരചിതമായ ആദ്യ ഗ്രന്ഥം |
മുവത്വഅ് |
വഫാത്ത് |
ഹിജ്റ 179 |
അന്ത്യവിശ്രമം |
ജന്നത്തുൽ ബഖീഇൽ |
“ഉമ്മാ, എനിക്കു പഠിക്കാന്‍ പോകണം”. “എങ്കില്‍ മോനേ, നീ അതിനുള്ള വസ്ത്രം ധരിക്കൂ”. ഉമ്മ പറഞ്ഞു. തുടര്‍ന്ന് ഉമ്മ എന്റെ തലയില്‍ തൊപ്പിയിട്ടുതന്നു. അതിനു മീതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്രയാവാം.” തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാനായ ഇമാം മാലിക് വിശദീകരിക്കുന്നതിങ്ങനെയാണ്.
ഹിജ്റ 93 ല്‍ ജനിച്ചു 179 ല്‍ വഫാത്തായ ഇമാം മാലിക (റ), സുഹ്രി, യഹ്യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുന്‍കദിര്‍, ഹിശാമുബ്നു ഉര്‍വ, സയ്ദ്ബ്നു അസ്ലം, റബീഅതുബ്നു അബീ അബ്ദിര്‍റഹ്മാന്‍ തുടങ്ങി ധാരാളം ഉസ്താദുമാരില്‍ നിന്നു വിദ്യ നുകര്‍ന്നു. ഇമാം ശാഫിഈ, മുഹമ്മദ്ബ്നു ഇബ്റാഹീം, അബൂഹിശാം, മഅ്നുബ്നു ഈസാ, യഹ്യബ്നു യഹ്യ, അബ്ദുല്ലാഹിബ്നു മസ്ലമതുല്‍ ഖഅ്നബി, അബ്ദുല്ലാഹിബ്നു വഹബ് തുടങ്ങി ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും അബൂദാവൂദിന്റെയും തിര്‍മുദിയുടെയും അഹ്മദ്ബ്നു ഹമ്പലിന്റെയും (റ) ശൈഖുമാരും അല്ലാത്തവരുമായ ധാരാളം പ്രമുഖര്‍ ഉള്‍കൊള്ളുന്നതാണ് അവിടുത്തെ ശിഷ്യഗണം.
പതിനേഴാം വയസ്സില്‍ അധ്യാപനം തുടങ്ങിയ മാലികിന്റെ ക്ളാസില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഏറെ ഔല്‍സുക്യം കാണിക്കുമായിരുന്നു. തന്റെ ഉസ്താദുമാര്‍ ജീവിച്ചിരിക്കെ തന്നെ അവരുടെ തിനേക്കാളും വലിയ സദസ്സ് മാലികിന്റേതായിരുന്നു. എഴുപതോളം ഇമാമുകള്‍ ഫത്വ നല്‍കാന്‍ അര്‍ഹനാണെന്ന അംഗീകാരം നല്‍കിയതിനു ശേഷമേ ഞാന്‍ ഫത്വ നല്‍കിയിട്ടുള്ളൂവെന്ന മഹാനവര്‍കളുടെ വാക്കില്‍ നിന്നു ജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ ക്കുമിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരം എത്രത്തോളമായിരുന്നു വെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല.
ഹദീസും ഫിഖ്ഹും പഠിക്കാന്‍ മാലിക് (റ) ന്റെ കവാടത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കുമായിരുന്നു; അധികാരത്തിന്റെ ഉമ്മറപ്പടിക്കല്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നതു പോലെ. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന മാലിക് (റ) നാവിനെ ഏറെ സൂക്ഷിക്കുന്ന ആളുമായിരുന്നു.
കര്‍മശാസ്ത്ര ചര്‍ച്ചക്കിരിക്കുമ്പോള്‍ ഹിതമാകുന്ന ഏതു രൂപത്തിലും മാലിക് (റ) ഇരിക്കും. പക്ഷേ, ഹദീസിനു വേണ്ടിയാണെങ്കില്‍ കുളിച്ചു സുഗന്ധം പുരട്ടി നല്ല വസ്ത്രം ധരിച്ചു തൊപ്പിയും തലപ്പാവുമണിഞ്ഞു ഏറെ ഭക്ത്യാദരപൂര്‍വമായിരുന്നു ഇരിക്കുക. തിരുനബിയുടെ ഹദീസിനെ ആദരിച്ചു ഹദീസ് സദസ്സുകളില്‍ ‘ഊദ്’ കത്തിച്ചു പരിമണം പരത്തുമായിരുന്നു.
അബ്ദുല്ലാഹിബ്നു മുബാറക് (റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു: മാലിക് (റ) ഹദീസ് പറയുന്ന ഒരു സദസ്സില്‍ ഞാന്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹത്തെ ഒരു തേള്‍ പതിനാറ് തവണ കുത്തി. ഇത് കാരണം മാലിക് തങ്ങള്‍ വിവര്‍ണ്ണനായെങ്കിലും ഹദീസ് പറയുന്നത് നിര്‍ത്തിവെക്കാന്‍ അവിടുന്ന് ഒരുക്കമില്ലായിരുന്നു. ജനങ്ങളൊക്കെ പിരിഞ്ഞുപോയ ശേഷം മാലിക് (റ) ഇങ്ങനെ പറഞ്ഞു: “ഹദീസിനെ ആദരിച്ചതു കൊണ്ടാ ണ് ഞാന്‍ ഇത്രത്തോളം ക്ഷമിച്ചത്.”
തിരുനബിയുടെ ഹദീസിനെ അങ്ങേയററം ആദരിച്ച ഇമാം മാലിക് (റ) തിരുനബിയുടെ പട്ടണമായ മദീനയില്‍ വാഹനം ഉപയോഗിക്കുമായിരുന്നില്ല: എത്ര തന്നെ പരിക്ഷീണിതനാണെങ്കിലും. ‘ഇല്ല, തിരുനബിയുടെ ശരീരം മറപെട്ട മദീനയില്‍ ഞാന്‍ വാഹനം കയറില്ല’ എന്നായിരുന്നു ഇതേ കുറിച്ചു പറഞ്ഞത്.
ഒരു ഞായറാഴ്ച ദിവസം മാലിക് (റ) രോഗബാധിതനായി. ഇരുപത്തിരണ്ട് ദിവസങ്ങളോളം രോഗം നീണ്ടുനിന്നു. ഈ രോഗത്തിലായി ഹി. 179 റബീഉല്‍ അവ്വല്‍ 20 ന് മാലിക് (റ) വഫാത്തായി.
ദീനിന്നും ഉമ്മതിനും ദീനീ വിജ്ഞാനത്തിനും അതിമഹത്തായ സേവനങ്ങളര്‍പ്പിച്ച ഇമാം മാലിക് (റ) ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അര്‍റദ്ദു അലല്‍ ഖദ്രിയ്യ, അര്രിസാലത്തു ഇലര്‍റശീദി, കിത്താബുന്നുജൂം, രിസാലത്തുന്‍ ഫില്‍ അഖാഇദ്, തഫ്സീറുല്‍ ലി ഗരീബില്‍ ഖുര്‍ആന്‍, രിസാല ഇലാ അബൂഗസ്സാല്‍, കിത്താബുല്‍ മനാസിക്, കിത്താബുല്‍ മുവത്വ തുടങ്ങിയവ അവയില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നവയാണ്. പക്ഷേ, പല ഗ്രന്ഥങ്ങളും നമുക്കിന്ന് ലഭ്യമല്ല.
ഇവയില്‍ ഏററം പ്രസിദ്ധം മുവത്വ ആണെന്നതില്‍ രണ്ടു പക്ഷമില്ല. പ്രസ്തുത ഗ്രന്ഥം തന്നെയാണ് മാലികി മദ്ഹബിന്റെ അടിത്തറ. തിരുനബിയുടെ വിശുദ്ധ ഹദീസുകള്‍ മാത്രമല്ല, മുന്‍കാല മഹത്തുക്കളുടെ ഫത്വകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രസ്തുത ഗ്രന്ഥങ്ങളില്‍ ഇടം നല്‍കിയിട്ടുണ്ട്.
പ്രഥമ ഘട്ടത്തില്‍ ധാരാളം ഹദീസുകള്‍ മുവത്വയില്‍ ഉള്‍കൊള്ളിച്ചിരുന്നുവെങ്കിലും പിന്നീടു പല ഘട്ടങ്ങളിലായി പലവിധ മാററങ്ങളും അതില്‍ വരുത്തുകയും ഹദീസുകളുടെ എണ്ണം ചുരുക്കുകയും ചെയ്തിട്ടുണ്ട്. മുവത്വയില്‍ ഉള്‍കൊണ്ടിരിക്കുന്ന ഹദീസുകളുടെ എണ്ണത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സംക്ഷേപം നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
إرسال تعليق