അറബികലണ്ടറിലെ പന്ത്രണ്ട് മാസങ്ങള്‍ക്കും തുല്യമായ സ്ഥാനങ്ങളല്ല ഉള്ളത്. ശ്രേഷ്ടതയിലും മാഹാത്മ്യത്തിലും മാസങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്. ഏറ്റവും പ്രധാന മാസം റമളാന്‍ തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ പവിത്രമായ നാല് മാസങ്ങള്‍ കൂടിയുണ്ട്. ദുല്‍ഹിജ്ജ, മുഹറം, സ്വഫര്‍, റജബ് എന്നീ നാല് മാസങ്ങളും പവിത്രമാണ്. ഇമാം ഗസാലിയുടെയും മറ്റും അഭിപ്രായമനുസരിച്ച് ഒന്നാം സ്ഥാനക്കാരനാണ് ദുല്‍ഹിജ്ജ. മാസങ്ങളിലെ വ്യതിയാനം പോലെ ദിവസങ്ങളിലും വ്യത്യാസമുണ്ട്. മുഹറം ഒന്നു മുതല്‍ പത്ത് വരെ കനകം വിളയുന്ന നാളുകളാണ്. റമളാനിലെ അവസാന പത്തിലെ ദിവസങ്ങള്‍ക്കും നിശ്ചയിക്കപ്പെടാത്ത ശ്രേഷ്ടതയുണ്ട്.
അതുപോലെ ശ്രേഷ്ടം തന്നെയാണ് ദുല്‍ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളും. ഇബ്നു അബ്ബാസ്(റ) വില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളോളം സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഇഷ്ടപ്പെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ. നബി(സ) പറഞ്ഞു. ജിഹാദുമില്ല. സ്വശരീരവും പണവുമായി രണാങ്കണത്തിലേക്ക് നീങ്ങുകയും അവയിലൊന്നുമായും തിരിച്ചുവരാതിരിക്കുകയും ചെയ്ത മനുഷ്യന്റെ ധര്മമൊഴിക.
സൂറതുഫജ്റിലെ 1,2 ആയതുകള്‍ കൊണ്ടുള്ള ഉദ്ദേശം ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളെയാണെന്ന് ഇബ്നു അബ്ബാസ്(റ) പോലെയുള്ള വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ പത്ത് ദിവസങ്ങളിലെ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫയാണ്. മാസങ്ങളുടെ നേതാവ് റമളാനും ദിവസങ്ങളുടെ നേതാവ് അറഫയുമാണ്. ആഴ്ചയിലെ നേതാവെന്നറിയപ്പെടുന്ന ദിവസം വെള്ളിയാഴ്ചയുമാണ്.
ദുല്‍ഹിജ്ജയിലെ ഒമ്പത് ദിവസങ്ങളിലും നോമ്പ് സുന്നത്തുണ്ട്. നബിതങ്ങള് ഒരിക്കലും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ച കാര്യവുമായിരുന്നു അത്. ഹഫ്സ ബീവി പറയുന്നു. ഒരിക്കലും ഉപേക്ഷിക്കാതെ പ്രവാചകന്(സ) കാത്തുസൂക്ഷിച്ചിരുന്ന നാല് കാര്യങ്ങളില്‍ ഒന്നായിരുന്ന ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പുകള്‍. ഈ നോമ്പ് ശക്തമായ സുന്നത്താണെന്ന് ഫിഖ്ഹീ പണ്ഡിതര്‍ വിധിച്ചിട്ടുമുണ്ട്. അല്ലാഹുവിന്റെ അടുക്കല്‍ ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളേക്കാള്‍ ശ്രേഷ്ടമായ മറ്റു ദിവസങ്ങളില്ലെന്നും പ്രസ്തുത ദിവസങ്ങളില്‍ തഹ്ലീലും തക്ബീറും ദിക്റുകളും അധികരിപ്പിക്കുവാനും സല്‍ക്കര്‍മങ്ങള്‍ക്ക് 700 മടങ്ങ് പ്രതിഫലമുണ്ടെന്നും മറ്റൊരു ഹദീസില്‍ കാണാം.
പ്രധാന കര്‍മ്മങ്ങള്‍
1. നോമ്പ്
ദുല്‍ഹിജ്ജയുടെ ഒമ്പത് നാളുകളില്‍ നോമ്പ് സുന്നത്താണ്. അറഫ ദിവസത്തെ നോമ്പിന് വളരെ ശ്രേഷ്ഠയുണ്ട്. കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഹദീസില്‍ കാണാം.
2. തക്ബീര്‍
പെരുന്നാള്‍ രാവ് മഗ്രിബ് മുതല്‍ നിസ്ക്കാരത്തിന് കൈ കെട്ടുന്നത് വരെ നിരന്തരം തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.
പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസം അസ്വര്‍ വരെയും നിസ്ക്കാരങ്ങള്‍ക്ക് ശേഷം തക്ബീറില്‍ മുഴുകണം. ദുല്‍ഹിജ്ജ ഒന്നുമുതല്‍ ആട്,മാട് പോലെ അറുക്കപ്പെടുന്ന ജീവികളെ കണ്ടാലും ശബ്ദം കേട്ടാലും തക്ബീര്‍ സുന്നത്താണ്.
3. ഹജ്ജ് ഉംറ
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. നിഷ്ക്കളങ്കമായ ഹജ്ജ് ചെയ്താല്‍ ഉമ്മ പ്രസവിച്ച ദിവസം പോലെ പാപമുക്തനാകുമെന്ന ആശയങ്ങളുള്‍ക്കൊള്ളുന്ന ഹദീസുകള്‍ കാണാം.
4. ഉള്ഹിയ്യത്ത്
ബലി കര്‍മ്മത്തില്‍ ഏര്പ്പെടുന്നവന് മുടി,നഖം പോലോത്തത് നീക്കം ചെയ്യാതെ പത്ത് ദിവസം പ്രീതി കാംക്ഷിക്കണം.
5. പ്രാര്‍ത്ഥനയും സല്ക്കര്മ്മങ്ങളും
സമയങ്ങള്‍ ഉപയോഗപ്പെടുത്തി ആരാധനകളില്‍ മുഴുകുക. പ്രാര്‍ത്ഥന വളരെ പ്രാധാന്യമുള്ളതാണ്. ഉത്തരം ലഭിക്കുന്ന സമയങ്ങള്‍ ഉപയോഗപ്പെടുത്തുക.
ഉള്ഹിയ്യത്ത് PDF ഫയലുകള്‍
- ഉള്ഹിയ്യത്ത് സംശയവും മറുപടിയും
- ഉള്ഹിയ്യത്ത് വിശദമായി
- ഉള്ഹിയ്യത്ത്
- ഉപകാരപ്പെടുന്ന വാഹനം
- ഉള്ഹിയ്യത്ത് സമര്‍പ്പണം
- ഉള്ഹിയ്യത്ത്
- ബലികര്‍മ്മം
- التضحية_في_توضيح_مسائل_الأضحية എന്ന ഗ്രന്ഥത്തിന്റെ PDF - ഇരുന്നൂറിൽ അധികം പേജുകൾ- Click here
إرسال تعليق