എസ്.എസ്.എല്‍.സി.ക്ക് ശേഷം കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ് | Courses after SSLC



എസ്.എസ്.എല്‍.സിക്ക് ശേഷം ഹയര്‍സെക്കന്ററി എന്നതാണ് പൊതുവെ നിലനില്‍ക്കുന്ന ധാരണ. ഇതിനു കാരണം എസ്.എസ്.എല്‍.സിക്ക് ശേഷം തന്റെ തുടര്‍പഠനത്തിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തുടക്കം കുറിക്കുന്നത്. എല്ലാ ഉന്നതപഠനവും തുടങ്ങുന്നത് ഇന്ന് ഹയര്‍സെക്കന്ററിയിലൂടെയാണ്. ഹയര്‍സെക്കന്ററിയെക്കുറിച്ച് പൊതുസമൂഹത്തിന് ഇതുകൊണ്ടുതന്നെ ഏകദേശ ധാരണയുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്. സയന്‍സ് ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് ഗ്രൂപ്പുകളിലായാണ് ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹയര്‍സെക്കന്ററിയുടെ പാര്‍ട്ട് ഒന്ന് ഇംഗ്ലീഷും പാര്‍ട്ട് രണ്ട് ഭാഷയും എല്ലാ ഗ്രൂപ്പുകാരും പഠിക്കണം. ശേഷമുള്ള വിഷയങ്ങളാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വ്യത്യാസം.

സയന്‍സ് കോഴ്‌സിന്റെ പ്രത്യേകത

പ്രധാനമായും മെഡിക്കല്‍ എഞ്ചിനിയറിംഗ് മേഖലയും സയന്‍സിലെ ഉന്നതപഠനവും, പാരാമെഡിക്കല്‍ കോഴ്‌സുകളുമെല്ലാമാണ് സയന്‍സ് കോമ്പിനേഷന്‍ എടുത്ത് പഠിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത്. സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയും, കണക്കും ഒന്നിച്ചുള്ള കോമ്പിനേഷനുകളുമായി പത്ത് കോമ്പിനേഷനുകളാണുള്ളത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ രണ്ട് മേഖലയും ഒരുപോലെ ലക്ഷ്യം വെക്കുന്നവര്‍ കണക്കും ബയോളജിയും, ഒരേ പോലെ പഠിക്കേണ്ടതിനാല്‍ രണ്ടും കൂടിയുള്ള ഓപ്ഷന്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചിലര്‍ മെഡിക്കല്‍ മാത്രവും, എഞ്ചിനീയറിംഗ് മാത്രവും തെരഞ്ഞെടുത്ത് പഠിക്കാറുണ്ട്. പഠനഭാരം കുറക്കാനും ഏതെങ്കിലും ഒരു എന്‍ട്രന്‍സ് ലക്ഷ്യം വെച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കോമ്പിനേഷന്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍, പാരാ മെഡിക്കല്‍, നഴ്‌സിംഗ് ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലയിലേക്ക് തിരിയാനാവും. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രൂപ്പുകാര്‍ക്ക് എഞ്ചിനീയറിംഗിന്റെ വിവിധമേഖലകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ ആധുനിക ലോകത്തെ പ്രധാനപ്പെട്ട ഒരുപാട് മേഖലകളിലേക്ക് തിരിയാന്‍ കഴിയും.

തുടര്‍ പഠനത്തിന് ശേഷം സയന്‍സ് ഡിഗ്രി് സമ്പാദിക്കാനും കൂടാതെ പൊതു മത്സര പരീക്ഷകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം ലബോറട്ടറി, നിരവധി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, തുടങ്ങി അനന്ത സാധ്യതകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കാണെന്ന് പറയാം. ചെയ്യാനുപയോഗിക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ കോമ്പിനേഷനുകളും ഗ്രൂപ്പിന്റെ ഘടനയും തെരഞ്ഞെടുത്ത് സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് തുടര്‍ പഠനം വളരെ എളുപ്പമാകും.

കൊമേഴ്‌സിന്റെ സാധ്യതകൾ

മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്ലസ്ടൂവില്‍ 4 കോമ്പിനേഷനുകളാണ് കൊമേഴ്‌സ് ഗ്രൂപ്പിനുള്ളത്. വിശാലമായ ഒരു തൊഴില്‍ മേഖല കോമോഴ്‌സിലൂടെ മുന്നോട്ട് പോയവര്‍ക്കുണ്ട് എന്നതാണ് വസ്തുത. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ.ടി, മാനേജ്‌മെന്റ്, ഫിനാന്‍സ്, സി.എ, സി.എസ്, കോസ്റ്റ് എക്കൗണ്ടന്‍സി തുടങ്ങി പ്രധാനപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ പ്ലസ് ടൂ കോമേഴ്‌സിലൂടെ സാധിക്കുന്നതാണ്. പൊതുവെ കണക്കിനോട് താല്‍പര്യമുള്ളവര്‍ക്ക് പ്ലസ്ടു കൊമേഴ്‌സ് പഠനം വളരെ എളുപ്പമായി അനുഭവപ്പെടാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി സാധ്യതയുള്ള പല മേഖലയിലേക്കും പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുന്നതാണ്.

സി. എ പോലെയുള്ള പഠനം കോമേഴ്‌സ് ഡിഗ്രി കോഴ്‌സ് പഠനത്തോടൊപ്പം നടത്തുന്നത് നന്നായി അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എളുപ്പവും, ആത്മവിശ്വാസം കൂട്ടാന്‍ ഉതകുംവിധം രണ്ട് മേഖലകളിലും ബലംകൂട്ടാന്‍ ഇത് പര്യാപ്തമായിരിക്കും.

ഹ്യൂമാനിറ്റീസ് കോഴ്‌സിന്റെ പ്രത്യേകത

പൊതുവെ എളുപ്പത്തില്‍ ഡിഗ്രിപഠനം ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുക ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ്. ഹ്യുമാനിറ്റ്ക്‌സ് ഡിഗ്രിയും, പി.ജിയും കഴിയുന്നവര്‍ക്ക് ജോലി സാധ്യത കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ വിശാലമായ തൊഴില്‍മേഖല ഈ കോഴ്‌സിലൂടെ പഠിച്ച് മുന്നേറുന്നവര്‍ക്കുണ്ട് എന്നതാണ് വസ്തുത.

32 ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ നിലവിലുണ്ട്.

പ്ലസ്ടൂവിന് ശേഷം തുടര്‍പഠനം നടത്തി മുന്നോട്ട് പോവുന്നതിന് ഭാഷാ സാഹിത്യം, ജേര്‍ണലിസം, ചരിത്രം, പുരാവസ്തുപഠനം, ബാങ്കിംഗ്, വിനോദസഞ്ചാരം, ടാക്‌സേഷന്‍ മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമപഠനം, ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഫിലീം സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ നേടാവുന്നതാണ്.

വ്യത്യസ്ത കോമ്പിനേഷനുകളില്‍ അഭിരുചിയും താല്‍പര്യവും മുന്‍ നിര്‍ത്തി നന്നായി പഠിക്കുന്നവര്‍ക്ക് ഭാവിയിലെ അവസരങ്ങളിലേക്കെത്താവുന്നതാണ്. പഠനം എളുപ്പവും അദ്ധ്വാനക്കുറവുമാണ് ഈ ഗ്രൂപ്പിലേതെന്ന് പൊതുവെ പറയാറുണ്ട്.

കൂടാതെ സിവില്‍ സര്‍വ്വീസ് പോലെയുള്ള മേഖലകളില്‍ ചില കാര്യങ്ങള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ മുന്നേറുന്നവര്‍ക്ക് എളുപ്പമാണ് താനും.

നിയമത്തിന്റെ വഴിക്കുള്ള കോഴ്‌സുകള്‍, ഭാഷാധ്യാപനം, തത്വശാസ്ത്രം, കലകള്‍, തുടങ്ങിയവയുടെയെല്ലാം തുടര്‍പഠനം മാനവിക വിഷയങ്ങളിലാണ്. ചില പ്രധാനപ്പെട്ട ബി.എസ്.സി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ +2 ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. നന്നായി കഠിനാദ്ധ്വാനം ചെയ്യാന്‍ ഈ ഗ്രൂപ്പ്പഠിച്ച് മുന്നേറുന്നവര്‍ ശ്രമിക്കുകയാണെങ്കില്‍ ഏറ്റവും ഉന്നതമായ പദവിയിലുള്ള ജോലിവരെ നേടാന്‍ സാധിക്കുന്നതാണ്.

മറ്റു മേഖലകൾ

10-ാം ക്ലാസ് കഴിഞ്ഞ് ത്രിവത്സര ഡിപ്ലോമകൊണ്ട് ജൂനിയര്‍ എഞ്ചിനീയര്‍ ആവാന്‍ കഴിയുന്ന എളുപ്പമുള്ള കോഴ്‌സാണ് പോളിടെക്‌നിക്കിനുള്ളത്. മിടുക്കന്മാരായ കുട്ടികള്‍ക്ക് പോളി ഡിപ്ലോമ കഴിഞ്ഞ് രണ്ടാംവര്‍ഷ ബി.ടെക്കിലേക്ക് ലാട്രല്‍ എന്‍ട്രി വഴി പ്രവേശിക്കാന്‍ കഴിയും. ഐ.ടി.ഐ യില്‍ സ്‌കില്‍ വര്‍ക്കേഴ്‌സിന്റെ കോഴ്‌സ് നല്‍കുമ്പോള്‍ സൂപ്പര്‍വൈസറി പോസ്റ്റിനനുസരിച്ച് പോളി കോഴ്‌സുകളുള്ളത് സാങ്കേതികവകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്ക് കോഴ്‌സുകള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും അപേക്ഷിക്കാന്‍ കഴിയും.

എഞ്ചിനീയറിംഗ്/ടെക്‌നോളജി ഡിപ്ലോമയും, കമേഴ്‌സ്യല്‍/ മാനേജ്‌മെന്റ് ഡിപ്ലോമയുമായി രണ്ടുതരം ഡിപ്ലോമകള്‍ ഇവിടെയുണ്ട്. സ്വാശ്രയകോളജുകളിലെ മെറിറ്റ് സീറ്റിലേക്ക് ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാവുന്നതാണ്. ഓരോ ബ്രാഞ്ചിലും 3% സീറ്റ് ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്. 5% സീറ്റുകള്‍ ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ ഹാന്‍ഡ്‌കോപ്പി ബന്ധപ്പെട്ട പോളിടെക്‌നിക്കുകളില്‍ സമര്‍പ്പിക്കുന്നതാണ് രീതി.

പ്ലസ്ടു കഴിഞ്ഞശേഷമാണ് ജോലിയുടെ മേഖലയിലേക്ക് യഥാര്‍ത്ഥത്തില്‍ പ്രവേശിക്കപ്പെടുന്നത്. മെഡിക്കല്‍, അലൈഡ് സയന്‍സ്, മാനേജ്‌മെന്റ് ഫിനാന്‍സ്, മീഡിയ, ഐ.ടി തുടങ്ങിയ എല്ലാ പ്രധാന മേഖലയിലേക്കും പ്രവേശിക്കുന്നത് പ്ലസ്ടുവിനു ശേഷമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എച്ച്.സി, ബി.എസ്.എം.എസ് തുടങ്ങി നിരവധി പ്രധാന കോഴ്‌സുകളും, ഫാര്‍മസിയും പാരാമെഡിക്കലുമായി ബന്ധപ്പെട്ടിട്ടില്ല. സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങി നിരവധി കോഴ്‌സുകളും, ഐ.ടി. ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയിട്ടുള്ള എഞ്ചിനീയറിംഗുമെല്ലാം, എല്‍.എല്‍.ബി, സി.എ തുടങ്ങിയുള്ള എല്ലാ കോഴ്‌സുകളുടെയും തെരഞ്ഞെടുപ്പ് പ്ലസ്ടുവിന്റെ നിലവാരത്തിനും , പഠനത്തിനുമനുസരിച്ചായതുകൊണ്ട് പ്ലസ്ടു പഠനത്തിന്റെ തെരഞ്ഞെടുപ്പും, ഗ്രൂപ്പിന്റെ ഘടനയുമെല്ലാം പ്രധാനമാണ്.

ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ എന്നിവ പഠിക്കുന്നവര്‍ ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സാധിക്കും.

Post a Comment

أحدث أقدم