അറഫാ ദിനം ചില ചരിത്രങ്ങൾ | Arafa day; Some Stories


 

ഇപ്പോള്‍  എനിക്ക് കൃഷി മതി!

സൂഫിയാക്കളിൽ പെട്ട ഒരു മഹാൻ പറയുന്നു: ഒരു അറഫാ ദിവസം അസ്വറിന്ന് ശേഷം കൃഷി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന അബൂ ഉബൈദുത്തുസ്തരി(റ) ന്റെ കൂടെ ഞാൻ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് അബുദാലുകളിൽ പെട്ട ഒരാൾ വന്നു എന്തോ രഹസ്യമായി സംസാരിച്ചു . അപ്പോൾ അബൂ ഉബൈദ(റ) പറഞ്ഞു: ഞാനില്ല. ശേഷം ആ മഹാൻ മേഘം സഞ്ചരിക്കുന്നത് പോലെ ഭൂമിയിലൂടെ സഞ്ചരിച്ച് എന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു .
ഞാൻ അബൂ ഉബൈദ(റ)നോട് ചോദിച്ചു: എന്താണ് നിങ്ങളോടു അദ്ദേഹം സംസാരിച്ചതു ? മറുപടി: അദ്ദേഹത്തോടു കൂടെ ഹജ്ജ് ചെയ്യാൻ പോരുന്നോ എന്നാണ് ചോദിച്ചത്. ഞാൻ പറഞ്ഞു :ഇപ്പോൾ വരുന്നില്ല!

ചോദ്യം: നിങ്ങൾക്ക് അദ്ദേഹത്തിന്റെ കൂടെ പോകാമായിരുന്നില്ലേ ? മറുപടി : എനിക്കിപ്പോൾ ഹജ്ജ് ലക്ഷ്യമില്ല ഞാൻ വൈകുന്നേരത്തിന് മുമ്പ് എന്റെ കൃഷി ജോലി പൂർത്തിയാക്കാനാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്ന് വേണ്ടി ഹജ്ജിന് പോയാൽ അത് അല്ലാഹുവിന്ന് വേണ്ടിയുള്ള കർമ്മത്തിൽ മറ്റൊരാളെ കൂടി പങ്കു ചേർത്തതിനാൽ അവന്റെ വെറുപ്പിന് കാരണമാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെ വരുമ്പോൾ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഹജ്ജിനെക്കാൾ എഴുപത് ഇരട്ടി മഹത്വമുള്ളതായിത്തീരുന്നു. (ഇഹ്‌യാ ഉലൂമുദ്ദീൻ) 

വഴിത്തിരിവ്

ശൈഖ് അബൂ അബ്ദുല്ലാ ഖായിദുൽ അവാനി(റ) പറയുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദറി(റ)നരികിലായിരുന്നു. അപ്പോൾ ഒരാള്‍ മഹാനോട് ചോദിച്ചു: 'നിങ്ങള്‍ ഏതിന്മേലിലാണ് നിങ്ങളുടെ സ്ഥാനം നിർമ്മിച്ചത്?
മഹാൻ പറഞ്ഞു :' സത്യത്തിന്റെ മേൽ; ജീവിതത്തിൽ ഞാന്‍ അസത്യം പറഞ്ഞിട്ടില്ല. മക്തബിൽ പഠിച്ചിരുന്ന കാലത്തുപോലും. 
മഹാൻ തുടരുന്നു: ഞാൻ ചെറുപ്പത്തിൽ നാട്ടിലായിരിക്കെ ഒരു അറഫാ ദിനത്തിൽ ഗ്രാമപ്രദേത്തേക്ക് പുറപ്പെട്ടു. അവിടെ ഞാന്‍ കൃഷിക്കാളകളെ പിന്തുടർന്നു. അപ്പോൾ ഒരു പശു എന്റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: 'അബ്ദുൽ ഖാദര്‍, ഇതിനു വേണ്ടിയല്ല നിങ്ങളെ സൃഷ്ടിക്കപ്പെട്ടത്. ഇതല്ല താങ്കളോട് കൽപിക്കപ്പെട്ടത്. തുടർന്ന് ഞാന്‍ ഭയന്നു വീട്ടിലേക്കോടി. വീടിന്റെ തട്ടിൽകയറി നോക്കിയപ്പോൾ അറഫയിൽ ജനങ്ങൾ നിൽക്കുന്നത് കണ്ടു. അങ്ങനെ  ഞാന്‍ ഉമ്മയെ സമീപിച്ച് പറഞ്ഞു :' അല്ലാഹുവിന്റെ മാർഗത്തിൽ എന്നെ നിങ്ങള്‍ സമർപ്പിക്കൂ!. എനിക്ക് ബഗ്ദാദിലേക്ക് പോകാന്‍ സമ്മതം തരൂ. ഞാന്‍ ഇൽമ് പഠിക്കുകയും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യട്ടെ!
(ബഹ്ജതുൽ അസ്റാറ്:87)

▪️ ഏറും അറഫാനാൾ പശുവെ ഫായിച്ചാരെ

ഇതിനോ ഫടച്ചെന്ന് ഫശുവ് ഫറഞോവർ
(മുഹ്‌യദ്ദീൻ മാല) 


☪️. ഉമര്‍ ബിന്‍ ഖത്താബ്(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. യഹൂദികളില്‍പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞുവത്രെ ‘അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദത്തിലെ ഒരു വചനം അത് ഞങ്ങള്‍ യഹൂദികള്‍ക്കാണ് അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസത്തെ ഞങ്ങള്‍ പെരുന്നാളായി സ്വീകരിക്കുമായിരുന്നു. ഏത് വചനമാണ് അതെന്ന് ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (മാഇദ 3). ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: (ആ ആയത്ത് ഇറങ്ങിയ ദിവസവും, സ്ഥലവും എനിക്ക് നന്നായറിയാം. അറഫാ ദിനത്തില്‍ പ്രവാചകന്‍(സ)ക്ക് മേലാണ് ഈ വചനം അവതരിച്ചത്’

ഈ ദീനിന്റെ പൂര്‍ണത പ്രഖ്യാപിച്ച മഹത്തായ വചനം അവതരിച്ചത് ഇതു പോലുള്ള ഒരു അറഫാ ദിനത്തിലായിരുന്നു. ഈ ദീനല്ലാത്ത മറ്റൊരു ദര്‍ശനവും അല്ലാഹു സ്വീകരിക്കുകയില്ല. ഇതിലേക്ക് മടങ്ങാത്തവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല, നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയുമില്ല.
അറഫാ ദിനം മുസ്ലിംകളുടെ അഭിമാനദിനമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ഏത് പ്രദേശത്തും ഏത് നിമിഷത്തിലും ഇത്രയധികം മുസ്ലിംകള്‍ ഇത്രയധികം വിധേയത്വത്തോടെ ഒരുമിച്ച് കൂടുകയില്ല. അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിക്കുന്ന മഹത്തായ ദൃഷ്ടാന്തമാണ് അത്. വിവിധ വര്‍ണത്തിലും, വര്‍ഗത്തിലും, ഗോത്രത്തിലും പെട്ട മുസ്ലിംകള്‍ ഒരേ പ്രാര്‍ത്ഥനയുമായി, ഒരൊറ്റ വസ്ത്രത്തില്‍ അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന മുഹൂര്‍ത്തമാണ് അത്.
അറഫാദിനം നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന ദിനമാണ്. അല്ലാഹു തന്റെ മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണത്.


☪️ നബിതിരുമേനി(സ) അരുള്‍ ചെയ്യുന്നു: അല്ലാഹു തന്റെ അടിമകളില്‍ ഏറ്റവും കൂടുതല്‍ പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നത് അറഫാദിനത്തിലാണ്. അല്ലാഹു ആകാശത്തിലേക്ക് അടുത്ത് വന്ന് മാലാഖമാരോട് ഇപ്രകാരം പറയും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?) അല്ലാഹു അവന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ക്കും അവനോട് പശ്ചാത്തപിക്കുന്നവര്‍ക്കും അന്ന് പൊറുത്ത് കൊടുക്കുന്നതാണ്.
ഭക്തിയുടെയും ഭയത്തിന്റെയും ദിനമാണ് അറഫ. വിശ്വാസികള്‍ അല്ലാഹുവിന്റെ മുന്നില്‍ വിധേയത്വത്തോടെ വന്ന് നില്‍ക്കുന്ന ദിനം. അല്ലാഹുവിനോടുള്ള കൂറ് പ്രഖ്യാപിച്ച്, അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് വന്ന് ചേര്‍ന്നവരാണ് അവര്‍.


 ☪️ ഒരു മനുഷ്യന്‍ അറഫയില്‍ വന്നപ്പോള്‍ താന്‍ ചെയ്ത തിന്മകളിലുള്ള ലജ്ജ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ നിന്ന് തടഞ്ഞു. താങ്കളെന്താണ് പ്രാര്‍ത്ഥിക്കാത്തതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നാണം കൊണ്ടാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ഇത് പാപമോചനത്തിന്റെ ദിനമാണ്. താങ്കള്‍ക്ക് ചോദിക്കാവുന്നതാണ്’ എന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കാനായി കയ്യുയര്‍ത്തുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.
മിത്വ്‌റഫ് ബിന്‍ അബ്ദില്ലയും ബക്‌റുല്‍ മുസ്‌നിയും അറഫയില്‍ വന്ന് നിന്നു. അവരിലൊരാള്‍ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവെ, എന്റെ കാരണത്താല്‍ (സമ്പാദിച്ച തിന്മകള്‍) ഇവിടെ കൂടിയവരുടെ പ്രാര്‍ത്ഥന നീ തള്ളരുതേ. മറ്റേയാള്‍ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരുന്നു ‘ഞാന്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ എത്ര മഹത്തരമായ സ്ഥാനവും, പ്രതീക്ഷാനിര്‍ഭരമായ നിമിഷവും ആകുമായിരുന്നു ഇത്.’


☪️ അറഫാദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന, അവന്റെ മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട ഫുദൈല്‍ ബിന്‍ ഇയാദ് ഇപ്രകാരം പറഞ്ഞു: ഈ ആളുകള്‍ ഒരാളുടെ അടുത്ത് ചെന്ന് പത്ത് പൈസ ചോദിച്ചാല്‍ അയാള്‍ കൊടുക്കാതിരിക്കുമോ? മുന്നിലുള്ളവര്‍ ‘അതെ’ കൊടുക്കുക തന്നെ ചെയ്യും എന്ന് മറുപടി പറഞ്ഞു. അല്ലാഹുവിന് തന്റെ അടിമകള്‍ക്ക് പൊറുത്ത് കൊടുക്കുകയെന്നത് ഇതിനേക്കാള്‍ നിസ്സാരമാണ്.


☪️ അറഫാ രാവില്‍ സുഫ്‌യാന്‍ ഥൗരിയുടെ അടുത്ത് ചെന്ന ഇബ്‌നു മുബാറക് ഞെട്ടിത്തരിച്ച് പോയി. സുജൂദില്‍ കിടന്ന് പൊട്ടിക്കരയുന്ന സുഫ്‌യാന്‍ ഥൗരിയെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം സുഫ്‌യാനോട് ചോദിച്ചു ‘ഇതിനേക്കാള്‍ ദുഖകരമായ അവസ്ഥ ആര്‍ക്കാണുള്ളത്? അദ്ദേഹം പറഞ്ഞു ‘അല്ലാഹു തനിക്ക് പൊറുത്ത് തരികയില്ലെന്ന് കരുതുന്നവന്‍’.

Post a Comment

أحدث أقدم