മഞ്ഞുകാലത്തെ തണുപ്പിൽ നന്നായി വളരാൻ ഇഷ്ടപ്പെടുന്ന ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് തുടങ്ങിയവ.
കേരളത്തിൽ താരതമ്യേന തണുപ്പ് കിട്ടുന്ന സെപ്റ്റംബർ-ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ശീതകാല പച്ചക്കറികൾ പറമ്പിലും തൊടിയിലും മട്ടുപ്പാവിലും ഒക്കെ വളർത്താൻ യോജിച്ച കാലം.
കാബേജും കോളിഫ്ലവറും
രണ്ടും ഹ്രസ്വകാലവിളകളാണ്. തൈ നട്ട് രണ്ടു-രണ്ടര മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്ടോബർ - നവംബറോടുകൂടി കൃഷി തുടങ്ങാം. വിത്തു പാകി തൈകളാക്കാൻ മണലും കമ്പോസ്റ്റും (or ചാണകപ്പൊടി) ചകിരിക്കമ്പോസ്റ്റും 1:1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം മതി. വിത്ത് മുളയ്ക്കാൻ വെറും 4-5 ദിവസം മതി. 20-25 ദിവസമാകുമ്പോൾ ഇളക്കി നടാം.
നിലത്തോ ഗ്രോബാഗിലോ നേരിട്ട് നട്ടും വളർത്താം. ഗ്രോബാഗിൽ മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയെടുത്ത മിശ്രിതം ഉപയോഗിക്കാം.
പറിച്ചു നട്ട് 2-3ദിവസം കഴിഞ്ഞ് നേരിട്ട് സൂര്യപ്രകാശം എൽക്കുന്ന സ്ഥലത്തേക്ക് ഗ്രോബാഗ് മാറ്റിവയ്ക്കാം.
നല്ല സൂര്യവെളിച്ചം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്തു നടുമ്പോൾ തറയൊരുക്കി കാബേജ് 45 സെന്റിമീറ്റർ ഇടവിട്ടും കോളിഫ്ലവർ 60 സെന്റിമീറ്റർ ഇടവിട്ടും നടണം. ഒരു സെന്റിൽ 150 ഓളം തൈകൾ നടാം. ഗ്രോബാഗിൽ നടുമ്പോൾ വളപ്രയോഗമായി മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളും ചേർക്കാം.
കോളിഫ്ലവർ
പൂ വിരിഞ്ഞുതുടങ്ങുമ്പോൾ ചെടിയിൽ പൂവിനോട് ചേർന്ന് ഇലകൾ കൂട്ടിപ്പൊതിഞ്ഞാൽ പൂവിൽ നേരിട്ട് വെയിലടിക്കാതെ അതിന്റെ വെളുത്ത നിറം നിലനിർത്താം. 60-85 ദിവസം കൊണ്ട് വിളവെടുക്കാം.
ഇവ രണ്ടും കൂടുതൽ വിടരുംമുമ്പ് വിളവെടുക്കാൻ ശ്രദ്ധിക്കണം.
കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ
നേരിട്ട് വിത്തുപാകി വളർത്തേണ്ട വിളകളാണ് .നല്ല നീർവാഴ്ചയും ഇളക്കവും ഉള്ള മണ്ണാണ് കൃഷിക്കുവേണ്ടത്. നല്ല പശയുള്ള കളിമണ്ണ് കൃഷിക്ക് യോജിച്ചതല്ല.
കൃഷിയിടം നന്നായി ഉഴുതൊരുക്കി സെന്റിന് 100 കിലോ എന്ന തോതിൽ ചാണകപ്പൊടി ചേർക്കണം. സെന്റിന് ഒന്നരമുതൽ രണ്ടു കിലോവരെ കുമ്മായം ചേർക്കാം. ഇതിൽ 45 സെന്റീമീറ്റർ ഇടയകലത്തിൽ 20 സെന്റീമീറ്റർ ഉയരത്തിൽ പാത്തി കോരി അതിൽ 10 സെന്റീമീറ്റർ അകലത്തിൽ വിത്ത് പാകണം. ഒരാഴ്ച കൊണ്ട് വിത്ത് മുളയ്ക്കും.55-60 ദിവസമാകുമ്പോൾ ഇവയുടെ വിളവെടുപ്പാകും.
ഗ്രോബാഗിലാണ് നടുന്നതെങ്കിൽ മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയെടുത്ത മിശ്രിതം ഉപയോഗിക്കാം. വളമായി ചാണകപ്പൊടിയും ആഴ്ചയിൽ ഒരുദിവസം കടലപ്പിണ്ണാക്ക് പുളിപ്പിച്ചും ഒഴിക്കുന്നത് നല്ലതാണ്.
Post a Comment