ഓണ്‍ലൈന്‍ ടീച്ചിംഗ് മെച്ചപ്പെടുത്താനുള്ള വഴികള്‍ | Tips for effective online teaching

learning,education,online education,


ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം വന്ന ഈ കൊറോണ കാലത്ത് വ്യത്യസ്ഥ പ്ലാറ്റ്‌ഫോമിലൂടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന തിരക്കിലാണ് അധ്യാപകര്‍. സാധാരണ ക്ലാസില്‍ എത്ര കുട്ടികളുണ്ടെങ്കിലും ഭയമോ ശങ്കയോ കൂടാതെ മനോഹരമായി ക്ലാസെടുക്കുന്ന അധ്യാപകരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസിനോട് അകല്‍ച്ചയും ആശങ്കയും അനുഭവിക്കുന്നരാണ്. 

ഓണ്‍ലൈന്‍ ക്ലാസിന് നാം ആശ്രയിക്കുന്ന ആപ്പുകളായ ഗൂഗിള്‍ മീറ്റ്, സൂം, ടീച്ച്മിന്റ് തുടങ്ങിയവ വഴി എങ്ങനെ നല്ല രൂപത്തില്‍ ക്ലാസെടുക്കാമെന്നും ഓണ്‍ലൈന്‍ ക്ലാസിനോടുള്ള ഭയവും ആശങ്കയും ഒഴിവാക്കാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് മനോഹരമാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആദ്യം പറയാം.

1. Eye contact

ക്ലാസ് റൂമില്‍ നമ്മള്‍ eye contact ന്റെ വിഷയത്തില്‍ നാം പുലിയായിരിക്കും. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന സമയത്ത് നമ്മുടെ കണ്ണിനു നേരെ കാമറയുടെ ലെന്‍സ് ഫോക്കസ് ചെയ്താണ് ക്രമീകരിക്കേണ്ടത്. കാമറ ലെന്‍സില്‍ നിന്നും ചുറ്റുമുള്ള ഭാഗത്തേക്ക് നമ്മുടെ കണ്ണുകള്‍ പായുമ്പോള്‍ നമ്മുടെ eye contact നഷ്ടപ്പെടും. ക്ലാസെടുക്കുമ്പോള്‍ സ്‌ക്രീനില്‍ നോക്കിയെടുത്താലും eye contact നഷ്ടപ്പെടും. പലപ്പോഴും സൗന്ദര്യചിന്താഗതികളാണ് സ്‌ക്രീനിലേക്ക് നോക്കാന്‍ മനസ്സിനെ തോന്നിപ്പിക്കുന്നത്. 

2. മുഖപ്രസന്നത

സന്തോഷവും പ്രസന്നതയും ക്ലാസിനെ ബാധിക്കുന്ന പ്രധാന കാര്യമാണ്. ഗൗരവത്തിലുള്ള മുഖഭാവം കുട്ടികളില്‍ അലോസരം സൃഷ്ടിക്കും. ചിരിയോടെയും സന്തോഷത്തോടെയും വേണം ക്ലാസെടുക്കാനും ഇടപെടാനും. പലവിധ ടെന്‍ഷനുകളും അലട്ടുന്നുവരാണെങ്കിലും മനപൂര്‍വം മുഖപ്രസന്നത വരുത്താന്‍ ശ്രമിക്കണം. 

3. ശബ്ദം

മൊബൈല്‍, ക്യാമറ വെച്ച് ക്ലാസെടുക്കുന്നവര്‍ ശബ്ദത്തിന്റെ കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് പിറകിലേക്ക് ഇരുന്നാല്‍ കുട്ടികള്‍ക്ക് ശബ്ദം കേള്‍ക്കാനേ സാധിക്കില്ല. ഇയര്‍ഫോണ്‍, മൈക്ക് ഉപയോഗിച്ചാല്‍ നല്ല ശബ്ദം ലഭിക്കാന്‍ സഹായിക്കും. അതുപോലെ ക്ലാസെടുക്കുന്ന സ്ഥലവും ശബ്ദകോലാഹലങ്ങളില്ലാത്ത ഇടങ്ങളാവണം. റൂമിനകത്ത് ശീല കെട്ടിയാല്‍ എക്കോ കുറക്കാന്‍ സഹായിക്കും.

4. ശരീര ചലനം

ക്ലാസ് റൂമിനകത്ത് നാല് മൂലയിലേക്കും നടന്ന് ക്ലാസെടുക്കുന്ന അധ്യാപകരുണ്ട്. ഒരേ ഇരിപ്പില്‍ ക്ലാസെടുക്കുന്നവരും ഉണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ശരീരം ചലിപ്പിക്കാതെയാണ് ഇരിക്കാന്‍ ശ്രമിക്കേണ്ടത്. കുട്ടികളുടെ ശ്രദ്ധ ശരീര ചലനത്തോട് വളരെ ബന്ധമുണ്ട്.

5. അനുയോജ്യമായ വസ്ത്രം

ലളിതമായ വസ്ത്രമാണ് ക്ലാസില്‍ അനുയോജ്യം. വിലയേറിയതും ഡിസൈനുകളും ചിത്രീകരണങ്ങളുമുള്ള വസ്ത്രങ്ങള്‍ കുട്ടികളുടെ ശ്രദ്ധ കുറക്കാന്‍ കാരണമാകും. അതുപോലെ ആഭരണങ്ങളും മറ്റും ഒഴിവാക്കുകയാണ് നല്ലത്. കൈയിന്റെ ചലനങ്ങള്‍ക്കൊപ്പം ശബ്ദം ഉണ്ടാകാനും സാധ്യതയുണ്ട്.

6. ശൈലി

സ്വാഭാവിക സംസാര ശൈലിയാണ് ക്ലാസില്‍ അനുയോജ്യം. നഴ്‌സറി കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന പോലെ മുതിര്‍ന്ന കുട്ടികള്‍ക്ക് എടുക്കരുത്. ഓരോ ക്ലാസിനോടും യോജിച്ച ശൈലിയിലാവണം ക്ലാസ് എടുക്കേണ്ടത്.

7. mute

ഓണ്‍ലൈന്‍ ക്ലാസില്‍ ആവശ്യമില്ലാത്ത സമയത്ത് മൈക്ക് മ്യൂട്ട് ചെയ്ത് വെക്കുക. അതുപോലെ കോള്‍ വരുമ്പോഴോ മറ്റാരോടെങ്കിലും സംസാരിക്കുമ്പോഴൊക്കെ മൈക്ക് മ്യൂട്ട് ചെയ്തു വെക്കുക. 

8. ലൈറ്റ് 

മുഖത്തേക്ക് ചെറിയ പ്രകാശം സെറ്റ് ചെയ്തു വെക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതു സഹായകമാണ്. വീഡിയോ കൂടുതല്‍ effective ആക്കാന്‍ സഹായിക്കും.

9. ആത്മവിശ്വാസം

നമ്മുടെ ഇരിപ്പും സംസാരവും കൂടുതല്‍ ആത്മവിശ്വാസത്തോടെയാവണം. കൂടുതല്‍ ഊര്‍ജസ്വലനായി സംസാരിക്കാന്‍ ശ്രമിക്കുക. നമ്മുടെ ഊര്‍ജവും പ്രസരിപ്പും കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തും.

10. തമാശയും നര്‍മവും

മുഴു സമയവും ഗൗരവമായ ചര്‍ച്ചകള്‍ ചെയ്ത് മടുപ്പു വരുത്താതെ ഇടക്കൊക്കെ കുട്ടികളില്‍ താല്‍പര്യം ജനിപ്പിക്കുന്ന തമാശയോ ചെറിയ ടാസ്‌ക്കുകളോ ഗെയിമുകളോ നല്‍കുക. 

11. വീഡിയോ എഡിറ്റിംഗ്

ലൈവ് ക്ലാസല്ലാതെ വീഡിയോ വഴി കുട്ടികള്‍ക്ക് അയച്ചു കൊടുക്കുകയാണെങ്കില്‍ വീഡിയോ എഡിറ്റ് ചെയ്ത് അയക്കുക. കൈന്‍മാസ്റ്റര്‍ പോലെയുള്ള ആപ്പുകള്‍ വെച്ച് വളരെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാനാവും.

ഓണ്‍ലൈന്‍ ക്ലാസില്‍ പേടി മാറ്റാം



1. കാമറ

പലര്‍ക്കും ആദ്യം തന്നെയുള്ള പേടി കാമറയെ ആയിരിക്കും. ക്യാമറക്കു മുന്നില്‍ വരുമ്പോള്‍ ചമ്മലോ പേടിയോ മങ്ങലോ ഒക്കെ വരാറുണ്ട്. ഒരു സെല്‍ഫിയെടുക്കുന്ന ലാഘവത്തോടെ മാത്രം കാമറയെ കാണുക. ആത്മവിശ്വാസം കൂടുതല്‍ കൊണ്ടുവരിക.

2. ഓഡിയന്‍സ്

കുട്ടികളും പാരന്റ്‌സുമെല്ലാം കാണുമോയെന്ന ഭയമാണ് രണ്ടാമത്തേത്. പലരും പങ്കുവെക്കുന്ന പേടിയുമാണിത്. ഒരു കാര്യം ചിന്തിക്കുക, പേടി നിങ്ങളുടെ ക്ലാസിനെ ഏറ്റവും മോശമാക്കുന്ന ഘടകമാണ്. ക്ലാസ് അത്രയും മനോഹരമാക്കാന്‍ പേടി ഒഴിവാക്കിയേ തീരൂ. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നും പറയുമെന്നും ആലോചിക്കാനേ പാടില്ല. ഓഡിയന്‍സ് ആരുമായിക്കൊള്ളട്ടെ, ക്ലാസിനെ കുറിച്ച് മാത്രം ചിന്തിക്കുക.

3. ഭാഷ

ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് മുന്നില്‍ ഏത് ഭാഷയും സിമ്പിളായി കൈകാര്യം ചെയ്യുന്നവര്‍ പോലും ഓണ്‍ലൈന്‍ ക്ലാസില്‍ ഭാഷ പറയാന്‍ പേടിക്കുന്നവരായിരിക്കും. നാം ഒരിക്കലും ആശങ്കപ്പെടരുത്. നമ്മുടെ കഴിവിനെ കുറിച്ചുള്ള ബോധം നമുക്ക് വേണം. മറ്റുള്ളവരുമായി നമ്മെ താരതമ്യപ്പെടുത്താതെ നമ്മുടെ കഴിവുകള്‍ മാക്‌സിമം വിനിയോഗിച്ച് ക്ലാസെടുക്കുക. ഫലം തനിയെ കാണും. 
അതുപോലെയാണ് നമ്മുടെ കൈയെഴുത്തിനെ കുറിച്ചും ആംഗ്യങ്ങളെ കുറിച്ചും വെറുതെ ആകുലപ്പെടാതെ ആദ്യം ഒരു ഡെമോ ക്ലാസ് എടുത്തോ കണ്ണാടിക്കു മുന്നില്‍ സ്വയം അവതരിപ്പിച്ചോ ആത്മവിശ്വാസം ലെവല്‍ വര്‍ധിപ്പിക്കുക.

Post a Comment

أحدث أقدم