ജീവിതത്തില്‍ തോല്‍വിക്ക് കാരണമായേക്കാവുന്ന 10 കാര്യങ്ങള്‍ | The 10 things that will make you fail in life


എനിക്ക് കൂടുതല്‍ മുന്നോട്ട് കാണാന്‍ കഴിഞ്ഞെങ്കില്‍ അത് രാക്ഷസന്മാരുടെ ചുമലില്‍ നിന്നതു കൊണ്ടുമാത്രമാണ്. സര്‍ ഐസക് ന്യൂട്ടന്റെ വാക്കുകളാണിത്. 

ജീവിതത്തില്‍ ചിലര്‍ വിജയികളാകുന്നതും പരാജിതരാകുന്നതും സാധാരണമാണ്. പലരും ഇതിനെ വിധിക്ക് വിട്ടുകൊടുത്ത് വെറും കാഴ്ചക്കാരായി മാറാറുണ്ട്. എന്നാല്‍ നമ്മുടെ ജീവിതം വെറും വിധിയുടെ തീരുമാനങ്ങള്‍ക്കതീതമായി നോക്കിക്കാണാതെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ സാധിക്കും. വിധിയാണെന്ന് കരുതുന്നത് വിശ്വാസത്തിന്റെ ഭാഗമാവാം, ശരി തന്നെ. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ നാം വരുത്തിയ ചില വീഴ്ചകളാണ് ജീവിതത്തില്‍ നാം തോറ്റു പോകാന്‍ കാരണം. ജീവിതത്തിലെ തോല്‍വിക്കു കാരണമാകുന്ന ചില കാര്യങ്ങളെയും അവയെ എങ്ങനെ മറികടക്കാമെന്നും പരിശോധിക്കാം.

1. ലക്ഷ്യബോധമില്ലാതിരിക്കുക

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വാക്കുകള്‍ നോക്കുക. ലക്ഷ്യവും മാര്‍ഗവുമില്ലാതെ വെറും പരിശ്രമവും ധൈര്യവും മാത്രം മതിയാകില്ല. ലക്ഷ്യമില്ലാതെ ചുറ്റും നോക്കിയാല്‍ എല്ലാം ശരിയായ വഴിയായേ തോന്നൂ. ലക്ഷ്യമില്ലാതെ തെരഞ്ഞെടുക്കുന്ന വഴികള്‍ പരാജയത്തില്‍ കലാശിക്കുകയും ചെയ്യും. അതിനാല്‍ നല്ല ഒരു ലക്ഷ്യം കണ്ടെത്തി അതിനായി പരിശ്രമിക്കുക. ഒരുപാട് സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഡോ. കലാം സര്‍ വലിയ സന്ദേശമാണ് കൈമാറുന്നത്. സ്വപ്‌നങ്ങള്‍ക്കേ നമ്മുടെ ദിശ കാണിക്കാന്‍ സാധിക്കൂ. സ്വപ്‌നം കാണുകയും അതിനനുസരിച്ച വഴികള്‍ തേടുകയും വേണം.

2. വിദ്യാഭ്യാസം

ക്രിയാത്മകമായും വിമര്‍ശനബുദ്ധിയോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസമുള്ളയാള്‍ക്കേ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കൂ. അറിവില്ലാതെ പരിഹാരം കാണാന്‍ സാധിക്കില്ല. പഠനത്തിനും വിദ്യാഭ്യാസത്തിനും ഒരു കാലയളവും നിശ്ചയിക്കപ്പെട്ടിട്ടില്ല. നാട്ടിന്‍പുറങ്ങളില്‍ കാണുന്നത് പോലെ ഇരുപതും ഇരുപത്തഞ്ചും വയസ്സിനപ്പുറം പഠനത്തെ മോശമായി കാണുന്നത് ഇരുണ്ട കാഴ്ചപ്പാടാണ്. എത്രത്തോളം വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നുവോ അത്രയും നേടുക. പഠനത്തിനനുസരിച്ച ജോലി ലഭിച്ചില്ലെങ്കിലും ജീവിത്തില്‍ ആ വിദ്യാഭ്യാസം ഒരു മുതല്‍ക്കൂട്ടാവും.

3. നീട്ടിവെക്കല്‍

മനുഷ്യരുടെ ഏറ്റവും വലിയ ഒരു പോരായ്മയാണ് കാര്യങ്ങളെ പിന്നീട് ചെയ്യാമെന്ന് കരുതി നീട്ടിവെക്കല്‍. അലസതയും മടിയും ജീവിതത്തെ എവിടെയും എത്തിക്കില്ല. നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ച് സദാ ചിന്തിക്കുകയും ജീവിതത്തെ ചിട്ടപ്പെടുത്തി ക്രമീകരിക്കുകയും വേണം. മടിയും അലസതയും പാടേ ഒഴിവാക്കുക.

4. സ്ഥിരത

ഉപേക്ഷിക്കുക എന്ന പ്രവര്‍ത്തി പലരുടെയും അടുക്കല്‍ നിന്നുണ്ടാകുന്ന പ്രശ്‌നമാണ്. ഒരു കോഴ്‌സ് ചെയ്യുകയാണെങ്കില്‍ അതിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ പഠനം നിര്‍ത്തി മറ്റു കാര്യങ്ങളിലേക്ക് തിരിയുന്നു. വിജയത്തിലേക്ക് നിശ്ചിത അകലം മാത്രം നില്‍ക്കേ അവസാനിപ്പിക്കുന്നത് വലിയ പരാജയമാണ്. ഫിനിഷിംഗ് ലൈനില്‍ എത്തുംവരെ ഓട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക. ഫലംകാണും തീര്‍ച്ച.

5. നെഗറ്റീവ് ചിന്താഗതി

ജീവതത്തെ പോസിറ്റീവായി കാണാന്‍ ശ്രമിക്കണം. മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ എത്ര തന്നെയുണ്ടെങ്കിലും കഴിവുകളെ നാം കണ്ടെത്തുകയും ആ കഴിവില്‍ മികവ് പുലര്‍ത്തി വിജയം നേടാന്‍ ശ്രമിക്കുകയും വേണം. സ്റ്റീഫന്‍ ഹോക്കിംഗ്, മോണറ്റ്, ക്രിസ്റ്റഫര്‍ റീവ്‌സ്, റേ ചാള്‍സ് തുടങ്ങിയവരെ പോലെ വെല്ലുവിളികളെ മറികടന്ന് ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കണം. 

സ്വഭാവത്തിലും മാറ്റങ്ങള്‍ വരണം. മറ്റുള്ളവരോടുള്ള പെരുമാറ്റവും സമീപനങ്ങളും നന്നാക്കിയെടുക്കണം. അതുപോലെ നെഗറ്റീവ് ചിന്താഗതിയുള്ളവര്‍ക്കൊപ്പമുള്ള കൂട്ടും ഒഴിവാക്കണം.

6. ശീലങ്ങള്‍

പുതിയ തലമുറ കഞ്ചാവിനും ചൂതാട്ടത്തിനും ലഹരിയും മറ്റു പ്രശ്‌നങ്ങള്‍ക്കും അടിമകളാകുന്ന വാര്‍ത്തകള്‍ സ്ഥിരം കാണാറുണ്ട്. ജീവിതത്തെ താളം തെറ്റിക്കുന്ന ദുശീലങ്ങളാണ് ഇവ. ഇന്ന് കാണുന്ന മറ്റൊരു പ്രവര്‍ത്തനമാണ് ഗെയിമിംഗ്. ഇതും ഒരുതരം ലഹരിയാണ്. സദാ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുകയാണ്. ടെക് ഡിവൈസുകള്‍ക്ക് അടിമപ്പെടലും ദുശീലമാണ്.

7. തീരുമാനങ്ങള്‍

ജീവിത വിജയത്തിന്റെ പ്രധാന ഭാഗമാണ് തീരുമാനങ്ങള്‍. വിദ്യാര്‍ത്ഥിയായിരിക്കെ കോഴ്‌സ് തെരഞ്ഞെടുക്കുന്നത് മുതല്‍ ഇതാരംഭിക്കുന്നു. പലപ്പോഴും ഇന്ന് രക്ഷിതാക്കള്‍ താരതമ്യപ്പെടുത്തി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് കാണാം. കുട്ടിയുടെ കഴിവിനും താല്‍പര്യത്തിനുമതീതമായി കോഴ്‌സ് തെരഞ്ഞെടുക്കുന്നത് കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. 

മറ്റൊരു അവസ്ഥ ലക്ഷ്യം തീരുമാനിക്കലാണ്. നല്ല ലക്ഷ്യങ്ങള്‍ കണ്ടെത്തി തീരുമാനമെടുക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും അനുസരിച്ചല്ല ജീവിതം തെരഞ്ഞെടുക്കേണ്ടത്. പഠനത്തിലാണെങ്കിലും മറ്റു പ്രവര്‍ത്തനങ്ങളിലാണെങ്കിലും മറ്റുള്ളവരെന്ത് കരുതുമെന്ന് ചിന്തിക്കുന്നത് മൂഢത്വമാണ്. 

ഇണയെ തെരഞ്ഞെടുക്കുന്നതിലും ഇത് പ്രധാനമാണ്. രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ ഇഷ്ടത്തിന് മാത്രം വഴങ്ങി പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ സ്വപ്‌നങ്ങളാണെന്ന് ഓര്‍ക്കുക. അവരെ നിഷേധിക്കണമെന്നല്ല, നമ്മുടെ ഇഷ്ടങ്ങള്‍ അവരെ അറിയിക്കുകയും അതിനനുസരിച്ച പങ്കാളിയെ കണ്ടെത്തുകയും ചെയ്യുക.

തെറ്റായ ലക്ഷ്യങ്ങളും മോശം സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതും ജീവിതപരാജയത്തിന്റെ കാരണങ്ങളാണ്.

8. അന്ധവിശ്വാസവും മുന്‍വിധിയും

നിരക്ഷരതയുടെ അടയാളമാണ് അന്ധവിശ്വാസം. ഭാഗ്യ നമ്പറുകളും നിറങ്ങളും നോക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുണ്ട്. വിജയം ഒരിക്കലും ഭാഗ്യത്തിലല്ല, കര്‍മ്മത്തിലാണുള്ളത്. ഊഹങ്ങള്‍ക്കല്ല നാം പ്രാധാന്യം കാണേണ്ടത്. നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും നില നില്‍ക്കുന്ന ഒറ്റ മൈന, കാക്ക കരച്ചില്‍, നഖത്തിലെ വെള്ള പോലുള്ള അന്ധവിശ്വാസങ്ങള്‍ വിജയത്തിലേക്ക് നയിക്കുമെന്ന് വിചാരിക്കുന്നവര്‍ ശുദ്ധ മണ്ടന്മാരാണ്.

9. പൊങ്ങച്ചവും അഹങ്കാരവും.

മറ്റുള്ളവരേക്കാള്‍ സ്വന്തത്തെ പരിഗണിക്കുന്നത് മോശം സ്വഭാവമാണ്. താന്‍ ഉയര്‍ന്നവനാണെന്നും ഉന്നത സ്ഥാനമുള്ളവനാണന്ന് ചിന്തിക്കുന്നതും ഈഗോയുടെ അടയാളമാണ്. പരീക്ഷകളിലെ വിജയങ്ങളാണ് അത്തരത്തിലുള്ള ചിന്തക്ക് കാരണമെങ്കില്‍ നിങ്ങള്‍ക്കിനി ഉയരങ്ങള്‍ താണ്ടാനാവില്ല. എത്ര വിജയങ്ങള്‍ കരസ്ഥമാക്കിയാലും മറ്റു ലക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടാവുകയും പരിശ്രമങ്ങള്‍ തുടരുകയുമാണ് വേണ്ടത്. അഹങ്കാരവും പൊങ്ങച്ചവും മറ്റുള്ളവര്‍ക്കു മുമ്പില്‍ തരംതാഴാന്‍ കാരണമാകുന്നു. 

10. മോശം പാരമ്പര്യം

നമ്മുടെ പഠനത്തിലും മറ്റു കാര്യത്തിലും പലര്‍ക്കും പാരമ്പര്യം വിലങ്ങു തടിയായി മാറാറുണ്ട്. കള്ളുകുടിയനായ അച്ഛനും മോശം സ്വഭാവമുള്ള അമ്മയും സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടികളുടെ ഭാവിയെ നെഗറ്റീവായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. ജീവിതത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കുകയാണ് ഇവിടെ പരിഹാരം. താമരയുടെ ഉദാഹരണം പോലെ എത്രത്തോളം ചളിയില്‍ നിന്നുത്ഭവിച്ചാലും മനോഹരമായി വിടര്‍ന്നു നില്‍ക്കുന്നത് കാണാറില്ലേ. കൂരകളില്‍ നിന്നും കളക്ടര്‍ പദവികള്‍ കരസ്ഥമാക്കിയവരും നമുക്കിടയിലുണ്ട്. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാവുന്നത് വരെ പ്രയാസങ്ങള്‍ നേരിട്ട് ശേഷം ലക്ഷ്യങ്ങള്‍ക്കായി പോരാടുക. 

Post a Comment

أحدث أقدم