അസ്സലാമു അലൈക യാ ശഹ്‌റ റമളാന്‍..
ഒരു നിമിഷം കണ്ഠമിടറിയല്ലാതെ ഇത് പറയാനും കേള്‍ക്കാനുമാവില്ല. കാരുണ്യത്തിന്റെയും സംതൃപ്തിയുടെ മാസം, പാപമോചനത്തിന്റെ മാസം, നന്മയുടെയും ഐശ്വര്യത്തിന്റെയും മാസം. പ്രകാശത്തിന്റെയും തറാവീഹിന്റെയും മാസം..എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങളുടെ വിശുദ്ധ വസന്തം വിടപറയുകയാണ്. രണ്ട് മാസം മുമ്പ് റമളാനിലെത്തിക്കാന്‍ സദാസമയവും പ്രാര്‍ത്ഥിച്ച വിശ്വാസികള്‍ വേദനയോടെ യാത്ര പറയാനൊരുങ്ങുകയാണ്. വിശുദ്ധ മാസത്തെ നമുക്ക് സ്വീകരിക്കാനായതില്‍ നാഥനെ സ്തുതിക്കാം.
അബൂബക്കര്‍ സിദ്ദീഖ്(റ) പറയുന്നതായി കാണാം. അല്ലാഹു സ്വര്‍ഗത്തില്‍ മുത്തും പവിഴവുമൊക്കെ ഉപയോഗിച്ച് ചില കൊട്ടാരങ്ങല്‍ പണിയും. വില കൂടിയ പട്ടുകള്‍ വിരിപ്പുകളായുണ്ടാകും. ചുമരില്‍ ജലധാരയും ആനന്ദമേകുന്ന മരങ്ങളുമുണ്ടാകും. നോമ്പെടുക്കുന്നവര്‍ക്കായുള്ളതാണെന്നും അര്‍ഹര്‍ക്ക് പെരുന്നാള്‍ ദിവസം അത് മാറ്റി വെക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ഉദാത്തമായ വിശ്വാസവും കളങ്കമില്ലാത്ത ആരാധനയും നമ്മുടെ ലക്ഷ്യത്തിലേക്കെത്തിക്കുമെന്നതില്‍ സംശയമില്ല. റമളാനിലെ സല്‍ക്കര്‍മ്മങ്ങളും നിസ്‌ക്കാരങ്ങളും ദാനധര്‍മ്മങ്ങളും നോമ്പു തുറയും മറ്റു ആരാധനാ കര്‍മ്മങ്ങളും വിശ്വാസിക്ക് വിജയ പ്രതീക്ഷ നല്‍കുന്ന മാസമായ റമളാനിനെ മുഖവിലക്കെടുത്തില്ലെങ്കില്‍ ലക്ഷ്യം പരാജയവുമാകും.
റമളാന്‍ അവസാന രാവില്‍ ആകാശവും ഭൂമിയും മലക്കുകളും സര്‍വ വസ്തുക്കളും കരയുമെന്നാണ് മുത്തുനബി പഠിപ്പിക്കുന്നത്. മനുഷ്യരുടെ നഷ്ടത്തെ കുറിച്ച് ഓര്‍ത്താണ് അവയെല്ലാം കരയുന്നത്. റമളാന്‍ വിടപറയുന്നതില്‍ സന്തോഷിക്കുന്ന മനസ്സുകള്‍ കപടത നിറഞ്ഞതാണ്. ഷോപ്പിംഗിനും മറ്റു പെരുന്നാള്‍ ആര്‍മാദിക്കലുകള്‍ക്കും അവസാന രാവുകളില്‍ മനുഷ്യന്‍ ചെലവിടുമ്പോള്‍ റമളാന്‍ പാടെ അവഗണിച്ചു പോവുന്ന സാഹചര്യം നമ്മുടെ നാടുകളിലൊക്കെ ഉണ്ടാകാറുണ്ട്. വിശ്വാസിക്ക് അനുയോജ്യമായതല്ല.
ജാബിര്‍(റ) നിവേദനം ചെയ്യുന്ന ഹദീസ് കൂടെ ഓര്‍മപ്പെടുത്തട്ടേ. നബിതങ്ങള്‍ പറഞ്ഞു. റമളാനിലെ അവസാന രാവില്‍ മുഹമ്മദ് നബിയുടെ സമുദായത്തിന്റെ മുസീബത്തില്‍ ആകാശങ്ങളും ഭൂമിയും മലക്കുകളും കരയുന്നതാണ്. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു. എന്ത് മുസീബത്താണ് നബിയേ? മുത്തുനബി പറഞ്ഞു. റമളാനിന്റെ വിടപറച്ചിലാണ്. കാരണം റമളാനില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമായിരുന്നു. സ്വദഖകള്‍ സ്വീകരിക്കപ്പെടുമായിരുന്നു. നന്മകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമായിരുന്നു. ശിക്ഷകള്‍ തടയപ്പെട്ടിരുന്നു. അതിനാല്‍ റമളാനിന്റെ വിടപറച്ചിലിനേക്കാള്‍ എന്ത് മുസീബത്താണുള്ളത്.
റയ്യാന്‍ കവാടം നോമ്പുകാര്‍ക്കുള്ളതാണെന്ന് മുത്തുനബി പഠിപ്പിച്ചതാണ്. റയ്യാനിലൂടെ പ്രവേശിക്കുന്ന, നോമ്പും ഖുര്‍ആനും സാക്ഷിയാവുന്ന വിശ്വാസികളില്‍ നമ്മെയും ഉള്‍പെടുത്തട്ടെ..ആമീന്‍.
إرسال تعليق