മസ്ജിദുല്‍ അഖ്‌സ; ചരിത്രവും വര്‍ത്തമാനവും

മസ്ജിദുല്‍ അഖ്‌സ,ചരിത്രം,ഇസ്ലാം,masjidul Aqsa,ഫലസ്തീനും ഇസ്രാഈലും,

ഇസ്ലാമിലെ പ്രഥമ ഖിബ്‌ലയാണ് മസിജിദുല്‍ അഖ്‌സ. മക്കയിലെ കഅ്ബ ഖിബ്‌ലയായി നിശ്ചയിക്കപ്പെടും മുമ്പ് അല്ലാഹു മുസ്ലിംകള്‍ക്ക് നിര്‍ണയിച്ച ഖിബ്‌ലയാണ് അഖ്‌സ. മക്കിയിലെയും മദീനയിലെയും രണ്ട് പവിത്ര മസ്ജിദുകള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ പവിത്ര സ്ഥലമാണത്. കഅ്ബയുടെ നിര്‍മാണം കഴിഞ്ഞ് 40 വര്‍ഷത്തിനു ശേഷം ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ ഭവനവുമാണ് മസ്ജിദുല്‍ അഖ്‌സ. 

മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനും അവിടെ നിസ്‌ക്കാരം നിര്‍വഹിക്കാനും മുത്തുനബി പ്രാധാന്യത്തോടെ ഉപദേശിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബിതങ്ങള്‍ പറഞ്ഞു. മൂന്ന് മസ്ജിദുകളിലേക്കാണ് പ്രത്യേം നിസ്‌ക്കാരമുദ്ദേശിച്ച് തീര്‍ത്ഥാടനം ചെയ്യാവുന്നത്. അവ മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സയുമാണ് (ബുഖാരി, മുസ്ലിം).

അബൂദര്‍ര് (റ) പറയുന്നു. ഒരിക്കല്‍ ഞാന്‍ പ്രവാചകനോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട മസ്ജിദ് ഏതാണ്. നബി പറഞ്ഞു. മസ്ജിദുല്‍ ഹറാം. ഞാന്‍ ചോദിച്ചു. പിന്നെ ഏതാണ്. നബി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ. ഞാന്‍ ചോദിച്ചു. രണ്ട് മസ്ജിദുകള്‍ക്കിടയില്‍ എത്ര വര്‍ഷത്തെ വ്യത്യാസമുണ്ട്. മുത്തുനബി പറഞ്ഞു. നാല്‍പത് വര്‍ഷത്തെ വ്യത്യാസം (മുസ്ലിം).

മസ്ജിദുല്‍ അഖ്‌സയില്‍ വെച്ചുള്ള ഒരു നിസ്‌ക്കാരത്തിന് 5000 നിസ്‌ക്കാരത്തിന്റെ പ്രതിഫലമാണ്. അനസ്ബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. മുത്തുനബി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയില്‍ വെച്ച് നിര്‍വഹിക്കുന്ന ഒരു നിസ്‌ക്കാരം 5000 നിസ്‌ക്കാരവും എന്റെ മസ്ജിദില്‍(മസ്ജിദുന്നബവി) വെച്ച് നിസ്‌ക്കരിക്കുന്ന നിസ്‌ക്കാരം 50000 നിസ്‌ക്കാരവും മസ്ജിദുല്‍ ഹറാമില്‍ വെച്ച് നിര്‍വഹിക്കുന്ന നിസക്കാരം 100000 നിസ്‌ക്കാരവുമാണ്. 

മുത്തുനബിയുടെ ഇസ്‌റാഅ് മക്കയില്‍ നിന്നും മസ്ജിദുല്‍ അഖ്‌സയിലേക്കായിരുന്നു. മസ്ജിദുല്‍ അഖ്‌സയെയും അതിന്റെ പരിസരവും അനുഗ്രഹീതമാക്കിയിരിക്കുന്നുവെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്റെ ഇസ്‌റാഅ് മിഅറാജ് യാത്രാവേളയില്‍ മുന്‍ പ്രവാചകന്മാരെ അണിനിരത്തി മുത്തുനബി ജമാഅത്തായി നിസ്‌ക്കരിച്ചതും മസ്ജിദുല്‍ അഖ്‌സയിലായിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ നിന്നാണ് മിഅ്‌റാജ് യാത്ര തുടങ്ങിയത്. ഇബ്‌റാഹീംനബിയുടെയും യഅ്ഖൂബ് നബിയുടെയും ഇസ്ഹാഖ് നബിയുടെയും ചില സ്വഹാബിമാരുടെയും അന്ത്യവിശ്രമവും ജറുസലേമിലാണ്. 

നിര്‍മാണം

മസ്ജിദുല്‍ അഖ്‌സയും ഉമര്‍(റ)ന്റെ പേരിലുള്ള ഖുബ്ബതു സ്വഖ്‌റയും ഫലസ്ഥീനിലെ ജറുസലേമിലെ ടെമ്പിള്‍ മൗണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമിന് ശേഷം 40 വര്‍ഷത്തിന് ശേഷം പണിത മസ്ജിദുല്‍ അഖ്‌സ ഭൂമിയിലെ രണ്ടാമത്തെ മസ്ജിദാണ്. നിരവധി പണ്ഡിതരുടെ അഭിപ്രായത്തില്‍ മസ്ജിദുല്‍ അഖ്‌സ ആദ്യം പണിതത് ആദം നബിയാണെന്നാണ്. പിന്നീട് ഇബ്‌റാഹീം നബിയും ദാവൂദ് നബിയും പുതുക്കി പണിതു. സുലൈമാന്‍ നബിയാണ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ബിസി 587 ല്‍ ബാബിലോണിയന്‍ രാജാവ് നെബുക്കദ്‌നെസാറിന്റെ ആക്രമണത്തില്‍ അഖ്‌സ പള്ളി തകരുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്തു. 

ഫലസ്തീനും ഇസ്രാഈലും

ജൂതന്മാരുടെ വിശ്വാസത്തില്‍ മസ്ജിദുല്‍ അഖ്‌സ സുലൈമാന്‍ നബി(സോളമന്‍) യുടെ അമ്പലമായും സുലൈമാന്‍ നബി തന്റെ നിധി ഇവിടെ സൂക്ഷിച്ചുവെന്നും വിശ്വസിക്കുന്നു. ക്രിസ്ത്യാനികളും ജൂതന്മാരും അവരുടെ വിശുദ്ധ നഗരമായി ജറുസലേമിനെ കാണുന്നു. ജറുസലേമിലും ഗാസയിലും മുസ്ലിംകള്‍ക്കെതിരെ പ്രത്യേകിച്ചും റമളാനില്‍ ഇസ്രാഈലി ഭരണകൂടത്തിന്റെ ഭീകരത നടക്കാറുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രാഈല്‍ ഫലസ്തീന്‍ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിതെല്ലാം. 

കിഴക്കന്‍ ജറുസലേം ഉള്‍പെടെയുള്ള വെസ്റ്റ്  ബാങ്കും ഗാസയും ചേര്‍ന്നതാണ് ഫലസ്ഥീന്റെ ഭരണപ്രദേശം. ഒന്നാം ലോക മഹായുദ്ധം വരെ ഫലസ്തീന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ആ യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടുകൂടി ഫലസ്തീന്‍ ബ്രിട്ടന്റെ അധീനതയിലായി. ഈ യുദ്ധത്തില്‍ ജൂതന്മാര്‍ തങ്ങളെ സഹായിച്ചതിന് പ്രത്യപകാരമായി ജൂതന്മാര്‍ക്ക് സ്വന്തമായ ഒരു രാജ്യം സ്ഥാപിക്കുമെന്ന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബാല്‍ഫര്‍ പ്രഖ്യാപിച്ചു. ഇതാണ് ബാല്‍ഫര്‍ പ്രഖ്യാപനം.

ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ഈ ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത് തിയോഡര്‍ ഹെര്‍ഷല്‍ എന്ന എഴുത്തുകാരനാണ്. 1948ല്‍ ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്രായീലും അറബ് രാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടന്നു. അങ്ങനെ ഫലസ്തീന്‍ ജനത സ്വന്തം ജന്മ ഭൂമിയില്‍ നിന്നും അഭയാര്‍ത്ഥികളായി വിവിധ അറബ് രാഷ്ട്രങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. ഫലസ്തീന്‍ കൂടി ഇസ്രാഈല്‍ പിടിച്ചടക്കി. ഫലസ്തീന്‍ ജനത അങ്ങനെ സ്വന്തം ജന്മനാട്ടില്‍ നിന്ന് അഭയാര്‍ത്ഥികളായി. 

മസ്ജിദുല്‍ അഖ്‌സ,ചരിത്രം,ഫലസ്തീനും ഇസ്രാഈലും,ഇസ്ലാം,masjidul Aqsa,

1949ല്‍ താല്‍ക്കാലികമായി അംഗീകരിക്കപ്പെട്ട ഫലസ്തീന്‍ ഗ്രീന്‍ ലൈനാണ് ഫലസ്തീനുള്ളത്. 1988 നവംബര്‍ 15നാണ് ഫലസ്തീന്‍കാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഫലസ്തീന്‍ വിമോചന സംഘടന സ്ഥാിപക്കപ്പെടുന്നത്. ഫലസ്തീന്‍ വിമോചന നായകനെന്ന് അറിയപ്പെട്ട യാസര്‍ അറഫാത്താണ് സംഘടനയുടെ സ്ഥാപക പ്രസിഡന്റ്. 2012ല്‍ ഐക്യരാഷ്ട്രസഭ നിരീക്ഷകരാഷ്ട്ര പദവി ഫലസ്തീന് നല്‍കി. ഏകദേശം മുപ്പത്തിനാലോളം രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുണ്ട്. അമേരിക്കയും ഇസ്രാഈലുമടങ്ങുന്ന രാഷ്ട്രങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നില്ല. ഫലസ്തീന്‍ പ്രദേശങ്ങള്‍ തങ്ങളുടേതെന്ന് ഇസ്രാഈല്‍ അവകാശപ്പെടുമ്പോള്‍ സ്വന്തമായ ഇടമില്ലാതായ ഒരു വിഭാഗമായി ഫലസ്തീന്‍ ജനത മാറുന്നു. ഹമാസ് എന്ന ഭീകരസംഘടനയെ തുരത്താനെന്ന പേരില്‍ ഇസ്രായീല്‍ ഇന്നും നടത്തുന്ന നരനായാട്ടുകള്‍ക്ക് വില നല്‍കേണ്ടി വരുന്നത് പാവം ഫലസ്തീല്‍ ജനതക്കാണ്. 

Post a Comment

Previous Post Next Post