പവിത്രമായ 27ാം രാവ്

ഇസ്ലാം,27ാം രാവ്,റമളാൻ,ലൈലതുല്‍ ഖദര്‍, ramadan,

റമളാന്‍ വിശ്വാസിയുടെ നേട്ടങ്ങളുടെയും വിശുദ്ധിയുടെയും കാലമാണ്. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമളാനിലെ വിശിഷ്ടടമായ രാവാണ് ലൈലതുല്‍ ഖദര്‍. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ലൈലതുല്‍ ഖദറിന്റെ രാവില്‍ ജിബ്‌രീല്‍(അ)മും മറ്റു മലക്കുകളും ഇറങ്ങിവരും. ലൈലതുല്‍ ഖദറിന്റെ രാവിന് ഒരു പ്രത്യേകതയുണ്ട്. പ്രഭാതം വരെയും ശാന്തമായിരിക്കും. റമളാനിലെ അവസാന പത്തിലാണ് ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍.

മുത്തുനബിയുടെ സമുദായത്തിന് അല്ലാഹു ചെറിയ ആയുസ്സേ ഭൂമിയില്‍ നല്‍കിയിട്ടുള്ളു. എന്നാല്‍ മുന്‍കാല സമുദായങ്ങള്‍ ആയിരവും കൂടുതലും വയസ്സുള്ളവരായിരുന്നു. അതിനാല്‍ ദീര്‍ഘ സമയം അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ അവര്‍ക്കാകുമായിരുന്നു. അവരോട് തുല്യമായി കൂടുതല്‍ പുണ്യം നേടാന്‍ വേണ്ടിയാണ് ലൈലതുല്‍ ഖദറെന്ന് മഹത്തായ രാവിനെ നമുക്ക് വേണ്ടി നല്‍കിയിട്ടുള്ളത്. 

പണ്ടു മുതല്‍ക്കേ നമ്മുടെ വീടകങ്ങളില്‍ 27ാം രാവിന് മഹത്വം കല്പിക്കുകയും അന്ന് പ്രത്യേകമായ ഒരുക്കങ്ങളൊക്കെ നടത്താറുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ലൈലതുല്‍ ഖദറെന്നാണെന്ന് മുത്തുനബിയോട് ചോദിച്ചപ്പോള്‍ റമളാന്‍ 27 നാണെന്ന് മുത്തുനബി മറുപടി പയുകയുണ്ടായി. ഇബ്‌നു അബ്ബാസ്(റ) ന്റെ അഭിപ്രായത്തില്‍ ലൈലതുല്‍ ഖദര്‍ 27ാം രാവിനെന്നാണ്. ഇസ്ലാമിലെ മഹത്തുക്കളായി നിരവധി പണ്ഡിതരും അഭിപ്രായപ്പെടുന്നത് ലൈലതുല്‍ ഖദര്‍ ഇരുപത്തേഴാം രാവിനെന്നാണ്. എന്നാല്‍ എല്ലാ വര്‍ഷവും ലൈലതുല്‍ ഖദര്‍ മാറിവരാമെന്നതാണ് നവവി ഇമാമിന്റെ അഭിപ്രായം.

ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. മുത്തുനബി പറഞ്ഞു. നിങ്ങള്‍ ഇരുപത്തേഴാം രാവില്‍ ലൈലതുല്‍ ഖദറിനെ കാത്തിരിക്കുക. ഉമര്‍(റ), ഹുദൈഫതുല്‍ യമാന്‍(റ), ഉബയ്യുബ്‌നു കഅ്ബ്(റ) സ്വഹാബിമാരും നിരവധി പണ്ഡിതരും ലൈലതുല്‍ ഖദര്‍ 27നാണെന്ന അഭിപ്രായമുള്ളവരാണ്.
 
ലൈലതുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന രാവില്‍ ദീര്‍ഘനേരം നിസ്‌ക്കാരത്തില്‍ മുഴുകുക. ക്ഷീണം വരുമ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. ശ്രേഷ്ടമായ ആയതുകളായ ആയതുല്‍ കുര്‍സിയും സൂറത്തുല്‍ ബഖറയുടെ അവസാന ആയത് ആമനറസൂലു എന്നിവയും സൂറതു സല്‍സല, സൂറതുല്‍ കാഫിറൂന, ഇഖ്‌ലാസ്, സൂറതു യാസീന്‍, എന്നിവ ഓതുക. അതുപോല ഇസ്തിഗ്ഫാര്‍, തസ്ബീഹ്, തഹ്മീദ്, തഹ്ലീല്‍, മറ്റു ദിക്‌റുകള്‍, സ്വലാത്ത് ധാരാളമായി ചൊല്ലുക. 
നമുക്കു വേണ്ടിയും മരണപ്പെട്ടവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ഇശാ മഗ്രിബ് നിസ്‌ക്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുക. കാരണം ഇശാ മഗ്രിബ് ജമാഅത്തായി നിര്‍വഹിച്ചാല്‍ ലൈലതുല്‍ ഖദറിന്റെ വിഹിതം ലഭിച്ചുവെന്ന് ഹദീസില്‍ കാണാം. 


Post a Comment

أحدث أقدم